മെഡിക്കല്‍ കോളജിലെ പത്താമത്തെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരം... #KeralatStory
By
News Desk
on
ഏപ്രിൽ 25, 2024
കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ പത്താമത്തെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടന്നു. മസ്തിഷ്‌ക മരണം സംഭവിച്ച തമിഴ്‌നാട് കന്യാകുമാരി സ്വദേശി എം. രാജയുടെ (38) ഹൃദയമാണ് ആലപ്പുഴ സ്വദേശിയായ 26കാരന് മാറ്റിവെച്ചത്. മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ജയകുമാറിന്റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടത്തിയത്. രാജയുടെ അവയവങ്ങൾ ദാനം ചെയ്ത ബന്ധുക്കളെ ആരോഗ്യമന്ത്രി വീണാ ജോർജ് ആദരിച്ചു. ഒപ്പം ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയ മുഴുവൻ സംഘത്തെയും മന്ത്രി അഭിനന്ദിച്ചു.
തലയ്ക്കുള്ളിൽ രക്തസ്രാവമുണ്ടായതിനെ തുടർന്ന് ഡ്രൈവറായ രാജയെ വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ വിദഗ്ധ ചികിത്സ നല്‍കിയെങ്കിലും കഴിഞ്ഞ ദിവസം മസ്തിഷ്‌ക മരണമടയുകയായിരുന്നു.അവയവദാനത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് അറിഞ്ഞ ബന്ധുക്കൾ അവയവദാനത്തിന് തയ്യാറായി. ഹൃദയവും കരളും 2 വൃക്കകളും ദാനം ചെയ്തു.