ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ | 27 ഏപ്രിൽ 2023 | #News_Headlines

● സുഡാനിൽ നിന്നുള്ള ആദ്യ സംഘം ദില്ലിയിൽ വിമാനം ഇറങ്ങി. 367 പേരുമായി സൗദി എയർലൈൻസ് വിമാനം ഒൻപത് മണിയോടെയാണ് ദില്ലിയിൽ എത്തിയത്. ഓപ്പറേഷൻ കാവേരി എന്ന് പേരിട്ടിരിക്കുന്ന ദൗത്യത്തിന്റെ ആദ്യ സംഘത്തിൽ അഞ്ച് പേരടങ്ങുന്ന കുടുംബം അടക്കം 19 മലയാളികളുമെന്ന് സൂചന.

● രാജ്യത്ത് 157 നഴ്‌സിംഗ് കോളേജുകള്‍ തുടങ്ങാന്‍ കേന്ദ്ര മന്ത്രിസഭാ യോഗ തീരുമാനം, എന്നാൽ കേരളത്തിനായി ഒരൊറ്റ കോളേജും അനുവദിച്ചില്ല.

● സംസ്ഥാനത്ത്‌ വരുന്ന 5 ദിവസങ്ങളിൽ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖാപിച്ചു.

● മലയാള സിനിമയിൽ ചിരി പടർത്തിയ നടൻ മാമുക്കോയ അന്തരിച്ചു. കോഴിക്കോട്‌ മേയ്‌ത്ര ആശുപത്രിയിൽ ബുധൻ പകൽ 1.10 ന്‌ ആയിരുന്നു മരണം.

● കേരളം സമ്പൂർണ മാലിന്യമുക്ത സംസ്ഥാനമാക്കാൻ വിപുലമായ പദ്ധതികൾ. ആദ്യഘട്ട പ്രവർത്തനം ജൂൺ അഞ്ചിന്‌  പൂർത്തിയാക്കാനും തദ്ദേശമന്ത്രി എം ബി രാജേഷിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗം തീരുമാനിച്ചു. അടുത്ത മാർച്ച് 31നകം കേരളത്തെ മാലിന്യമുക്ത സംസ്ഥാനമാക്കും.

● സംരക്ഷിത വനമേഖലയ്ക്കും ദേശീയ ഉദ്യാനങ്ങള്‍ക്കും ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ബഫര്‍ സോണ്‍ നിര്‍ബന്ധിതമാക്കിയ ഉത്തരവില്‍ കേരളമുള്‍പ്പെടെ ആവശ്യപ്പെട്ടതനുസരിച്ച് ഇളവുകള്‍ അനുവദിച്ച് സുപ്രീം കോടതി.