Russia എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Russia എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

യുഎസ് തീരുവ, നഷ്ടം നികത്താന്‍ റഷ്യ തയ്യാറെന്ന് വ്‌ളാഡിമിർ പുടിൻ. #Vladimir_Putin

അമേരിക്ക കനത്ത തീരുവ ചുമത്തിയതുമൂലം ഇന്ത്യയ്ക്കുണ്ടായ നഷ്ടം നികത്തുമെന്ന് റഷ്യയുടെ പ്രഖ്യാപനം. ഇതിനായി ഇന്ത്യയിൽ നിന്ന് കൂടുതൽ കാർഷിക ഉൽപ്പന്നങ്ങളും മരുന്നുകളും വാങ്ങാൻ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിന് ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് അധിക തീരുവ ചുമത്തുമെന്ന് യുഎസ് പ്രഖ്യാപിച്ച സമയത്താണ് റഷ്യയുടെ ഈ സുപ്രധാന നടപടി. എണ്ണ ഇറക്കുമതി മൂലമുണ്ടാകുന്ന നഷ്ടം നികത്തുമെന്ന് പുടിൻ പറഞ്ഞു. സോച്ചിയിൽ നടക്കുന്ന ഇന്ത്യയുൾപ്പെടെ 140 രാജ്യങ്ങളുടെ പ്രതിനിധികളുടെ സമ്മേളനത്തിലാണ് പുടിന്റെ പ്രഖ്യാപനം.

ഇന്ത്യയ്ക്ക് മേൽ കനത്ത തീരുവ ചുമത്തുന്നത് ജനങ്ങൾ അംഗീകരിക്കില്ലെന്ന് പുടിൻ പറഞ്ഞു. ദേശീയ താൽപ്പര്യങ്ങൾക്ക് ഹാനികരവും അപമാനകരവുമായ ഒരു തീരുമാനത്തെയും ഇന്ത്യയിലെ ജനങ്ങൾ പിന്തുണയ്ക്കില്ല. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അത്തരമൊരു തീരുമാനം എടുക്കില്ലെന്ന് എനിക്ക് ഉറപ്പുണ്ട്. ഇന്ത്യയും റഷ്യയും തമ്മിലുള്ള സാമ്പത്തിക സഹകരണം കൂടുതൽ വികസിപ്പിക്കുമെന്നും പുടിൻ പറഞ്ഞു.

വൻ ഭൂചലനത്തിന് പിന്നാലെ റഷ്യയിലും ജപ്പാനിലും ആഞ്ഞടിച്ച്‌ സുനാമി തിരമാലകള്‍; ഫുക്കുഷിമ ആണവനിലയം ഒഴിപ്പിച്ചു #latest_news

 

 റഷ്യയുടെ കിഴക്കൻ മേഖലയിലുണ്ടായ വൻ ഭൂചലനത്തിന് പിന്നാലെ റഷ്യയിലും ജപ്പാനിലും സുനാമി തിരമാലകള്‍ ആഞ്ഞടിച്ചു.8.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെയാണിത്. വടക്കൻ പസഫിക് മേഖലയിലാണ് സുനാമിയുണ്ടായത്. അലാസ്ക, ഹവായ്, ന്യൂസിലൻഡിന് തെക്ക് തീരപ്രദേശങ്ങള്‍ എന്നിവിടങ്ങളിലും സുനാമി മുന്നറിയിപ്പുണ്ട്. ഹോണോലുലുവില്‍ സുനാമി മുന്നറിയിപ്പ് സൈറണുകള്‍ മുഴങ്ങുകയും ആളുകള്‍ ഉയർന്ന പ്രദേശങ്ങളിലേക്ക് മാറുകയും ചെയ്തു. ജപ്പാനിലെ ഫുക്കുഷിമ ആണവ നിലയം ഒഴിപ്പിച്ചു. എത്രത്തോളം നാശനഷ്ടമുണ്ടായെന്ന് ഇപ്പോള്‍ വ്യക്തമല്ല.

ജപ്പാൻ കാലാവസ്ഥാ ഏജൻസിയുടെ കണക്കനുസരിച്ച്‌ ഏകദേശം 30മീറ്റർ ഉയരമുള്ള സുനാമി തിരമാലകള്‍ ഹൊക്കൈഡോയുടെ കിഴക്കൻ തീരത്തുള്ള നെമുറോയില്‍ ആഞ്ഞടിച്ചു. റഷ്യയുടെ കുറില്‍ ദ്വീപുകളിലെ പ്രധാന വാസസ്ഥലമായ സെവെറോ-കുരില്‍സ്കിന്‍റെ തീരപ്രദേശത്ത് സുനാമി തിരമാലകള്‍ ആഞ്ഞടിച്ചതായി പ്രാദേശിക ഗവർണർ വലേരി ലിമാരെങ്കോ അറിയിച്ചു. ആളുകള്‍ സുരക്ഷിതരാണെന്നും ഭീഷണി അവസാനിക്കുന്നത് വരെ ഉയർന്ന സ്ഥലങ്ങളില്‍ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഹവായ്, ചിലി, ജപ്പാൻ, സോളമൻ ദ്വീപുകളിലെ ചില തീരപ്രദേശങ്ങളില്‍ കടല്‍നിരപ്പില്‍ നിന്ന് 1 മുതല്‍ 3 മീറ്റർ വരെ ഉയരമുള്ള തിരമാലകള്‍ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു. റഷ്യയുടെയും ഇക്വഡോറിന്റെയും ചില തീരപ്രദേശങ്ങളില്‍ 3 മീറ്ററില്‍ കൂടുതല്‍ ഉയരമുള്ള തിരമാലകള്‍ ഉണ്ടാകാൻ സാധ്യതയുണ്ട്. ജനങ്ങളെ സുരക്ഷിതരാക്കാൻ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. റഷ്യയിലെ കംചട്ക ഉപദ്വീപിലാണ് ഭൂകമ്ബമുണ്ടായത്.

ജപ്പാൻ, റഷ്യ തീരങ്ങളിൽ സുനാമി #Tsunami


റഷ്യയുടെ കാംചാക്ക തീരത്തെ വൻ ഭൂചലനത്തിന് പിന്നാലെ ജപ്പാൻ, റഷ്യ തീരങ്ങളിൽ സുനാമി. തീരപ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു. അമേരിക്കൻ തീരങ്ങളിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ജപ്പാനിൽ രണ്ടിടങ്ങളിലായി തീരത്ത് വലിയ കൂറ്റൻ തിരമാലകൾ ആഞ്ഞടിച്ചു. ഫുക്കുഷിമ ആണവ നിലയവും ഒഴിപ്പിച്ചു. ഇവിടുത്തെ വൈദ്യുതി ബന്ധം പൂർണമായി നിലച്ചിരിക്കുന്നുവെന്നാണ് വിവരം.

ഒരു കിൻഡർ ഗാർഡൻ പൂർണമായും തകർന്നതിനെ തുടർന്ന് ഒരു കുട്ടിയെ കാണാതായെന്നും വിവരമുണ്ട്. അമേരിക്കയിലും ചില പ്രദേശങ്ങളിലൊക്കെ തന്നെ സുനാമി തിരമാലകൾ ആഞ്ഞടിക്കാനുള്ള സാധ്യതയുണ്ട്. ജപ്പാന്റെ വടക്കുകിഴക്കൻ തീരത്ത് മൂന്ന് മീറ്റർ ഉയരത്തിൽ തിരമാലകൾ ആഞ്ഞടിച്ചതായി ജപ്പാൻ കാലാവസ്ഥ ഏജൻസി അറിയിച്ചു.

റഷ്യയുടെ കാംചാക്ക തീരത്താണ് വൻ ഭൂചലനം ഉണ്ടായത്. റിക്ടർ സ്കെയിലിൽ 8.7 തീവ്രത രേഖപ്പെടുത്തി. പെട്രോപാവ്‍ലോസ്കിൽ നിന്ന് 134 കിലോമീറ്റർ തെക്ക് കിഴക്കൻ ഭാഗത്താണ് പ്രഭവ കേന്ദ്രം. 74 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുഎസ്ജിഎസ് അറിയിച്ചു. 2011ന് ശേഷം രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനമാണിതെന്നാണ് റിപ്പോർട്ട്.


പ്രതിമാസം 30 ലക്ഷം ബാരൽ റഷ്യൻ എണ്ണ വാങ്ങാൻ റിലയൻസ്..... #Reliance

ന്യൂഡല്‍ഹി: റഷ്യയില്‍നിന്ന് പ്രതിമാസം 30 ലക്ഷം ബാരല്‍ എണ്ണ വാങ്ങാനുള്ള കരാറിലൊപ്പിട്ട് ഇന്ത്യന്‍ കമ്പനിയായ റിലയന്‍സ്. റഷ്യയുടെ എണ്ണക്കമ്പനിയായ റോസ്‌നെഫ്റ്റുമായാണ് റിലയന്‍സ് ഒരുവര്‍ഷത്തേക്കുള്ള കരാറില്‍ ഒപ്പുവച്ചത്. റഷ്യന്‍ കറന്‍സിയായ റൂബിളിലാണ് ഇടപാട് നടത്തുകയെന്നും നാല് വ്യത്യസ്ത കേന്ദ്രങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

യു.എസ്സും യൂറോപ്യന്‍ യൂണിയനും ഏര്‍പ്പെടുത്തിയ ഉപരോധത്തെ തുടര്‍ന്ന് അന്താരാഷ്ട്ര ഇടപാടുകള്‍ നടത്താനുള്ള സംവിധാനങ്ങള്‍ ഉപയോഗിക്കാന്‍ നിലവില്‍ റഷ്യയ്ക്ക് സാധിക്കില്ല. ഇതേത്തുടര്‍ന്ന് അന്താരാഷ്ട്ര ഇടപാടുകള്‍ക്ക് പകരംമാര്‍ഗം കണ്ടെത്താന്‍ പുതിന്‍ നിര്‍ദേശിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ഇടപാടുകള്‍ റൂബിള്‍ മുഖേനയാക്കിയത്.

എണ്ണ ഉത്പാദകരായ ഒപെക് രാജ്യങ്ങള്‍ ജൂണിന് ശേഷം എണ്ണവിതരണം വെട്ടിക്കുറയ്ക്കുമെന്ന അഭ്യൂഹത്തിന്റെ പശ്ചാത്തലത്തില്‍ കുറഞ്ഞ വിലയ്ക്ക് റോസ്‌നെഫ്റ്റില്‍നിന്ന് ദീര്‍ഘകാല കരാറിലൂടെ എണ്ണ വാങ്ങുന്നത് റിലയന്‍സിന് സഹായകമാകും. ജൂണ്‍ രണ്ടിന് നടക്കുന്ന ഒപെക് രാജ്യങ്ങളുടേയും സഖ്യരാജ്യങ്ങളുടേയും യോഗത്തിന് ശേഷമാകും എണ്ണ ഉത്പാദനം നിയന്ത്രിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകുക.

2022-ലെ യുക്രൈന്‍ അധിനിവേശത്തെ തുടര്‍ന്ന് പടിഞ്ഞാറന്‍ രാജ്യങ്ങള്‍ റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നത് അവസാനിപ്പിച്ചിരുന്നു. കടല്‍മാര്‍ഗമെത്തുന്ന റഷ്യന്‍ എണ്ണ ഇറക്കുമതിചെയ്യുന്ന ലോകത്തെ ഏറ്റവുംവലിയ മൂന്നാമത്തെ രാജ്യമായി ഇന്ത്യ മാറിയത് ഇതിനുശേഷമാണ്. ഇന്ത്യന്‍ രൂപ, ദിര്‍ഹം, ചൈനീസ് യുവാന്‍ എന്നീ കറന്‍സികളിലും ഇന്ത്യ റഷ്യയുമായി ഇടപാടുകള്‍ നടത്തിയിട്ടുണ്ട്.

ഇന്ത്യ തങ്ങളുടെ തന്ത്രപ്രധാനമായ പങ്കാളിയാണെന്ന് റോസ്‌നെഫ്റ്റ് ഇ-മെയിലിലൂടെ പ്രതികരിച്ചു. എണ്ണ ഉത്പാദനത്തിലും എണ്ണ ശുദ്ധീകരണത്തിലും വ്യാപാരത്തിലുമെല്ലാം ഇന്ത്യന്‍ കമ്പനികളുമായി സഹകരിക്കുമെന്നും റോസ്‌നെഫ്റ്റ് പറഞ്ഞു. അതേസമയം, റിലയന്‍സുമായുള്ള ഇടപാട് സംബന്ധിച്ച് അവര്‍ ഒരു പ്രതികരണവും നടത്തിയില്ല. റിലയന്‍സും വാര്‍ത്തയോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.

സാമ്പത്തികവര്‍ഷം ആരംഭിച്ച, ഏപ്രില്‍ ഒന്ന് മുതല്‍ കരാര്‍ പ്രാബല്യത്തില്‍ വന്നു. ഇത് പ്രകാരം പത്ത് ലക്ഷം ബാരല്‍ വീതമുള്ള രണ്ട് കാര്‍ഗോകളാണ് റിലയന്‍സ് ഇറക്കുമതി ചെയ്യുക. ഇതിനൊപ്പം ഓരോ മാസവും നാല് കാര്‍ഗോ കൂടി അധികമായി വാങ്ങാനും അവസരമുണ്ട്. പശ്ചിമേഷ്യന്‍ എണ്ണയേക്കാള്‍ ബാരലിന് മൂന്ന് ഡോളര്‍ കുറവ് വിലയ്ക്കാണ് റിലയന്‍സിന് റോസ്‌നെഫ്റ്റ് എണ്ണ നല്‍കുക. ഇതിന് പുറമെ സള്‍ഫര്‍ ഘടകം കുറഞ്ഞ എണ്ണ പ്രതിമാസം രണ്ട് കാര്‍ഗോ വീതവും റിലയന്‍സ് വാങ്ങും.

ഇന്ത്യയുടെ എച്ച്.ഡി.എഫ്.സി. ബാങ്ക് റഷ്യയുടെ ഗാസ്‌പ്രോം ബാങ്ക് എന്നിവ മുഖേനയാണ് റിലയന്‍സ് റോസ്‌നെഫ്റ്റിന് പണം നല്‍കുക. പണം കൈമാറുന്നതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ നിലവില്‍ ലഭ്യമല്ല.

ഒഡിഷയിൽ ദുരൂഹത പടർത്തി റഷ്യൻ പൗരന്മാരുടെ മരണം വീണ്ടും.. | #Russian_Found_Dead_In_Odisha.

ഒഡീഷയിൽ റഷ്യൻ പൗരന്മാരുടെ മരണം ദുരൂഹത പടർത്തുന്നു.  15 ദിവസത്തിനിടെ റിപ്പോർട്ട് ചെയ്യുന്ന മൂന്നാമത്തെ മരണമാണിത്.  ജഗത്സിംഗ്പൂർ ജില്ലയിലെ പാരാദീപ് തുറമുഖത്ത് നങ്കൂരമിട്ട കപ്പലിൽ റഷ്യൻ പൗരനായ മില്യകോവ് സെർജിയെ മരിച്ച നിലയിൽ കണ്ടെത്തി.
  51 കാരനായ സെർജി മില്യകോവ് എംബി ആൽഡ്ന കപ്പലിലെ ചീഫ് എഞ്ചിനീയറാണ്.  മുംബൈയിൽ നിന്ന് ബംഗ്ലാദേശിലെ ചിറ്റഗോങ്ങിലേക്ക് പോകുന്നതിനിടെയാണ് കപ്പൽ ഇവിടെ നങ്കൂരമിട്ടത്.  മരണകാരണം വ്യക്തമല്ലെന്ന് പോലീസ് പറഞ്ഞു.  അന്വേഷണം ആരംഭിച്ചതായി തുറമുഖ ചെയർമാൻ പി.എൽ.ഹരാനന്ദ് അറിയിച്ചു.
  റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ വിമർശകനും റഷ്യൻ പാർലമെന്റ് അംഗവുമായ എംപി പവൽ ആന്റോവ്, കൂട്ടാളി വ്‌ളാഡിമിർ ബിഡെനോവ് എന്നിവരെ കഴിഞ്ഞ ദിവസങ്ങളിൽ ഒഡീഷയിലെ ഒരു ഹോട്ടലിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.  ബിഡെനോവിനെ ഡിസംബർ 22 ന് ഹോട്ടൽ മുറിയിലും അന്റോനോവിനെ ഡിസംബർ 24 ന് ഹോട്ടലിന്റെ മൂന്നാം നിലയിൽ നിന്ന് വീണ് മരിച്ച നിലയിലും കണ്ടെത്തി.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0