കുവൈറ്റിൽ വിഷ മദ്യം കഴിച്ച് പത്ത് പ്രവാസികൾ മരിച്ചതായി റിപ്പോർട്ട്. ദുരന്തത്തിന് ഇരയായവരിൽ മലയാളികളും തമിഴ്‌നാട് സ്വദേശികളും ഉണ്ടെന്നാണ് സൂചന. വിഷ മദ്യം കഴിച്ചവരെ ഞായറാഴ്ച ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
മദ്യം കഴിച്ച നിരവധി പേർ ഇപ്പോഴും ചികിത്സയിലാണ്. അവരിൽ പത്ത് പേർ മരിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മരിച്ചവരുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. കുവൈറ്റ് അധികൃതരിൽ നിന്ന് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.
പരിശോധനയിൽമദ്യത്തിൽ വിഷം കലർന്നതാണെന്ന് സ്ഥിരീകരിച്ചു. ജലീബ് ബ്ലോക്ക് 4 ൽ നിന്ന് മദ്യം വാങ്ങിയ പ്രവാസികളാണ് ദുരന്തത്തിന് ഇരയായതെന്ന് റിപ്പോർട്ട്.വിഷ ബാധയേറ്റ ആളുകളെ ഫർവാനിയ, അദാൻ ആശുപത്രികളിൽ ചികിത്സയിലാണ്. രണ്ട് ആശുപത്രികളിലുമായി 15 ഓളം പ്രവാസികളെ പ്രവേശിപ്പിച്ചു. ഇവരിൽ പത്തുപേരാണ് കഴിഞ്ഞ ദിവസങ്ങളലായി മരണപ്പെട്ടത്.
അഹമ്മദി ഗവര്‍ണറേറ്റിലും നിരവധി പേർക്ക് വിഷബാധയേറ്റതായി പറയുന്നുണ്ട്. മദ്യനിരോധനം നിലവിലുള്ള രാജ്യമാണ് കുവൈത്ത്. വിഷബാധയേറ്റവർ എല്ലാം ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികളാണ് എന്നും അറബ് ദിനപത്രം പറയുന്നു.