KOTTAYAM എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
KOTTAYAM എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

പിടികിട്ടാപുള്ളി ;10 സ്റ്റേഷനുകളില്‍ കേസുള്ള വനിതാ മോഷ്ടാവിനെ ഓട്ടോ ഡ്രൈവര്‍ പിടികൂടി #Kottayam

 


കോട്ടയം :പത്ത് പൊലീസ് സ്റ്റേഷനുകളിൽ മോഷണക്കേസുകളിൽ പ്രതിയായ വനിതാ മോഷ്ടാവിനെ പിടികൂടിയത് ഓട്ടോ ഡ്രൈവർ. കോട്ടയത്ത് 10 സ്റ്റേഷനുകളില്‍ കേസുള്ള തിരുനെൽവേലി സ്വദേശിനി ജ്യോതി (26) യാണ് ഓട്ടോ ഡ്രൈവർ മണർകാട് പുതുപ്പറമ്പിൽ പി.ആർ.മനോജ് കുമാറിന്റെ അവസരോചിതമായ ഇടപെടലിലൂടെ പിടിയിലായത്.

കഞ്ഞിക്കുഴി സ്വദേശിനിയായ വീട്ടമ്മ രമണിയുടെ പതിനായിരം രൂപ അടങ്ങിയ പഴ്സ് മോഷ്ടിച്ച് കടന്നു കളയുമ്പോഴാണ് ഇവർ കുടുങ്ങിയത്.തിരുനക്കര സ്റ്റാൻഡിൽ ബസ് ഇറങ്ങിയ യുവതി പോസ്റ്റ് ഓഫീസ് റോഡിൽവച്ചാണ് ഓട്ടോ ഡ്രൈവർ മനോജിൻ്റെ ഓട്ടോയിൽ കയറിയത്. മുന്നോട്ട് പോകട്ടെ എന്നു പറഞ്ഞതിനാൽ ചാലുകുന്ന് ഭാഗത്തേക്ക് പോയി.

കൈയിലുണ്ടായിരുന്ന വലിയ ബാഗിൽ അവർ എന്തോ തിരയുന്നതു കണ്ണാടിയിൽ കൂടി മനോജിൻ്റെ ശ്രദ്ധയിൽപ്പെട്ടു. ബാഗിനുള്ളിലെ പഴ്സിൽ നിന്നു പണം എടുത്ത ശേഷം കാലിയായ പഴ്സ് സീറ്റിൻ്റെ പിന്നിലേക്ക് ഇട്ടു. ഇതോടെ സംശയം തോന്നിയ മനോജ് അറുത്തൂട്ടിയിൽ ഓട്ടോ നിർത്തി. ഉടൻ തന്നെ യുവതി ഓട്ടോക്കൂലി കൊടുത്ത ശേഷം സമീപത്തെ കടയുടെ മുന്നിലേക്ക് പോയി. ഓട്ടോയിൽ കാലിയായ പഴ്സ് കണ്ടതോടെ മനോജ് ഉടൻ തന്നെ മറ്റുള്ളവരുടെ സഹായത്തോടെ ഇവരെ തടഞ്ഞുവയ്ക്കുകയായിരുന്നു.

തിരുനക്കര സ്റ്റാൻഡിലെ പൊലീസ് എയ്ഡ് പോസ്റ്റിലും ഓട്ടോസ്റ്റാൻഡിലും വിവരം അറിയിച്ചു. പിങ്ക് പൊലീസും സിവിൽ പൊലീസ് ഓഫീസർമാരും ചേർന്ന് യുവതിയെ പിടികൂടി വെസ്റ്റ് സ്റ്റേഷനിലേക്ക് മാറ്റി. ഇതേസമയം, പഴ്സ് നഷ്ടപ്പെട്ട രമണി പരാതിയുമായി എയ്ഡ് പോസ്റ്റിൽ എത്തിയിരുന്നു.

തുടർന്ന് രമണിയെ സ്റ്റേഷനിലെത്തിച്ച്  പഴ്സും പണവും തിരികെ നൽകി. ചിട്ടിക്ക് വേണ്ടി കരുതിയ പണമായിരുന്നുവെന്ന് രമണി പറയുന്നു. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ജ്യോതിയെ റിമാൻഡ് ചെയ്തു. മനോജിനെ വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തി എസ്എച്ച്ഒ എം.ജെ.അരുൺ മെമൻ്റോ നൽകി ആദരിച്ചു.

 Auto driver catches female thief accused of theft cases in 10 police stations

സഞ്ചാരികളുടെ വരവ് കുറഞ്ഞു: കുമരകത്തെ കായൽ ടൂറിസം പ്രതിസന്ധിയില്‍ #Kerala_Tourism


 കുമരകം:മുൻ വർഷങ്ങളെ അപേക്ഷിച്ച് ഈ വർഷം കുമരകത്ത് വിനോദസഞ്ചാരികളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായതായി ടൂറിസം മേഖല റിപ്പോർട്ട് ചെയ്തു. പ്രത്യേകിച്ച് ഉത്തരേന്ത്യയിൽ നിന്നുള്ള വിനോദസഞ്ചാരികളുടെ എണ്ണത്തിലുണ്ടായ കുറവ് കായൽ ടൂറിസത്തെ സാരമായി ബാധിച്ചു.

സാധാരണയായി നവംബർ മുതൽ ജനുവരി വരെ ഉത്തരേന്ത്യൻ വിനോദസഞ്ചാരികളും വിദേശ വിനോദസഞ്ചാരികളും ഒരുമിച്ച് എത്തുന്ന സമയത്ത് റിസോർട്ടുകളും ഹൗസ് ബോട്ടുകളും പൂർണ്ണമായും ബുക്ക് ചെയ്യപ്പെടും.

ഇത്തവണ ക്രിസ്മസ്, പുതുവത്സരം പോലുള്ള ഏറ്റവും തിരക്കേറിയ ദിവസങ്ങളിൽ പോലും പല റിസോർട്ടുകളിലും മുറികൾ ഒഴിഞ്ഞുകിടക്കുന്നു. ചില പ്രത്യേക ദിവസങ്ങൾ ഒഴികെ ഹൗസ് ബോട്ട് മേഖലയിലെ സേവനങ്ങളും വളരെ പരിമിതമാണ്.

സാധാരണയായി, ഈ കാലയളവിൽ, ശബരിമല ദർശനം കഴിഞ്ഞ് എത്തുന്ന അയ്യപ്പ ഭക്തരുടെ തിരക്ക് ഉണ്ടാകാറുണ്ടെങ്കിലും, ഇത്തവണയും ഇതും കുറവാണെന്ന് ടൂറിസം വിദഗ്ധർ പറയുന്നു. വിനോദസഞ്ചാരികളുടെ എണ്ണം കുറഞ്ഞതോടെ, ശിക്കാര ബോട്ടുകളും സ്പീഡ് ബോട്ടുകളും ഉപയോഗശൂന്യമായി കിടക്കുകയാണ്.

 ആഭ്യന്തര വിമാന ടിക്കറ്റുകളുടെ ഉയർന്ന നിരക്കുകളാണ് ഉത്തരേന്ത്യൻ സഞ്ചാരികൾ കേരളയാത്ര ഒഴിവാക്കാൻ കാരണമാകുന്നതെന്ന് ടൂറിസം മേഖലയിലെ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. ഇതോടെ കുമരകത്തെ വിനോദസഞ്ചാര മേഖല ഈ സീസണിൽ വലിയ പ്രതിസന്ധി നേരിടുകയാണ്.

 Kumarakom backwater tourism in crisis

ട്രെയിനിൽ യാത്ര, പിന്നെ മോഷണം: മാങ്ങാനം മോഷ്ടാക്കൾക്കായി വല വിരിച്ച് പോലീസ് #stealing


കോട്ടയം: നഗരത്തിലും പരിസര പ്രദേശങ്ങളിലും തുടർച്ചയായി നടക്കുന്ന മോഷണങ്ങളിലെ പ്രതികളിൽ ഭൂരിഭാഗവും അന്യ സംസ്ഥാനക്കാരാണ്. ട്രെയിനിൽ വന്ന് മോഷണം നടത്തിയ ശേഷം മടങ്ങുന്ന ഒരു ഉത്തരേന്ത്യൻ സംഘമാണിതെന്ന് കരുതുന്നു. ഇവരെ പിടികൂടാൻ പോലീസ് സംസ്ഥാനത്തിന് പുറത്തേക്ക് പോകാൻ തുടങ്ങുകയാണ്.

മാങ്ങാനത്തെ ഒരു വില്ലയിൽ അതിക്രമിച്ച് കയറി 50 പവന്‍ മോഷ്ടിച്ച സംഘത്തിലെ നേതാവ് അന്യ സംസ്ഥാനക്കാരനാണ്. കർണാടകയിൽ രജിസ്റ്റർ ചെയ്ത കവർച്ച കേസുകളിൽ പ്രതിയാണ് ഇയാൾ. കോട്ടയം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള 15 അംഗ പ്രത്യേക സംഘം കേസ് അന്വേഷിക്കുന്നത്. വെള്ളിയാഴ്ച രാത്രി 11 മണിയോടെയാണ് മോഷ്ടാക്കൾ പ്രദേശത്ത് എത്തിയതെന്ന് സിസിടിവിയിൽ നിന്ന് വ്യക്തമാണ്. നിരവധി ഫോൺ കോളുകൾ പരിശോധിച്ചെങ്കിലും സംശയാസ്പദമായ ഒന്നും കണ്ടെത്തിയില്ല.

ട്രെയിനിൽ വന്ന് മോഷണം നടത്തിയ ശേഷം മടങ്ങുന്ന ഒരു ഉത്തരേന്ത്യൻ സംഘമാണിതെന്ന് കരുതുന്നു. പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ പോലീസ് റെയിൽവേ പോലീസിന് കൈമാറി. വില്ല നമ്പർ 213, സ്കൈ ലൈൻ പാം മെഡോസ്, ആയുഷ് മന്ത്ര വെൽനസ് ക്ലിനിക് എന്നിവിടങ്ങളിലെ മോഷണത്തിന് പുറമേ, ആ ദിവസം മറ്റ് നാല് സ്ഥലങ്ങളിലും മോഷണശ്രമങ്ങൾ നടന്നു. സംഘത്തിൽ അഞ്ച് പേരാണുള്ളത്. അന്നമ്മയും മകൾ സ്നേഹ ഫിലിപ്പും താമസിക്കുന്ന വില്ലയിലെ കോട്ടേജ് നമ്പർ 21 ലാണ് മോഷണം നടന്നത്. സ്നേഹയുടെ ഭർത്താവ് വിദേശത്താണ്. എൺപത്തിനാലുകാരിയായ അന്നമ്മയ്ക്ക് സുഖമില്ലായിരുന്നു, ശനിയാഴ്ച രാവിലെ ആംബുലൻസ് വിളിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇരുവരും രാവിലെ തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്.

​​​

കോട്ടയം മെഡിക്കൽ കോളേജ് അപകടം: രക്ഷാപ്രവർത്തനം വൈകിയില്ല; റിപ്പോർട്ട് സമർപ്പിച്ച് കളക്ടർ #Building_collapsed

 

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിലുണ്ടായ അപകടത്തിൽ ജില്ലാ കളക്ടർ അന്വേഷണ റിപ്പോർട്ട്‌ സമർപ്പിച്ചു. ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്കാണ് കളക്ടർ റിപ്പോർട്ട്‌ നൽകിയത്.

 തിരുവനന്തപുരത്ത് നേരിട്ട് എത്തിയാണ് റിപ്പോർട്ട്‌ നൽകിയത്. എന്നാൽ അപകടത്തിൽ രക്ഷാപ്രവർത്തനം വൈകിയിട്ടില്ലെന്നാണ് അന്വേഷണ റിപ്പോർട്ടിലുള്ളത്. കെട്ടിടം തകർന്നുവീണ് മകൾക്ക് കൂട്ടിരിക്കാനെത്തിയ വീട്ടമ്മയായ ബിന്ദു മരിച്ചിരുന്നു. ഇത് വ്യാപകമായ പ്രതിഷേധങ്ങൾക്കാണ് വഴിവെച്ചത്. 

കെട്ടിടത്തിന്റെ ബലക്ഷയം സംബന്ധിച്ച് മുൻപ് ഔദ്യോഗിക റിപ്പോർട്ടുകൾ ഒന്നും ഇല്ലായിരുന്നുവെന്ന് ജോൺ വി സാമുവൽ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. സമഗ്ര റിപ്പോർട്ട്‌ ആണ് സമർപ്പിച്ചിരിക്കുന്നത്. സംഭവത്തിൽ ആരോഗ്യ മന്ത്രി വീണ ജോർജിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധം ശക്തമായതോടെ സർക്കാർ ആനുകൂല്യങ്ങളുൾപ്പെടെ പ്രഖ്യാപിച്ചിരുന്നു. മന്ത്രി വീണ ജോർജ് ബിന്ദുവിൻ്റെ വീട്ടിലെത്തി കുടുംബത്തിന് സഹായവും പ്രഖ്യാപിച്ചിരുന്നു. 

അതേസമയം, ഇന്നലെ ഇറങ്ങിയ ഐഎഎസ് സ്ഥലം മാറ്റ ഉത്തരവിൽ കോട്ടയം കളക്ടർ ജോൺ വി സാമുവലിനും മാറ്റമുണ്ട്. ജലഗതാഗത വകുപ്പ് ഡയറക്ടർ സ്ഥാനത്തേക്കാണ് മാറ്റിയിരിക്കുന്നത്. 

ജ്വല്ലറി ഉടമയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം; പ്രതി പിടിയിൽ #latest_news

 


പാലാ
: രാമപുരത്ത് ജ്വല്ലറി ഉടമയെ കടയിൽ കയറി തീകൊളുത്തി കൊല്ലാൻ ശ്രമിച്ച പ്രതി കസ്റ്റഡിയിൽ. രാമപുരം കണ്ണനാട്ട് ജ്വല്ലറി ഉടമ കണ്ണനാട്ട് കെ പി അശോകനാണ് (54) പൊള്ളലേറ്റത്. 85 ശതമാനം പൊള്ളലേറ്റ അശോകനെ ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപ്രത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തിൽ‌ തുളസീദാസ് എന്നയാളെ രാമപുരം പൊലീസ് കസ്റ്റഡിയിൽ എടുത്തു.

ശനിയാഴ്ച രാവിലെ 10.30 നാണ് സംഭവം. രാമപുരത്ത് കൺസ്ട്രക്ഷൻ ബിസിനസ് നടത്തിവരുന്ന പ്രതി അശോകൻ്റെ കെട്ടിടത്തിൽ സിമൻ്റ് വ്യാപാര സ്ഥാപനവും നടത്തിവരുന്നുണ്ട്. ഇരുവരും തമ്മിലുള്ള സാമ്പത്തിക ഇടപാട് സംബന്ധിച്ച തർക്കമാണ് സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരം. ഇതു സംബന്ധിച്ച് തർക്കങ്ങൾ നിലനിൽക്കേ ശനി രാവിലെ പെട്രോളുമായി ജ്വല്ലറിയിൽ എത്തിയ ഹരി അശോകനെ പെട്രോളൊഴിച്ച് തീ വയ്ക്കുകയായിരുന്നു.

സംഭവശേഷം സ്ഥലത്തുനിന്ന് ഓടി രക്ഷപെട്ട പ്രതി പിന്നീട് രാമപുരം പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങുകയായിരുന്നു. പൊള്ളലേറ്റയാളുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു

വളര്‍ത്തു പൂച്ചയുടെ കടിയേറ്റ് പെണ്‍കുട്ടി മരിച്ചു #Flash_News

 

 വളർത്തു പൂച്ചയുടെ മാന്തലേറ്റ് ചികിത്സയിലായിരുന്ന പെൺകുട്ടി മരിച്ചു. പത്തനംതിട്ട പന്തളം കടക്കാട് ഹന്ന ഫാത്തിമ(11) ആണ് മരിച്ചത്.

പൂച്ചയുടെ നഖം കൊണ്ട് കുട്ടിയുടെ ശരീരത്തില്‍ മുറിവേറ്റത് ഈ മാസം രണ്ടിനായിരുന്നു. പേവിഷബാധയാണോന്ന് വ്യക്തമായിട്ടില്ലെന്ന് ആരോഗ്യവിഭാഗം അറിയിച്ചു.

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രണ്ടാം ഡോസ് പ്രതിരോധ വാക്സിൻ എടുത്തതിന് പിന്നാലെ ആരോഗ്യ നില മോശമായതിനെ തുടർന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പന്തളം കടയ്‌ക്കാട് അഷറഫ് റാവുത്തർ -സജിന ദമ്ബതികളുടെ മകളാണ് ഹന്നാ ഫാത്തിമ.


ബിന്ദുവിന്റെ കുടുംബത്തിനെ ചേർത്തു പിടിച്ച് സർക്കാർ #Medical_college_Accident

 

തിരുവനന്തപുരം: കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിക്കെട്ടിടം തകര്‍ന്നുവീണു മരിച്ച  ബിന്ദുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. മകന് സര്‍ക്കാര്‍ ജോലിയും നല്‍കും. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റെതാണ് തീരുമാനം. 
കോട്ടയം മെഡിക്കല്‍ കോളേജ് ഫണ്ടില്‍നിന്ന് 50000 രൂപ പ്രാഥമിക ധനസഹായം നല്‍കിയ സര്‍ക്കാര്‍ മകന് താത്കാലിക ജോലി നല്‍കുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍ സ്ഥിര ജോലി വേണമെന്ന കുടുംബത്തിന്റെ ആവശ്യം പരിഗണിച്ചാണ് ഇപ്പോള്‍ മന്ത്രിസഭ ഇതു സംബന്ധിച്ച് തീരുമാനം എടുത്തിരിക്കുന്നത്. മകളുടെ ചികിത്സയും മന്ത്രിമാര്‍ ഉറപ്പ് നല്‍കിയിരുന്നു.


കോട്ടയം മെഡിക്കല്‍ കോളേജ് അപകടം; ബിന്ദുവിന്റെ സ്വപ്ന ഭവനത്തിന് കൈതാങ്ങായി സർക്കാർ #kottayam_medical_college_Accident

 

കോട്ടയം മെഡിക്കല്‍ കോളജിലെ ഉപേക്ഷിച്ച കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ച ബിന്ദുവിന്റെ വീട് സന്ദര്‍ശിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. വീട്ടിലെത്തി മന്ത്രി കുടുംബാംഗങ്ങളുമായി സംസാരിച്ചു. വീടിന്റെ നിര്‍മാണം ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ എന്‍എസ്എസ് യൂണിറ്റ് എടുത്തത് കുടുംബത്തെ നേരിട്ടറിയിച്ചെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

വീട് നിര്‍മാണത്തിനായി 12,80000 തുക സര്‍ക്കാര്‍ കൈമാറും. NSS ന്റെ സംസ്ഥാന കോര്‍ഡിനേറ്ററും MG യൂണിവേഴ്‌സിറ്റിയിലെ NSS കോര്‍ഡിനേറ്ററും സ്ഥലം MLA സി. കെ ആശയും ചേര്‍ന്ന് വീട് പണിയുടെ മേല്‍നോട്ടം നടത്തും.50 ദിവസത്തിനകം ജോലി പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.


കോട്ടയം മെഡിക്കൽ കോളേജ് അപകടം; രക്ഷാപ്രവർത്തനങ്ങളിൽ കാലതാമസം ഉണ്ടായിട്ടില്ലെന്ന് മന്ത്രി വി.എൻ. വാസവൻ #Building_collapse



 

 

 കോട്ടയം മെഡിക്കൽ കോളേജിലെ പഴയ കെട്ടിടം തകർന്ന അപകടം നിർഭാഗ്യകരമാണെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. സംഭവത്തെക്കുറിച്ച് അറിയിച്ചയുടൻ തന്നെ  സ്ഥലത്തെത്തി. രക്ഷാപ്രവർത്തനങ്ങളിൽ കാലതാമസം ഉണ്ടായിട്ടില്ലെന്നും മന്ത്രി പറഞ്ഞു. തകർന്ന കെട്ടിടത്തിന് 68 വർഷം പഴക്കമുണ്ടെന്നും മന്ത്രി പറഞ്ഞു.

രക്ഷാപ്രവർത്തനങ്ങൾക്കായി മണ്ണ് മാന്തി യന്ത്രം കൊണ്ടുവരാൻ ഒരു കെട്ടിടം പൊളിച്ചുമാറ്റണം. ഇപ്പോൾ ഒരു കെട്ടിടം നിർമ്മിക്കുമ്പോൾ, ആവശ്യമായ സംവിധാനം ക്രമീകരിക്കണം. രക്ഷാപ്രവർത്തനങ്ങൾക്കായി യന്ത്രം കൊണ്ടുവരുന്നതിൽ പ്രായോഗിക ബുദ്ധിമുട്ടുണ്ടായിരുന്നു. മണ്ണ് നീക്കം ചെയ്ത് വേഗത്തിൽ പരിശോധിക്കാൻ നിർദ്ദേശം നൽകി. വിഷയം മറ്റൊരു തരത്തിൽ വ്യാഖ്യാനിക്കരുത്. മെഡിക്കൽ കോളേജിനെ ആക്ഷേപിച്ച്  നശിപ്പിക്കാൻ ശ്രമിക്കരുതെന്ന് മന്ത്രി പറഞ്ഞു.  

കോട്ടയം മെഡിക്കല്‍ കോളേജ് അപകടം: തീരാനോവായി ബിന്ദു #kottayam_MC_Building_collapse




 

 


 കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജില്‍ അടച്ചിട്ട വാര്‍ഡിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണപകടത്തിൽ തലയോലപ്പറമ്പ് സ്വദേശി ബിന്ദു തീരാനോവായി. ബിന്ദുവിനെ   കാണാനില്ലെന്നാരോപിച്ച് ഭര്‍ത്താവാണ്  കൊടുത്ത പരാതിയിൽ മേലാണ് അന്വേഷണം തുടങ്ങിയത്.    

കുളിക്കാന്‍ പോയതിനാല്‍ ബിന്ദു ഫോണ്‍ കയ്യില്‍ കരുതിയില്ലെന്നും ഭര്‍ത്താവ് വിശ്രുതന്‍ പറയുന്നു. 13ാം വാര്‍ഡിലെ രോഗിയുടെ കൂട്ടിരിപ്പുകാരിയാണ് ബിന്ദു. 13, 14 വാര്‍ഡിലുള്ളവര്‍ 14-ാം വാര്‍ഡിലാണ് പ്രാഥമിക കൃത്യങ്ങള്‍ക്കായി പോകുന്നതെന്നും ഇവര്‍ പറയുന്നു. കാഷ്യാലിറ്റിയില്‍ അടക്കം തെരച്ചില്‍ നടത്തിയിട്ടും ബിന്ദുവിനെ കണ്ടുകിട്ടാതെ വന്നതോടെയാണ് ബിന്ദു അപകടത്തിൽപെട്ടന്നു സംശയം ഉയർന്നത്.    14-ാം വാര്‍ഡിന്റെ ഒരു കെട്ടിടമാണ് ഇടിഞ്ഞുവീണത്. കൈവരികളും ചുമരുമാണ് ഇടിഞ്ഞുവീണത്. ആശുപത്രിയുടെ പഴയ കെട്ടിടമാണ്.


കലുങ്കിനടിയിൽ കുരുങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തി #latest_news

 


 


 കോട്ടയം: കോട്ടയത്ത് കലുങ്കിനടിയിൽ കുരുങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തി. തിടനാടിന് സമീപം മൂന്നാംതോട് കുരിശുപള്ളി ചിറ്റാറ്റിൻകര റോഡിലെ തോടിനോട് ചേർന്നുള്ള കലുങ്കിനടിയിലാണ് മൃതദേഹം കണ്ടെത്തിയത്.

 മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കമുണ്ട്. പാലക്കാട് സ്വദേശിയായ ലക്ഷ്മണന്റെ മൃതദേഹമാണെന്നാണ് പ്രാഥമിക നിഗമനം. ഇയാൾ കലുങ്കിലിരുന്നു മദ്യപിക്കേ മറിഞ്ഞു വീണതാകാമെന്നാണ് സംശയം. പോലീസ് സംഭവ സ്ഥല ത്തേതിയിട്ടുണ്ട്.    

കുടിവെള്ളപദ്ധതിയുടെ കിണർ ഇടിഞ്ഞ് തൊഴിലാളി മണ്ണിനടിയിൽപ്പെട്ടു; രക്ഷാപ്രവത്തനം തുടരുന്നു #Kottayam

കോട്ടയം പാലായിൽ ആഴം കൂട്ടുന്നതിനിടെ കിണർ ഇടിഞ്ഞ് തൊഴിലാളി മണ്ണിനടിയിൽപ്പെട്ടു. പാലാ വിളക്കുംമരുതിൽ കുടിവെള്ളപദ്ധതിയുടെ കിണറിന് ആഴം കുട്ടുന്നതിനിടെയാണ് അപകടമുണ്ടായത്. തമിഴ്നാട് കമ്പം സ്വദേശിയായ രാമനാണ് മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നത്. തമിഴ്നാട് സ്വദേശികളായ നാല് തൊഴിലാളികളാണ് ജോലിയിൽ ഏർപ്പെട്ടിരുന്നത്. മൂന്ന് പേരെ രക്ഷപെടുത്തി. പാലായിൽ നിന്നുള്ള അ​ഗ്നി രക്ഷാ സേന സ്ഥലത്തെത്തി രക്ഷാപ്രവത്തനം നടത്തി വരികയാണ്. കിണർ ഇടിഞ്ഞ് വെള്ളവും മണ്ണും കുഴഞ്ഞ് ചെളി രൂപപ്പെട്ട നിലയിലാണ്. മോട്ടോർ പമ്പ് ഉപയോഗിച്ച് വെള്ളം വറ്റിക്കുന്നുണ്ട്. കിണറിന് സമീപത്ത് ജെസിബി ഉപയോഗിച്ച് കാന വെട്ടി വെള്ളവും ചെളിയും നീക്കം ചെയ്യാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. പാലാക്കാട് വട്ടോത്ത്ഭാഗം കുടിവെള്ള പദ്ധതിയുടെ കിണറാണ് ഇടിഞ്ഞത്. ബുധൻ പകൽ 12നാണ് സംഭവം. 20 അടിയോളം താഴ്ച്ചയുള്ള കിണർ ജില്ലാ പഞ്ചായത്ത് ഫണ്ട് ചിലവഴിച്ച് ആഴം കൂട്ടുന്നതിനിടെയാണ് അപകടം. രാമപുരം സ്വദേശി കരാർ എടുത്ത പദ്ധതി ഉപകരാർ എടുത്തയാളുടെ തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്.

ട്രെയിനില്‍ വിദേശവനിതയ്ക്ക് നേരേ ലൈംഗികാതിക്രമം... #Crime_News

 


 തീവണ്ടിയില്‍ വിദേശ വനിതയ്ക്ക് നേരേ ലൈംഗികാതിക്രമം. പുണെ-കന്യാകുമാരി എക്‌സ്പ്രസിലാണ് വിദേശവനിതയ്ക്ക് നേരേ അതിക്രമമുണ്ടായത്.

സംഭവത്തില്‍ തീവണ്ടിയിലെ പാന്‍ട്രി ജീവനക്കാരനെ റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശ് ബിന്‍ദ് സ്വദേശിയായ ഇന്ദ്രപാല്‍ സിങ്ങി(40)നെയാണ് കോട്ടയം റെയില്‍വേ പോലീസ് പിടികൂടിയത്.

പാറക്കുളത്തില്‍ ചൂണ്ടയിടുന്നതിനിടെ കാല്‍ വഴുതിവീണു; രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം... #Obituary

 


കോട്ടയം ചങ്ങനാശേരി തൃക്കൊടിത്താനത്ത് രണ്ട് കുട്ടികൾ കുളത്തിൽ മുങ്ങി മരിച്ചു. ചൂണ്ടയിടുന്നതിനിടെയാണ് കുട്ടികൾ കുളത്തിൽവീണത്. ചൂണ്ടയിടുന്നതിനിടെ ഒരാൾ കാൽ വഴുതി കുളത്തിൽ വീഴുകയും രക്ഷിക്കാൻ ശ്രമിക്കവേ രണ്ടാമത്തെ കുട്ടിയും വെള്ളത്തിൽ വീഴുകയായിരുന്നു.

മാടപ്പള്ളി പൊൻപുഴക്കുന്നിൽ താമസിക്കുന്ന ആദർശ്, അഭിനവ് എന്നിവരാണ് മരിച്ചത്. ശനിയാഴ്ച ചെമ്പുംപുറത്ത് പാറക്കുളത്തിൽ വീണായിരുന്നു അപകടം. അഭിനവ് ആറാം ക്ലാസ് വിദ്യാർഥിയാണ്. ആദർശ് പത്താം ക്ലാസിലും. ചങ്ങനാശ്ശേരി ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിൽ മൃതദേഹങ്ങൾ പാറക്കുളത്തിൽനിന്ന് പുറത്തെടുത്തു. മൃതദേഹങ്ങൾ ചങ്ങനാശ്ശേരി ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

ഗൂഗിൾ മാപ്പ് നോക്കി സഞ്ചരിച്ച കാര്‍ തോട്ടില്‍ വീണു ...... #Accident


 കോട്ടയം കുറുപ്പന്തറയിൽ ഗൂഗിൾ മാപ്പ് നോക്കി യാത്ര ചെയ്ത സംഘം സഞ്ചരിച്ച കാർ തോട്ടിൽ വീണു. ഹൈദരാബാദ് സ്വദേശികളായ സംഘം സഞ്ചരിച്ച കാറാണ് തോട്ടിൽ വീണത്. കുറുപ്പന്തറ കടവ് പാലത്തിന് സമീപത്ത് വെച്ചാണ് സംഭവമുണ്ടായത്.യാത്രക്കാരെ പൊലീസും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി. കാർ പൂർണമായും തോട്ടിൽ മുങ്ങിപ്പോയി.

പുലർച്ചെ മൂന്നുമണിയോടെയാണ് അപകടമുണ്ടായത്. മൂന്നാറിൽ നിന്നും കുമരകം വഴി ആലപ്പുഴയ്ക്ക് പോകാൻ എത്തിയതായിരുന്നു ഹൈദരാബാദ് സ്വദേശികളായ 4 വിദ്യാർത്ഥികൾ . മാഞ്ഞൂർ കവല വഴി കുറുപ്പന്തറ കടവിന് സമീപം എത്തിയപ്പോൾ വഴിമാറി തോട്ടിലേക്ക് കാർ മറിയുകയായിരുന്നു . തോട്ടിലെ ശക്തമായ ഒഴുക്കിൽ വാഹനം പെട്ടതോടെ ഡിക്കി തുറന്നു നാലുപേരും രക്ഷപ്പെട്ടു. ഗൂഗിൾ മാപ്പ് നോക്കിയാണ് ഇവർ സഞ്ചരിച്ചത് .എന്നാൽ കുറുപ്പുംതറ കടവിന് സമീപത്തെ വളവിൽ ദിശ ബോർഡുകൾ ഇല്ലാതിരുന്നതാണ് തിരിച്ചടിയായത് .മണിക്കൂറുകൾ നീണ്ട നാട്ടുകാരുടെ പരിശ്രമത്തിന് ഒടുവിലാണ് വാഹനം കരയ്ക്ക് കയറ്റിയത്. സമാനമായ അപകടങ്ങൾ സ്ഥിരമായി നടക്കുന്നത് പ്രതിഷേധത്തിന് ഇടയാക്കി .

ഹൈദരാബാദിൽ എംബിബിഎന്നും ബി ബി എയും പഠിക്കുന്ന വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടത്. കടുത്തുരുത്തി പോലീസ് എത്തി തുടർനടപടികൾ സ്വീകരിച്ചു.
ദിശ ബോർഡുകൾ സ്ഥാപിക്കുന്നതിന് അടക്കം ഉടനടി നടപടി സ്വീകരിക്കുമെന്ന് സ്ഥലത്തെത്തിയ എംപി തോമസ് ചാഴികാടൻ പറഞ്ഞു .

പക്ഷിപ്പനി രൂക്ഷം ; ഇറച്ചിയുടെയും മുട്ടയുടെയും ഉപയോഗത്തില്‍ നിയന്ത്രണം.... #Bird_Flu

 


കോട്ടയം മണർക്കാട് പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.
ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പക്ഷികളെ ദയാവധം ചെയ്തു സംസ്‌ക്കരിക്കും.
കോഴി, താറാവ്, കാട എന്നിവയുടെ മുട്ട, ഇറച്ചി, വളം തുടങ്ങിയവയുടെ വിൽപനയ്ക്കും കടത്തലിനും നിരോധനം ഏർപ്പെടുത്തി.

മണർകാട് പഞ്ചായത്തിലെ 12,13,14 വാർഡുകളിലും പുതുപ്പള്ളി പഞ്ചായത്തിലെ രണ്ട്, മൂന്ന് വാർഡുകളിലും നിയന്ത്രണമുണ്ട് . കൂടാതെ 1 കിലോമീറ്റർ മുതൽ 10 കിലോമീറ്റർ വരെയുള്ള ചുറ്റളവ് നിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചിട്ടുണ്ട്.

കൂടാതെ മൃഗസംരക്ഷണ വകുപ്പ്, തദ്ദേശസ്വയംഭരണം, റവന്യൂ, പൊലീസ്, വനം, ആരോഗ്യം, അഗ്‌നിരക്ഷാ സേന, മോട്ടോർവാഹന വകുപ്പ് എന്നീ വകുപ്പുകളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ഏകോപിപ്പിച്ചുള്ള പ്രവർത്തനത്തിന് ജില്ലാ കളക്ടർ നിർദേശം നൽകി.

വെന്തുരുകി കേരളം ; രണ്ടാഴ്ചയ്ക്കിടെ സൂര്യാതാപമേറ്റത് ഇരുപതിലേറെപ്പേര്‍ക്ക്... #HeatWave


 കൊടും ചൂടിൽ വെന്തുരുകി കൊല്ലത്തിൻ്റെ കിഴക്കൻ മേഖല . രണ്ടാഴ്ചയ്ക്കിടെ പുനലൂരിൽ മാത്രം 20ലധികം പേർക്കാണ് സൂര്യതാപമേറ്റത് ചൂടിനെ തുടർന്ന് പുനലൂർ അടഞ്ഞ ഇടങ്ങളിൽ വോട്ടിങ് ശതമാനം കുറവാണെന്നാണ് വിലയിരുത്തൽ. കൊടുംചൂടിൽ പുനലൂരിൻ്റെ പ്രത്യേക കാലാവസ്ഥയെക്കുറിച്ച് പഠിക്കാൻ സർക്കാർ ഏജൻസികൾ ഒന്നും ചെയ്യുന്നില്ലെന്ന് ആക്ഷേപമുണ്ട്. 

കൊല്ലം ഉൾപ്പെടെ മൂന്ന് ജില്ലകളിൽ ഇന്ന് ഉഷ്ണ തരംഗ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഉഷ്ണതരംഗ സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. തുടര്‍ച്ചയായ ദിവസങ്ങളില്‍ അതിതീവ്രമായ ചൂട് രേഖപ്പെടുത്തിയതിന്റേയും താപനില ഉയരുമെന്ന് മുന്നറിയിപ്പിന്റെയും അടിസ്ഥാനത്തിലാണ് ഉഷ്ണതരംഗ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്.

ഇന്നലെ പാലക്കാട്ട് ഉഷ്ണതരംഗം സ്ഥിരീകരിച്ചു. റെക്കോർഡ് ചൂടാണ് രേഖപ്പെടുത്തിയത്. 41.4 ഡിഗ്രി സെൽഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയത്. ഉഷ്ണതരംഗം അതീവ ജാഗ്രത വേണ്ട സാഹചര്യമാണ്.പൊതുജനങ്ങളും ഭരണ ഭരണേതര സംവിധാനങ്ങളും വേണ്ട ജാഗ്രത പാലിക്കണം. സൂര്യാഘാതവും സൂര്യാതപവും ഏല്‍ക്കാന്‍ സാധ്യത കൂടുതലാണ്. സൂര്യാഘാതം മരണത്തിലേക്ക് വരെ നയിച്ചേക്കാം.

മെഡിക്കല്‍ കോളജിലെ പത്താമത്തെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരം... #KeralatStory


കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ പത്താമത്തെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടന്നു. മസ്തിഷ്‌ക മരണം സംഭവിച്ച തമിഴ്‌നാട് കന്യാകുമാരി സ്വദേശി എം. രാജയുടെ (38) ഹൃദയമാണ് ആലപ്പുഴ സ്വദേശിയായ 26കാരന് മാറ്റിവെച്ചത്. മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ജയകുമാറിന്റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടത്തിയത്. രാജയുടെ അവയവങ്ങൾ ദാനം ചെയ്ത ബന്ധുക്കളെ ആരോഗ്യമന്ത്രി വീണാ ജോർജ് ആദരിച്ചു. ഒപ്പം ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയ മുഴുവൻ സംഘത്തെയും മന്ത്രി അഭിനന്ദിച്ചു.

തലയ്ക്കുള്ളിൽ രക്തസ്രാവമുണ്ടായതിനെ തുടർന്ന് ഡ്രൈവറായ രാജയെ വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ വിദഗ്ധ ചികിത്സ നല്‍കിയെങ്കിലും കഴിഞ്ഞ ദിവസം മസ്തിഷ്‌ക മരണമടയുകയായിരുന്നു.അവയവദാനത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് അറിഞ്ഞ ബന്ധുക്കൾ അവയവദാനത്തിന് തയ്യാറായി. ഹൃദയവും കരളും 2 വൃക്കകളും ദാനം ചെയ്തു.

കോട്ടയത്ത് #KSRTC സ്റ്റാൻഡിൽ ബോംബ് ഭീഷണി, വലഞ്ഞ് യാത്രക്കാർ

കോട്ടയം : പാലാ കൊട്ടാരമാറ്റം കെഎസ്ആർടിസി സ്റ്റാൻഡിൽ ഒന്നിലധികം സ്ഥലങ്ങളിൽ ബോംബുകൾ സ്ഥാപിക്കുമെന്ന് ഭീഷണി.  ഇന്ന് രാവിലെയാണ് കത്ത് കോട്ടയത്തെ സ്റ്റേഷൻ മാസ്റ്ററുടെ ഓഫീസിൽ എത്തിച്ചത്.  തുടർന്ന് വിവരമറിഞ്ഞെത്തിയ അധികൃതർ കത്ത് കോട്ടയം വെസ്റ്റ് പൊലീസിന് കൈമാറി.  കത്ത് ലഭിച്ചതോടെ ജീവനക്കാർ ഉൾപ്പെടെയുള്ളവർ പരിഭ്രാന്തരായി.  കത്ത് ലഭിച്ചിട്ടുണ്ടെന്നും ഒന്നിലധികം സ്ഥലങ്ങളിൽ ബോംബുകൾ സ്ഥാപിക്കുമെന്നും ഡിപ്പോ അധികൃതർ ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസറെ അറിയിച്ചു.  കത്ത് കോട്ടയം വെസ്റ്റ് പോലീസിന് കൈമാറിയിട്ടുണ്ട്.

  ആദ്യ കത്ത് കണ്ടെത്തി നിമിഷങ്ങൾക്കകം മറ്റൊരു കത്ത് കണ്ടെത്തി.  ഈ രണ്ട് കത്തുകളും പോലീസിന് കൈമാറി.  രണ്ടിടത്തും പാലാ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് ബോംബ് വെച്ച് തകർക്കുമെന്ന് ഭീഷണിയുണ്ട്.

  കഴിഞ്ഞ ദിവസമാണ് പാലായിൽ ഉപേക്ഷിച്ച നിലയിൽ സ്‌ഫോടകവസ്തുക്കൾ കണ്ടെത്തിയത്.  കാർമൽ ജംക്‌ഷനു സമീപം മഠം റോഡരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ മൂന്ന് വെടിക്കോപ്പുകളും 35 ഓളം പശയും കണ്ടെത്തി.  റോഡ് വൃത്തിയാക്കാനെത്തിയ തൊഴിലാളികളാണ് ഇത് കണ്ടത്.  ഉടൻ പാലാ പോലീസിൽ വിവരമറിയിച്ചു.

STUDENTS MISSING FROM #THRISSUR : ആനപ്പാപ്പന്മാരാകണം, ഞങ്ങളെ തിരഞ്ഞു വരേണ്ട ; കത്ത് എഴുതിവച്ച്‌ നാട് വിട്ട് മൂന്ന് സ്ക്കൂൾ വിദ്യാർഥികൾ.

ആനപാപ്പാന്‍മാരാകണം, ഇതിനായി കോട്ടയത്തേക്ക് പോകുന്നുവെന്ന് കത്തെഴുതി വെച്ച് മൂന്ന് വിദ്യാര്‍ത്ഥികള്‍ നാടുവിട്ടു. തൃശൂര്‍ കുന്നംകുളം പഴഞ്ഞി ഗവണ്‍മെന്റ് സ്‌കൂളിലെ മൂന്ന് വിദ്യാര്‍ത്ഥികളാണ് കത്തെഴുതിവച്ച് നാട് വിട്ടത്. ആനപാപ്പാന്‍മാരാകണമെന്നാണ് ആഗ്രഹമെന്നും അതിനായി കോട്ടയത്തേക്ക് പോകുകയാണെന്നുമാണ് കത്തില്‍ കുട്ടികള്‍ എഴുതിയിരിക്കുന്നത്. പൊലീസ് തപ്പിവരേണ്ടെന്നും കത്തില്‍ കുട്ടികള്‍ എഴുതിയിട്ടുണ്ട്.
ആനപ്പാപ്പാന്‍ ആകാന്‍ പോകുകയാണ്. ഞങ്ങളെ തപ്പി പൊലീസ് വരേണ്ട. മാസത്തിലൊരിക്കല്‍ ഞങ്ങള്‍ വീട്ടില്‍ വരാം. ഇതാണ് കത്തില്‍ എഴുതിയിരിക്കുന്നത്.
വിദ്യാര്‍ത്ഥികള്‍ ക്ലാസ് കഴിഞ്ഞ ശേഷം വീട്ടില്‍ നിന്ന് ട്യൂഷനായി പോവുകയാണെന്ന് പറഞ്ഞാണ് ഇറങ്ങിയത്. കുട്ടികള്‍ കുന്നംകുളം ബസ് സ്റ്റാന്‍ഡില്‍ നിന്ന് തൃശൂര്‍ ഭാഗത്തേക്ക് ബസ് കയറി പോകുന്നത് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0