റോഡ് സുരക്ഷാ മാസാചരണം; ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ച് തളിപ്പറമ്പ സബ് റീജ്യണൽ ട്രാൻസ്പോർട്ട് ഓഫീസ്. #Road_Safety

തളിപ്പറമ്പ : മോട്ടോർ വാഹന വകുപ്പ് തളിപ്പറമ്പ സബ് റീജ്യണൽ ട്രാൻസ്പോർട്ട് ഓഫീസിന്റെ നേതൃത്വത്തിൽ ഹെവി എക്വിപ്മെന്റ് ട്രെയിനിങ്ങ് ഇൻസ്റ്റിറ്റ്യൂട്ട് ആയ തളിപ്പറമ്പ നാടുകാണി കിൻഫ്ര പാർക്കിലെ ഹാം ഇൻസ്റ്റിറ്റ്യൂട്ടിന്റെ സഹകരണത്തോടെ റോഡ് സുരക്ഷാ മാസാചരണത്തിന്റെ ഭാഗമായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. മികച്ച റോഡ് സൗകര്യങ്ങൾ വികസിച്ചു വരുന്നതോടൊപ്പം അപകട നിരക്കും വർദ്ധിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരത്തിൽ വിവിധ പരിപാടികൾ വകുപ്പ് സംഘടിപ്പിച്ചു വരുന്നത്. റോഡ് ഉപഭോക്താക്കളിലേക്ക് ഏറ്റവും ലളിതമായ രീതിയിൽ ഗൗരവകരമായ  കാര്യങ്ങൾ എത്തിച്ചു നൽകുവാൻ സാധിക്കുന്ന തരത്തിലാണ് ബോധവൽക്കരണ പരിപാടികൾസംവിധാനം ചെയ്തിരിക്കുന്നത്.
അതിന്റെ ഭാഗമായാണ് മലബാറിലെ ആദ്യത്തെ ക്രെയിൻ ഫോർക്ക് ലിഫ്റ്റ് തുടങ്ങിയ ഹെവി എക്വിപ്മെന്റ് പഠന സ്ഥാപനമായ ഹാം ഇൻസ്റ്റിറ്റ്യൂട്ടിൽ ക്ലാസ്സ് സംഘടിപ്പിച്ചത്. പരിപാടിയിൽ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്റ്റർ ശ്രീ. സുധാകരൻ ക്ലാസ് നയിച്ചു. ഹാം ഇൻസ്റ്റിറ്റ്യൂട്ട് മാനേജിങ്ങ് ഡയറക്റ്റർ മൊയ്ദു സ്വാഗതവും എച്ച്.ഒ.ഡി സുബിൻ സേവിയർ നന്ദിയും പറഞ്ഞു.

റോഡ് സുരക്ഷ വ്യക്തിഗത ഉത്തരവാദിത്തമെന്ന ബോധം വളർത്തുകയും, നിയമങ്ങൾ കൃത്യമായി പാലിക്കുന്ന ശീലങ്ങൾ ഡ്രൈവർമാരിലും റോഡ് ഉപയോക്താക്കളിലും ഉറപ്പാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ഈ ബോധവൽക്കരണ ക്ലാസ് പങ്കെടുത്തവർക്കിടയിൽ മികച്ച അവബോധം സൃഷ്ടിച്ചതായി അധികൃതർ വിലയിരുത്തി. ഇത്തരത്തിലുള്ള പരിശീലനവും ബോധവൽക്കരണ പ്രവർത്തനങ്ങളും തുടർച്ചയായി സംഘടിപ്പിക്കുന്നതിലൂടെ റോഡ് അപകടങ്ങൾ കുറയ്ക്കാനും സുരക്ഷിതമായ യാത്രാസംസ്കാരം സമൂഹത്തിൽ സ്ഥാപിക്കാനുമാകുമെന്ന് പരിപാടിയുടെ സംഘാടകർ അറിയിച്ചു.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0