എക്‌സിന്റെ ഉപയോക്താക്കളോട് ബോള്‍ഡ് ഫോണ്ടിന്റെ ഉപയോഗം കുറയ്ക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് ഉടമ ഇലോണ്‍ മസ്‌ക്. അമിതമായി ബോള്‍ഡാകുന്ന പോസ്റ്റുകള്‍ എക്‌സിന്റെ പ്രധാന ടൈം ലൈനില്‍ ഇനി പ്രാധാന്യത്തോടെ പ്രദര്‍ശിപ്പിക്കില്ല. കട്ടികൂടിയ അക്ഷരങ്ങള്‍കൊണ്ട് നിറഞ്ഞ പോസ്റ്റുകള്‍ വായിച്ച് തന്റെ കണ്ണില്‍നിന്ന് ചോരപൊടിയുന്നുവെന്നും മസ്‌ക് എക്‌സില്‍ കുറിച്ചു.
മുന്‍പ് വെബ്‌സൈറ്റ് വഴി എക്‌സ് ഉപയോഗിച്ചിരുന്നവര്‍ക്ക് വേണ്ടി മാത്രം അനുവദിച്ചിരുന്ന ഇറ്റാലിക്‌സ്, ബോള്‍ഡ് ഫോണ്ടുകള്‍ ഐ.ഒ.എസ്., ആന്‍ഡ്രോയ്ഡ് ഫോണുകളിലെ എക്‌സ് ആപ്പില്‍ക്കൂടി ലഭ്യമാക്കിയതോടെയാണ് പ്രശ്‌നം തുടങ്ങിയത്.
കുറിപ്പുകളുടെ പ്രത്യേക ഭാഗങ്ങള്‍ ഊന്നിപ്പറയാന്‍ ഉപയോഗിക്കേണ്ട കട്ടികൂടിയ അക്ഷരങ്ങളെ പലരും തലങ്ങും വിലങ്ങും ഉപയോഗിച്ച് തുടങ്ങിയതോടെ പോസ്റ്റുകളുടെ ഭംഗി നഷ്ടപ്പെട്ടെന്ന് മാത്രമല്ല, ഇവ വായിക്കാനും ഇത്തിരി കഷ്ടപ്പെടേണ്ട സ്ഥിതിയായി. ഇതോടെയാണ് അറ്റകൈ പ്രയോഗവുമായി മസ്‌ക് തന്നെ മുന്നിട്ടിറങ്ങിയത്. ഇനി മുതല്‍ പോസ്റ്റിലെ ബോള്‍ഡ് ഫോണ്ട് വായിക്കണമെങ്കില്‍ ഓരോ പോസ്റ്റിലും കയറിനോക്കണം. പ്രധാനഫീഡില്‍ ഇവ മറഞ്ഞിരിക്കും.