ഐഎഎസും ഐപിഎസും വേണ്ട, തന്ത്ര പ്രധാന തസ്തികകൾ സ്വകാര്യവൽക്കരിക്കാൻ മോഡി സർക്കാർ.. #Privatisation

കേന്ദ്രസർക്കാരിലെ പ്രധാന തസ്തികകളിലേക്ക് സ്വകാര്യമേഖലയിൽ നിന്നുള്ളവരെ നിയമിക്കാൻ നരേന്ദ്രമോദി സർക്കാർ.  ജോയിൻ്റ് സെക്രട്ടറി, ഡയറക്ടർ, ഡെപ്യൂട്ടി സെക്രട്ടറി എന്നീ തസ്തികകളിലേക്കാണ് നിയമനം.  പൊതുവെ അഖിലേന്ത്യാ സർവീസുകളിൽ നിന്നുള്ള ഉദ്യോഗാർത്ഥികളെ അതായത് ഐഎഎസ്, ഐപിഎസ് എന്നിവരെയാണ് പ്രസ്തുത തസ്തികകളിലേക്ക് പരിഗണിക്കുന്നത്.  എന്നാൽ ജോയിൻ്റ് സെക്രട്ടറി സ്ഥാനത്തേക്ക് മൂന്ന് പേരെയും ഡയറക്ടർ/ഡെപ്യൂട്ടി സെക്രട്ടറി സ്ഥാനത്തേക്ക് 22 പേരെയും സ്വകാര്യ മേഖലയിൽ നിന്ന് നിയമിക്കാൻ കേന്ദ്രം തീരുമാനിച്ചതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.  നിലവിൽ 25 പേരുടെ നിയമനത്തിന് പ്രധാനമന്ത്രി അധ്യക്ഷനായ ക്യാബിനറ്റിൻ്റെ അപ്പോയിൻ്റ്‌മെൻ്റ് കമ്മിറ്റി അംഗീകാരം നൽകിയിട്ടുണ്ട്.
  ലാറ്ററൽ എൻട്രി എന്ന നിലയിൽ ഈ വിദഗ്ധരെ സർക്കാർ സേവനങ്ങളിൽ ഉൾപ്പെടുത്താനാണ് നീക്കം.  2018-ലാണ് സർക്കാർ സേവനങ്ങളിലേക്കുള്ള ലാറ്ററൽ എൻട്രി ആദ്യമായി ആരംഭിച്ചത്. ജോയിൻ്റ് സെക്രട്ടറി, ഡയറക്ടർ, ഡെപ്യൂട്ടി സെക്രട്ടറി എന്നീ തസ്തികകൾ സർക്കാരിൻ്റെ നയരൂപീകരണത്തിൽ വലിയ പങ്കുവഹിക്കുന്ന സ്ഥാനങ്ങളാണ്.  ഈ തസ്തികകളിലേക്കുള്ള നിയമനങ്ങൾ പൊതുവെ UPAC ആണ് നടത്തുന്നത്.  ഈ തസ്തികകളിലേക്ക് കൂടുതൽ കഴിവുള്ള പുതിയ ഉദ്യോഗാർത്ഥികളുടെ ആവശ്യകത കണക്കിലെടുത്ത് ലാറ്ററൽ എൻട്രി വഴി സ്വകാര്യ മേഖലയിൽ നിന്നുള്ളവരെ നിയമിക്കാൻ തീരുമാനിച്ചിട്ടുണ്ട്.

2018 ജൂണിൽ പേഴ്‌സണൽ മന്ത്രാലയം 10 ​​ജോയിൻ്റ് സെക്രട്ടറി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചിരുന്നു.  UPAC തന്നെയാണ് ഈ പോസ്റ്റിലേക്ക് ആളുകളെ തിരഞ്ഞെടുക്കുന്നത്.  പിന്നീട് 2021 ഒക്ടോബറിൽ കമ്മീഷൻ വീണ്ടും 31 ഉദ്യോഗാർത്ഥികളെ നിയമിക്കുന്നതിന് ശുപാർശ ചെയ്തു.  അതിൽ നിന്ന് ജോയിൻ്റ് സെക്രട്ടറി സ്ഥാനത്തേക്ക് 3 പേരെയും ഡയറക്ടർ സ്ഥാനത്തേക്ക് 19 പേരെയും ഡെപ്യൂട്ടി സെക്രട്ടറി സ്ഥാനത്തേക്ക് 9 പേരെയും തിരഞ്ഞെടുത്തു.  2018 മുതൽ സർക്കാർ തസ്തികകളിലേക്ക് സ്വകാര്യ മേഖലയിൽ നിന്നുള്ള 38 വിദഗ്ധരെ നിയമിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു. അവരിൽ 10 പേരെ ജോയിൻ്റ് സെക്രട്ടറിയായും 28 പേരെ ഡയറക്ടർ, ഡെപ്യൂട്ടി സെക്രട്ടറിയായും നിയമിച്ചു.  ഇവരിൽ 33 പേർ ഇപ്പോഴും സർവീസിലുണ്ട്.

  ലാറ്ററൽ എൻട്രി വഴി റിക്രൂട്ട് ചെയ്യുന്ന തസ്തികകൾ പൂർണ്ണമായും ചില പ്രത്യേക മേഖലയിൽ വൈദഗ്ധ്യം ആവശ്യമുള്ള വകുപ്പുകളിലാണ്.  ഇതിനായി സ്വകാര്യമേഖലയിൽ നിന്നോ സംസ്ഥാന സർക്കാരുകളിൽ നിന്നും സർക്കാർ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളിൽ നിന്നോ ആളുകളെ തിരഞ്ഞെടുക്കുന്നു.
MALAYORAM NEWS is licensed under CC BY 4.0