രാജ്യത്ത് X നിരോധിക്കാൻ കോടതി, ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു; ജഡ്ജിയെ ചീത്തവിളിച്ച് മസ്‌ക്... #ELON_MUSK

 


സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമായ എക്‌സിന് (മുമ്പ് ട്വിറ്റര്‍) ബ്രസീലില്‍ നിരോധനം. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്ന അക്കൗണ്ടുകൾക്ക് എതിരെ നടപടി എടുക്കണമെന്ന ഉത്തരവ് പാലിക്കാത്തതും രാജ്യത്ത് പുതിയ നിയമകാര്യ പ്രതിനിധിയെ നിയമിക്കണമെന്ന സുപ്രീംകോടതി നിര്‍ദേശം അനുസരിക്കാതിരുന്നതുമാണ് നടപടിയിലേക്ക് നയിച്ചത്. ജഡ്ജ് അലക്‌സാന്ദ്രേ ഡി മൊറേസാണ് നിരോധനം പ്രഖ്യാപിച്ചത്. കോടതി ഉത്തരവുകള്‍ പാലിക്കുകയും നിലവിലുള്ള പിഴത്തുകയെല്ലാം അടയ്ക്കുന്നതുവരെയാണ് വിലക്ക്.

ഏപ്രിലില്‍ വ്യാജ വാര്‍ത്ത പരത്തുന്ന എക്‌സ് അക്കൗണ്ടുകള്‍ സസ്‌പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതി ഉത്തരവ് പുറത്തിറക്കിയതിന് പിന്നാലെയാണ് കോടതിയും എക്‌സും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത്.

ഉത്തരവ് എക്‌സ് പാലിച്ചില്ലെന്ന് മാത്രമല്ല. 'അഭിപ്രായ സ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ അടിത്തറയാണെന്നും ബ്രസീലിലെ തിരഞ്ഞെടുക്കപ്പെടാത്ത ഒരു കപട ജഡ്ജി രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി അതിനെ നശിപ്പിക്കുകയാണെന്ന്' എക്‌സ് മേധാവി ഇലോണ്‍ മസ്‌ക് എക്‌സില്‍ പോസ്റ്റിടുകയും ചെയ്തു. 

 

ബ്രസീലിലെ ടെലികമ്മ്യൂണിക്കേഷന്‍ ഏജന്‍സി മേധാവിയ്ക്കാണ് എക്‌സ് നിരോധിക്കുന്നതിനുള്ള ചുമതല നല്‍കിയിരിക്കുന്നത്. എക്‌സ് ആപ്ലിക്കേഷന്‍ ആപ്പ് സ്റ്റോറുകളില്‍ നിന്ന് നീക്കം ചെയ്യാന്‍ ആപ്പിള്‍, ഗൂഗിള്‍ പോലുള്ള കമ്പനികള്‍ക്ക് അഞ്ച് ദിവസം സമയം നല്‍കിയിട്ടുണ്ട്. വിപിഎന്‍ ഉപയോഗിച്ച് എക്‌സ് ഉപയോഗിക്കാന്‍ ശ്രമിച്ചാല്‍ 50000 ബ്രസീല്‍ റിയല്‍ (7.47 ലക്ഷം രൂപ) പിഴ നല്‍കേണ്ടി വരുമെന്നും സുപ്രീംകോടതി ജഡ്ജി മുന്നറിയിപ്പ് നല്‍കി.

അതേസമയം ബ്രസീലിന്റെ ഉത്തരവുകള്‍ പാലിക്കില്ലെന്ന നിലപാടിലാണ് എക്‌സ് എന്നാണ് വിവരം. അനക്‌സാന്ദ്രേ ഡി മൊറേസിന്റെ ഉത്തരവുകള്‍ നിയമവിരുദ്ധമാണെന്നും രാഷ്ട്രീയ എതിരാളികളെ സെന്‍സര്‍ ചെയ്യുന്നതിനും വേണ്ടിയുള്ളതാണെന്നാണ് കമ്പനി ആരോപിക്കുന്നത്.

കോടതി സസ്‌പെന്‍ഡ് ചെയ്യാന്‍ ആവശ്യപ്പെട്ട അക്കൗണ്ടുകളില്‍ ഭൂരിഭാഗവും ബ്രസീലിലെ വലതുപക്ഷ നേതാവും മുന്‍ പ്രസിഡന്റുമായ ജെയര്‍ ബോള്‍സൊനാരോയെ പിന്തുണയ്ക്കുന്നവരുടേതാണ്.

അതിനിടെ മസ്‌കിന്റെ ഉപഗ്രഹ ഇന്റര്‍നെറ്റ് സ്ഥാപനമായ സ്റ്റാര്‍ലിങ്കിന്റെ ബാങ്ക് അക്കൗണ്ടുകള്‍ സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് ബ്രസീല്‍ മരവിപ്പിച്ചു. എക്‌സും സ്‌പേസ് എക്‌സും രണ്ട് വ്യത്യസ്ത കമ്പനികളാണെന്നും എക്‌സിനെതിരെ ചുമത്തിയ ഭരണഘടനാവിരുദ്ധമായ പിഴശിക്ഷകള്‍ക്ക് സ്റ്റാര്‍ലിങ്ക് ഉത്തരവാദിയാവില്ലെന്നും സ്റ്റാര്‍ലിങ്ക് പ്രതികരിച്ചു. 2022 ല്‍ അന്നത്തെ പ്രസിഡന്റ് ബോള്‍സൊനാരോയാണ് സ്റ്റാര്‍ലിങ്കിന് ബ്രസീലില്‍ അനുമതി നല്‍കിയത്.


ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0