തളിപ്പറമ്പ : തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിൽ വ്യാഴാഴ്ച ഉണ്ടായ തീപ്പിടിത്തത്തിൽ വലിയ തോതിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കുമെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ എം എൽ എ പറഞ്ഞു. അഗ്നിബാധിത പ്രദേശത്ത് സന്ദർശനം നടത്തിയ ശേഷം തളിപ്പറമ്പ് താലൂക്ക് ഓഫീസിൽ ചേർന്ന വിവിധ വകുപ്പ് മേധാവികളുടെയും വ്യാപാരികളുടെയും തൊഴിലാളി പ്രതിനിധികളുടെയും യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യം അറിയിച്ചതായും എംഎൽഎ പറഞ്ഞു. കണ്ണൂർ ജില്ലയിൽ സമീപകാലത്തുണ്ടായ ഏറ്റവും വലിയ ദുരന്തമാണ് തളിപ്പറമ്പിൽ സംഭവിച്ചത്. നൂറിലേറെ കടകളാണ് പൂർണമായും അഗ്നിക്കിരയായത്.
കോഴിക്കോട് മിഠായി തെരുവിൽ ഉണ്ടായ തീപിടിത്തമുൾപ്പടെ സമാന സംഭവങ്ങളിൽ നഷ്ടപരിഹാരം നൽകിയതുൾപ്പടെ പരിശോധിച്ച് അർഹമായ സഹായം ലഭ്യമാക്കുന്നതിനാണ് സര്ക്കാരിനോട് അഭ്യർത്തിച്ചിട്ടുള്ളത്.
പ്രധാന തീരുമാനങ്ങൾ ;
ഒരാഴ്ചയ്ക്കകം എല്ലാ വ്യാപാരികളിൽ നിന്നും നഷ്ടപരിഹാരത്തിനുള്ള അപേക്ഷ സ്വീകരിക്കാൻ റവന്യൂ വകുപ്പ് അടിയന്തരമായി നടപടി സ്വീകരിക്കും.
നഷ്ടപരിഹാരം അനുവദിക്കുന്നതിൽ സങ്കേതികത്വം ഒഴിവാക്കി ദുരന്ത ബാധിതർക്ക് അനൂകൂലമായ നടപടികൾ സ്വീകരിക്കണം
വ്യാപാരസമുച്ചയങ്ങളിലെ നൂറിലേറെ കടകളിൽ ജോലി ചെയ്തിരുന്ന ഭിന്നശേഷിയുള്ളവർ ഉൾപ്പെടെയുള്ള 400 ലേറെ തൊഴിലാളികളുടെ പുനരധിവാസം പരിഗണിക്കണം
സർക്കാറിന്റെ ഭാഗത്ത് നിന്നുള്ള പരമാവധി സഹായം ദുരന്തബാധിതർക്ക് നൽകാൻ ശ്രമിക്കും.
അഗ്നിബാധ നിയന്ത്രണ വിധേയമാക്കാൻ സഹായിച്ച കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ ഫയർഫോഴ്സ് യൂണിറ്റുകൾ, ജില്ലാ ഭരണകൂടം, പോലീസ്, സന്നദ്ധ പ്രവർത്തകർ, കക്ഷിരാഷ്ട്രീയഭേദമന്യേ പ്രവർത്തിച്ച നാട്ടുകാർ എന്നിവരെ അഭിനന്ദിക്കുന്നു.
വ്യാപാരികളെയും തൊഴിലാളികളെയും പുനരധിവസിപ്പിക്കാൻ എല്ലാവിധ സഹകരണവും പൊതുസമൂഹത്തിൽ നിന്നും ഉണ്ടാവണം.