മിന്നൽ പ്രളയം; 24 മരണം, നിരവധി പേരെ കാണാതായി #Flood_Alert
By
Editor
on
ജൂലൈ 05, 2025
ടെക്സസ് : അമേരിക്കയിലെ ടെക്സസിൽ നാശം വിതച്ച് മിന്നൽ പ്രളയം. പ്രളയക്കെടുതിയിൽ 24 പേർ മരിച്ചു. 20ലധികം പേരെ കാണാതായെന്നാണ് വിവരം. പ്രദേശത്ത് വേനൽക്കാല ക്യാമ്പിൽ പങ്കെടുക്കാനെത്തിയ 23 പെൺകുട്ടികളടങ്ങിയ സംഘത്തെപ്പറ്റി വിവരമില്ലെന്നും റിപ്പോർട്ടുകളുണ്ട്.
ടെക്സസ് ഹിൽ കൺട്രിയിലാണ് മണിക്കൂറുകൾക്കുള്ളിൽ കനത്ത മഴയുണ്ടായത്. 25 സെന്റിമീറ്ററിലധികം മഴ ഇവിടെ ലഭിച്ചു. മഴയെത്തുടർന്ന് പെട്ടന്നുണ്ടായ വെള്ളപ്പൊക്കമാണ് മിന്നൽ പ്രളയത്തിന് കാരണമായത്.അധികൃതർക്ക് മുന്നറിയിപ്പ് പുറപ്പെടുവിക്കാൻ കഴിയുന്നതിനു മുമ്പുതന്നെ പ്രദേശത്ത് വെള്ളപ്പൊക്കമുണ്ടായത് മരണസംഖ്യ ഉയരാൻ കാരണമായി.ബോട്ടിലും ഹെലികോപ്റ്ററിലുമായി പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. ഗ്വാഡലൂപ്പ് നദി കരകവിഞ്ഞൊഴുകുകയാണ്. ഇതുവരെ 237 പേരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. 167 പേരെ ഹെലികോപ്റ്ററിലാണ് മാറ്റിയത്. പ്രതികൂല കാലാവസ്ഥ കാരണം രക്ഷാപ്രവർത്തനത്തിന് തടസങ്ങൾ നേരിടുന്നതിനാൽ മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയതായും ലാറി ലീത്ത വ്യക്തമാക്കി. മരണമടഞ്ഞവരിൽ കുട്ടികളുമുണ്ട്. ആരെയും തിരിച്ചറിഞ്ഞിട്ടില്ല. വീടുകളും വാഹനങ്ങളും മരങ്ങളും വെള്ളത്തിൽ ഒഴുകിപ്പോകുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പലയിടത്തും വൈദ്യുതി മുടങ്ങിയിട്ടുണ്ട്.