Tech App എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Tech App എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

നഗരങ്ങളില്‍ വാഹന പാര്‍ക്കിംഗ് ഒരു പ്രശ്നമാണോ ? പരിഹാരമായി കൊക്കോ ഉണ്ട്.. വേറിട്ട ബിസിനസ് സംരംഭമായ കൊക്കോനെറ്റിനെ കുറിച്ച് ഇവിടെ വായിക്കുക : #Kokonet

 


എറണാകുളം : കൊച്ചി ആസ്ഥാനമായുള്ള കൊക്കോനെറ്റ് സൊല്യൂഷൻസ് എന്ന സ്റ്റാർട്ടപ്പാണ് കാർ പാർക്കിംഗ് ഒരു ബിസിനസ് ആക്കി മാറ്റുന്നത്. മൂന്ന് വർഷം മുമ്പ് തുടങ്ങിയ സ്ഥാപനം പാർക്കിങ് സൊല്യൂഷനുമായി മാർച്ചിൽ തിരുവനന്തപുരത്തെത്തും. ഒരു മൊബൈൽ ആപ്പ് വഴി അവരെ അറിയിച്ചാൽ മതി. കമ്പനിയുടെ ഡ്രൈവർ എത്തി കാർ കൊണ്ടുപോകും. വാഹനം ആവശ്യപ്പെടുമ്പോൾ തിരികെ നൽകും. ആളൊഴിഞ്ഞ സ്ഥലങ്ങൾ വാടകയ്ക്ക് എടുത്താണ് പാർക്കിങ് സൗകര്യം ഒരുക്കിയിരിക്കുന്നത്. നിലവിൽ കാറുകൾക്ക് മാത്രമാണ് സർവീസ്.

തൃശൂർ ദേശമംഗലം സ്വദേശി എസ്.പ്യാരിലാൽ ആണ് കൊക്കോയുടെ സ്ഥാപകൻ. സുഹൃത്തും ദുബായിലെ അക്കൗണ്ടൻ്റുമായ ഷാഹുൽ ഹമീദാണ് പങ്കാളി. സോഫ്റ്റ്‌വെയർ പ്രൊഡക്ട് ആർക്കിടെക്റ്റായിരുന്ന പ്യാരിലാൽ, കോവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ടപ്പോഴാണ് ഈ ആശയം മുന്നോട്ടുവച്ചത്. കാക്കനാട്ടെ ഡോക്‌ടേഴ്‌സ് ടവർ ആശുപത്രിയിലാണ് അദ്ദേഹം സേവനം ആരംഭിച്ചത്. പിന്നീട്, മെഡിക്കൽ ട്രസ്റ്റുകൾ, ലിസി ആശുപത്രികൾ, തിരക്കുള്ള ഹോട്ടലുകൾ, ബേക്കറികൾ, തുടങ്ങിയവയെല്ലാം സേവനങ്ങൾ ആവശ്യപ്പെട്ടു. കോൺഫറൻസ് സംഘാടകരും കൊക്കോയെ സമീപിക്കുന്നു.

മണിക്കൂറിന് 50-80 രൂപയാണ് പാർക്കിങ് ഫീസ്. ഓരോ മണിക്കൂറിനും 10 രൂപ അധികം ഈടാക്കും.
 വിദ്യാർത്ഥികൾക്ക് പാർട്ട് ടൈം ജോലിക്കാരായും പ്രവർത്തിക്കാം. പരിശീലനം നൽകും. അവർക്ക് 18,000 മുതൽ 30,000 രൂപ വരെ സമ്പാദിക്കാം. കോഴിക്കോട്, കോട്ടയം, കൊല്ലം, ബംഗളൂരു എന്നിവിടങ്ങളിൽ കൊക്കോ ഉടൻ ആരംഭിക്കും. ഫ്രാഞ്ചൈസിംഗും നൽകും.
 തിരക്കുള്ള സ്ഥാപനങ്ങൾ കൊക്കോയുമായി ധാരണയിലെത്തി. ഇവിടെ വരുന്നവർ കൊക്കോയുടെ മൊബൈൽ ആപ്ലിക്കേഷനിലോ വെബ്സൈറ്റിലോ അറിയിച്ചാൽ മതി. നിങ്ങൾ നിങ്ങളുടെ കാറുമായി എത്തുമ്പോൾ, കൊക്കോയുടെ ഡ്രൈവർ കാത്തിരിക്കും.
 മടങ്ങുന്ന സമയം അറിയിച്ചാൽ ഏഴു മിനിറ്റിനുള്ളിൽ കാർ തിരികെ നൽകും. എടുക്കുമ്പോൾ കാറിൻ്റെ ഫോട്ടോ എടുക്കും. ഈ ഫോട്ടോ കാണിച്ച് തിരികെ വരുമ്പോൾ ഉറപ്പിച്ച ശേഷമാണ് കാർ കൈമാറുന്നത്. അപകടമുണ്ടായാൽ ഇൻഷുറൻസ് നൽകും.

ഗൂഗിള്‍ ക്രോമില്‍ സൈബര്‍ ആക്രമണത്തിന് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്രം... #Tech

 
ഗൂഗിള്‍ ക്രോമില്‍ സൈബര്‍ ആക്രമണത്തിന് സാധ്യതയുണ്ടെന്ന് കേന്ദ്ര സര്‍ക്കാരിന്റെ ജാഗ്രതാ നിര്‍ദേശം. മൊബൈലിലോ ലാപ്‌ടോപ്പിലോ ഗൂഗിള്‍ ക്രോം ഉപയോഗിക്കുന്നവര്‍ സൂക്ഷിക്കണമെന്നാണ് കേന്ദ്രത്തിന് കീഴിലുള്ള കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം (സെര്‍ട്ട് ഇന്‍) ആണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. 

ഗൂഗിള്‍ ക്രോമില്‍ ഒന്നിലധികം സുരക്ഷാ തകരാറുകള്‍ കണ്ടെത്തിയിട്ടുണ്ടെന്നും ഇത് ഉപയോക്താക്കള്‍ക്ക് ഗുരുതരമായ ഭീഷണിയുയര്‍ത്തുമെന്നും ക്രോമിലെ പഴുതുകള്‍ മുതലെടുത്ത് സൈബര്‍ ക്രിമിനലുകള്‍ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തിയേക്കുമെന്നാണ് മുന്നറിയിപ്പ്. 

വിന്‍ഡോസ്, മാക്, ലിനക്‌സ് എന്നീ ഓപ്പറേറ്റിങ് സിസ്റ്റങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്കാണ് അപകടസാധ്യത കൂടുതലെന്ന് സെര്‍ട്ട് ഇന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഗൂഗിള്‍ അതിന്റെ ക്രോം ബ്രൗസറില്‍ ഈ സുരക്ഷാ വീഴ്ച പരിഹരിക്കുന്നതിന് ഒരു അപ്‌ഡേറ്റ് ഇതിനകം തന്നെ പുറത്തിറക്കിയിട്ടുണ്ട്. അപകടസാധ്യത തടയാന്‍ ഗൂഗിള്‍ ക്രോമിന്റെ ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്‌ഡേറ്റ് ചെയ്യാനാണ് ഗൂഗിളും കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമും നിര്‍ദേശിക്കുന്നത്. 

രാജ്യത്ത് X നിരോധിക്കാൻ കോടതി, ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു; ജഡ്ജിയെ ചീത്തവിളിച്ച് മസ്‌ക്... #ELON_MUSK

 


സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമായ എക്‌സിന് (മുമ്പ് ട്വിറ്റര്‍) ബ്രസീലില്‍ നിരോധനം. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്ന അക്കൗണ്ടുകൾക്ക് എതിരെ നടപടി എടുക്കണമെന്ന ഉത്തരവ് പാലിക്കാത്തതും രാജ്യത്ത് പുതിയ നിയമകാര്യ പ്രതിനിധിയെ നിയമിക്കണമെന്ന സുപ്രീംകോടതി നിര്‍ദേശം അനുസരിക്കാതിരുന്നതുമാണ് നടപടിയിലേക്ക് നയിച്ചത്. ജഡ്ജ് അലക്‌സാന്ദ്രേ ഡി മൊറേസാണ് നിരോധനം പ്രഖ്യാപിച്ചത്. കോടതി ഉത്തരവുകള്‍ പാലിക്കുകയും നിലവിലുള്ള പിഴത്തുകയെല്ലാം അടയ്ക്കുന്നതുവരെയാണ് വിലക്ക്.

ഏപ്രിലില്‍ വ്യാജ വാര്‍ത്ത പരത്തുന്ന എക്‌സ് അക്കൗണ്ടുകള്‍ സസ്‌പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതി ഉത്തരവ് പുറത്തിറക്കിയതിന് പിന്നാലെയാണ് കോടതിയും എക്‌സും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത്.

ഉത്തരവ് എക്‌സ് പാലിച്ചില്ലെന്ന് മാത്രമല്ല. 'അഭിപ്രായ സ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ അടിത്തറയാണെന്നും ബ്രസീലിലെ തിരഞ്ഞെടുക്കപ്പെടാത്ത ഒരു കപട ജഡ്ജി രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി അതിനെ നശിപ്പിക്കുകയാണെന്ന്' എക്‌സ് മേധാവി ഇലോണ്‍ മസ്‌ക് എക്‌സില്‍ പോസ്റ്റിടുകയും ചെയ്തു. 

 

ബ്രസീലിലെ ടെലികമ്മ്യൂണിക്കേഷന്‍ ഏജന്‍സി മേധാവിയ്ക്കാണ് എക്‌സ് നിരോധിക്കുന്നതിനുള്ള ചുമതല നല്‍കിയിരിക്കുന്നത്. എക്‌സ് ആപ്ലിക്കേഷന്‍ ആപ്പ് സ്റ്റോറുകളില്‍ നിന്ന് നീക്കം ചെയ്യാന്‍ ആപ്പിള്‍, ഗൂഗിള്‍ പോലുള്ള കമ്പനികള്‍ക്ക് അഞ്ച് ദിവസം സമയം നല്‍കിയിട്ടുണ്ട്. വിപിഎന്‍ ഉപയോഗിച്ച് എക്‌സ് ഉപയോഗിക്കാന്‍ ശ്രമിച്ചാല്‍ 50000 ബ്രസീല്‍ റിയല്‍ (7.47 ലക്ഷം രൂപ) പിഴ നല്‍കേണ്ടി വരുമെന്നും സുപ്രീംകോടതി ജഡ്ജി മുന്നറിയിപ്പ് നല്‍കി.

അതേസമയം ബ്രസീലിന്റെ ഉത്തരവുകള്‍ പാലിക്കില്ലെന്ന നിലപാടിലാണ് എക്‌സ് എന്നാണ് വിവരം. അനക്‌സാന്ദ്രേ ഡി മൊറേസിന്റെ ഉത്തരവുകള്‍ നിയമവിരുദ്ധമാണെന്നും രാഷ്ട്രീയ എതിരാളികളെ സെന്‍സര്‍ ചെയ്യുന്നതിനും വേണ്ടിയുള്ളതാണെന്നാണ് കമ്പനി ആരോപിക്കുന്നത്.

കോടതി സസ്‌പെന്‍ഡ് ചെയ്യാന്‍ ആവശ്യപ്പെട്ട അക്കൗണ്ടുകളില്‍ ഭൂരിഭാഗവും ബ്രസീലിലെ വലതുപക്ഷ നേതാവും മുന്‍ പ്രസിഡന്റുമായ ജെയര്‍ ബോള്‍സൊനാരോയെ പിന്തുണയ്ക്കുന്നവരുടേതാണ്.

അതിനിടെ മസ്‌കിന്റെ ഉപഗ്രഹ ഇന്റര്‍നെറ്റ് സ്ഥാപനമായ സ്റ്റാര്‍ലിങ്കിന്റെ ബാങ്ക് അക്കൗണ്ടുകള്‍ സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് ബ്രസീല്‍ മരവിപ്പിച്ചു. എക്‌സും സ്‌പേസ് എക്‌സും രണ്ട് വ്യത്യസ്ത കമ്പനികളാണെന്നും എക്‌സിനെതിരെ ചുമത്തിയ ഭരണഘടനാവിരുദ്ധമായ പിഴശിക്ഷകള്‍ക്ക് സ്റ്റാര്‍ലിങ്ക് ഉത്തരവാദിയാവില്ലെന്നും സ്റ്റാര്‍ലിങ്ക് പ്രതികരിച്ചു. 2022 ല്‍ അന്നത്തെ പ്രസിഡന്റ് ബോള്‍സൊനാരോയാണ് സ്റ്റാര്‍ലിങ്കിന് ബ്രസീലില്‍ അനുമതി നല്‍കിയത്.


ഇൻസ്റ്റാഗ്രാം ഡിസൈൻ അടിമുടി മാറുന്നു, സ്ഥിരീകരിച്ച് മേധാവി; പലർക്കും തിരിച്ചടിയായേക്കും... #Instagram

 


കാഴ്ചയില്‍ അടിമുടി മാറ്റങ്ങള്‍ക്കിടയാക്കുന്ന പുതിയ പ്രൊഫൈല്‍ ലേഔട്ട് ഡിസൈന്‍ പരീക്ഷിച്ച് ഇന്‍സ്റ്റാഗ്രാം. ചിത്രങ്ങള്‍ ചതുരാകൃതിയിലുള്ള ബ്ലോക്കുകളില്‍ കാണിക്കുന്ന നിലവിലെ രീതിയില്‍ നിന്ന് മാറി കുത്തനെയുള്ള ദീര്‍ഘ ചതുരാകൃതിയിലാണ് പുതിയ ഇന്‍സ്റ്റാഗ്രാം പ്രൊഫൈല്‍ പേജിലെ ചിത്രങ്ങളും വീഡിയോയും അടങ്ങുന്ന ഉള്ളടക്കങ്ങള്‍ പ്രദര്‍ശിപ്പിക്കുകയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പല ഉപഭോക്താക്കള്‍ക്കും ഇപ്പോള്‍ ഈ മാറ്റം ലഭ്യമായിട്ടുണ്ട്.

നിലവില്‍ പരിമിതമായ ആളുകള്‍ക്ക് മാത്രമാണ് ഈ ഫീച്ചര്‍ ലഭ്യമാക്കിയിട്ടുള്ളതെന്ന് ഇന്‍സ്റ്റാഗ്രാം വക്താവ് ക്രിസ്റ്റീന്‍ പൈ വ്യക്തമാക്കിയതായി ദി വെര്‍ജ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഉപഭോക്താക്കളുടെ പ്രതികരണം അറിഞ്ഞതിന് ശേഷമാണ് ഡിസൈനില്‍ കൂടുതല്‍ മാറ്റങ്ങള്‍ പരിഗണിക്കുകയെന്നും അവര്‍ പറഞ്ഞു.

ഇന്ന് ഭൂരിഭാഗം ആളുകളും ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെക്കുന്നതെല്ലാം വെര്‍ട്ടിക്കലായാണ്. 4/3, 9/16 എന്നീ അളവുകളിലാണ് അവയെന്നും അത്തരം ചിത്രങ്ങളെ സമചതുരമാക്കി വെട്ടിമുറിക്കുന്നത് ക്രൂരമാണെന്നും ഇന്‍സ്റ്റാഗ്രാം മേധാവി ആദം മൊസേരി പറഞ്ഞു.

ഇന്‍സ്റ്റാഗ്രാമില്‍ ചതുരത്തിലുള്ള ചിത്രങ്ങള്‍ പങ്കുവെച്ചിരുന്ന കാലത്തുള്ളതാണ് പ്രൊഫൈലിലെ ചതുരങ്ങളെന്നും അദ്ദേഹം പറയുന്നു. 2015 ല്‍ ചതുരത്തിലുള്ള ചിത്രങ്ങള്‍ ഒഴിവാക്കിയതാണ്. എന്നാല്‍ ഈ സമചതുരത്തിലുള്ള ഗ്രിഡുകളായി പ്രൊഫൈല്‍ ക്രമീകരിച്ചിട്ടുള്ള ഉപഭോക്താക്കള്‍ക്ക് ഈ മാറ്റം ചിലപ്പോള്‍ ഇഷ്ടമാകാനിടയില്ലെന്നും അദ്ദേഹം പറഞ്ഞു.

റീല്‍സും, കരോസലുകളും 9/16 ഫോര്‍മാറ്റിലുള്ള വെര്‍ട്ടിക്കല്‍ ഫോര്‍മാറ്റിലും സാധാരണ പോസ്റ്റുകളായി പങ്കുവെക്കുന്ന ചിത്രങ്ങള്‍ 4/3 ഫോര്‍മാറ്റിലുമാണ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെക്കുന്നത്.

ചില ഫോട്ടോഗ്രഫി, മോഡലിങ് അധിഷ്ഠിത പേജുകളില്‍ വലിയ ചിത്രങ്ങള്‍ സമചതുരമായി മുറിച്ച് ഇന്‍സ്റ്റാഗ്രാം പ്രൊഫൈല്‍ ക്രമീകരിച്ചവര്‍ ഉണ്ട്. അത്തരക്കാര്‍ക്ക് ഈ മാറ്റം വലിയ തിരിച്ചടിയാവും. അതേസമയം കൂടുതലും വെര്‍ട്ടിക്കല്‍ ഉള്ളടക്കങ്ങള്‍ പങ്കുവെച്ചവര്‍ക്ക് ഇത് ഗുണകരമാവും.


ആപ്പിൾ ഉപഭോക്താക്കൾ നിരാശരാകേണ്ട; ചാറ്റ് ജിപിടി മാത്രമല്ല ഗൂഗിൾ ജെമിനിയും ഐഒസ് 18 ൽ വന്നേക്കും... #Tech_News

 


ആപ്പിള്‍ ഉപകരണങ്ങളില്‍ ഓപ്പണ്‍ എഐയുടെ ചാറ്റ് ജിപിടി മാത്രമാണ് ലഭിക്കുക എന്ന് കരുതിയെങ്കില്‍ തെറ്റി. താമസിയാതെ ഗൂഗിള്‍ ജെമിനിയിമായുള്ള സഹകരണവും ആപ്പിള്‍ പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബ്ലൂംബെര്‍ഗ് ലേഖകനായ മാര്‍ക്ക് ഗുര്‍മനാണ് തന്റെ പുതിയ ന്യൂസ് ലെറ്ററില്‍ ഈ വിവരം പങ്കുവെച്ചത്.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യകള്‍ക്കായി ആപ്പിള്‍ ഓപ്പണ്‍ എഐയെ പോലെ ഗൂഗിളുമായും സഹകരിക്കുന്നുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വേള്‍ഡ് വൈഡ് ഡെവലപ്പര്‍ കോണ്‍ഫറന്‍സിലെ ആപ്പിള്‍ കീനോട്ട് കഴിഞ്ഞതിന് പിന്നാലെ, ഗൂഗിളുമായുള്ള സഹകരണവുമായി ബന്ധപ്പെട്ട് ആപ്പിള്‍ സോഫ്റ്റ് വെയര്‍ മേധാവി ക്രെയ്ഗ് ഫെഡെറിഗി സൂചന നല്‍കിയിരുന്നു.

ഗൂഗിളുമായുള്ള സഹകരണം കമ്പനി ഈ വർഷം എപ്പോഴെങ്കിലും പ്രഖ്യാപിക്കുമെന്നാണ് മാര്‍ക്ക് ഗുര്‍മന്‍ പറയുന്നത്. ലാമ ചാറ്റ് ബോട്ടില്‍ സംതൃപ്തരല്ലാത്തതിനാല്‍ ആപ്പിള്‍ മെറ്റയുമായുള്ള സഹകരണം വേണ്ടെന്ന് വച്ചെന്നും ഗുര്‍മന്‍ പറഞ്ഞു.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ നിന്ന് നേരിട്ട് വരുമാനം കണ്ടെത്താനുള്ള പദ്ധതിയിലാണ് ആപ്പിളെന്ന് ഗുര്‍മന്‍ പറയുന്നു. ആപ്പിള്‍ ഇന്റലിജന്‍സില്‍ താമസിയാതെ സബ്‌സ്‌ക്രിപ്ഷന്‍ അധിഷ്ഠിതമായ സൗകര്യങ്ങള്‍ അവതരിപ്പിക്കപ്പെടുമെന്നും ഗുര്‍മന്‍ പറയുന്നു. സ്വന്തം ജനറേറ്റീവ് എഐ സംവിധാനം ഒരുക്കാനുള്ള സമയം ഈ തേഡ് പാര്‍ട്ടി എഐ സേവനങ്ങള്‍ ആപ്പിളിന് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.


വാട്‌സാപ്പ് ബിസിനസ് ആപ്പ് ഉപഭോക്താക്കള്‍ക്കായി വെരിഫൈഡ് ബാഡ്ജ് ... #WhatsApp

 


അടുത്തിടെയാണ് വാട്‌സാപ്പ് ബിസിനസ് ആപ്പ് ഉപഭോക്താക്കള്‍ക്കായി വെരിഫൈഡ് പ്രോഗ്രാം മെറ്റ ഇന്ത്യയില്‍ അവതരിപ്പിച്ചത്. ഇന്ത്യയ്ക്ക് പുറമെ ബ്രസീല്‍, കൊളംബിയ എന്നിവിടങ്ങളിലും ഇത് ലഭ്യമാക്കിയിട്ടുണ്ട്. മെറ്റ വെരിഫിക്കേഷന്‍ പ്രോഗ്രാം ഇതുവരെ ഇന്‍സ്റ്റാഗ്രാമിലും ഫേസ്ബുക്കിലും മാത്രമാണ് ലഭ്യമായിരുന്നത്.

ഇതിന് സമാനമായി വാട്‌സാപ്പ് ബിസിനസ് ആപ്പ് ഉപയോഗിക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍ക്ക് മെറ്റ വെരിഫൈഡ് സബ്‌സ്‌ക്രിപ്ഷന്‍ സേവനത്തിലൂടെ വെരിഫൈഡ് ബാഡ്ജ് സ്വന്തമാക്കാനാവും. വ്യാപാര സ്ഥാപനങ്ങളുടെ പേരില്‍ വ്യാജ അക്കൗണ്ടുകള്‍ പ്രചരിക്കുന്നത് തടയാന്‍ ഇതുവഴി സാധിക്കും. വെരിഫൈഡ് ചെയ്ത വ്യാപാര സ്ഥാപനങ്ങള്‍ക്ക് വില്പന നടത്തുന്നതിനായി പ്രത്യേകം വാട്‌സാപ്പ് ചാനലും ലഭിക്കും.

സബ്‌സ്‌ക്രിപ്ഷന്‍ എടുക്കുന്നവര്‍ക്ക് വാട്‌സാപ്പ് ബിസിനസ് അക്കൗണ്ട് ഒന്നിലധികം ഡിവൈസുകളില്‍ ലോഗിന്‍ ചെയ്യാം. കൂടാതെ വ്യാപാരവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പങ്കുവെക്കുന്ന പ്രത്യേകം വെബ് പേജും ആരംഭിക്കാനാവും. ആളുകള്‍ക്ക് വാട്‌സാപ്പ് ബിസിനസ് ഉപഭോക്താക്കളെ കോള്‍ ചെയ്യാനാവുന്ന പുതിയ ഫീച്ചര്‍ ഒരുക്കാനുള്ള ശ്രമവും വാട്‌സാപ്പ് നടത്തുന്നുണ്ട്.

ഇതിന് പുറമെ എ.ഐയുടെ സഹായത്തോടെ ആളുകളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്ന സൗകര്യവും അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് കമ്പനി. ഈ സൗകര്യങ്ങള്‍ക്ക് പക്ഷെ വാട്‌സാപ്പ് നിശ്ചിത തുക ഈടാക്കും.

കൂപ്പണ്‍ കോഡ്, ജന്മദിന ആശംസകള്‍ പോലുള്ളവ ഉപഭോക്താക്കള്‍ക്ക് അയക്കുന്നതിനായി വ്യാപാരികള്‍ക്ക് വാട്‌സാപ്പ് ബിസിനസ് ആപ്പില്‍ പ്രത്യേകം പേഴ്‌സണലൈസ്ഡ് മെസേജിങ് സൗകര്യവും അവതരിപ്പിക്കും. മെറ്റ വെരിഫൈഡ് സബ്‌സ്‌ക്രിപ്ഷന്‍ നിരക്ക് മാസം 14 ഡോളറാണ്. കൂടുതല്‍ രാജ്യങ്ങളിലേക്ക് വൈകാതെ ഈ സൗകര്യമെത്തും.

എക്‌സിൽ വീഡിയോകൾ പോസ്റ്റ് ചെയ്യാം പണം സമ്പാദിക്കാം .... #Elon_Musk


 സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ ധനസമ്പാദനം കൊണ്ടുവരാൻ ഒരുങ്ങുകയാണ് ഇലോൺ മസ്‌ക്. ഇതോടെ യൂട്യൂബ് പോലുള്ള എക്‌സിൽ വീഡിയോകൾ പോസ്റ്റ് ചെയ്ത് ഉപയോക്താക്കൾക്ക് പണം സമ്പാദിക്കാം. എക്‌സിൽ സിനിമകളും സീരീസുകളും പോസ്‌റ്റ് ചെയ്‌ത് ഉപയോക്താക്കൾക്ക് പണം സമ്പാദിക്കാം. പോഡ്‌കാസ്റ്റുകൾക്കായി ധനസമ്പാദനവും അവതരിപ്പിക്കും.

സിനിമകൾ പൂർണ്ണമായി പോസ്റ്റ് ചെയ്യുന്നതിനായി AI ഓഡിയൻ സംവിധാനവും X ഫീച്ചർ ചെയ്യും. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ സഹായത്തോടെ ഒരു പ്രത്യേക കൂട്ടം ആളുകൾക്ക് പരസ്യങ്ങൾ നൽകുന്ന സംവിധാനമാണ് AI ഓഡിയൻസ്. സബസ്ക്രിപ്ഷനിലൂടെ മോണിറ്റൈസേഷൻ ഓണാക്കി പണം നേടുകയും ചെയ്യാമെന്ന് ഇലോൺ മസ്ക് വ്യക്തമാക്കി.

ലിങ്ക്ഡ് ഇന്നിന് എതിരാളിയെ ഒരുക്കാനുള്ള മസ്കിന്റെ ശ്രമം അടുത്തിടെ ചർച്ചയായിരുന്നു.  Xതൊഴിലന്വേഷണത്തിനുള്ള സൗകര്യമാണ് എക്സ് അവതരിപ്പിക്കാനൊരുങ്ങുന്നത്. ഇതിന്റെ ഭാഗമായി പുതിയ ഫീച്ചർ കമ്പനി അവതരിപ്പിച്ചു കഴിഞ്ഞു. വെബ് ഡെവലപ്പർ നിവ ഔജിയാണ് എക്‌സിൽ പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്.തൊഴിൽ അന്വേഷിക്കുന്നവർക്ക് ഇത് കൂടുതൽ സഹായകമാകുമെന്നാണ് സൂചന. 10 ലക്ഷം കമ്പനികൾ എക്‌സിൽ ഉദ്യോഗാർത്ഥികളെ തിരയുന്നതായി കഴിഞ്ഞ മാസം എക്‌സ് വെളിപ്പെടുത്തിയിരുന്നു.

ഗൂഗിൾ പേയ്ക്കും ഫോൺ പേയ്ക്കും മൂക്കുകയർ വീഴും; വിപണിയിലെ കുത്തക സ്വാധീനം ഇല്ലാതാക്കാൻ നീക്കം... #Technology

രാജ്യത്ത് യുപിഐ ഇടപാടുകളിൽ ഗൂഗിൾ പേയും ഫോൺ പേയും ആധിപത്യം പുലർത്തുന്നത് തടയാൻ നാഷണൽ പേയ്‌മെൻ്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) ഇടപെടുന്നതായി റിപ്പോർട്ട്.  വിപണിയിൽ ഇരു കമ്പനികളും കുത്തകകളാകുന്നത് തടയുകയാണ് ലക്ഷ്യം. ഇതിനായി, യുപിഐ പേയ്‌മെൻ്റ് മേഖലയിലെ മറ്റ് കമ്പനികളായ CRED, Flipkart, Fampay, Amazon എന്നിവയുമായി ഈ വിഷയത്തിലെ പ്രധാന പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ NPCI തീരുമാനിച്ചു.

  യുപിഐ സേവന വിപണിയിൽ ഗൂഗിൾ പേ, ഫോൺ പേ കമ്പനികളേക്കാൾ വളരെ പിന്നിലായ ടെക്-ഫിൻ കമ്പനികൾക്ക് അവരുടെ സ്വാധീനം വർദ്ധിപ്പിക്കുന്നതിനുള്ള വഴികൾ കണ്ടെത്തുകയാണ് പ്രധാന ലക്ഷ്യം. ഇതേ തുടർന്നാണ് മറ്റ് കമ്പനികളുടെ എക്സിക്യൂട്ടീവുകളുമായി യോഗം വിളിക്കാൻ തീരുമാനിച്ചത്. നിലവിൽ യുപിഐ വിപണിയുടെ 86% ഓഹരിയും ഗൂഗിൾ പേ, ഫോൺ പേ കമ്പനികളുടെ കൈവശമാണ്. മൂന്നാമത്തെ വലിയ സേവന ദാതാവായ  Pay TM ന് മാർച്ച് അവസാനത്തോടെ വെറും 9.1% മാത്രമാണ് വിപണി വിഹിതം. 2023 മാർച്ച് 31 വരെ, അവർക്ക് 13% വിഹിതം ഉണ്ടായിരുന്നു. റിസർവ് ബാങ്കിൻ്റെ നടപടി പേടിഎമ്മിന് തിരിച്ചടിയായി.
രണ്ട് കമ്പനികൾ വിപണി വിഹിതം മുഴുവൻ കൈയടക്കിയതായി പല കോണുകളിൽ നിന്നും പരാതി ഉയർന്നിരുന്നു. അതേസമയം, യുപിഐ സേവന വിപണിയിൽ കമ്പനിയുടെ പരമാവധി വിപണി വിഹിതമായ 30% നിയന്ത്രിക്കാൻ എൻപിസിഐ ലക്ഷ്യമിടുന്നു. ഈ നിർദ്ദേശം അനുസരിക്കാനും ആവശ്യമായ മാറ്റങ്ങൾ വരുത്താനും കമ്പനികൾക്ക് 2024 ഡിസംബർ 31 വരെ NPCI സമയം നൽകിയിട്ടുണ്ട്. അതേസമയം, വിപണിയിൽ സ്വാധീനം ശക്തമാക്കാൻ മറ്റ് ടെക് കമ്പനികളെ സഹായിക്കാൻ എൻപിസിഐ തീരുമാനിച്ചു. കൂടുതൽ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്ത് ഉപഭോക്താക്കളെ അവരുടെ ആപ്പുകളിലേക്ക് ആകർഷിക്കാൻ ഈ കമ്പനികളെ പ്രാപ്തരാക്കുകയാണ് എൻപിസിഐ ലക്ഷ്യമിടുന്നതെന്ന് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു.


  യുപിഐ സേവന മേഖലയിലേക്ക് പുതുതായി പ്രവേശിക്കുന്നവർക്ക് വിപണിയിൽ നേട്ടമുണ്ടാക്കാൻ പ്രോത്സാഹന പദ്ധതികളും റിസർവ് ബാങ്ക് പരിഗണിക്കുന്നുണ്ട്. ആഗോള ഭീമനായ വാൾമാർട്ട് ഫോൺപേയ്ക്ക് പിന്നിലും മറ്റൊരു ഭീമൻ കമ്പനിയായ ഗൂഗിൾ  പേയ്‌ക്ക് പിന്നിൽ എന്നതും കാര്യത്തിൻ്റെ ഗൗരവം വർദ്ധിപ്പിച്ചു. യുപിഐ സേവന രംഗത്ത് ചുവടുറപ്പിക്കാൻ ഇന്ത്യൻ കമ്പനികൾക്ക് ആവശ്യമായ സഹായം നൽകണമെന്ന് നേരത്തെ പാർലമെൻ്ററി കമ്മിറ്റിയും കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

പഠിച്ചിട്ടും പഠിക്കാതെ ജനങ്ങൾ, സംസ്ഥാനത്ത് വീണ്ടും ലോൺ ആപ്പ് കുരുക്ക്.. യുവാവിൻ്റെ മോർഫ് ചിത്രങ്ങൾ ഇൻ്റർനെറ്റിൽ പ്രദർശിപ്പിച്ചു.. ലോൺ ആപ്പുകളുടെ മറ്റൊരു ചതിയുടെ കഥ.. #LoanAppScam

സംസ്ഥാനത്ത് വീണ്ടും ഓൺലൈൻ വായ്പാ കെണി.  ലോൺ നിരസിച്ചതോടെ ഓൺലൈൻ മാഫിയ സംഘം യുവാവിന്റെ മോർഫ് ചെയ്ത നഗ്നചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു.  ഫേസ്ബുക്കിലൂടെ തന്റെ നഗ്നചിത്രങ്ങൾ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും അയച്ചുകൊടുത്തതോടെ യുവാവ് പരാതിയുമായി സൈബർ സെല്ലിനെ സമീപിക്കുകയായിരുന്നു.  തുകലശ്ശേരി കുന്നുംപുറത്ത് എസ്. അനിൽകുമാർ എന്ന യുവാവാണ് ഓൺലൈൻ വായ്പാ കെണിയിൽ കുടുങ്ങിയത്.

  തിരുവല്ലയിൽ സ്വന്തമായി ബിസിനസ് നടത്തുന്ന അനിൽകുമാർ ആഗസ്ത് 31 ന് ഫേസ്ബുക്കിൽ നിന്ന് ഓൺലൈൻ ലോൺ ആപ്പ് ഡൗൺലോഡ് ചെയ്തു.ഇതിന് ശേഷം മെസേജ് ആപ്പിൽ 7 ദിവസത്തെ ലോൺ തിരിച്ചടവ് പ്രകാരം 9060 രൂപയുടെ ഓഫർ ലഭിച്ചു.  ഇത് സ്വീകരിച്ച് ഏകദേശം 4500 രൂപ റുപേ-ടിഎം വഴി അക്കൗണ്ടിലേക്ക് വന്നു.  അഞ്ചാം ദിവസം അനിൽകുമാർ പണം തിരികെ നൽകി.  അപ്പോഴാണ് 15000 രൂപയുടെ അടുത്ത ലോൺ ഓഫർ വന്നത്.  ഇത് അംഗീകരിച്ച അനിലിന് 1000 രൂപയോളം തുക ലഭിച്ചു.  വീണ്ടും 9000.  അപ്പോൾ 40000 രൂപയുടെ ഓഫർ വന്നു.  അങ്ങനെ ലഭിച്ച തുക അനിൽ യഥാസമയം തിരികെ നൽകി.  ഇതിന് പിന്നാലെയാണ് 1000 രൂപയുടെ ഓഫർ.  ഈ മാസം ഇരുപത്തിനാലിന് 100,000 വന്നു.

  ലോണിലെ കെണി മനസ്സിലാക്കിയ അനിൽകുമാർ ലോൺ നിരസിച്ച് സന്ദേശമയച്ചു.  തുടർന്ന് ഫോണിൽ നിന്ന് ലോൺ ആപ്പും നീക്കം ചെയ്തു.  ഇതിന് പിന്നാലെയാണ് ഉച്ചയ്ക്ക് 12 മണിയോടെ ഓൺലൈൻ മാഫിയയുടെ വിളി വാട്‌സ്ആപ്പിൽ എത്തിയത്.  ലോൺ തുക പൂർണമായും തിരിച്ചടച്ചിട്ടില്ലെന്നും അതിനാൽ ആപ്പ് വീണ്ടും ഡൗൺലോഡ് ചെയ്യണമെന്നുമാണ്അ
അറിയിപ്പ് ലഭിച്ചത്.  ഇതനുസരിച്ച് ആപ്പ് ഡൗൺലോഡ് ചെയ്ത് മിനിറ്റുകൾക്കകം അധികമായി 1000 രൂപ.  40,000 അക്കൗണ്ടിലെത്തി.  വായ്പയുടെ ആവശ്യമില്ലെന്നും തുക തിരികെ വേണമെന്നും ആവശ്യപ്പെട്ട് അനിൽകുമാർ വാട്‌സ്ആപ്പ് നമ്പറിലേക്ക് സന്ദേശം അയച്ചു.  ഇതിന് പിന്നാലെ അനിലിന്റെ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും ഫോണുകളിൽ നഗ്നചിത്രങ്ങൾ പ്രചരിച്ചിരുന്നു.  തുടർന്ന് അനിൽകുമാർ പത്തനംതിട്ടയിലെ സൈബർ സെല്ലിൽ ഓൺലൈൻ ലോൺ മാഫിയക്കെതിരെ പരാതി നൽകി.

ജനങ്ങളുടെ പണത്തിനുള്ള ആവശ്യവും സാഹചര്യവും നിസ്സഹായാവസ്ഥയും മുതലെടുത്തുകൊണ്ടാണ് ഇത്തരം ആപ്പുകൾ പ്രവർത്തിക്കുന്നത്, എളുപ്പത്തിലും വേഗത്തിലും പണം ലഭിക്കുമ്പോൾ അതിനു പിന്നിലെ ചതി നാം മനസ്സിലാക്കാതെ പോകുന്നു. ലഭിക്കുന്ന പണത്തേക്കാൾ രണ്ടോ മൂന്നോ ഇരട്ടിയോളം തുക ആണ് തിരിച്ച് അടക്കേണ്ടത്. പലരും മാനം നഷ്ടപ്പെടുന്നത് ഭയന്ന് ലോൺ ആപ്പ് മാഫിയകൾ പറയുന്ന സെറ്റിൽമെൻ്റിന് തയ്യാറാവുകയാണ് ചെയ്യുന്നത്. ലോൺ ആപ്പ് മൂലം തകരുന്ന കുടുംബ ബന്ധങ്ങളെ കുറിച്ചും, നഷ്ടപ്പെടുന്ന ജീവനുകളെ കുറിച്ചും ഇനിയും കൃത്യമായ കണക്ക് പുറത്ത് വന്നിട്ടില്ല. റിസർവ് ബാങ്കിൻ്റെ നിയമങ്ങളിലെ പഴുത് ഉപയോഗിച്ചാണ് ഇത്തരം ആപ്പുകൾ പ്രവർത്തിക്കുന്നത്, മാത്രമല്ല ഉത്തരേന്ത്യയിൽ ഇത് വലിയ ഒരു മാഫിയാ സംഘം ആയി തന്നെ പ്രവർത്തിക്കുന്നതിനാൽ സംസ്ഥാന പരിധിയിൽ നിന്നും ഇത്തരം ആപ്പുകളെ നേരിടുന്നതിന് പരിമിതിയുണ്ട് എന്നാണ് വിദഗ്ധരുടെ അഭിപ്രായം.


ഇത്തരം സൈബർ തട്ടിപ്പുകൾ നേരിടേണ്ടി വന്നാൽ ചുവടെയുള്ള സംവിധാനങ്ങൾ വഴി നിയമപരമായി മുന്നോട്ട് പോവുക..

Cyber Crime Helpline Number : 1930
Cyber Crime Portal :  https://cybercrime.gov.in


ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0