ദിവസങ്ങൾ നീണ്ട ആക്രമണങ്ങൾക്ക് ശേഷം, ഇറാനും ഇസ്രായേലും വെടിനിർത്തലിന് സമ്മതിച്ചു. കനത്ത നാശനഷ്ടങ്ങൾ വരുത്തിയ 12 ദിവസത്തെ നേരിട്ടുള്ള ആക്രമണങ്ങൾക്ക് ശേഷമാണ് കരാർ. ഇന്ത്യൻ സമയം രാവിലെ 9 മണിക്കാണ് വെടിനിർത്തൽ പ്രാബല്യത്തിൽ വന്നത്. ഇതുസംബന്ധിച്ച നിർണായക പ്രഖ്യാപനം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തി. വെടിനിർത്തൽ പ്രഖ്യാപനം ലംഘിക്കരുതെന്ന് ട്രംപ് പറഞ്ഞു.
രണ്ട് ഘട്ടങ്ങളിലായി പൂർണ്ണമായ വെടിനിർത്തലിന് ഇരു രാജ്യങ്ങളും സമ്മതിച്ചതായി ട്രംപ് പറഞ്ഞിരുന്നു. ഇറാൻ ആദ്യം വെടിനിർത്തും. 12 മണിക്കൂറിനുശേഷം ഇസ്രായേലും വെടിനിർത്തൽ നടത്തുമെന്ന് ട്രംപ് പറഞ്ഞിരുന്നു. ഖത്തറിന്റെ സഹായത്തോടെ യുഎസ് ഇറാനുമായി ധാരണയിലെത്തിയതായി അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തിരുന്നു.
അതേസമയം, വെടിനിർത്തൽ പ്രാബല്യത്തിൽ വരുന്നതിന് തൊട്ടുമുമ്പ് വരെ ഇറാനും ഇസ്രായേലും കനത്ത ആക്രമണങ്ങൾ നടത്തിയിരുന്നു. ഇസ്രായേലിലെ ബീർഷെബയിൽ ഇറാനിയൻ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടു. ടെഹ്‌റാനെ ലക്ഷ്യമിട്ട് ഇസ്രായേൽ കനത്ത ആക്രമണങ്ങൾ നടത്തി. ഖത്തറിലെയും ഇറാഖിലെയും വ്യോമതാവളങ്ങൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണത്തിന് ശേഷമാണ് ഡൊണാൾഡ് ട്രംപിന്റെ വെടിനിർത്തൽ പ്രഖ്യാപനം.