Technology App എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Technology App എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

️പ്രിയപ്പെട്ടവരുടെ സീൻ ചെയ്യാത്ത മെസേജുകളും സ്റ്റാറ്റസുകളും ഓര്‍മ്മിപ്പിക്കും; വാട്‌സ്ആപ്പിലും റിമൈന്‍ഡര്‍... #Tech

 



നിങ്ങൾ സീൻ ചെയ്യാത്ത മെസേജുകളെയും സ്റ്റാറ്റസുകളെയും കുറിച്ച് വാട്‌‌സ്ആപ്പ് ഓർമ്മിപ്പിക്കും. വാട്‌‌സ്ആപ്പ് ബീറ്റാ (2.24.25.29) ഉപഭോക്താക്കൾക്ക് ഈ സേവനം ലഭ്യമായിത്തുടങ്ങിയതായി വാട്‌സ്ആപ്പ് അപ്‌ഡേറ്റുകള്‍ അറിയിക്കുന്ന വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തു. വൈകാതെ മറ്റുള്ള വാട്സ്ആപ്പ് ഉപഭോക്താക്കള്‍ക്കും ഈ സേവനം ലഭ്യമാകും. തപ്പിപ്പോകാതെ തന്നെ പ്രിയപ്പെട്ടവരുടെ സ്റ്റാറ്റസുകളും മെസേജുകളും നമ്മളെ വാട്സ്ആപ്പ് അറിയിക്കും. സ്ഥിരമായി ഇടപെടുന്നവരും ഫേവറേറ്റ് കോണ്‍ടാക്റ്റുകള്‍ ആയി സേവ് ചെയ്‌തിരിക്കുന്നവരുടെയും സ്റ്റാറ്റസുകളെയും മെസേജുകളേയും കുറിച്ചാണ് വാട്സ്ആപ്പ് സിഗ്നല്‍ തരിക.

അടുത്തിടെയാണ് സ്റ്റാറ്റസ് മെൻഷൻ ഓപ്ഷൻ വാട്‌‌സ്ആപ്പ് അവതരിപ്പിച്ചത്. ഈ അപ്ഡേറ്റ് ഹിറ്റായതിന് പിന്നാലെ പുതിയ അപ്ഡേറ്റ് അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. അപ്ഡേറ്റ് പ്രകാരം നമ്മളൊരു സ്റ്റാറ്റസ് ഇട്ടാൽ ഗ്രൂപ്പിനെ മൊത്തം അറിയിക്കാനും മെൻഷൻ ചെയ്ത് ടാഗ് ചെയ്യാനുമാകും. വാട്‌‌സ്ആപ്പിന്‍റെ ബീറ്റ പതിപ്പിലാണ് ഈ അപ്ഡേറ്റ് അവതരിപ്പിച്ചിരിക്കുന്നത്. നിലവിൽ അഞ്ച് വ്യക്തികളെയാണ് ഒരു സ്റ്റാറ്റസിൽ മെൻഷൻ ചെയ്യാൻ സാധിക്കുക.

ഗ്രൂപ്പുകളെ മെൻഷൻ ചെയ്യാനുള്ള അവസരം ലഭിക്കുന്നതിലൂടെ വ്യക്തികളെ പ്രത്യേകം സ്റ്റാറ്റസുകളിൽ മെൻഷൻ ചെയ്യേണ്ടതുമില്ല. ഗ്രൂപ്പിനെ മെൻഷൻ ചെയ്യുന്നതിലൂടെ അംഗങ്ങൾക്ക് മെൻഷനെക്കുറിച്ച് അറിയിപ്പും ലഭിക്കും. ഈ അപ്ഡേഷനിലൂടെ അംഗങ്ങൾക്ക് സ്റ്റാറ്റസ് കാണാനാകും. ഗ്രൂപ്പ് ചാറ്റുകൾ സൈലന്‍റാക്കി വെയ്ക്കുന്നവർക്ക് ഗ്രൂപ്പിനെ മെൻഷൻ ചെയ്ത നോട്ടിഫിക്കേഷൻ ലഭിക്കില്ല.

വ്യക്തികളെ മെൻഷൻ ചെയ്യുന്നതിന് പരിമിതി ഉള്ളതുപോലെ  സ്റ്റാറ്റസ് അപ്ഡേറ്റുകളിൽ ഗ്രൂപ്പ് ചാറ്റുകൾ മെൻഷൻ ചെയ്യുന്നതിന് പരിമിതി വരുമോയെന്നതിൽ വ്യക്തതയില്ല. ഏറെ പുതിയ അപ്ഡേറ്റുകളാണ് ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ വാട്‌സ്ആപ്പ് അടുത്തിടെ അവതരിപ്പിക്കുന്നത്. ഇനിയുമേറെ ഫീച്ചറുകള്‍ വരും ആഴ്‌ചകളില്‍ വരും.

ഇനി മെസ്സേജുകള്‍ ഡ്രാഫ്റ്റ്സ് ആകും; പുത്തന്‍ ഫീച്ചറുമായി വാട്ട്സ് ആപ്പ് ... #Tech

 

മീപ വർഷങ്ങളിൽ, ആളുകൾ ആശയവിനിമയം നടത്തുന്ന രീതി മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ട് വാട്ട്‌സ്ആപ്പ് നിരവധി അപ്‌ഡേറ്റുകൾ കൊണ്ടുവന്നിട്ടുണ്ട്. ഡിസപ്പിയറിങ് മെസേജ്, മൾട്ടി-ഡിവൈസ് സപ്പോർട്ട് എന്നിവ അതിൽ ചിലതുമാത്രം. അതിലേക്കിതാ ഒന്നുകൂടി. മെസേജ് ഡ്രാഫ്റ്റ്സ്. ടൈപ്പ് ചെയ്ത് പാതിവഴിയിലായ സന്ദേശങ്ങൾ നഷ്ടപ്പെടില്ല എന്നതാണ് ഈ പുത്തൻ അപ്ഡേറ്റിന്റെ പ്രത്യേകത. യൂസർ എക്സ്പീരിയൻസും ആശയവിനിമയത്തിലെ കാര്യക്ഷമതയും ഉറപ്പുവരുത്തുക എന്നതാണ് പുത്തൻ അപ്ഡേറ്റിലൂടെ വാട്ട്സാപ്പ് ഉദ്ദേശിച്ചിരിക്കുന്നത്.

പകുതി ടൈപ്പ് ചെയ്ത സന്ദേശങ്ങൾ സംരക്ഷിക്കുന്നതിനും പിന്നീടവ കണ്ടെത്തുന്നതിനുമുള്ള സൗകര്യമാണ് വാട്ട്സാപ്പ് ഉപയോക്താക്കൾക്കുമുന്നിൽ അവതരിപ്പിച്ചിരിക്കുന്നത്. ഒരു ചാറ്റിൽ ഒരിക്കൽ ടൈപ്പ് ചെയ്ത് പകുതിയാക്കിയ സന്ദേശം പിന്നീട് ഒരവസരത്തിൽ പൂർത്തിയാക്കാൻ പുതിയ അപ്ഡേറ്റ് വഴി ഉപയോക്താവിന് സാധിക്കും. അതും വളരെ എളുപ്പത്തിൽ. അപൂർണമായ സന്ദേശം ഡ്രാഫ്റ്റ് എന്ന ലേബലിൽ ചാറ്റ് ലിസ്റ്റിന്റെ മുകൾ ഭാ​ഗത്ത് ഓട്ടോമാറ്റിക്കായി കാണാനാവും. അപൂർണമായസന്ദേശമാണെന്ന് പെട്ടന്ന് തിരിച്ചറിയാൻ ഇതുവഴി സാധിക്കും.

മെസേജ് ഡ്രാഫ്റ്റ് സംവിധാനം ഇപ്പോൾ ആഗോളതലത്തിൽ ലഭ്യമാക്കിയിട്ടുണ്ട്. എല്ലാ ആൻഡ്രോയ്ഡ് ഐ.ഒ.എസ് ഉപയോക്താക്കൾക്കും ഒരുപോലെ ഈ അപ്ഡേറ്റ് ഇപ്പോൾ ഉപയോ​ഗിച്ചുതുടങ്ങാം. ഇതിനായി സ്വന്തം വാട്ട്‌സ്ആപ്പ് ആപ്പ് അപ്‌ഡേറ്റ് ചെയ്താൽ മാത്രം മതി.

പ്രവർത്തനക്ഷമത മെച്ചപ്പെടുത്തുന്നതിനും ഉപയോക്താക്കളുടെ സമയം ലാഭിക്കുന്നതിനും അവരുടെ അനുഭവം കാര്യക്ഷമമാക്കുന്നതിനുമുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണ് ഈ അപ്ഡേറ്റ് എന്ന് വാട്ട്‌സ്ആപ്പ് വ്യക്തമാക്കി. പൂർത്തിയാകാത്ത സന്ദേശങ്ങൾ എളുപ്പത്തിൽ കണ്ടെത്താവുന്ന രീതിയിൽ ക്രോഡീകരിക്കുന്നതിലൂടെ, ദൈനംദിന ആശയവിനിമയത്തിനുള്ള കൂടുതൽ സൗകര്യപ്രദമായ ഉപകരണമായി വാട്ട്സാപ്പിനെ മാറ്റാനാണ് കമ്പനി ഉദ്ദേശിക്കുന്നത്.

ആൻഡ്രോയിഡ് ഫോൺ ഇനി മോഷ്ടിക്കപ്പെട്ടാലും ആശങ്കവേണ്ട; ശക്തമായ സുരക്ഷയൊരുക്കി ഗൂഗിൾ... #Technology

 


ആന്‍ഡ്രോയിഡ് ഫോണുകള്‍ക്ക് കൂടുതല്‍ സുരക്ഷാ സംവിധാനം ഒരുക്കുകയാണ് ഗൂഗിള്‍. പുതിയ തെഫ്റ്റ് ഡിറ്റക്ഷന്‍ സംവിധാനത്തിലൂടെയാണ് കമ്പനി ഉപഭോക്താക്കളുടെ ഡാറ്റയ്ക്കും ഫോണിനും സുരക്ഷയൊരുക്കുന്നത്. ഇതുവഴി ഫോണ്‍ മോഷ്ടിക്കുന്നയാള്‍ക്ക് അതുകൊണ്ട് കാര്യമായ ഉപയോഗമില്ലാതെ വരും.

ഈ പുതിയ സുരക്ഷാ ഫീച്ചര്‍ നിലവില്‍ യുഎസിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ഷാവോമിയുടെ 14ടി പ്രോയില്‍ ഈ ഫീച്ചര്‍ കണ്ടെത്തിയതായി മിഷാല്‍ റഹ്‌മാന്‍ എന്നയാള്‍ ത്രെഡ്‌സില്‍ പോസ്റ്റ് ചെയ്തു.

പ്രധാനമായി മൂന്ന് ഭാഗങ്ങളാണ് തെഫ്റ്റ് ഡിറ്റക്ഷന്‍ ലോക്ക് സംവിധാനത്തിനുള്ളത്. അതില്‍ ആദ്യത്തേതാണ് തെഫ്റ്റ് ഡിറ്റക്ഷന്‍ ലോക്ക്. മെഷീന്‍ ലേണിങ് സംവിധാനം ഉപയോഗിച്ച് ഫോണ്‍ അതിന്റെ ഉപഭോക്താക്കളില്‍ നിന്നും തട്ടിയെടുത്തിരിക്കുകയാണെന്നും ഉടമയില്‍ നിന്ന് വാഹനത്തിലോ മറ്റോ ഓടിക്കൊണ്ടിരിക്കുകയാണെന്നും തിരിച്ചറിയും. ഉടന്‍ തന്നെ ഫോണ്‍ തെഫ്റ്റ് ഡിറ്റക്ഷന്‍ ലോക്ക്‌മോഡിലേക്ക് മാറും. ഇതോടെ മോഷ്ടാവിന് ഫോണ്‍ തുറക്കാന്‍ സാധിക്കാതെ വരും.

ഓഫ്‌ലൈന്‍ ഡിവൈസ് ലോക്ക് ആണ് മറ്റൊരു ഭാഗം. ഫോണ്‍ നിശ്ചിത സമയപരിധിയില്‍ കൂടുതല്‍ ഇന്റര്‍നെറ്റ് കണക്ടിവിറ്റിയില്‍ നിന്ന് വിച്ഛേദിക്കപ്പെട്ടാല്‍ ഫോണ്‍ ലോക്കാവും. ഫോണ്‍ അസ്വാഭാവികമായി ഓഫ്‌ലൈന്‍ ആവുന്നത് തിരിച്ചറിഞ്ഞാണ് ഈ നീക്കം. മോഷ്ടിച്ചയാള്‍ ഫോണിലെ കണക്ടിവിറ്റി ഓഫ് ചെയ്താലും ഈ ഫീച്ചര്‍ ഫോണിന് സുരക്ഷ നല്‍കും.

റിമോട്ട് ലോക്ക് ഫീച്ചറാണ് അടുത്തത്. ഫൈന്റ് മൈ ഡിവൈസ് മാനേജര്‍ ഉപയോഗിച്ച് ഉപഭോക്താവിന് ഫോണ്‍ ദൂരെ നിന്ന് ലോക്ക് ചെയ്യാനാവും.

സെറ്റിങ്‌സില്‍ ഗൂഗിള്‍-> ഗൂഗിള്‍ സര്‍വീസസ് മെനു തുറന്നാല്‍ ഈ ഫീച്ചറിന് അനുയോജ്യമായ മോഡലുകളില്‍ തെഫ്റ്റ് പ്രൊട്ടക്ഷന്‍ ഫീച്ചര്‍ കാണാം. ഏറ്റവും പുതിയ ഗൂഗിള്‍ പ്ലേ സര്‍വീസസ് ആണ് ഫോണിലെന്ന് ഉറപ്പുവരുത്തുക.

നിങ്ങള്‍ക്ക് കിട്ടിയ ലിങ്കും മെസേജും സത്യമോ എന്ന് പരിശോധിക്കാം; പുത്തന്‍ ഫീച്ചറുമായി വാട്‌സ്ആപ്പ്.... #Tech

ഉപഭോക്താക്കളെ അപകടകരമായ ലിങ്കുകളിൽ നിന്ന് രക്ഷിക്കുന്നതിനായി പുതിയ ഫീച്ചർ പരീക്ഷിക്കുകയാണ് കമ്പനി. വാട്‌സ്ആപ്പ് സന്ദേശങ്ങളിൽ വരുന്ന ലിങ്കുകളും ആ സന്ദേശത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളും ശരിയാണോ എന്ന് തിരിച്ചറിയാൻ സഹായിക്കുന്നതാണ് പുതിയ ഫീച്ചർ. വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുന്ന സന്ദേശങ്ങളാണ് ഈ രീതിയിൽ പരിശോധിക്കുക.

 ആൻഡ്രോയിഡ് ബീറ്റ 2.24.20.28 വേർഷനിലാണ് ഈ ഫീച്ചർ പരീക്ഷിക്കുന്നതെന്ന് വാബീറ്റാ ഇൻഫോ റിപ്പോർട്ട് ചെയ്യുന്നു.

വാട്‌സ്ആപ്പ് വഴി വ്യാജവാർത്തകളും സംശയാസ്പദമായ ഉള്ളടക്കങ്ങളും വ്യാപകമായി പ്രചരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരം ഒരു സുരക്ഷാ സംവിധാനം ഒരുക്കാനുള്ള കമ്പനിയുടെ ശ്രമം. ലിങ്കിലെ വിവരം എന്താണെന്ന് മാത്രമല്ല. ആ ലിങ്കിനൊപ്പമുള്ള സന്ദേശത്തിലെ ഉള്ളടക്കവും ലിങ്ക് എത്തിക്കുന്ന വെബ്‌സൈറ്റിലെ ഉള്ളടക്കവും സാമ്യതയുണ്ടോ എന്നും പരിശോധിക്കും.

 ഗൂഗിളിന്‍റെ സഹായത്തോടെയാണ് ഈ പരിശോധന നടത്തുന്നത്. 

യുആർഎൽ അടങ്ങുന്ന എന്തെങ്കിലും സന്ദേശം ലഭിച്ചെന്നിരിക്കട്ടെ ആ ലിങ്ക് ഉപഭോക്താവിന് ഇഷ്ടപ്രകാരം പരിശോധിച്ച് ഉറപ്പിക്കാനുള്ള അവസരവുമുണ്ട്. ഉപഭോക്താവ് ആവശ്യപ്പെടുന്ന ലിങ്കും ആ സന്ദേശവും മാത്രമാണ് ഇത്തരം സാഹചര്യങ്ങളിൽ പരിശോധിക്കുക. ഈ സന്ദേശങ്ങൾ സ്വകാര്യമായിരിക്കുമെന്ന പ്രത്യേകതയുമുണ്ട്. എവിടെയും സൂക്ഷിക്കുകയുമില്ല. അപകടരമായ വെബ്‌സൈറ്റുകളിലേക്ക് എത്തിപ്പെടുന്നത് തടയാൻ ഇതുവഴി സാധിക്കും.

എക്‌സിൽ ബോൾഡ് ഫോണ്ട് ഉപയോഗം കുറയ്ക്കണമെന്ന് മസ്‌ക്... #X_Platform

 


എക്‌സിന്റെ ഉപയോക്താക്കളോട് ബോള്‍ഡ് ഫോണ്ടിന്റെ ഉപയോഗം കുറയ്ക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് ഉടമ ഇലോണ്‍ മസ്‌ക്. അമിതമായി ബോള്‍ഡാകുന്ന പോസ്റ്റുകള്‍ എക്‌സിന്റെ പ്രധാന ടൈം ലൈനില്‍ ഇനി പ്രാധാന്യത്തോടെ പ്രദര്‍ശിപ്പിക്കില്ല. കട്ടികൂടിയ അക്ഷരങ്ങള്‍കൊണ്ട് നിറഞ്ഞ പോസ്റ്റുകള്‍ വായിച്ച് തന്റെ കണ്ണില്‍നിന്ന് ചോരപൊടിയുന്നുവെന്നും മസ്‌ക് എക്‌സില്‍ കുറിച്ചു.

മുന്‍പ് വെബ്‌സൈറ്റ് വഴി എക്‌സ് ഉപയോഗിച്ചിരുന്നവര്‍ക്ക് വേണ്ടി മാത്രം അനുവദിച്ചിരുന്ന ഇറ്റാലിക്‌സ്, ബോള്‍ഡ് ഫോണ്ടുകള്‍ ഐ.ഒ.എസ്., ആന്‍ഡ്രോയ്ഡ് ഫോണുകളിലെ എക്‌സ് ആപ്പില്‍ക്കൂടി ലഭ്യമാക്കിയതോടെയാണ് പ്രശ്‌നം തുടങ്ങിയത്.

കുറിപ്പുകളുടെ പ്രത്യേക ഭാഗങ്ങള്‍ ഊന്നിപ്പറയാന്‍ ഉപയോഗിക്കേണ്ട കട്ടികൂടിയ അക്ഷരങ്ങളെ പലരും തലങ്ങും വിലങ്ങും ഉപയോഗിച്ച് തുടങ്ങിയതോടെ പോസ്റ്റുകളുടെ ഭംഗി നഷ്ടപ്പെട്ടെന്ന് മാത്രമല്ല, ഇവ വായിക്കാനും ഇത്തിരി കഷ്ടപ്പെടേണ്ട സ്ഥിതിയായി. ഇതോടെയാണ് അറ്റകൈ പ്രയോഗവുമായി മസ്‌ക് തന്നെ മുന്നിട്ടിറങ്ങിയത്. ഇനി മുതല്‍ പോസ്റ്റിലെ ബോള്‍ഡ് ഫോണ്ട് വായിക്കണമെങ്കില്‍ ഓരോ പോസ്റ്റിലും കയറിനോക്കണം. പ്രധാനഫീഡില്‍ ഇവ മറഞ്ഞിരിക്കും.

യൂട്യൂബിൽ വീഡിയോ 'Pause' ചെയ്യുമ്പോൾ പരസ്യം, പുതിയ നീക്കവുമായി ഗൂഗിൾ... #Tech

 


ഒന്നുകില്‍ വീഡിയോ കാണുന്നതിനിടയില്‍ പരസ്യങ്ങള്‍ കാണാന്‍ തയ്യാറാവുക അല്ലെങ്കില്‍ യൂട്യൂബ് പ്രീമിയം സബ്‌സ്‌ക്രൈബ് ചെയ്യുക. ഉപഭോക്താക്കളില്‍ നിന്ന് പരമാവധി വരുമാനം കണ്ടെത്താന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ് യൂട്യൂബ്. യൂട്യൂബിലെ പരസ്യങ്ങള്‍ തടയാന്‍ ആഡ് ബ്ലോക്കര്‍ ഉപയോഗിക്കുന്നവര്‍ക്കുള്ള നിയന്ത്രണങ്ങള്‍ നേരത്തെ തന്നെ കമ്പനി അവതരിപ്പിച്ചിരുന്നു.

ഇപ്പോഴിതാ പരസ്യം പ്രദര്‍ശിപ്പിക്കാന്‍ പുതിയ രീതി അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. യൂട്യൂബ് പ്രീമിയം വരിക്കാരല്ലാത്ത സൗജന്യ ഉപഭോക്താക്കള്‍ വീഡിയോ കാണുന്നതിനിടയില്‍ വീഡിയോ പോസ് ചെയ്താല്‍ (നിര്‍ത്തിവെച്ചാല്‍) അപ്പോള്‍ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കും. 'പോസ് ആഡ്' എന്നാണ് ഇതിനെ കമ്പനി വിളിക്കുന്നത്. യൂട്യൂബിന്റെ കമ്മ്യൂണിക്കേഷന്‍ മാനേജറായ ഒലുവ ഫലോഡുന്‍ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

യൂട്യൂബിന് പരസ്യം നല്‍കുന്ന സ്ഥാപനങ്ങള്‍ ഈ ഫോര്‍മാറ്റില്‍ വലിയ താല്‍പര്യം പ്രകടിപ്പിച്ചുവെന്നാണ് വിവരം. 2023 ല്‍ ഇത് ചുരുക്കം ചിലര്‍ക്കിടയില്‍ പരീക്ഷിച്ചിരുന്നു. ഈ പരസ്യ വിതരണ രീതി വിജയമാണെന്ന് കണ്ടതിനാലാണ് യൂട്യൂബില്‍ ഉടനീളം ഇത്തരം പരസ്യങ്ങള്‍ കാണിക്കാന്‍ തീരുമാനിച്ചത്.

സ്മാര്‍ട് ടിവികളിലും ഫോണിലുമെല്ലാം ആളുകള്‍ വീഡിയോ പോസ് ചെയ്ത് നിര്‍ത്തുമ്പോഴാണ് ഇത്തരം വീഡിയോകള്‍ പ്രദര്‍ശിപ്പിക്കുക. സാധാരണ വീഡിയോ പ്ലേ ചെയ്തുകൊണ്ടിരിക്കമ്പോള്‍ തന്നെ നിശ്ചിത ഇടവേളകളിലാണ് യൂട്യൂബില്‍ പരസ്യങ്ങള്‍ കാണിക്കാറ്.

മുമ്പും വിവിധ ഫോര്‍മാറ്റുകളിലുള്ള പരസ്യങ്ങള്‍ യൂട്യൂബ് പരീക്ഷിച്ചിട്ടുണ്ട്. സ്‌കിപ്പ് ചെയ്യാന്‍ സാധിക്കാത്ത ദൈര്‍ഘ്യമേറിയ പരസ്യങ്ങള്‍, ബ്രാന്‍ഡ് ക്യുആര്‍ കോഡുകള്‍, ലൈവ് വീഡിയോകള്‍ക്കായുള്ള പിക്ചര്‍ ഇന്‍ പിക്ചര്‍ ആഡ് എന്നിവയെല്ലാം അതില്‍ ചിലതാണ്.

പരസ്യങ്ങള്‍ ഇല്ലാതെ യൂട്യൂബ് ആസ്വദിക്കണമെങ്കില്‍ യൂട്യൂബ് പ്രീമിയം വരിക്കാരാവുക തന്നെ വേണം. 149 രൂപയുടെ വ്യക്തിഗത പ്ലാന്‍, 299 രൂപയുടെ ഫാമിലി പ്ലാന്‍, 89 രൂപയുടെ സ്റ്റുഡന്റ് പ്ലാന്‍ എന്നീ പ്രതിമാസപ്ലാനുകളും 1490 രൂപയുടെ വാര്‍ഷിക പ്ലാനും നാല് മാസത്തേക്കുള്ള 459 രൂപയുടെ പ്ലാനും 159 രൂപയുടെ പ്രീപെയ്ഡ് പ്ലാനുമാണ് യൂട്യൂബിനുള്ളത്.


18 വയസില്‍ താഴെയുള്ളവര്‍ക്കായി ടീന്‍ ഇന്‍സ്റ്റ വരുന്നു; കൗമാരക്കാരുടെ അക്കൗണ്ടുകളില്‍ കര്‍ശന നിയന്ത്രണം... #Tech

 


പ്രായപൂര്‍ത്തിയാകാത്ത ഉപയോക്താക്കളെ ഓണ്‍ലൈന്‍ അപകടങ്ങളില്‍ നിന്ന് സംരക്ഷിക്കാന്‍ പുതിയ സുരക്ഷ നടപടിയുമായി ഇന്‍സ്റ്റഗ്രാം. 18 വയസില്‍ താഴെയുള്ള ഉപയോക്താക്കളുടെ അക്കൗണ്ടുകള്‍ ഇനി ടീന്‍ അക്കൗണ്ട് സെറ്റിങ്‌സിലേക്ക് മാറും. 13 മുതല്‍ 17 വയസ് വരെ പ്രായമുള്ള ഉപയോക്താക്കളെ സാമൂഹ്യ മാധ്യമങ്ങളുടെ ഉപയോഗവുമായി ബന്ധപ്പെട്ടുണ്ടാകുന്ന മാനസിക ആരോഗ്യ വെല്ലുവിളികളില്‍ നിന്ന് സംരക്ഷിക്കാനാണ് ‘ ടീന്‍ അക്കൗണ്ടുകള്‍ വരുന്നത്.

ചെറിയ പ്രായത്തില്‍ സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കുമ്പോള്‍ അവര്‍ ആരുമായൊക്കെ ആശയവിനിമയം നടത്തും, അനാവശ്യമായ കണ്ടന്റുകളിലേക്ക് പോകുമോ എന്നൊക്കെയുള്ള രക്ഷിതാക്കളുടെ ആശങ്ക തനിക്ക് മനസിലാകുമെന്നാണ് ഇന്‍സ്റ്റ മേധാവി ആദം മൊസേരി പറഞ്ഞു. ‘ഗുഡ് മോണിങ് അമേരിക്ക’യിലാണ് ആദം മൊസേരി ടീന്‍ ഇന്‍സ്റ്റ ലോഞ്ചിനെപ്പറ്റി പറഞ്ഞത്. ആര്‍ക്കൊക്കെ അക്കൗണ്ട് ഉടമയുമായി ആശയവിനിമയം നടത്താനാകും, എന്തൊക്കെ കണ്ടന്റുകള്‍ കാണാനാകും, എത്ര സമയം ഇന്‍സ്റ്റയില്‍ ചെലവഴിക്കുന്നു എന്നീ വിവരങ്ങള്‍ ആവശ്യപ്പെട്ടില്ലെങ്കിലും മാതാപിതാക്കള്‍ക്ക് ലഭ്യമാകും. നിലവിലെ യൂസേഴ്‌സിന്റെ അക്കൗണ്ട് 60 ദിവസത്തിനകം ടീന്‍ അക്കൗണ്ടുകളായി മാറുമെന്നും മൊസേരി പറഞ്ഞു. 16 വയസില്‍ താഴെയുള്ളവര്‍ക്ക് അക്കൗണ്ട് സെറ്റിങ്‌സ് മാറ്റണമെങ്കില്‍ മാതാപിതാക്കളുടെ അനുമതി ആവശ്യമാണ്.

ഇത് പ്രകാരം, 13നും 17നുമിടയില്‍ പ്രായമുള്ളവര്‍ക്ക് തങ്ങളുടെ അക്കൗണ്ട് പ്രൈവറ്റ് ആക്കേണ്ടി വരും. അപരിചിതര്‍ക്ക് ഈ പ്രൊഫൈലുകള്‍ കാണുന്നതും അവരുമായി ആശയവിനിമയം നടത്തുന്നതും ഇതോടെ ബുദ്ധിമുട്ടേറിയ കാര്യമാകും. സന്ദേശങ്ങള്‍ അയക്കുന്നതിന് കര്‍ശനമായ നിയന്ത്രണങ്ങളുള്ള അക്കൗണ്ടുകളായിരിക്കും ടീന്‍ അക്കൗണ്ടുകള്‍. തങ്ങള്‍ ഫോളോ ചെയ്യുന്ന ആളുകളില്‍ നിന്നുള്ള മെസേജുകള്‍ മാത്രമേ ലഭിക്കുകയുള്ളു. ആവശ്യമില്ലാത്ത ഓണ്‍ലൈന്‍ വഴി ആളുകളുമായി ബന്ധപ്പെടുന്നത് തടയാന്‍ ഇതുവഴി സാധിക്കും. സെന്‍സിറ്റീവ് ആയ കണ്ടന്റുകള്‍ക്കും നിയന്ത്രണം ഉണ്ടാകും.

18 വയസിന് താഴെയുള്ള പുതിയതായി അക്കൗണ്ട് തുടങ്ങുന്നവരുടേയും നിലവിലുള്ള ഉപഭോക്താക്കളുടെയും അക്കൗണ്ടുകള്‍ അപ്‌ഡേറ്റ് എത്തുന്നതോടെ ടീന്‍ അക്കൗണ്ട് ആയി മാറും. യുഎസിലാണ് ഈ അപ്‌ഡേറ്റ് ആദ്യം നടപ്പിലാക്കുക. ശേഷം അടുത്ത 60 ദിവസങ്ങള്‍ക്കുള്ളില്‍ യുകെ, കാനഡ, ഓസ്‌ട്രേലിയ എന്നിവിടങ്ങളില്‍ ഈ അപ്‌ഡേറ്റ് അവതരിപ്പിച്ചേക്കും. കൂടുതല്‍ രാജ്യങ്ങളിലേക്ക് അപ്‌ഡേറ്റ് പിന്നീട് എത്തും.

റെക്കോഡിങ് പേടിച്ച് വാട്സാപ്പിൽ ചെന്നപ്പോൾ അവിടെ ആപ്പ് വെച്ച് റെക്കോഡിങ്... #Tech

 


സാധാരണ കോള്‍ വിളിക്കുമ്പോള്‍ റെക്കോഡ് ചെയ്യുന്നത് ഒഴിവാക്കാന്‍ വാട്സാപ്പ് കോളിനെ ആശ്രയിക്കുന്നവര്‍ ഏറെയാണ്. എന്നാല്‍ അവിടെയും രക്ഷയില്ലെന്ന് അടുത്തിടെ പുറത്തുവരുന്ന കോള്‍ ചോര്‍ച്ചകള്‍ സാക്ഷ്യംനില്‍ക്കുന്നു. സാധാരണ കോളുകള്‍ റെക്കോഡ് ചെയ്യുന്നതില്‍ ടെലികോം റെഗുലേറ്ററി അതോറിട്ടി (ട്രായ്) ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളാണ് വാട്സാപ്പ് കോളുകള്‍ റെക്കോഡ് ചെയ്യാനുള്ള മൊബൈല്‍ ആപ്പുകള്‍ പ്രചരിക്കുന്നതിന്റെ കാരണം.

വാട്സാപ്പ് കോളുകള്‍ ആപ്പുകള്‍ ഉപയോഗിച്ച് റെക്കോഡ് ചെയ്യുന്നത് നിയന്ത്രിക്കാന്‍ ട്രായ് പോലുള്ള സംവിധാനങ്ങള്‍ക്ക് അധികാരവുമില്ല. സ്വകാര്യത സംരക്ഷിക്കണമെന്ന വ്യവസ്ഥയുള്ള ഐ.ടി. നിയമമാണ് റെക്കോഡ് ചെയ്യപ്പെട്ടു എന്ന പരാതിയുള്ള ആളിന് ആശ്രയിക്കാവുന്ന സംവിധാനം. എന്നാല്‍ കോള്‍ റെക്കോഡ് ചെയ്യുകയാണ് എന്ന സൂചന നല്‍കാനുള്ള സംവിധാനം ഇല്ലെന്നതാണ് പലരെയും കെണിയില്‍പ്പെടുത്തുന്നത്.

റെക്കോഡിങ് പാടില്ലെന്നത് വിദേശത്തെ പലരാജ്യങ്ങളും നടപ്പാക്കിയ നിയമമാണ്. ഇത് ഇന്ത്യയില്‍ നടപ്പാക്കാന്‍ വൈകി. അതാണ് പഴയ മൊബൈല്‍ ഫോണുകളിലേക്ക് വരുന്ന കോളുകള്‍ റെക്കോഡ്‌ചെയ്താലും വിളിക്കുന്നയാള്‍ അറിയാതെപോവുന്നത്.

എന്നാല്‍ ട്രായ് നിര്‍ദേശം കര്‍ശനമായതോടെ പുതിയ ഫോണുകള്‍ റെക്കോഡിങ് മുന്നറിയിപ്പ് സൗകര്യത്തോടെ മാത്രം പുറത്തിറങ്ങി. എങ്കിലും ഒരുകമ്പനിയുടെ ഒരു ഉന്നത ശ്രേണി ഫോണ്‍ ഇറങ്ങിയത് സന്ദേശം കേള്‍പ്പിക്കാതെയുള്ള റെക്കോഡിങ് സൗകര്യത്തോടെയായിരുന്നു. അത് പിടിക്കപ്പെട്ടു. അതേ ഫോണിന്റെ അടുത്തതലമുറ ഇറങ്ങിയപ്പോള്‍ റെക്കോഡ് ചെയ്യുന്നു എന്ന സന്ദേശം കേള്‍പ്പിക്കേണ്ടിവന്നു.

സന്ദേശത്തെ ഒതുക്കുന്നതരത്തിലുള്ള ഫീച്ചറുകളും പുത്തന്‍ തലമുറ ഫോണുകളില്‍ കണ്ടുതുടങ്ങിയിട്ടുണ്ട്. 'നിങ്ങളുടെ കോള്‍ റെക്കോഡ് ചെയ്യപ്പെടുന്നു' എന്ന് ഇംഗ്ലീഷിലുള്ള സന്ദേശത്തിന് പകരം റെക്കോര്‍ഡ് ചെയ്യുമ്പോള്‍ ചെറിയൊരു ബീപ് ശബ്ദം കേള്‍പ്പിക്കുന്ന സംവിധാനമാണത്.

ആപ്പില്‍ ഫീച്ചറുകളുടെ നിര

വാട്സാപ്പ് കോളുകളുടെ റെക്കോഡിങ് ആപ്പുകള്‍ പ്രചാരത്തിലുള്ളവയില്‍ മിക്കതിലും വീഡിയോ റെക്കോഡിങ് അടക്കമുള്ള ഫീച്ചറുകള്‍കൂടി ഉള്‍പ്പെടുത്തിയവയാണ്.

ഓണ്‍ലൈന്‍ തട്ടിപ്പിലെ ഹണിട്രാപ്പിങ്ങിന് ഉപയോഗിക്കുന്നതും ഇത്തരം ആപ്പുകളാണ്.

റെക്കോഡ് ചെയ്യുന്ന വോയ്സ്, വീഡിയോ എന്നിവ നമ്മുടെ സൗകര്യത്തിന് അനുസരിച്ച് മുറിച്ചെടുക്കാനും ചില ആപ്പുകളില്‍ ഫീച്ചറുകളുണ്ട്. ഫെയ്സ്ബുക്കിലെ മെസ്സെഞ്ചര്‍ കോളുകള്‍ റെക്കോര്‍ഡ് ചെയ്യാനുള്ള സൗകര്യവും ചില ആപ്പുകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ആൻഡ്രോയിഡ് 15 പുറത്തിറക്കി ഗൂഗിൾ, ഏതെല്ലാം ഫോണുകളിൽ ലഭിക്കും? എത്രനാൾ കാത്തിരിക്കണം?... #Tech

 


ആന്‍ഡ്രോയിഡിന്റെ പുതിയ പതിപ്പായ ആന്‍ഡ്രോയിഡ് 15 ഒഎസ് ഗൂഗിള്‍ ഔദ്യോഗികമായി പുറത്തിറക്കി. സെപ്റ്റംബര്‍ മൂന്ന് ചൊവ്വാഴ്ച ഒരു ബ്ലോഗ് പോസ്റ്റിലാണ് ഗൂഗിള്‍ പുതിയ ഒഎസ് പുറത്തിറക്കിയതായി അറിയിച്ചത്. ആന്‍ഡ്രോയിഡ് ഓപ്പണ്‍ സോഴ്‌സ് പ്രൊജക്ട് ആയി ഇതിന്റെ സോഴ്‌സ് കോഡ് ലഭ്യമാക്കിയിട്ടുണ്ട്. ഇതുവഴി ഡെവലപ്പര്‍മാര്‍ക്ക് അവരുടെ ഉത്പന്നങ്ങള്‍ക്ക് അനുയോജ്യമായ കസ്റ്റം ഒഎസുകള്‍ നിര്‍മിക്കാന്‍ സാധിക്കും. വരും ആഴ്ചകളിലാണ് ആന്‍ഡ്രോയിഡ് 15 ഫോണുകളിലെത്തുക. ഗൂഗിള്‍ പിക്‌സല്‍ ഫോണുകളിലാണ് ആദ്യമെത്തുക. മാസങ്ങള്‍ നീണ്ട ബീറ്റാ പരീക്ഷണ ഘട്ടം പൂര്‍ത്തിയാക്കിയാണ് പുതിയ ഒഎസ് അവതരിപ്പിച്ചിരിക്കുന്നത്.സ

ഗൂഗിള്‍ പിക്‌സല്‍ ഫോണുകള്‍ക്ക് പുറമെ, സാംസങ്, ഓണര്‍, ഐഖൂ, ലെനോവൊ, മോട്ടോറോള, നത്തിങ്, വണ്‍ പ്ലസ്, ഓപ്പോ, റിയല്‍മി, ഷാര്‍പ്പ്, സോണി, ടെക്‌നോ, വിവോ, ഷാവോമി തുടങ്ങിയ ബ്രാന്റുകളുടെ ഫോണുകളിലും വരും മാസങ്ങളില്‍ ആന്‍ഡ്രോയിഡ് 15 അപ്‌ഡേറ്റ് എത്തും.

പുതിയ വോളിയം കണ്‍ട്രോള്‍ പാനല്‍, പാര്‍ഷ്യല്‍ സ്‌ക്രീന്‍ ഷെയറിങ്, ഫുള്‍ സ്‌ക്രീന്‍ ആപ്പുകള്‍ തുടങ്ങി ഒട്ടേറെ പുതിയ സൗകര്യങ്ങളുമായാണ് ആന്‍ഡ്രോയിഡ് 15 അവതരിപ്പിച്ചിരിക്കുന്നത്. വിന്‍ഡോസ് ലാപ്‌ടോപ്പിലെ വെബ് ക്യാമറയായി സ്മാര്‍ട്‌ഫോണിനെ മാറ്റാനുള്ള സൗകര്യവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കൂടുതല്‍ സുരക്ഷയും സ്വകാര്യതയും ഉറപ്പുനല്‍കും വിധമാണ് ആന്‍ഡ്രോയിഡ് 15 ഒരുക്കിയിട്ടുള്ളത്. ടാബ് ലെറ്റുകള്‍ പോലുള്ള വലിയ സ്‌ക്രീനുകളിലെ മള്‍ടി ടാസ്‌കിങ്, പിക്ചര്‍ ഇന്‍ പിക്ചര്‍ മോഡ് എന്നിവ മെച്ചപ്പെടുത്തിയിട്ടുണ്ട്.

ഇൻസ്റ്റാഗ്രാം ഡിസൈൻ അടിമുടി മാറുന്നു, സ്ഥിരീകരിച്ച് മേധാവി; പലർക്കും തിരിച്ചടിയായേക്കും... #Instagram

 


കാഴ്ചയില്‍ അടിമുടി മാറ്റങ്ങള്‍ക്കിടയാക്കുന്ന പുതിയ പ്രൊഫൈല്‍ ലേഔട്ട് ഡിസൈന്‍ പരീക്ഷിച്ച് ഇന്‍സ്റ്റാഗ്രാം. ചിത്രങ്ങള്‍ ചതുരാകൃതിയിലുള്ള ബ്ലോക്കുകളില്‍ കാണിക്കുന്ന നിലവിലെ രീതിയില്‍ നിന്ന് മാറി കുത്തനെയുള്ള ദീര്‍ഘ ചതുരാകൃതിയിലാണ് പുതിയ ഇന്‍സ്റ്റാഗ്രാം പ്രൊഫൈല്‍ പേജിലെ ചിത്രങ്ങളും വീഡിയോയും അടങ്ങുന്ന ഉള്ളടക്കങ്ങള്‍ പ്രദര്‍ശിപ്പിക്കുകയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പല ഉപഭോക്താക്കള്‍ക്കും ഇപ്പോള്‍ ഈ മാറ്റം ലഭ്യമായിട്ടുണ്ട്.

നിലവില്‍ പരിമിതമായ ആളുകള്‍ക്ക് മാത്രമാണ് ഈ ഫീച്ചര്‍ ലഭ്യമാക്കിയിട്ടുള്ളതെന്ന് ഇന്‍സ്റ്റാഗ്രാം വക്താവ് ക്രിസ്റ്റീന്‍ പൈ വ്യക്തമാക്കിയതായി ദി വെര്‍ജ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഉപഭോക്താക്കളുടെ പ്രതികരണം അറിഞ്ഞതിന് ശേഷമാണ് ഡിസൈനില്‍ കൂടുതല്‍ മാറ്റങ്ങള്‍ പരിഗണിക്കുകയെന്നും അവര്‍ പറഞ്ഞു.

ഇന്ന് ഭൂരിഭാഗം ആളുകളും ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെക്കുന്നതെല്ലാം വെര്‍ട്ടിക്കലായാണ്. 4/3, 9/16 എന്നീ അളവുകളിലാണ് അവയെന്നും അത്തരം ചിത്രങ്ങളെ സമചതുരമാക്കി വെട്ടിമുറിക്കുന്നത് ക്രൂരമാണെന്നും ഇന്‍സ്റ്റാഗ്രാം മേധാവി ആദം മൊസേരി പറഞ്ഞു.

ഇന്‍സ്റ്റാഗ്രാമില്‍ ചതുരത്തിലുള്ള ചിത്രങ്ങള്‍ പങ്കുവെച്ചിരുന്ന കാലത്തുള്ളതാണ് പ്രൊഫൈലിലെ ചതുരങ്ങളെന്നും അദ്ദേഹം പറയുന്നു. 2015 ല്‍ ചതുരത്തിലുള്ള ചിത്രങ്ങള്‍ ഒഴിവാക്കിയതാണ്. എന്നാല്‍ ഈ സമചതുരത്തിലുള്ള ഗ്രിഡുകളായി പ്രൊഫൈല്‍ ക്രമീകരിച്ചിട്ടുള്ള ഉപഭോക്താക്കള്‍ക്ക് ഈ മാറ്റം ചിലപ്പോള്‍ ഇഷ്ടമാകാനിടയില്ലെന്നും അദ്ദേഹം പറഞ്ഞു.

റീല്‍സും, കരോസലുകളും 9/16 ഫോര്‍മാറ്റിലുള്ള വെര്‍ട്ടിക്കല്‍ ഫോര്‍മാറ്റിലും സാധാരണ പോസ്റ്റുകളായി പങ്കുവെക്കുന്ന ചിത്രങ്ങള്‍ 4/3 ഫോര്‍മാറ്റിലുമാണ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെക്കുന്നത്.

ചില ഫോട്ടോഗ്രഫി, മോഡലിങ് അധിഷ്ഠിത പേജുകളില്‍ വലിയ ചിത്രങ്ങള്‍ സമചതുരമായി മുറിച്ച് ഇന്‍സ്റ്റാഗ്രാം പ്രൊഫൈല്‍ ക്രമീകരിച്ചവര്‍ ഉണ്ട്. അത്തരക്കാര്‍ക്ക് ഈ മാറ്റം വലിയ തിരിച്ചടിയാവും. അതേസമയം കൂടുതലും വെര്‍ട്ടിക്കല്‍ ഉള്ളടക്കങ്ങള്‍ പങ്കുവെച്ചവര്‍ക്ക് ഇത് ഗുണകരമാവും.


ആപ്പിൾ ഉപഭോക്താക്കൾ നിരാശരാകേണ്ട; ചാറ്റ് ജിപിടി മാത്രമല്ല ഗൂഗിൾ ജെമിനിയും ഐഒസ് 18 ൽ വന്നേക്കും... #Tech_News

 


ആപ്പിള്‍ ഉപകരണങ്ങളില്‍ ഓപ്പണ്‍ എഐയുടെ ചാറ്റ് ജിപിടി മാത്രമാണ് ലഭിക്കുക എന്ന് കരുതിയെങ്കില്‍ തെറ്റി. താമസിയാതെ ഗൂഗിള്‍ ജെമിനിയിമായുള്ള സഹകരണവും ആപ്പിള്‍ പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബ്ലൂംബെര്‍ഗ് ലേഖകനായ മാര്‍ക്ക് ഗുര്‍മനാണ് തന്റെ പുതിയ ന്യൂസ് ലെറ്ററില്‍ ഈ വിവരം പങ്കുവെച്ചത്.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യകള്‍ക്കായി ആപ്പിള്‍ ഓപ്പണ്‍ എഐയെ പോലെ ഗൂഗിളുമായും സഹകരിക്കുന്നുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വേള്‍ഡ് വൈഡ് ഡെവലപ്പര്‍ കോണ്‍ഫറന്‍സിലെ ആപ്പിള്‍ കീനോട്ട് കഴിഞ്ഞതിന് പിന്നാലെ, ഗൂഗിളുമായുള്ള സഹകരണവുമായി ബന്ധപ്പെട്ട് ആപ്പിള്‍ സോഫ്റ്റ് വെയര്‍ മേധാവി ക്രെയ്ഗ് ഫെഡെറിഗി സൂചന നല്‍കിയിരുന്നു.

ഗൂഗിളുമായുള്ള സഹകരണം കമ്പനി ഈ വർഷം എപ്പോഴെങ്കിലും പ്രഖ്യാപിക്കുമെന്നാണ് മാര്‍ക്ക് ഗുര്‍മന്‍ പറയുന്നത്. ലാമ ചാറ്റ് ബോട്ടില്‍ സംതൃപ്തരല്ലാത്തതിനാല്‍ ആപ്പിള്‍ മെറ്റയുമായുള്ള സഹകരണം വേണ്ടെന്ന് വച്ചെന്നും ഗുര്‍മന്‍ പറഞ്ഞു.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ നിന്ന് നേരിട്ട് വരുമാനം കണ്ടെത്താനുള്ള പദ്ധതിയിലാണ് ആപ്പിളെന്ന് ഗുര്‍മന്‍ പറയുന്നു. ആപ്പിള്‍ ഇന്റലിജന്‍സില്‍ താമസിയാതെ സബ്‌സ്‌ക്രിപ്ഷന്‍ അധിഷ്ഠിതമായ സൗകര്യങ്ങള്‍ അവതരിപ്പിക്കപ്പെടുമെന്നും ഗുര്‍മന്‍ പറയുന്നു. സ്വന്തം ജനറേറ്റീവ് എഐ സംവിധാനം ഒരുക്കാനുള്ള സമയം ഈ തേഡ് പാര്‍ട്ടി എഐ സേവനങ്ങള്‍ ആപ്പിളിന് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.


ഓൺലൈനിൽ ആരൊക്കെയുണ്ട്? വാട്സ്ആപ്പ് പറഞ്ഞുതരും; ‘ഓൺലൈൻ റീസെന്റ്ലി’ ഫീച്ചറിന്റെ പ്രത്യേകതകൾ ഇവയാണ്... #Tech


 ഉപയോക്താക്കൾക്കായി പുതിയ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങുകയാണ് വാട്ട്‌സ്ആപ്പ്. ഓൺലൈനിൽ ഉണ്ടായിരുന്ന കോൺടാക്റ്റുകൾ കണ്ടെത്താനുള്ള ഫീച്ചർ ഇപ്പോൾ അവതരിപ്പിക്കുന്നു. റീസന്റ്ലി ഓൺ​ലൈൻ എന്നാണ് ഈ പുതിയ ഫീച്ചറിൻ്റെ പേര്. ഈ ഫീച്ചർ നിലവിൽ കുറച്ച് ബീറ്റ് ടെസ്റ്റർമാർ പുറത്തിറക്കിയിട്ടുണ്ട്. ഇത് ഉടൻ തന്നെ മറ്റ് ഉപയോക്താക്കൾക്കും ലഭ്യമാക്കും.

പേര് സൂചിപ്പിക്കുന്നത് പോലെ, റീസന്റായി വാട്ട്‌സ്ആപ്പിൽ ഓൺലൈനിൽ ഉണ്ടായിരുന്ന ആളുകളുടെ ലിസ്റ്റ് പ്രദർശിപ്പിക്കുന്ന ഒരു പുതിയ സവിശേഷതയാണിത്. വാട്‌സ്ആപ്പ് ഫീച്ചർ ട്രാക്കിംഗ് വെബ്‌സൈറ്റായ വാബേറ്റ ഇൻഫോയാണ് ഈ വിവരം പുറത്തുവിട്ടത്. ഇത് കാണുന്നതിന് പുതിയ ചാറ്റ് ബട്ടണിൽ ക്ലിക്ക് ചെയ്യുക. ഈ ഫീച്ചർ ഉള്ളതിനാൽ, ഓരോ കോൺടാക്റ്റിൻ്റെയും പ്രവർത്തന നില പരിശോധിക്കേണ്ട ആവശ്യമില്ല.

അതേസമയം, സ്വകാര്യതാ കാരണങ്ങളാൽ അവസാന സീനും ഓൺലൈൻ സ്റ്റാറ്റസും ലിസ്റ്റിൽ കാണിക്കില്ല. അതിനാൽ ഒരു പരിധിവരെ ഈ പുതിയ ഫീച്ചർ ആളുകളുടെ സ്വകാര്യതയെ ബാധിക്കില്ല. നിങ്ങളുടെ കോൺടാക്റ്റ് ലിസ്റ്റിൽ കുറച്ച് മുമ്പ് ഓൺലൈനിൽ ആരൊക്കെ ഉണ്ടായിരുന്നുവെന്ന് കാണാൻ ഈ ഫീച്ചർ നിങ്ങളെ അനുവദിക്കുന്നു.

പഠിച്ചിട്ടും പഠിക്കാതെ ജനങ്ങൾ, സംസ്ഥാനത്ത് വീണ്ടും ലോൺ ആപ്പ് കുരുക്ക്.. യുവാവിൻ്റെ മോർഫ് ചിത്രങ്ങൾ ഇൻ്റർനെറ്റിൽ പ്രദർശിപ്പിച്ചു.. ലോൺ ആപ്പുകളുടെ മറ്റൊരു ചതിയുടെ കഥ.. #LoanAppScam

സംസ്ഥാനത്ത് വീണ്ടും ഓൺലൈൻ വായ്പാ കെണി.  ലോൺ നിരസിച്ചതോടെ ഓൺലൈൻ മാഫിയ സംഘം യുവാവിന്റെ മോർഫ് ചെയ്ത നഗ്നചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു.  ഫേസ്ബുക്കിലൂടെ തന്റെ നഗ്നചിത്രങ്ങൾ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും അയച്ചുകൊടുത്തതോടെ യുവാവ് പരാതിയുമായി സൈബർ സെല്ലിനെ സമീപിക്കുകയായിരുന്നു.  തുകലശ്ശേരി കുന്നുംപുറത്ത് എസ്. അനിൽകുമാർ എന്ന യുവാവാണ് ഓൺലൈൻ വായ്പാ കെണിയിൽ കുടുങ്ങിയത്.

  തിരുവല്ലയിൽ സ്വന്തമായി ബിസിനസ് നടത്തുന്ന അനിൽകുമാർ ആഗസ്ത് 31 ന് ഫേസ്ബുക്കിൽ നിന്ന് ഓൺലൈൻ ലോൺ ആപ്പ് ഡൗൺലോഡ് ചെയ്തു.ഇതിന് ശേഷം മെസേജ് ആപ്പിൽ 7 ദിവസത്തെ ലോൺ തിരിച്ചടവ് പ്രകാരം 9060 രൂപയുടെ ഓഫർ ലഭിച്ചു.  ഇത് സ്വീകരിച്ച് ഏകദേശം 4500 രൂപ റുപേ-ടിഎം വഴി അക്കൗണ്ടിലേക്ക് വന്നു.  അഞ്ചാം ദിവസം അനിൽകുമാർ പണം തിരികെ നൽകി.  അപ്പോഴാണ് 15000 രൂപയുടെ അടുത്ത ലോൺ ഓഫർ വന്നത്.  ഇത് അംഗീകരിച്ച അനിലിന് 1000 രൂപയോളം തുക ലഭിച്ചു.  വീണ്ടും 9000.  അപ്പോൾ 40000 രൂപയുടെ ഓഫർ വന്നു.  അങ്ങനെ ലഭിച്ച തുക അനിൽ യഥാസമയം തിരികെ നൽകി.  ഇതിന് പിന്നാലെയാണ് 1000 രൂപയുടെ ഓഫർ.  ഈ മാസം ഇരുപത്തിനാലിന് 100,000 വന്നു.

  ലോണിലെ കെണി മനസ്സിലാക്കിയ അനിൽകുമാർ ലോൺ നിരസിച്ച് സന്ദേശമയച്ചു.  തുടർന്ന് ഫോണിൽ നിന്ന് ലോൺ ആപ്പും നീക്കം ചെയ്തു.  ഇതിന് പിന്നാലെയാണ് ഉച്ചയ്ക്ക് 12 മണിയോടെ ഓൺലൈൻ മാഫിയയുടെ വിളി വാട്‌സ്ആപ്പിൽ എത്തിയത്.  ലോൺ തുക പൂർണമായും തിരിച്ചടച്ചിട്ടില്ലെന്നും അതിനാൽ ആപ്പ് വീണ്ടും ഡൗൺലോഡ് ചെയ്യണമെന്നുമാണ്അ
അറിയിപ്പ് ലഭിച്ചത്.  ഇതനുസരിച്ച് ആപ്പ് ഡൗൺലോഡ് ചെയ്ത് മിനിറ്റുകൾക്കകം അധികമായി 1000 രൂപ.  40,000 അക്കൗണ്ടിലെത്തി.  വായ്പയുടെ ആവശ്യമില്ലെന്നും തുക തിരികെ വേണമെന്നും ആവശ്യപ്പെട്ട് അനിൽകുമാർ വാട്‌സ്ആപ്പ് നമ്പറിലേക്ക് സന്ദേശം അയച്ചു.  ഇതിന് പിന്നാലെ അനിലിന്റെ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും ഫോണുകളിൽ നഗ്നചിത്രങ്ങൾ പ്രചരിച്ചിരുന്നു.  തുടർന്ന് അനിൽകുമാർ പത്തനംതിട്ടയിലെ സൈബർ സെല്ലിൽ ഓൺലൈൻ ലോൺ മാഫിയക്കെതിരെ പരാതി നൽകി.

ജനങ്ങളുടെ പണത്തിനുള്ള ആവശ്യവും സാഹചര്യവും നിസ്സഹായാവസ്ഥയും മുതലെടുത്തുകൊണ്ടാണ് ഇത്തരം ആപ്പുകൾ പ്രവർത്തിക്കുന്നത്, എളുപ്പത്തിലും വേഗത്തിലും പണം ലഭിക്കുമ്പോൾ അതിനു പിന്നിലെ ചതി നാം മനസ്സിലാക്കാതെ പോകുന്നു. ലഭിക്കുന്ന പണത്തേക്കാൾ രണ്ടോ മൂന്നോ ഇരട്ടിയോളം തുക ആണ് തിരിച്ച് അടക്കേണ്ടത്. പലരും മാനം നഷ്ടപ്പെടുന്നത് ഭയന്ന് ലോൺ ആപ്പ് മാഫിയകൾ പറയുന്ന സെറ്റിൽമെൻ്റിന് തയ്യാറാവുകയാണ് ചെയ്യുന്നത്. ലോൺ ആപ്പ് മൂലം തകരുന്ന കുടുംബ ബന്ധങ്ങളെ കുറിച്ചും, നഷ്ടപ്പെടുന്ന ജീവനുകളെ കുറിച്ചും ഇനിയും കൃത്യമായ കണക്ക് പുറത്ത് വന്നിട്ടില്ല. റിസർവ് ബാങ്കിൻ്റെ നിയമങ്ങളിലെ പഴുത് ഉപയോഗിച്ചാണ് ഇത്തരം ആപ്പുകൾ പ്രവർത്തിക്കുന്നത്, മാത്രമല്ല ഉത്തരേന്ത്യയിൽ ഇത് വലിയ ഒരു മാഫിയാ സംഘം ആയി തന്നെ പ്രവർത്തിക്കുന്നതിനാൽ സംസ്ഥാന പരിധിയിൽ നിന്നും ഇത്തരം ആപ്പുകളെ നേരിടുന്നതിന് പരിമിതിയുണ്ട് എന്നാണ് വിദഗ്ധരുടെ അഭിപ്രായം.


ഇത്തരം സൈബർ തട്ടിപ്പുകൾ നേരിടേണ്ടി വന്നാൽ ചുവടെയുള്ള സംവിധാനങ്ങൾ വഴി നിയമപരമായി മുന്നോട്ട് പോവുക..

Cyber Crime Helpline Number : 1930
Cyber Crime Portal :  https://cybercrime.gov.in


ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0