kuwait എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
kuwait എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

സന്ദർശക വിസക്കാർക്ക് സർക്കാർ ആശുപത്രികളിൽ ചികിത്സയില്ല #KUWAIT






കുവൈത്ത് സിറ്റി : സന്ദർശക വിസയും താൽക്കാലിക വിസയും കൈവശമുള്ളവർക്ക് ഇനി മുതൽ കുവൈത്തിൽ സർക്കാർ ആശുപത്രികളിലും സ്‌പെഷ്യലിസ്റ്റ് സെന്ററുകളിലും പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലും ചികിത്സ ലഭ്യമാകില്ലെന്ന്‌ അധികൃതർ. ആരോഗ്യ മന്ത്രി അഹമ്മദ് അബ്ദുൾവഹാബ് അൽ അവാദിയുടെ ഉത്തരവിന്മേലാണ് പുതിയ നിയന്ത്രണം പ്രാബല്യത്തിൽ വന്നത്. സ്വകാര്യ ആശുപത്രികളിൽനിന്ന്‌ മാത്രമായിരിക്കും ഇനി സന്ദർശക വിസക്കാർക്ക് ചികിത്സ നേടാൻ സാധിക്കുക.

പൊതു ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനം കാര്യക്ഷമമാക്കുക, ചികിത്സയുടെ ഗുണനിലവാരം ഉയർത്തുക, അർഹരായവർക്ക്‌ മാത്രമായി സേവനം പരിമിതപ്പെടുത്തുക എന്നിവയാണ് നടപടിയുടെ ലക്ഷ്യമെന്നും മന്ത്രാലയം വ്യക്തമാക്കി. സന്ദർശക വിസാ നിയമം ഉദാരമാക്കിയതിന്‌ പിന്നാലെയാണ് ആരോഗ്യ രംഗത്ത് പുതിയ നിയന്ത്രണം നടപ്പാക്കിയിരിക്കുന്നത്. പൊതുജനാരോഗ്യ സംവിധാനത്തിലെ തിരക്കും ഭാരവും കുറയ്ക്കുകയും സേവനങ്ങളുടെ നിലവാരം മെച്ചപ്പെടുത്തുകയുമാണ് സർക്കാരിന്റെ പ്രധാന പരിഗണന.

കുവൈറ്റ് വിഷ മദ്യ ദുരന്തം; മരിച്ച ഇരിണാവ് സ്വദേശിയുടെ മൃതദേഹം ഇന്ന് നാട്ടില്‍ എത്തിക്കും. #Alcohol_Poisoning_in_Kuwait







കണ്ണൂര്‍ : കുവൈറ്റിലെ വിഷ മദ്യ ദുരന്തത്തിൽ മരിച്ച കണ്ണൂർ ഇരിണാവ് സ്വദേശിയായ സച്ചിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. രാവിലെ വിമാനമാർഗം കോഴിക്കോട്ടേക്ക് എത്തിക്കുന്ന മൃതദേഹം രാവിലെ 8 മണിയോടെ കണ്ണൂരിലെ ഇരണവിലുള്ള വീട്ടിലേക്ക് എത്തിക്കും. വ്യാഴാഴ്ച രാത്രിയാണ് സച്ചിൻ വിഷ മദ്യം കഴിച്ച് മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചത്.

മൂന്ന് വർഷമായി സച്ചിൻ കുവൈത്തിൽ ഹോട്ടൽ ജീവനക്കാരനായി ജോലി ചെയ്തു വരികയായിരുന്നു. സംഭവത്തിൽ കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അന്വേഷണം ഊർജിതമാക്കി. വ്യാജ മദ്യ നിർമ്മാണ കേന്ദ്രം നടത്തിയിരുന്ന രണ്ട് ഏഷ്യക്കാരെ കുവൈറ്റ് പോലീസ് അറസ്റ്റ് ചെയ്തു. ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരാണ് മരിച്ചവരില്‍ അധികവും.

മരണത്തിന് പോലും നഷ്ടപ്പെടാൻ കാരണമായേക്കാവുന്ന ഇത്തരം പെരുമാറ്റങ്ങൾ ഒഴിവാക്കണമെന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകുകയും പൊതുജനങ്ങളോട് അഭ്യർത്ഥിക്കുകയും ചെയ്തു. കുവൈറ്റിലെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ ആശുപത്രിയിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുന്നു. മദ്യത്തിൽ മെഥനോൾ കലർത്തിയതാണ് അപകടത്തിന് കാരണമെന്ന് കണ്ടെത്തിയിട്ടുണ്ട്.

ജലീബ് അൽ ശുയൂഖിലെ ബ്ലോക്ക് 4 ൽ നിന്ന് വാങ്ങിയ മദ്യം കഴിച്ചവരാണ് ദുരന്തത്തിന് ഇരയായത്. മലയാളികൾ കൂടുതലുള്ള പ്രദേശം കൂടിയാണിത്.


കുവൈറ്റ് വിഷ മദ്യ ദുരന്തം: മരിച്ചവരിൽ കണ്ണൂർ സ്വദേശിയും #toxic_liquid

കണ്ണൂര്‍: കുവൈറ്റ് വിഷ മദ്യ ദുരന്തത്തിൽ മരിച്ചവരിൽ കണ്ണൂർ സ്വദേശിയും. ഇരിണാവ് സ്വദേശി പൊങ്ങാരൻ സച്ചിൻ (31) ആണ് ജീവൻ നഷ്ടമായത്. മൂന്ന് വർഷമായി കുവൈറ്റിൽ ജോലി ചെയ്യുന്ന സച്ചിൻ ഏതാനും മാസങ്ങൾക്ക് മുമ്പ് നാട്ടിലേക്ക് വന്നു മടങ്ങിയിരുന്നു. ഇരിണാവ് സിആർസിക്ക് സമീപം മോഹനന്റെയും ഗിരിജയുടെയും മകനാണ് സച്ചിന്‍.

 മൃതദേഹം നാളെ നാട്ടിലേക്ക് കൊണ്ടുവരും. രാവിലെ കോഴിക്കോട് വിമാനത്താവളത്തി എത്തുന്ന മൃതദേഹം രാവിലെ 8 മണിക്ക് നാട്ടിലേക്ക് കൊണ്ടുവരും. ഭാര്യ ഷിബിന (ഹുസ്ന ഡ്രൈവിംഗ് സ്കൂൾ, വളപട്ടണം). മകൾ സിയ.

അതേസമയം, കുവൈറ്റ് വിഷ മദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 23 ആയി. ദുരന്തത്തിൽപ്പെട്ടവരുടെ എണ്ണം 160 ആയി. കുവൈറ്റ് ആരോഗ്യ മന്ത്രാലയം ഇത് പ്രഖ്യാപിച്ചു. മരിച്ചവരെല്ലാം ഏഷ്യക്കാരാണ്. ചികിത്സയിലുള്ളവരിൽ പലരുടെയും നില ഗുരുതരമാണ്. അടിയന്തര ഡയാലിസിസ്, ഐസിയു, വെന്റിലേറ്റർ എന്നിവ ആവശ്യമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ഞായറാഴ്ചയാണ് മെഥനോൾ ചേർത്ത പാനീയം കുടിച്ച 21 പേർ അന്ധരായത്

കുവൈത്ത് വിഷമദ്യ ദുരന്തം: പലരുടെയും നില ഗുരുതരം #hooch_tragedy

 
 കുവൈത്ത്: കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ വിഷ മദ്യ ദുരന്തത്തെ തുടർന്ന് 40 ഇന്ത്യക്കാരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചതായി കുവൈറ്റിലെ ഇന്ത്യൻ എംബസി അറിയിച്ചു. പലരുടെയും നില ഗുരുതരമാണെന്നും അധികൃതർ അറിയിച്ചു.

ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ റിപ്പോർട്ടിൽ, വിഷ മദ്യം കഴിച്ച് ഇതുവരെ പതിമൂന്ന് പ്രവാസി തൊഴിലാളികൾ മരിച്ചു. അഹ്മദിയ, ഫർവാനിയ ഗവർണറേറ്റുകളുടെ വിവിധ ഭാഗങ്ങളിൽ നിന്ന് മദ്യം കഴിച്ചവരെ ഫർവാനിയ, അദാൻ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. വിഷ മദ്യം കഴിച്ച് അവശരായവർ ഞായറാഴ്ച മുതൽ ആശുപത്രിയിൽ ചികിത്സ തേടുന്നുണ്ട്. 21 പേർക്ക് കാഴ്ച നഷ്ടപ്പെട്ടതായും റിപ്പോർട്ടുണ്ട്. മരിച്ചയാളുടെ പൗരത്വവുമായി ബന്ധപ്പെട്ട വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.

മദ്യത്തിന് സമ്പൂർണ നിരോധനമുള്ള കുവൈറ്റിൽ വ്യാജ മദ്യ നിർമ്മാണത്തിനെതിരെ അധികൃതർ കർശന നടപടികൾ സ്വീകരിക്കുന്നതിനിടെയാണ് സംഭവം. ഒരേ കേന്ദ്രത്തിൽ നിന്ന് ആളുകൾ മദ്യം വാങ്ങി വ്യത്യസ്ത സ്ഥലങ്ങളിൽ നിന്ന് കുടിച്ചപ്പോഴാണ് അപകടം സംഭവിച്ചത്. മരിച്ചവരിൽ മലയാളികളും ഉണ്ടെന്ന് സംശയിക്കുന്നു.
മെയ് മാസത്തിൽ, വിഷം കലർന്ന മദ്യം കഴിച്ച് രണ്ട് നേപ്പാൾ പൗരന്മാർ കുവൈറ്റിൽ മരിച്ചു.

കുവൈത്ത് മദ്യദുരന്തം: 40ഓളം ഇന്ത്യക്കാർ ആശുപത്രിയിൽ #hooch_tragedy

 

കുവൈത്ത്: മദ്യദുരന്തത്തിൽ 40 ഓളം ഇന്ത്യക്കാരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചതായി ഇന്ത്യൻ എംബസി അറിയിച്ചു. ഇതിൽ ചിലർ അത്യാഹിത നിലയിലാണ്. വിഷയത്തിൽ എംബസി ഏകോപനം നടത്തിവരികയാണ്. ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈകയും ഉദ്യോഗസഥരും ആശുപത്രികളിൽ സന്ദർശനം നടത്തി സ്ഥിതിഗതികൾ വിലയിരുത്തി. കുവൈത്ത് ആരോഗ്യ മന്ത്രാലയവുമായും ആശുപ്രതികളുമായും എംബസി എകോപനം നടത്തിവരികയാണ്. 

പ്രാദേശികമായി നിർമിച്ച മദ്യം കഴിച്ചു കഴിഞ്ഞ ഞായറാഴ്ച‌ ഫർവാനിയ, അദാൻ ആശുപ്രതികളിൽ നിരവധി പ്രവാസികളെ പ്രവേശിപ്പിച്ചിരുന്നു. മരിച്ചവരിൽ മലയാളികളും ഉൾപ്പെട്ടതായാണ് വിവരം. എന്നാൽ മരിച്ചവരുടെ വിവരങ്ങൾ, രാജ്യം എന്നിവ ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. 

വിവരങ്ങൾ അറിയുന്നതിനായി എംബസി ഹെൽപ് ലൈൻ ആരംഭിച്ചിട്ടുണ്ട്. വിവരങ്ങൾക്ക് +96565501587 നമ്പരിൽ വാട്സാപ്പിലും റഗുലർ കോളിലും ബന്ധപ്പെടാം. 

പ്രാദേശികമായി നിർമിച്ച മദ്യം കഴിച്ച് 13 പേർ മരിച്ചതായി കുവൈത്ത് ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. മെഥനോൾ കലർന്ന പാനീയം കഴിച്ചതിനെ തുടർന്ന് ശനിയാഴ്ച‌ മുതൽ രാജ്യത്തെ വിവിധ ആശുപത്രികളിൽ 63 പേരാണ് ചികിത്സ തേടിയത്. ഇതിൽ 13 പേർ മരിച്ചതായും ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. മരണപ്പെട്ടവരെല്ലാം  ഏഷ്യൻ പൗരന്മാരാണ്. 

കുവൈത്തിൽ വിഷമദ്യ ദുരന്തം, മലയാളികൾ ഉൾപ്പെടെ പത്ത് മരണം #Hooch_Tragedy

 
 കുവൈറ്റിൽ വിഷ മദ്യം കഴിച്ച് പത്ത് പ്രവാസികൾ മരിച്ചതായി റിപ്പോർട്ട്. ദുരന്തത്തിന് ഇരയായവരിൽ മലയാളികളും തമിഴ്‌നാട് സ്വദേശികളും ഉണ്ടെന്നാണ് സൂചന.  വിഷ മദ്യം കഴിച്ചവരെ ഞായറാഴ്ച ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

മദ്യം കഴിച്ച നിരവധി പേർ ഇപ്പോഴും ചികിത്സയിലാണ്. അവരിൽ പത്ത് പേർ മരിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മരിച്ചവരുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. കുവൈറ്റ് അധികൃതരിൽ നിന്ന് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.
 

പരിശോധനയിൽമദ്യത്തിൽ വിഷം കലർന്നതാണെന്ന് സ്ഥിരീകരിച്ചു. ജലീബ് ബ്ലോക്ക് 4 ൽ നിന്ന് മദ്യം വാങ്ങിയ പ്രവാസികളാണ് ദുരന്തത്തിന് ഇരയായതെന്ന് റിപ്പോർട്ട്.വിഷ ബാധയേറ്റ ആളുകളെ  ഫർവാനിയ, അദാൻ ആശുപത്രികളിൽ ചികിത്സയിലാണ്. രണ്ട് ആശുപത്രികളിലുമായി 15 ഓളം പ്രവാസികളെ പ്രവേശിപ്പിച്ചു. ഇവരിൽ പത്തുപേരാണ് കഴിഞ്ഞ ദിവസങ്ങളലായി മരണപ്പെട്ടത്.

അഹമ്മദി ഗവര്‍ണറേറ്റിലും നിരവധി പേർക്ക് വിഷബാധയേറ്റതായി പറയുന്നുണ്ട്. മദ്യനിരോധനം നിലവിലുള്ള രാജ്യമാണ് കുവൈത്ത്. വിഷബാധയേറ്റവർ എല്ലാം ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികളാണ് എന്നും അറബ് ദിനപത്രം പറയുന്നു.

കുവൈത്തില്‍ വീണ്ടും തീപിടുത്തം; 9 ഇന്ത്യക്കാര്‍ക്ക് പരുക്ക്; മൂന്നുപേരുടെ നില ഗുരുതരം... #International_News

 


കേരളത്തെയാകെ കണ്ണീരിലാഴ്ത്തിയ തീപിടുത്തത്തിന്റെ ഞെട്ടല്‍ വിടും മുന്‍പ് കുവൈത്തില്‍ വീണ്ടും തീപിടുത്തം. മെഹബൂലയിലെ കെട്ടിടത്തിലുണ്ടായ തീപിടുത്തത്തില്‍ 9 പേര്‍ക്ക് പരുക്കേറ്റു. അവരെ അദാന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്കേറ്റവരില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്. പരുക്കേറ്റവരില്‍ എല്ലാവരും ഇന്ത്യക്കാരാണെന്നാണ് റിപ്പോര്‍ട്ട്.

മെഹബൂലയിലെ ബ്ലോക്ക് ഒന്നിലാണ് ഇന്ന് രാവിലെ തീപിടുത്തമുണ്ടായത്. തീ നിയന്ത്രണവിധേയമാക്കിയതായി ഫയര്‍ ഫോഴ്‌സ് അറിയിച്ചു. രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായിട്ടുണ്ട്. രണ്ടുനില കെട്ടിടത്തിലേക്കാണ് തീ പടര്‍ന്നുകയറിയത്. തീ പടരുന്നതുകണ്ട് താഴേക്ക് ചാടിയ മൂന്നുപേരുടെ നില ഗുരുതരമായി തുടരുകയാണ്.

കുവൈറ്റ് ദുരന്തം: വിമാനത്താവളത്തിൽ പൊതുദർശനം; അന്തിമോപചാരം അർപ്പിച്ച് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും... #Kuwait

 


കുവൈറ്റ് ലേബർ ക്യാമ്പിൽ തീപിടിത്തത്തിൽ മരിച്ചവരുടെ മൃതദേഹം കൊച്ചിയിലെത്തിച്ചു. നെടുമ്പാശേരി വിമാനത്താവളത്തിൽ പൊതുദർശനത്തിന് പ്രത്യേക ക്രമീകരണം ഒരുക്കിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ കേരള സർക്കാർ അന്തിമോപചാരം അർപ്പിച്ചു. പ്രതിപക്ഷ നേതാവ് വിഡി സതീശനും മന്ത്രിമാരും ഒപ്പമുണ്ടായിരുന്നു. സംസ്ഥാന സർക്കാർ ​ഗാർഡ് ഓഫ് ഓണർ നൽകി ആദരിച്ചു.

വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ്ങും അന്തിമോപചാരം അർപ്പിക്കാൻ വിമാനത്തവളത്തിലെത്തിയിരുന്നു. വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് മൃതദേഹങ്ങൾ എത്തിച്ചത്. പൊതുദർശനത്തിന് ശേഷം മൃതദേഹങ്ങൾ പൊലീസ് അകമ്പടിയിൽ വീടുകളിലേക്ക് എത്തിക്കും. ഇതിനായി നോർക്കയുടെ ആംബുലൻസുകൾ സജ്ജമാക്കിയിട്ടുണ്ട്.

23 മലയാളികളുടെ ഉൾപ്പെടെ 31 പേരുടെ മൃതദേഹമാണ് കൊച്ചിയിലെത്തിയത്. 14 മൃതദേഹങ്ങളുമായി വ്യോമസേന വിമാനം ഡൽഹിയിലേക്ക് തിരക്കും. 23 മലയാളികൾ, 7 തമിഴ്നാട് സ്വദേശികൾ, ഒരു കർണാടക സ്വദേശി എന്നിവരുടെ മൃതദേഹങ്ങളാണു കൊച്ചിയിൽ കൈമാറിയത്. ഓരോ ആംബുലൻസിനും പ്രത്യേകം അകമ്പടി വാഹനം ഒരുക്കിയിട്ടുണ്ട്.

അരുൺ ബാബു (തിരുവനന്തപുരം), നിതിൻ കൂത്തൂർ (കണ്ണൂർ), തോമസ് ‌ഉമ്മൻ (പത്തനംതിട്ട), മാത്യു തോമസ്‌‌ (ആലപ്പുഴ), ആകാശ് എസ്. നായർ (പത്തനംതിട്ട), രഞ്ജിത് (കാസർകോട്), സജു വർഗീസ് (പത്തനംതിട്ട), കേളു പൊന്മലേരി (കാസർകോട്), സ്റ്റെഫിൻ ഏബ്രഹാം സാബു (കോട്ടയം), എം.പി. ബാഹുലേയൻ (മലപ്പുറം), കുപ്പന്റെ പുരയ്ക്കൽ നൂഹ് (മലപ്പുറം), ലൂക്കോസ്/സാബു (കൊല്ലം), സാജൻ ജോർജ് (കൊല്ലം), പി.വി. മുരളീധരൻ (പത്തനംതിട്ട), വിശ്വാസ് കൃഷ്ണൻ (കണ്ണൂർ), ഷമീർ ഉമറുദ്ദീൻ (കൊല്ലം), ശ്രീഹരി പ്രദീപ് (കോട്ടയം), ബിനോയ് തോമസ്, ശ്രീജേഷ് തങ്കപ്പൻ നായർ, സുമേഷ് പിള്ള സുന്ദരൻ, അനീഷ് കുമാർ ഉണ്ണൻകണ്ടി, സിബിൻ തേവരോത്ത് ഏബ്രഹാം, ഷിബു വർഗീസ് എന്നിവരാണ് മരിച്ച മലയാളികൾ.

ഒരുപാട് സ്വപ്നങ്ങളുമായി കടല്‍ കടന്നവര്‍, ചേതനയറ്റ് നാട്ടിലേക്ക് ; കുവൈറ്റ് ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങൾ ജന്മനാട്ടിലേക്ക് ഇന്നെത്തിക്കും.. #Kuwait_fire_accident

 


കുവൈറ്റിലെ ലേബർ ക്യാമ്പിലുണ്ടായ തീപിടുത്തത്തൽ മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ ഇന്ന് നാട്ടിലെത്തിക്കും. വ്യോമസേനയുടെ സി130 ജെ വിമാനത്തിലാണ് മൃതദേഹങ്ങൾ എത്തിക്കുക.  മുഖ്യമന്ത്രിയും മന്ത്രിമാരായ പി രാജീവും കെ രാജനും വിമാനത്താവളത്തിലെത്തും. 23 മലയാളികളുടെ മൃതദേഹങ്ങളാണ് കൊച്ചിയിലെത്തിക്കുന്നത്.

മൃതദേഹം ഏറ്റുവാങ്ങാൻ വിമാനത്താവളത്തിൽ എത്തുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി അറിയിച്ചു. വിമാനത്താവളത്തിലെത്തിക്കുന്ന മൃതദേഹങ്ങൾ പ്രത്യേക ആംബുലൻസുകളിൽ വീടുകളിലേക്ക് കൊണ്ടുപോകും. തമിഴ്‌നാട്, കർണാടക സ്വദേശികളുടെ മൃതദേഹങ്ങളും കൊച്ചിയിലെത്തിക്കും. ആംബുലൻസുകൾക്ക് അകമ്പടി നൽകാൻ പൊലീസിന് എഡിജിപി നിർദേശം നൽകിയിട്ടുണ്ട്.


കുവൈത്ത് തീപിടുത്തം : മരിച്ച 14 മലയാളികളെ തിരിച്ചറിഞ്ഞു; മൃതദേഹങ്ങൾ വ്യോമസേനാ വിമാനത്തിൽ എത്തിക്കും... #Kuwait

 


ബുധനാഴ്ച പുലർച്ചെ കുവൈത്തിലെ മംഗെഫിൽ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച 14 മലയാളികളെ തിരിച്ചറിഞ്ഞു. കൊല്ലം സ്വദേശികളായ ശൂരനാട് വടക്ക് വയ്യാങ്കര തുണ്ടുവിള വീട്ടില്‍ ഷമീര്‍ ഉമറുദ്ദീന്‍ (30), പുനലൂര്‍ നരിക്കല്‍ വാഴവിള അടിവള്ളൂര്‍ സാജന്‍ ജോര്‍ജ് (29), വെളിച്ചിക്കാല വടകോട്ട് വിളയില്‍ ലൂക്കോസ് (സാബു-48), പത്തനംതിട്ട സ്വദേശികളായ പന്തളം മുടിയൂര്‍ക്കോണം ശോഭനാലയത്തില്‍ പരേതനായ ശശിധരന്‍ നായരുടെയും ശോഭനകുമാരിയുടെയും മകന്‍ ആകാശ് ശശിധരന്‍ നായര്‍ (31), കോന്നി അട്ടച്ചാക്കല്‍ ചെന്നശ്ശേരില്‍ സജു വര്‍ഗീസ് (56), വള്ളിക്കോട് വാഴമുട്ടം പുളിനില്‍ക്കുന്നതില്‍ വടക്കേതില്‍ പി.വി. മുരളീധരന്‍ (68), തിരുവല്ല മേപ്രാല്‍ ചിറയില്‍ കുടുംബാംഗം തോമസ് ഉമ്മന്‍(37), കോട്ടയം സ്വദേശികളായ പാമ്പാടി വിശ്വഭാരതി കോളേജിനു സമീപം ഇടിമണ്ണില്‍ സാബു ഫിലിപ്പിന്റെ മകന്‍ സ്റ്റെഫിന്‍ ഏബ്രഹാം സാബു (29), ചങ്ങനാശ്ശേരി ഇത്തിത്താനം ഇളങ്കാവ് ഭാഗത്ത് കിഴക്കേടത്ത് വീട്ടില്‍ പ്രദീപ് -ദീപ ദമ്പതികളുടെ മകന്‍ ശ്രീഹരി പ്രദീപ് (27), മലപ്പുറം സ്വദേശികളായ തിരൂര്‍ കൂട്ടായി കോതപറമ്പ് കുപ്പന്റെപുരക്കല്‍ നൂഹ് (40), പുലാമന്തോള്‍ തിരുത്ത് സ്വദേശി എം.പി. ബാഹുലേയന്‍ (36), കണ്ണൂര്‍ ധര്‍മടം സ്വദേശി വിശ്വാസ് കൃഷ്ണന്‍, കാസര്‍കോട് സ്വദേശികളായ ചെങ്കള കുണ്ടടുക്ക ഹൗസിലെ കെ. രഞ്ജിത്ത് (34), പിലിക്കോട് എരവില്‍ സ്വദേശി കേളു പൊന്മലേരി (58) എന്നിവരെയാണ് തിരിച്ചറിഞ്ഞത്. അപകടത്തില്‍ മൊത്തം 49 പേര്‍ മരിച്ചതായാണ് വിവരം. ഇതില്‍ 41 പേരുടെ മരണം സര്‍ക്കാര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇതില്‍ 26 പേരെ തിരിച്ചറിഞ്ഞു.

ആശങ്കപെടേണ്ടതില്ല! കുവൈത്തിലെ തീപിടിത്തത്തിൽ പരുക്കേറ്റവരുടെ ആരോഗ്യ നില തൃപ്തികരം... #Internationl_News

 



കുവൈത്തിലെ തൊഴിലാളി ക്യാംപിലുണ്ടായ തീപിടിത്തത്തിൽ പരുക്കേറ്റവരുടെ ആരോഗ്യ നിലയിൽ ആശങ്കപ്പെടാനില്ലെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അഞ്ച് ആശുപത്രികളിലാണ് പരുക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്നത്. പലരും കുടുംബാംഗങ്ങളുമായി സംസാരിച്ചെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.

മരിച്ചവരുടെ മൃതദേഹങ്ങൾ കഴിവതും വേഗം ഇന്ത്യയിലെത്തിക്കുമെന്ന് വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിംഗ് വ്യക്തമാക്കി. എയർ ഫോഴ്സ് വിമാനമടക്കുള്ള സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. ഡിഎൻഎ പരിശോധന നടത്തി ഫലമറിയേണ്ടതിനാൽ ചെറിയ കാലതാമസം ഉണ്ടായേക്കാം. ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ സംഭവസ്ഥലത്തുണ്ടെന്നും കെ.വി സിംഗ് പറഞ്ഞു.

അതിനിടെ കുവൈത്തിലെ തീപിടിത്തത്തിൽ ആശുപത്രികളിൽ ഇതുവരെ എത്തിയത് 56 കേസുകളെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 41 പേർ അഡ്മിറ്റ് ആയി. 9 പേർ ഗുരുതര ചികിത്സ വിഭാഗങ്ങളിലാണ്. 11 പേരെ ഡിസ്ചാർജ് ചെയ്തെന്നും മന്ത്രാലയം അറിയിച്ചു. മരിച്ച 49 പേരിൽ 45 മരണവും നടന്നത് സംഭവസ്ഥലത്ത് വെച്ച് തന്നെയാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

അതേസമയം കുവൈത്തിലെ ലേബര്‍ ക്യാമ്പിലുണ്ടായ തീപിടുത്തത്തില്‍ മരിച്ച ഇന്ത്യക്കാരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 2 ലക്ഷം രൂപ വീതം സഹായം നല്‍കുമെന്നാണ് പ്രഖ്യാപനം. 40 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതില്‍ 11 പേര്‍ മലയാളികളാണ്. കുവൈത്തിലെ രക്ഷാപ്രവര്‍ത്തനവും സ്ഥിതിഗതികളും വിലയിരുത്താന്‍ പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരം കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീര്‍ത്തിവര്‍ധന്‍ സിങ് കുവൈത്തിലെത്തും.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0