April 2023 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
April 2023 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ | 28 ഏപ്രിൽ 2023 | #News_Headlines

● അരിക്കൊമ്പനെ പിടിക്കാനുള്ള ദൗത്യം തുടങ്ങി. അരിക്കൊമ്പനെ ഉടൻ മയക്കുവെടിവയ്ക്കും. ക്യാമ്പില്‍ നിന്ന് കുങ്കിയാനകളെ ഇറക്കി. മയക്കുവെടിവയ്ക്കാനുള്ള തയാറെടുപ്പുകൾ നടത്തിയ ശേഷം ഡോ. അരുൺ സഖറിയയുടെ നേതൃത്വത്തിലുള്ള സംഘം ദൗത്യ മേഖലയിലേക്ക് തിരിച്ചു. ദൗത്യ മേഖലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. 

● ടിക്കറ്റിതര വരുമാനം വർധിപ്പിക്കാൻ കെഎസ്‌ആർടിസി കൊറിയർ സർവീസ്‌ ആരംഭിക്കുന്നു. ഡിപ്പോ ടു ഡിപ്പോ എന്നനിലയിലാണ്‌ സാധനങ്ങളും കവറുകളും ആദ്യഘട്ടത്തിൽ എത്തിക്കുക.

● ഇരുചക്രവാഹനത്തിൽ രണ്ട് പേർക്കൊപ്പം കുട്ടികളെ കൂടി യാത്ര ചെയ്യാന്‍ അനുവദിക്കണമെന്ന ആവശ്യം നടപ്പാക്കാന്‍ കേന്ദ്രനിയമത്തില്‍ ഇളവ് ആവശ്യപ്പെടുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു.

● ഗോൾഡൻ ഗ്ലോബ് റേസില്‍ മലയാളി നാവികൻ അഭിലാഷ് ടോമി ശനിയാഴ്ച തീരം തൊടും. രണ്ടാം സ്ഥാനം ഉറപ്പിച്ചാണ് അഭിലാഷ് ടോമിയുടെ ‘ബയാനത്ത്’ എന്ന പായ് വഞ്ചി ഫിനിഷിങ് പോയന്‍റായ ലെ സാബ്ലെ ദൊലാന്‍ തുറമുഖത്തേക്ക് അടുക്കുന്നത്.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ | 27 ഏപ്രിൽ 2023 | #News_Headlines

● സുഡാനിൽ നിന്നുള്ള ആദ്യ സംഘം ദില്ലിയിൽ വിമാനം ഇറങ്ങി. 367 പേരുമായി സൗദി എയർലൈൻസ് വിമാനം ഒൻപത് മണിയോടെയാണ് ദില്ലിയിൽ എത്തിയത്. ഓപ്പറേഷൻ കാവേരി എന്ന് പേരിട്ടിരിക്കുന്ന ദൗത്യത്തിന്റെ ആദ്യ സംഘത്തിൽ അഞ്ച് പേരടങ്ങുന്ന കുടുംബം അടക്കം 19 മലയാളികളുമെന്ന് സൂചന.

● രാജ്യത്ത് 157 നഴ്‌സിംഗ് കോളേജുകള്‍ തുടങ്ങാന്‍ കേന്ദ്ര മന്ത്രിസഭാ യോഗ തീരുമാനം, എന്നാൽ കേരളത്തിനായി ഒരൊറ്റ കോളേജും അനുവദിച്ചില്ല.

● സംസ്ഥാനത്ത്‌ വരുന്ന 5 ദിവസങ്ങളിൽ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖാപിച്ചു.

● മലയാള സിനിമയിൽ ചിരി പടർത്തിയ നടൻ മാമുക്കോയ അന്തരിച്ചു. കോഴിക്കോട്‌ മേയ്‌ത്ര ആശുപത്രിയിൽ ബുധൻ പകൽ 1.10 ന്‌ ആയിരുന്നു മരണം.

● കേരളം സമ്പൂർണ മാലിന്യമുക്ത സംസ്ഥാനമാക്കാൻ വിപുലമായ പദ്ധതികൾ. ആദ്യഘട്ട പ്രവർത്തനം ജൂൺ അഞ്ചിന്‌  പൂർത്തിയാക്കാനും തദ്ദേശമന്ത്രി എം ബി രാജേഷിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗം തീരുമാനിച്ചു. അടുത്ത മാർച്ച് 31നകം കേരളത്തെ മാലിന്യമുക്ത സംസ്ഥാനമാക്കും.

● സംരക്ഷിത വനമേഖലയ്ക്കും ദേശീയ ഉദ്യാനങ്ങള്‍ക്കും ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ബഫര്‍ സോണ്‍ നിര്‍ബന്ധിതമാക്കിയ ഉത്തരവില്‍ കേരളമുള്‍പ്പെടെ ആവശ്യപ്പെട്ടതനുസരിച്ച് ഇളവുകള്‍ അനുവദിച്ച് സുപ്രീം കോടതി.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ | 25 ഏപ്രിൽ 2023 | #News_Headlines

● പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാവിലെ 10.10ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തും. 10.30ന് വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ ഫ്ളാഗ് ഓഫ് ചെയ്യും. 11.00ന് സെൻട്രൽ കൊച്ചി വാട്ടർ മെട്രോ പദ്ധതി രാജ്യത്തിനു സമർപ്പിക്കും.

● സൗന്ദര്യസംഗമക്കാഴ്‌ചകളിലലിയാൻ പൂരങ്ങളുടെ പൂരത്തിന് കൊടിയേറി. മുഖ്യസാരഥികളായ തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളിലും പങ്കാളികളായ എട്ടു ഘടകക്ഷേത്രങ്ങളിലും പൂരംകൊടിയേറി. ഇനി നാടും നഗരവും പൂര ലഹരിയിലേക്ക്‌.

● സംസ്ഥാനത്ത്‌ മോട്ടോർ വാഹന വകുപ്പ്‌ പുതിയ കാമറകൾ സ്ഥാപിച്ചതിന്‌ പിന്നാലെ ഗതാഗത നിയമലംഘനങ്ങളിൽ വൻകുറവ്‌. കാമറകൾ സ്ഥാപിക്കുന്നതുവരെ 2.13 ശതമാനമായിരുന്ന നിയമലംഘനങ്ങൾ പിന്നീടുള്ള ദിവസങ്ങളിൽ 1.41 ആയി.

● മോഡി പരാമര്‍ശത്തെ തുടര്‍ന്നുള്ള അപകീർത്തിക്കേസിൽ കോൺഗ്രസ് നേതാവ്  രാഹുൽ ഗാന്ധി നേരിട്ട് ഹാജരാകണമെന്ന പട്ന കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്ത് കോടതി.

● ഹ്രസ്വകാല, ദീർഘകാല പദ്ധതികളിലൂടെ മൂന്ന് വർഷത്തിനുള്ളിൽ സംസ്ഥാനത്തെ മുഴുവൻ അതിദരിദ്രരെയും ദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ | 24 ഏപ്രിൽ 2023 | #News_Headlines

● ഇന്ത്യന്‍ തെരുവോരങ്ങളില്‍ ക്രിക്കറ്റ് ജ്വരം പടർത്തിയ സച്ചിന്‍ തെണ്ടുല്‍ക്കര്‍ എന്ന അഞ്ച് അടി അഞ്ച് ഇഞ്ചുകാരൻ ഇന്ന് 50 പിറന്നാളിന്റെ നിറവിൽ.

● രണ്ട് ദിവസത്തെ കേരള സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കൊച്ചിയിലെത്തും. പ്രധാനമന്ത്രിയുടെ റോഡ് ഷോ, ബിജെപിയുടെ യുവം കോണ്‍ക്ലേവ് എന്നിവയാണ് കൊച്ചിയിലെ മുഖ്യപരിപാടികള്‍.

● സർക്കസ് കുലപതി ജെമിനി ശങ്കരൻ(99) അന്തരിച്ചു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ഞായറാഴ്ച രാത്രി 11.40 നായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് നാലുദിവസമായി ചികിത്സയിലായിരുന്നു.

● പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഉൾപ്പെടെ ഏഴുപേരെ ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതിപ്പെട്ടിട്ടും ബിജെപി എംപിയും ഗുസ്‌തി ഫെഡറേഷൻ പ്രസിഡന്റുമായ ബ്രിജ്‌ഭൂഷണെതിരെ  കേസെടുക്കാത്തതിൽ പ്രതിഷേധിച്ച്‌ ഗുസ്‌തി താരങ്ങൾ വീണ്ടും സമരം തുടങ്ങി.

● സര്‍വീസിന് സജ്ജമായി ഒരു വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം കൊച്ചി വാട്ടര്‍ മെട്രോയുടെ ആദ്യഘട്ടം 25ന് പ്രവര്‍ത്തനം തുടങ്ങും. രാവിലെ 11ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി റിമോട്ടിലെ ബട്ടണ്‍ അമര്‍ത്തുമ്പോള്‍, ഹൈക്കോര്‍ട്ട് ടെര്‍മിനലില്‍ നിന്ന് ആദ്യ ബോട്ട് വൈപ്പിനിലേക്ക് തിരിക്കും.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ | 23 ഏപ്രിൽ 2023 | #News_Headlines

● സൗദി നാവിക സേനയുടെ നേതൃത്വത്തില്‍ നടത്തിയ രക്ഷാദൗത്യത്തിലൂടെ സുഡാനില്‍ കുടുങ്ങിയ ഇന്ത്യക്കാരടങ്ങുന്ന സംഘത്തെ സൗദിയിലെത്തിച്ചു. 157 പേരടങ്ങുന്ന സംഘത്തെ ജിദ്ദ തുറമുഖത്ത് എത്തിച്ചത്. ഇതില്‍ 66 ഇന്ത്യക്കാരാണുള്ളത്.

● സംസ്ഥാനത്ത് വേനല്‍ ചൂട് കനക്കും. വടക്കന്‍ കേരളത്തില്‍ ചൂട് തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പാലക്കാട് ജില്ലയില്‍ കനത്ത ചൂട് തുടരും. അതേസമയം വിവിധ ഇടങ്ങളില്‍ ഇന്ന് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. ഇടുക്കിയില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

● രാജ്യത്തെ ആദ്യ വാട്ടർമെട്രോ കൊച്ചിയിൽ യാത്ര തുടങ്ങുന്നു.
കൊച്ചി വാട്ടർ മെട്രോയുടെ ഉദ്‌ഘാടനം 25-ന് നടക്കും. കൊച്ചിയിലെ ഏറെനാളായുള്ള യാത്രാക്ലേശത്തിനാണ് ഇതിലൂടെ പരിഹാരമാവുന്നത്. 26-ന് ഹൈക്കോർട്ട്-വൈറ്റില ടെർമിനൽ പൊതുജനങ്ങൾക്കായി തുറന്നു നൽകും. 

● എന്‍സിഇആര്‍ടി സിലബസ് പരിഷ്‌കരണത്തിന്റെ ഭാഗമായി ചാള്‍സ് ഡാര്‍വിന്റെ പരിണാമ സിദ്ധാന്തത്തെ ഒഴിവാക്കിയതിനെതിരെ കേന്ദ്ര സർക്കാറിൻഡതിരെ പ്രതിഷേധവുമായി ശാസ്ത്രജ്ഞരും അധ്യാപകരും.

● രാജ്യത്ത് 12,193 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസത്തേക്കാൾ 4 ശതമാനം കൂടുതലാണ്. 42 മരണങ്ങൾ കൂടി സ്ഥിരീകരിച്ചു.

● സംസ്ഥാനത്തെ ആദ്യ വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനിന്റെ സമയക്രമം പ്രഖ്യാപിച്ചു. തിരുവനന്തപുരം-കാസര്‍കോട് വന്ദേഭാരത് രാവിലെ 5.20ന് തിരുവനന്തപുരത്തു നിന്നു പുറപ്പെട്ട് ഉച്ചയ്ക്ക് 1.25ന് കാസര്‍കോട് എത്തും. അവിടെ നിന്നും ഉച്ചയ്ക്ക് 2.30ന് പുറപ്പെട്ടു രാത്രി 10.35ന് തിരുവനന്തപുരത്ത് എത്തുന്ന വിധത്തിലാണ് മടക്കയാത്ര.  എട്ട് മണിക്കൂര്‍ 05 മിനിറ്റാണ് റണ്ണിങ് ടൈം നല്‍കിയിരിക്കുന്നത്. 

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ | 22 ഏപ്രിൽ 2023 | #News_Headlines

● എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസ് എൻഐഎക്ക് വിട്ടുകൊണ്ട് സംസ്ഥാന പൊലീസ് മേധാവി ഉത്തരവിറക്കി. കേസ് ഡയറി, അനുബന്ധരേഖകൾ, തൊണ്ടി സാധനങ്ങൾ എന്നിവയടക്കം ഉടനടി എൻഐഎക്ക് കൈമാറാനാണ് നിർദേശം.

● 2019 ലെ പുൽവാമ ഭീകരാക്രമണത്തിൽ 49 സിആർപിഎഫ്‌ ജവാന്മാർക്ക്‌ ജീവൻ നഷ്ടപ്പെട്ടത്‌ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വീഴ്ച മൂലമാണെന്ന വെളിപ്പെടുത്തൽ നടത്തിയ മുൻ കാശ്‌മീർ ഗവർണർ സത്യപാൽ മാലിക്കിന്‌ സിബിഐ നോട്ടീസ്‌.

● പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനവും വന്ദേഭാരത് ട്രെയിന്‍ സര്‍വീസിന്റെ ഉദ്ഘാടന ചടങ്ങും കണക്കിലെടുത്ത് സംസ്ഥാനത്തെ ട്രെയിന്‍ സര്‍വീസുകളില്‍ റെയില്‍വേ മാറ്റം വരുത്തി. ഏപ്രില്‍ 23 മുതല്‍ 25 വരെയാണ് സര്‍വീസുകളില്‍ ക്രമീകരണങ്ങള്‍ വരുത്തിയിരിക്കുന്നത്.

● ബ്രിട്ടീഷ് ഉപ പ്രധാനമന്ത്രി ഡൊമനിക് റാബ് രാജി വെച്ചു. സഹപ്രവര്‍ത്തകരോടുള്ള മോശം പെരുമാറ്റത്തിന്റെ പേരിലാണ് രാജി. ഇതോടെ വരാനിരിക്കുന്ന ഇംഗ്ലീഷ് തദ്ദേശ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ഋഷി സുനക്കിന്റെ കണ്‍സെര്‍വേറ്റീവ് പാര്‍ട്ടിയെ ഡൊമനിക് റാബ് രാജി പ്രതികൂലമായി ബാധിച്ചേക്കും.

● രാജ്യത്ത് കോവിഡ് കേസുകളില്‍ നേരിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറില്‍ 11,692 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. എന്നാല്‍ പോസിറ്റീവിറ്റി നിരക്ക് 5.09 ശതമാനമാണ്.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ | 20 ഏപ്രിൽ 2023 | #News_Headlines

● സംസ്ഥാനത്ത് മൂന്ന് ദിവസം ഇടിമിന്നലോടുകൂടിയ മഴയ്ക്കും കാറ്റിനും സാധ്യത. 21 മുതൽ 23 വരെയാണ് സംസ്ഥാനത്ത് മഴക്ക് സാധ്യത. 30 മുതൽ 40 വരെ കിലോമീറ്റർ വരെ വേ​ഗത്തിൽ വീശിയടിക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.

● നാസയുടെ കാലഹരണപ്പെട്ട റെസി എന്ന കൃതൃമോപഗ്രഹം വരും ദിവസങ്ങളിൽ ഭൂമിയിൽ വീണേക്കും എന്ന് സൂചന. 2002 ൽ സൂര്യനെപ്പറ്റി പഠിക്കാനായാണ് ഈ ഉപഗ്രഹം വിക്ഷേപിച്ചത്. 2018 മുതൽ പ്രവർത്തനം നിലച്ചിരുന്നു.

● നിർമ്മിത ബുദ്ധിയിൽ പ്രവർത്തിക്കുന്ന എഐ ക്യാമറകൾ ഉപയോഗിച്ച് ജനങ്ങളെ ബുദ്ധിമുട്ടിച്ച് സര്‍ക്കാരിന് വരുമാനം കണ്ടെത്താനാണെന്ന വാദങ്ങൾ തെറ്റാണെന്ന് റോഡ് സേഫ്റ്റി കമ്മീഷണര്‍ എസ്. ശ്രീജിത്ത് ഐപിഎസ്.

● മഹാസമുദ്രങ്ങൾ പായ്‌വഞ്ചിയിൽ ഒറ്റയ്‌ക്ക്‌ താണ്ടുന്ന സാഹസികയാത്രയായ ഗോൾഡൻ ഗ്ലോബിൽ മലയാളിയായ അഭിലാഷ്‌ ടോമി ആദ്യമായി മുന്നിൽ. യാത്ര 226 ദിവസം പിന്നിടുമ്പോഴാണ്‌ ഇന്ത്യൻ നേവി റിട്ട. കമാൻഡറായ അഭിലാഷിന്റെ കുതിപ്പ്‌.

● സർക്കാർ ഫയലുകൾ ഉദ്യോഗസ്ഥർ ജീവകാരുണ്യ മനോഭാവത്തോടെ കൈകാര്യം ചെയ്യണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഉദ്യോഗസ്ഥരുടെ പൂർണ മനസോടുകൂടിയ ഇടപെടലുണ്ടായാൽ ഭരണനിർവഹണം തീർത്തും ജനോന്മുഖമാകുമെന്നും അദ്ദേഹം പറഞ്ഞു.

● മില്‍മയുടെ പച്ചക്കവറിൽ നൽകുന്ന റിച്ച് പാലിന്റെ വിലവര്‍ധന പിന്‍വലിച്ചു. വില വർധിപ്പിക്കാനുള്ള തീരുമാനം സർക്കാരിനെ അറിയിക്കുന്നതില്‍ മിൽമക്ക് വീഴ്ച സംഭവിച്ചതായി ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി വ്യക്തമാക്കി.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ | 18 ഏപ്രിൽ 2023 | #News_Headlines

● സ്വവര്‍ഗ വിവാഹത്തിന് നിയമസാധുത ആവശ്യപ്പെട്ട ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷ വഹിക്കുന്ന ഭരണ ഘടനാ ബെഞ്ചിലാണ് വാദം കേള്‍ക്കുന്നത്.

● വന്ദേഭാരത് ട്രെയിന്‍ പരീക്ഷണ ഓട്ടം പൂര്‍ത്തിയാക്കി തിരിച്ച് തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനിലെത്തി. 9.30നാണ് തിരികെ എത്തിയത്. രാവിലെ 5.10 ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട ട്രെയിന്‍ ഉച്ചയ്ക്ക 12.20ന് കണ്ണൂരെത്തി. ആദ്യ യാത്രയ്ക്ക് വേണ്ടിവന്നത് 7.10 മണിക്കൂർ.

● ജലലഭ്യതയും ഉപഭോഗവും കണക്കാക്കി തദ്ദേശ സ്വയംഭരണ സ്ഥാപന അടിസ്ഥാനത്തിൽ രാജ്യത്ത് ആദ്യമായി ജലബജറ്റ് തയ്യാറാക്കിയ സംസ്ഥാനമായി കേരളം.
ജനകീയ ജലബജറ്റ് പ്രകാശനവും ‘ഇനി ഞാന്‍ ഒഴുകട്ടെ’ ക്യാമ്പയിൻ മൂന്നാം ഘട്ടത്തിന്റെ ഭാഗമായ പശ്ചിമഘട്ട നീർച്ചാൽ ശൃംഖലകളുടെ വീണ്ടെടുപ്പ് പദ്ധതി ഉദ്ഘാടനവും മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍വഹിച്ചു.

● പുൽവാമ ഭീകരാക്രമണത്തിൽ 40 സിആർപിഎഫ്‌ ജവാന്മാർ കൊല്ലപ്പെട്ടതിന്റെ പ്രാഥമിക ഉത്തരവാദിത്വം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര സർക്കാരിനുമെന്ന്‌ തുറന്നടിച്ച്‌ മുൻ കരസേനാ മേധാവി ജനറൽ ശങ്കർ റോയ്ചൗധരി.

● കേരളമടക്കം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ചൂട്‌ ക്രമാതീതമായി ഉയരാനിടയാക്കുന്ന പ്രധാന കാരണങ്ങളിലൊന്ന്‌ അന്തരീക്ഷത്തിൽ രൂപപ്പെട്ട എതിർചുഴലി. താപനിലയിൽ ഗണ്യമായ സ്വാധീനം ചെലുത്താൻ ശേഷിയുള്ള പ്രതിഭാസമാണിത്‌.


ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ | 17 ഏപ്രിൽ 2023 | #News_Headlines

● സംസ്ഥാനത്ത് 50 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ കൂടി യാഥാര്‍ത്ഥ്യമാകുന്നു. 13 ജില്ലകളിലായാണ് കുടുംബാരോഗ്യ കേന്ദ്രങ്ങൾ സജ്ജമായത്. ഇവയുടെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

● സമാജ്‌വാദി മുന്‍ എംപി അതിഖ് അഹമ്മദിന്റെയും സഹോദരന്‍ അഷ്‌റഫ് അഹമ്മദിന്റെയും കൊലപാതകത്തില്‍ വിശദമായ അന്വേഷണത്തിന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. സംഭവം റിട്ട. ജഡ്ജിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം അന്വേഷിക്കും.

● ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് ട്രെയിനില്‍ യാത്രക്കാര്‍ക്കുമേല്‍ പെട്രോളൊഴിച്ചു തീവച്ച കേസിലെ പ്രതി ഷാറുഖ് സെയ്ഫിക്കെതിരെ നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമനം ചുമത്തി.

● ഐപിഎൽ ക്രിക്കറ്റിൽ രാജസ്ഥാൻ റോയൽസിന്റെ പടയോട്ടം. ചാമ്പ്യൻമാരായ ഗുജറാത്ത് ടെെറ്റൻസിനെ മൂന്ന് വിക്കറ്റിന് കീഴടക്കി. നാലാം ജയത്തോടെ എട്ട് പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടർന്നു സഞ്ജു സാംസണും കൂട്ടരും.

● പടക്കത്തിന്റെ ഉപയോഗം അന്തരീക്ഷവായുവിന്റെ ഗുണനിലവാരത്തിൽ വലിയ മാറ്റങ്ങളുണ്ടാക്കുന്നതായി പഠനം. 2010 മുതൽ വിഷു ആഘോഷവേളയിൽ കണ്ണൂരിലെ വായുവിന്റെ നിലവാരം അടിസ്ഥാനമാക്കിയാണ്‌ പഠനം നടത്തിയത്‌.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ | 08 ഏപ്രിൽ 2023 | #News_Headlines

● രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രം. കൊവിഡ് വ്യാപനം നേരിടാൻ ജില്ല അടിസ്ഥാനത്തിൽ യോഗം ഇന്ന് മുതൽ ആരംഭിക്കും. 

● ഭൂ-ഭവനരഹിതരായ 174 കുടുംബങ്ങൾക്ക്‌ സർക്കാർ കരുതലിൽ വീടൊരുങ്ങി. ഇവരുടെ പുനരധിവാസത്തിനായി ലൈഫ് മിഷൻ നിർമിച്ച നാല് ഭവനസമുച്ചയം മുഖ്യമന്ത്രി പിണറായി വിജയൻ ശനിയാഴ്‌ച സമർപ്പിക്കും.

● സംസ്ഥാനത്ത് കുട്ടികളുടെ സമഗ്രമായ ശാരീരിക, മാനസിക ആരോഗ്യ വികാസത്തിനായി ആരോഗ്യവകുപ്പ് ആവിഷ്ക്കരിക്കുന്ന സ്കൂള്‍ ആരോഗ്യപരിപാടി നടപ്പിലാക്കുന്നു.

● എലത്തൂർ ട്രെയിൻ തീവെയ്പ്പ് കേസ് പ്രതി കുറ്റം സമ്മതിച്ചതായി എഡിജിപി എം ആർ അജിത് കുമാർ. കണ്ടെത്തിയ ബാഗ് പ്രതിയുടേത് തന്നെയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ | 06 ഏപ്രിൽ 2023 | #News_Headlines

● എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസ് പ്രതി ഷാറൂഖ് സെയ്ഫിയെ കേരളത്തില്‍ എത്തിച്ചു. പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തും. വിവിധ അന്വേഷണ ഏജന്‍സികളും പ്രതിയെ ചോദ്യം ചെയ്യും. 

● സ്വർണ കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് ജപ്തി നടപടികളിൽനിന്ന് വിടുതൽ ലഭിക്കാൻ കേന്ദ്രസർക്കാരിന്റെ സഹായം. കള്ളക്കടത്തുകാരുടെയും വിദേശ നാണ്യതട്ടിപ്പുകാരുടെയും സ്വത്തുക്കൾ കണ്ടുകെട്ടുന്ന നിയമം (സഫേമ) അനുസരിച്ച്‌ തന്റെ സ്വത്ത്‌ കണ്ടുകെട്ടാൻ അധികാരമില്ലെന്ന്‌ വാദിച്ച്‌ സ്വപ്‌ന ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഇത്‌ പരിഗണിക്കവേ സ്വപ്നയുടെ സ്വത്ത് കണ്ടുകെട്ടാനുള്ള നോട്ടീസ് പിൻവലിച്ചതായി കേന്ദ്രസർക്കാരിനുവേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയെ അറിയിച്ചു. 

● എലത്തൂർ ട്രെയിൻ ആക്രമത്തിനിടെ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അഞ്ച് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു.

● അവകാശികളില്ലാതെ വിവിധ ബാങ്കുകളില്‍ ഉണ്ടായിരുന്ന 35012 കോടി രൂപ റിസര്‍വ് ബാങ്കിലേക്ക് മാറ്റി. കഴിഞ്ഞ പത്തോ അതിലധികമോ വര്‍ഷമായി നിഷ്‌ക്രിയമായി കിടക്കുന്ന അക്കൗണ്ടുകളിലെ നിക്ഷേപമാണ് ആര്‍ബിഐയിലേക്ക് മാറ്റുന്നത്.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ | 05 ഏപ്രിൽ 2023 | #News_Headlines

● ദേശീയ നഗര ഉപജീവന ദൗത്യം (എൻയുഎൽഎം) മികച്ച രീതിയിൽ നടപ്പാക്കിയതിന് സംസ്ഥാനത്തിന് വീണ്ടും ദേശീയ അം​ഗീകാരം. കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയം ഏർപ്പെടുത്തിയ 2022– -2023ലെ "സ്പാർക്ക്' റാങ്കിങ്ങിൽ കേരളത്തിന് രണ്ടാംസ്ഥാനം ലഭിച്ചു. ഇതോടെ തുടർച്ചയായി ആറു തവണ സ്പാർക്ക് പുരസ്‌കാരം നേടുന്ന ഏക സംസ്ഥാനമായി മാറി. 

● അമ്മ ബക്കറ്റിൽ ഉപേക്ഷിച്ച നവജാത ശിശു കോട്ടയം മെഡിക്കൽ കോളജിലെ ഐസിയുവിൽ തുടരുന്നു. മെഡിക്കൽ കോളജിലെ കുട്ടികളുടെ ആശുപത്രിയിലെ ഡോക്ടർമാരുടെ സംഘമാണ് കുട്ടിയെ പരിശോധിക്കുന്നത്.

● അട്ടപ്പാടി മധു വധക്കേസിൽ പ്രതികളുടെ ശിക്ഷാ വിധി ഇന്ന്. മണ്ണാർക്കാട് എസ്‌സി-എസ്ടി കോടതിയാണ് ശിക്ഷ പ്രഖ്യാപിക്കുക. കഴിഞ്ഞ ദിവസം കേസിലെ 14 പ്രതികൾ കുറ്റക്കാരാണെന്ന് മണ്ണാർക്കാട് കോടതി വിധിച്ചിരുന്നു. 2 പ്രതികളെ വെറുതെ വിടുകയും ചെയ്തിരുന്നു.

● സിക്കിമിലെ നാഥു ലാ പർവത ചുരത്തിലുണ്ടായ മഞ്ഞിടിച്ചിലിൽ ഏഴുപേർ മരിച്ചു. മരിച്ചവരിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നു. 20 പേർക്ക് പരുക്കേറ്റു.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ | 04 ഏപ്രിൽ 2023 | #News_Headlines

● മധു വധക്കേസിൽ നിർണ്ണായക വിധി ഇന്ന് പറയും. കനത്ത സുരക്ഷയിലാണ് മണ്ണാർക്കാട് കോടതി പരിസരം. 2018 ഫെബ്രുവരി 22നാണ് അട്ടപ്പാടി ആനവായ് കടുകമണ്ണ ഊരിലെ മധു കൊല്ലപ്പെടുന്നത്. മോഷണ കുറ്റമാരോപിച്ച് ഒരു സംഘമാളുകൾ മധുവിനെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. 

● പന്ത്രണ്ടാം ക്ലാസിലെ ചരിത്ര പുസ്തകത്തില്‍ നിന്നും മുഗള്‍ സാമ്രാജ്യത്തെക്കുറിച്ചുള്ള അധ്യായങ്ങള്‍ ഒഴിവാക്കി എന്‍സിഇആര്‍ടി. 12-ാം ക്ലാസിലെ ‘തീംസ് ഓഫ് ഇന്ത്യന്‍ ഹിസ്റ്ററി -പാര്‍ട്ട് 2’ ചരിത്ര പുസ്തകത്തിലെ ‘കിങ്‌സ് ആന്റ് ക്രേണിക്കിൾസ്; ദി മുഗള്‍ കോര്‍ട്‌സ്’ എന്ന അധ്യായമാണ് ഒഴിവാക്കിയത്.

● രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ കഴിഞ്ഞ സാമ്പത്തികവര്‍ഷത്തിന്റെ ആദ്യ ഒമ്പത്‌ മാസത്തില്‍മാത്രം എഴുതിത്തള്ളിയത് ഏകദേശം 91,000 കോടി രൂപ. രാജ്യസഭയിൽ ധനമന്ത്രി നിര്‍മല സീതാരാമനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

● കോഴിക്കോട് എലത്തൂര്‍ ട്രെയിന്‍ ആക്രമണക്കേസിലെ പ്രതി പിടിയിലായതായി സൂചന. അക്രമിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്.നോയിഡ സ്വദേശി ഷഹറൂഖ് സെയ്ഫി എന്നയാളാണെന്നാണ് പ്രതിയെന്ന് സൂചന ലഭിച്ചതായി പൊലീസ് പറഞ്ഞു.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ | 01 ഏപ്രിൽ 2023 | #News_Headlines

● വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷത്തിന് ഇന്നു തുടക്കമാകും. സംസ്ഥാനതല ഉദ്ഘാടനത്തില്‍ ലക്ഷം പേര്‍ പങ്കെടുക്കും. വൈകിട്ട് 3.30ന് വൈക്കം ബീച്ചില്‍ നടക്കുന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും ചേര്‍ന്നു ഉദ്ഘാടനം ചെയ്യും.

● ലോകത്ത്‌ ആദ്യമായി സസ്യങ്ങളെ ബാധിക്കുന്ന ഫംഗസ് രോഗം മനുഷ്യനിൽ കണ്ടെത്തിയതായി റിപ്പോർട്ട്. കൊൽക്കത്തയിലെ 61കാരനായ ഒരു പ്ലാന്റ് മൈക്കോളജിസ്റ്റിലാണ് രോഗം സ്ഥിരീകരിച്ചത്. 

● ഐപിഎല്ലിലെ ഉദ്ഘാടന പോരാട്ടത്തില്‍ വിജയിച്ച് ഗുജറാത്ത് ടൈറ്റന്‍സ്. ആദ്യം ബാറ്റ്  ചെയ്ത
ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെ നാലു ബോള്‍ ബാക്കി നില്‍ക്കെയായിരുന്നു ഗുജറാത്ത് വിജയക്കൊടി പാറിച്ചത്.

● മൂവായിരം ചതുരശ്രയടി വരെയുള്ള വീടുകളുടെ നിർമ്മാണത്തിന്‌ മണ്ണ്‌ മാറ്റാനുള്ള അനുമതി ഇനി തദ്ദേശസ്ഥാപനങ്ങൾക്ക്‌ നൽകാം. നിലവിൽ മണ്ണ്‌ മാറ്റാൻ മൈനിങ്‌ ആന്റ് ജിയോളജി വകുപ്പിന്റെ അനുമതി വേണമായിരുന്നു.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0