തളിപ്പറമ്പ് : നാടുകാണിയിലെ നിർദിഷ്ട സൂ സഫാരി പാർക്ക് സ്ഥാപിക്കുന്നതിനുള്ള 252. 8 ഏക്കർ ഭൂമി സംസ്ഥാന മ്യൂസിയം മൃഗശാല വകുപ്പിന് കൈമാറി സർക്കാർ ഉത്തരവായത്തിന് ശേഷം തുടര്‍ നടപടിയായി സൂ സഫാരി പാര്‍ക്ക് നിര്‍മിക്കുന്നതിനായി വിദഗ്ദ സമിതിയെ നിശ്ചയിച് ഉത്തരവായത്. മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണിയും , തളിപ്പറമ്പ എം എല്‍ എ എം വി ഗോവിന്ദന്‍ മാസ്റ്ററും , ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ചേര്‍ന്ന് നടത്തിയ യോഗത്തിന്റെതാണ് തീരുമാനം.
പദ്ധതിക്കായി വിശദമായ ഡിപിആർ തയ്യാറാക്കുന്നതിന് രണ്ടുകോടി രൂപ സർക്കാർ നേരത്തെ തന്നെ ബജറ്റിൽ അനുവദിച്ചിരുന്നു. ഡിപിആർ തയ്യാറാക്കുന്നതും മറ്റും പ്രവർത്തനങ്ങൾക്കുമായാണ് അഞ്ചംഗ വിദഗ്ദ സമിതിയെ തീരുമാനിച്ചത്. റിട്ടയർഡ് ഐ.എഫ്.എസ്. ഉദ്യോഗസ്ഥനായ ജെയിംസ് വർഗീസിന്റെ നേതൃത്വത്തിൽ അഞ്ചംഗ വിദഗ്ദ സമിതിയാണ് നിലവില്‍ വന്നത്. സന്തോഷ് ജോർജ് കുളങ്ങര , വനം വകുപ്പ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി. കൃഷൻ ഐ.എഫ്.എസ് , മൃഗശാല വകുപ്പ് ഡയരക്ടർ
മഞ്ജുള ദേവി, മൃഗശാല വകുപ്പ് മുൻ ഡയരക്ടർ അബു എബ്രഹാം എന്നിവരാണ് മറ്റ് അംഗങ്ങൾ. ജനുവരി അവസാനത്തോടെ വിശദ ഡി പി ആര്‍ സമർപ്പിക്കും. തുടര്‍ന്ന്‍ ആവശ്യമായ സര്‍ക്കാര്‍ അംഗീകാരം ലഭ്യമാകുന്നതോടെ ടെണ്ടര്‍ നടപടികളിലേക്ക് കടക്കും.
“ ലോകത്തിലെ ഏറ്റവും മികച്ച വിനോദ സഞ്ചാരകേന്ദ്രങ്ങളില്‍ ഒന്നായി കേരളം ഇതിനകം തന്നെ ശ്രദ്ധ നേടിയിട്ടുണ്ട്. ടോപ് ട്രെണ്ടിംഗ് ഡെസ്റ്റിനേഷനുകളായി കേരളത്തിലെ പല വിനോദ സഞ്ചാര കേന്ദ്രങ്ങളും മാറിയിരിക്കുന്നു. അതിലേക്കുള്ള സുപ്രധാനമായ ചുവടുവയ്പാണ് തളിപ്പറമ്പ് നാടുകാണിയിലെ സൂ സഫാരി പാർക്ക്. പാർക്ക് സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ച് കഴിഞ്ഞത്‌മുതല്‍ അതിനായി പ്രാഥമിക ചിലവുകള്‍ക്ക് ബജറ്റില്‍ പണം നീക്കി വച്ച് , 252 ഏക്കര്‍ ഭൂമി കൈമാറിക്കൊണ്ട് ഉത്തരവായി, ഇപ്പോള്‍ വിദഗ്ദ സമിതിയെയും തീരുമാനിച്ചിരിക്കുന്നു. വളരെ വേഗത്തിലാണ് കാര്യങ്ങളെല്ലാം നടക്കുന്നത്. പാർക്കിന്റെ അടിസ്ഥാന സൗകര്യങ്ങൾ ഉൾപ്പെടെ യാഥാര്‍ത്ഥ്യമാക്കുന്നതിനായി ഡി പി ആര്‍ തയ്യാറാക്കല്‍ ഉടൻ ആരംഭിക്കും. തളിപ്പറമ്പിനെ ടൂറിസം ഭൂപടത്തിൽ അടയാളപ്പെടുത്തുന്ന പറശ്ശിനിക്കടവ് പില്‍ഗ്രിം ടൂറിസം , കരിമ്പം ഫാം ടൂറിസം, വെള്ളിക്കീൽ ഇക്കോ പാര്‍ക്ക് , തെയ്യം മ്യൂസിയം , ഹാപ്പിനസ് പാര്‍ക്കുകള്‍ തുടങ്ങിയ അഭിമാന പദ്ധതികൾക്കൊപ്പം സൂ സഫാരി പാർക്കും യാഥാർഥ്യമാകുന്നതോടെ നാടിന്റെ മുഖഛായ മാറും” - എം വി ഗോവിന്ദൻ മാസ്റ്റര്‍എംഎൽഎ പറഞ്ഞു.