Bird Flu എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Bird Flu എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

പക്ഷിപ്പനി, ഓണം വെജിറ്റേറിയനാകും ; ഈ ജില്ലകളിൽ ഇനി നാല് മാസത്തേക്ക് കോഴികളെയും താറാവുകളെയും വളർത്തുന്നത് കുറ്റകരം..#Bird-Flu

തിരുവനന്തപുരം : പക്ഷിപ്പനിയുടെ പശ്ചാത്തലത്തിൽ നാല് ജില്ലകളിൽ കോഴി-താറാവ് വളർത്തലിന് നിരോധനം ഏർപ്പെടുത്തി സർക്കാർ ഗസറ്റ് വിജ്ഞാപനം.   ഡിസംബർ 31 വരെ നാല് മാസത്തേക്കാണ് നിരോധനം.

ആലപ്പുഴ ജില്ലയിൽ കോഴി-താറാവ് വളർത്തലിന് സമ്പൂർണ നിരോധനം ഏർപ്പെടുത്തി.   കൂടാതെ, കോട്ടയം ജില്ലയിലെ പത്തനംതിട്ട, വൈക്കം ചങ്ങനാശേരി താലൂക്കുകളിലെ 10 ഗ്രാമപഞ്ചായത്തുകളിലും രണ്ട് മുനിസിപ്പാലിറ്റികളിലും എറണാകുളത്ത് നാല് പഞ്ചായത്തുകളിലും നിരോധനാജ്ഞ ഏർപ്പെടുത്തിയിട്ടുണ്ട്.   ഇവിടങ്ങളിൽ കോഴികളെയും താറാവുകളെയും വളർത്തുകയോ മുട്ട വിതരണം ചെയ്യുകയോ ചെയ്യരുതെന്നാണ് നിർദേശം.   ആനിമൽ ഡിസീസ് പ്രിവൻഷൻ ആൻഡ് കൺട്രോൾ ആക്ട്, 2009 പ്രകാരമാണ് വിജ്ഞാപനം.
  വിജ്ഞാപനം പ്രദേശത്തെ ചെറുകിട കർഷകരെ ബാധിക്കും.
  പക്ഷിപ്പനിയുടെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കിയതോടെ കുട്ടനാട്ടിലെ താറാവ് കർഷകർ പ്രതിസന്ധിയിൽ.   ഈ വർഷം പക്ഷിപ്പനി ബാധിച്ച് ജില്ലയിൽ താറാവും കോഴിയും ഉൾപ്പെടെ ഒന്നരലക്ഷത്തിലധികം പക്ഷികളെയാണ് കൊല്ലേണ്ടി വന്നത്.   2.64 കോടിയുടെ നഷ്ടം കണക്കാക്കുന്നു.   എന്നാൽ പക്ഷിപ്പനി മാറിയതോടെ ദുരിതങ്ങൾ അവസാനിച്ചെന്നാണ് കർഷകർ കരുതിയത്.   ഓണക്കാലമെത്തിയതോടെ പുതിയ നിരോധനം ഏർപ്പെടുത്തി സർക്കാർ ഇറക്കിയ ഉത്തരവ് കർഷകർക്ക് തിരിച്ചടിയായി.

  പക്ഷിപ്പനി നിയന്ത്രിക്കാൻ സാധാരണയായി മൂന്ന് മാസമെടുക്കും.  അതനുസരിച്ച്, ജൂണിൽ പക്ഷിപ്പനി ഉണ്ടായ സ്ഥലങ്ങളിൽ സെപ്തംബറോടെ കോഴിവളർത്തൽ പുനരാരംഭിക്കാനാകും.   എന്നാൽ നോട്ട് നിരോധനം വന്നതോടെ ഇനി നാല് മാസത്തേക്ക് വരുമാനം ഉണ്ടാകില്ല.

പക്ഷിപ്പനി: കർഷകർ കടക്കെണിയിലേക്ക്... #Birdflu

 

 

 പക്ഷിപ്പനി നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കോഴി, താറാവ്, കാട എന്നിവ വളർത്തുന്നതിനും വിൽക്കുന്നതിനും നിരോധനമേർപ്പെടുത്തി സർക്കാർ പുറത്തിറക്കിയ ഉത്തരവ് കർഷകർക്കു തിരിച്ചടിയായി. വായ്പയെടുത്ത് കോഴി-താറാവ് വളർത്തൽ തുടങ്ങിയവരെല്ലാം കടക്കെണിയിലായിരിക്കുകയാണ്. ഭൂരിഭാഗം പേരുടെയും വായ്പത്തിരിച്ചടവ് മുടങ്ങി. സെപ്റ്റംബർ ആദ്യവാരത്തോടെ പക്ഷിപ്പനിബാധിത മേഖകളിൽ കോഴി, താറാവു വളർത്തൽ പുനരാരംഭിക്കാനാകുമെന്ന പ്രതീക്ഷയിലിരിക്കേയാണ് സർക്കാർ ഉത്തരവെത്തിയത്.

പക്ഷിപ്പനി പിടിപെടുമ്പോൾ സാധാരണ മൂന്നുമാസമാണ് നിയന്ത്രണം വരാറുള്ളത്. അതനുസരിച്ച് ജൂണിൽ പക്ഷിപ്പനി വന്ന ഇടങ്ങളിൽ സെപ്റ്റംബറോടെ പക്ഷിവളർത്തൽ പുനരാരംഭിക്കാൻ കഴിയുമായിരുന്നു. എന്നാൽ, നിരോധനം വന്നതോടെ ഇനി നാലുമാസത്തേക്കുകൂടി വരുമാനമില്ലാത്ത അവസ്ഥയാകും. 2025 മാർച്ചുവരെ പക്ഷിവളർത്തൽ നിരോധിക്കണമെന്ന്‌ ജൂലായിൽ വിദഗ്‌ധസമിതി സർക്കാരിനു റിപ്പോർട്ടു നൽകിയിരുന്നു. എന്നാൽ, ഇതുസംബന്ധിച്ച ഉത്തരവ് മാസങ്ങൾ കഴിഞ്ഞിട്ടും ഇറങ്ങാത്തതിനാൽ കർഷകരിൽ ചിലർ കോഴി-താറാവ് വളർത്തൽ പുനരാരംഭിച്ചിരുന്നു. ഇതിനിടെയാണ് കർഷകരെ ഞെട്ടിച്ച് സർക്കാർ ഗസറ്റ് വിജ്ഞാപനമിറക്കിയത്.

പക്ഷിപ്പനിയെത്തുടർന്ന് താറാവും കോഴിയുമുൾപ്പെടെ ജില്ലയിൽ ഒന്നരലക്ഷത്തിലേറെ പക്ഷികൾ നഷ്ടമായിരുന്നു. 2.64 കോടി രൂപ നഷ്ടപരിഹാരവും കണക്കാക്കി. എന്നാൽ, നിരോധനം ഏർപ്പെടുത്തിയിറക്കിയ ഉത്തരവിൽ ഇതേപ്പറ്റി പറഞ്ഞിട്ടില്ല. ഹാച്ചറികളിൽ ഇപ്പോഴുള്ള മുട്ട ശാസ്ത്രീയമായി നശിപ്പിക്കുന്നതിന് അഞ്ചുരൂപ നഷ്ടപരിഹാരം നൽകുമെന്നു മാത്രമാണ് പരാമർശം. മാസങ്ങളായി വരുമാനമില്ലാത്ത കർഷകരെ അവഗണിച്ചെന്നാണു പരാതി.

പക്ഷിപ്പനി വരുന്നത് ദേശാടനപ്പക്ഷികൾ വഴി... #Bird_Flu

 


പക്ഷിപ്പനി വ്യാപനം നിയന്ത്രിക്കാൻ കുറച്ചുകാലത്തേക്ക് പക്ഷിവളർത്തൽ നിരോധിക്കാനുള്ള നീക്കം പ്രായോഗികമല്ലെന്ന് കേന്ദ്രസംഘം ജില്ലാഭരണകൂടത്തെ അറിയിച്ചു. ദേശാടനപ്പക്ഷികൾ വഴിയാണ് പക്ഷിപ്പനി വരുന്നത്. എല്ലാവർഷവും രോഗം പടരാനുള്ള സാധ്യതയുമുണ്ട്. അതുകൊണ്ടുതന്നെ നിശ്ചിതകാലത്തേക്ക് നിരോധനം ഏർപ്പെടുത്തുന്നതിൽ കാര്യമില്ലെന്നാണ് അവരുടെ നിരീക്ഷണം. തന്നെയുമല്ല, ലോകത്ത് ഒരിടത്തും അത്തരം രീതി സ്വീകരിച്ചിട്ടില്ലെന്നും അവർ കളക്ടറെ അറിയിച്ചിട്ടുണ്ട്.

സംസ്ഥാന മൃഗസംരക്ഷണവകുപ്പ് പക്ഷിവളർത്തൽ നിരോധനത്തിൽനിന്ന് പൂർണമായും പിന്നോട്ടുപോയിട്ടില്ലെന്നാണ് വിവരം. സംസ്ഥാനം നിയോഗിച്ച വിദഗ്ധ സംഘത്തിന്റെ പഠനറിപ്പോർട്ട് കിട്ടിയശേഷമായിരിക്കും തീരുമാനമെടുക്കുകയെന്നാണ് മന്ത്രി ജെ. ചിഞ്ചുറാണി കഴിഞ്ഞദിവസം വ്യക്തമാക്കിയത്. എന്നാൽ, ഇക്കാര്യത്തിൽ സംസ്ഥാനത്തിനു മാത്രമായി തീരുമാനമെടുക്കാനാകില്ലെന്നാണ് ആരോഗ്യമേഖലയിലുള്ളവർ പറയുന്നത്.

അന്തർദേശീയതലത്തിലുള്ള മാനദണ്ഡവും ചട്ടവുമനുസരിച്ചാണ് പക്ഷിപ്പനി നിയന്ത്രണത്തിനുള്ള നടപടി സ്വീകരിക്കുന്നത്. അതുകൊണ്ടുതന്നെ ലോകാരോഗ്യസംഘടനയുടെ അഭിപ്രായവും തേടേണ്ടി വരുമെന്നാണ് അവർ പറയുന്നത്. തന്നെയുമല്ല, കേന്ദ്രസംഘം വിയോജിപ്പ് അറിയിച്ചതിനാൽ തീരുമാനം നടപ്പാക്കൽ പ്രായോഗികമാകില്ലെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

പക്ഷി വളർത്തൽ താത്കാലികമായി നിരോധിക്കാനുള്ള നീക്കം തുടങ്ങിയപ്പോൾത്തന്നെ എതിർപ്പുമായി കർഷകർ രംഗത്തുവന്നിരുന്നു. പക്ഷിപ്പനി സ്ഥിരീകരിച്ച് ഫാമുകൾക്ക് ഒരുകിലോമീറ്റർ ചുറ്റളവിലുള്ള വളർത്തുപക്ഷികളെ കൊല്ലുന്നതിനെതിരേയും കർഷകർ രംഗത്തുവന്നു.

ആരോഗ്യത്തോടെ വളരുന്ന കോഴികളെ കൊല്ലുന്നതാണ് എതിർപ്പിനിടയാക്കിയിട്ടുള്ളത്.

പക്ഷിപ്പനിയില്‍ ജാഗ്രത; വൈറസിന് ജനിതകവ്യതിയാനമുണ്ടായാല്‍ മനുഷ്യരിലേക്ക് പടരും... #Bird_Flu





പക്ഷിപ്പനി മനുഷ്യരിലേക്ക് പടരാതിരിക്കാൻ ആരോഗ്യവകുപ്പ് ജില്ലയില്‍ ജാഗ്രത ശക്തമാക്കി. പക്ഷിപ്പനി ജില്ലയില്‍ റിപ്പോർട്ടുചെയ്തുതുടങ്ങിയ ഏപ്രില്‍മുതല്‍ ഇതുവരെ പരിശോധിച്ച സാമ്ബിളുകളിലൊന്നിലും മനുഷ്യരില്‍ പോസിറ്റീവ് കേസ് കണ്ടെത്തിയിട്ടില്ല.എന്നാല്‍, മെക്സിക്കോയില്‍ പക്ഷിപ്പനി ബാധിച്ച്‌ അടുത്തിടെ ഒരാള്‍ മരിക്കുകയും നാലുദിവസംമുൻപ് പശ്ചിമബംഗാളില്‍ നാലുവയസ്സുകാരിക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തതോടെയാണ് ജാഗ്രത ശക്തമാക്കിയത്.

പശ്ചിമബംഗാളിലെ പുതിയ കേസുള്‍പ്പെടെ ഇതുവരെ രാജ്യത്ത് രണ്ടുകേസാണ് മനുഷ്യരില്‍ റിപ്പോർട്ടുചെയ്തത്. 2019-ലായിരുന്നു ആദ്യത്തേത്. എച്ച്‌ 5 എൻ 2 വൈറസാണ് ആലപ്പുഴയില്‍ സ്ഥിരീകരിച്ചത്. 

ഇതേ വൈറസാണ് മെക്സിക്കോയില്‍ മനുഷ്യജീവനെടുത്തത്. എന്നാല്‍, ബംഗാളിലെ കുട്ടിയില്‍ എച്ച്‌ 9 എൻ 2 വൈറസാണ് കണ്ടെത്തിയത്. സാധാരണ ഈ രണ്ടുവൈറസുകളും മനുഷ്യരിലേക്ക് അപൂർവമായേ പകരാറുള്ളൂ. എന്നാല്‍, ജനിതകവ്യതിയാനം സംഭവിച്ചാല്‍ മനുഷ്യരിലേക്കു പടരാനുള്ള സാധ്യതയേറെയാണ്. അതിനാലാണ് ജാഗ്രത ശക്തമാക്കിയതെന്നാണ് ആരോഗ്യപ്രവർത്തകർ പറയുന്നത്.

ജില്ലയില്‍ ഈ സീസണില്‍ ആദ്യം പക്ഷിപ്പനി റിപ്പോർട്ടുചെയ്തത് എടത്വാ, ചെറുതന മേഖലകളിലാണ്. അവിടെ അന്ന് തുടങ്ങിയ പനിസർവേയാണ് ഇപ്പോള്‍ രോഗം സ്ഥിരീകരിച്ച ചേർത്തല, തണ്ണീർമുക്കം, മുഹമ്മ മേഖലകളിലും ആരോഗ്യവകുപ്പ് സ്വീകരിക്കുന്നത്. 

പക്ഷികളുമായി സമ്ബർക്കത്തിലേർപ്പെടുന്നവർക്ക് പനിയുള്‍പ്പെടെയുള്ള രോഗലക്ഷണങ്ങളുണ്ടായാല്‍ സ്രവപരിശോധന നടത്തും. ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലാണ് അതിനുള്ള സൗകര്യമുള്ളത്. പോസിറ്റീവ് കേസുകള്‍ കണ്ടെത്തിയാല്‍ ചികിത്സ നല്‍കാൻ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രി സജ്ജമാണ്. വെന്റിലേറ്ററോടുകൂടിയ ഐ.സി.യു. സംവിധാനം പക്ഷിപ്പനി റിപ്പോർട്ടുചെയ്തപ്പോള്‍ തന്നെ ഇവിടെ ഒരുക്കിയിരുന്നു.

പക്ഷിസാമ്ബിള്‍ പരിശോധനയ്ക്ക് വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് അനുമതി തേടും

പക്ഷിപ്പനി സംശയത്തോടെ ചാകുന്ന പക്ഷികളുടെ സാമ്ബിളുകള്‍ പരിശോധിക്കാൻ ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന് കേന്ദ്രാനുമതി തേടാൻ ജില്ലാഭരണകൂടം നടപടി തുടങ്ങി. നിലവില്‍ മനുഷ്യസാമ്ബിളുകളുടെ പരിശോധന മാത്രമാണ് ഇവിടെ നടക്കുന്നത്. പക്ഷികളുടെ സാമ്ബിള്‍ ഭോപാലിലെ ലാബിലേക്കാണ് പരിശോധനയ്ക്ക് അയയ്ക്കുന്നത്. ഫലം വരാൻ അഞ്ചുദിവസംവരെ കാത്തിരിക്കണം.

ഇതുമൂലം പ്രതിരോധത്തിന് തടസ്സമുണ്ടാകുന്ന സാഹചര്യത്തിലാണ് വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് പ്രയോജനപ്പെടുത്തുക. വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ആരോഗ്യമന്ത്രാലയത്തിനുകീഴിലുള്ളതാണ്. പക്ഷിസാമ്ബിള്‍ പരിശോധനയ്ക്ക് മൃഗസംരക്ഷണമന്ത്രാലയത്തിന്റെ അനുമതിയാണ് ആവശ്യം.

പക്ഷിപ്പനി ബാധിച്ച് ഒരാള്‍ മരിച്ചു; ലോകത്തിലെ ആദ്യ മരണം... #Bird_Flu

 


ലോകത്തില്‍ ആദ്യമായി പക്ഷിപ്പനി ബാധിച്ച് മനുഷ്യന്‍ മരിച്ചതായി സ്ഥിരീകരിച്ച് ലോകാരോഗ്യ സംഘടന.മെക്സിക്കൻ സ്വദേശിയായ 59കാരനാണ് മരിച്ചത്. ഏപ്രിൽ 24നായിരുന്നു മരണം. ലോകത്താദ്യമായി H5N2 പകർച്ച സ്ഥിരീകരിച്ച മനുഷ്യനും ഇയാൾ തന്നെയാണ്. എവിടെ നിന്നാണ് ഇയാൾക്ക് വൈറസ് ബാധയേറ്റതെന്ന് കണ്ടെത്താനായിട്ടില്ല. മെകിസിക്കോ സിറ്റിയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.

ആഗോളതലത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഇന്‍ഫ്‌ലുവന്‍സ എ വൈറസ് ബാധ, ആദ്യമായി ലബോറട്ടറിയില്‍ സ്ഥിരീകരിച്ച മനുഷ്യനാണ് മരിച്ചതെന്ന് ഡബ്ല്യൂഎച്ച്ഒയുടെ പ്രസ്താവനയില്‍ പറയുന്നു. വൈറസ് ബാധിച്ചതിന്റെ ഉറവിടം അജ്ഞാതമാണെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. സാധാരണ മനുഷ്യര്‍ക്ക് പക്ഷിപ്പനി വൈറസിന്റെ പടരുന്നതിനുള്ള സാധ്യത കുറവാണെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു.

മെക്സിക്കോയിലെ കോഴിഫാമുകളിൽ H5N2 വൈറസ് സാന്നിധ്യം നേരത്തെ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. അമേരിക്കയിലെ H5N1 പടർച്ചയുമായി ഈ സംഭവത്തിന് ബന്ധമില്ലെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ മനുഷ്യരിലേക്കുള്ള പക്ഷിപ്പനിയുടെ പകർച്ചാ സാധ്യതകൾ കുറവാണെന്നും ലോകാരോഗ്യ സംഘടന വിശദമാക്കി.

മൂന്ന് ആഴ്ചയോളമായി കിടപ്പിലായ ശേഷമാണ് ഇയാൾ ചികിത്സ തേടിയത്. പനിയും, ശ്വാസം മുട്ടലും, വയറിളക്കവുമായാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇയാൾക്ക് ടെപ്പ് 2 പ്രമേഹവും വൃക്ക തകരാറും ഉണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. നേരത്തെ മാർച്ച് മാസത്തിൽ മെക്സിക്കോയിലെ മിച്ചോകാൻ സംസ്ഥാനത്ത് ഒരു കുടുംബത്തിൽ H5N2 വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. എന്നാൽ മനുഷ്യരിലേക്ക് പകരില്ലെന്ന നിരീക്ഷണത്തിൽ സംഭവം റിപ്പോർട്ട് ചെയ്തിരുന്നില്ല. എന്നാൽ ഏപ്രിലിലുണ്ടായ മരണത്തോടെ മെക്സിക്കോ വൈറസ് ബാധയേക്കുറിച്ച് ലോകാരോഗ്യ സംഘടനയെ അറിയിക്കുകയായിരുന്നു.

പക്ഷിപ്പനി രൂക്ഷം ; ഇറച്ചിയുടെയും മുട്ടയുടെയും ഉപയോഗത്തില്‍ നിയന്ത്രണം.... #Bird_Flu

 


കോട്ടയം മണർക്കാട് പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.
ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പക്ഷികളെ ദയാവധം ചെയ്തു സംസ്‌ക്കരിക്കും.
കോഴി, താറാവ്, കാട എന്നിവയുടെ മുട്ട, ഇറച്ചി, വളം തുടങ്ങിയവയുടെ വിൽപനയ്ക്കും കടത്തലിനും നിരോധനം ഏർപ്പെടുത്തി.

മണർകാട് പഞ്ചായത്തിലെ 12,13,14 വാർഡുകളിലും പുതുപ്പള്ളി പഞ്ചായത്തിലെ രണ്ട്, മൂന്ന് വാർഡുകളിലും നിയന്ത്രണമുണ്ട് . കൂടാതെ 1 കിലോമീറ്റർ മുതൽ 10 കിലോമീറ്റർ വരെയുള്ള ചുറ്റളവ് നിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചിട്ടുണ്ട്.

കൂടാതെ മൃഗസംരക്ഷണ വകുപ്പ്, തദ്ദേശസ്വയംഭരണം, റവന്യൂ, പൊലീസ്, വനം, ആരോഗ്യം, അഗ്‌നിരക്ഷാ സേന, മോട്ടോർവാഹന വകുപ്പ് എന്നീ വകുപ്പുകളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ഏകോപിപ്പിച്ചുള്ള പ്രവർത്തനത്തിന് ജില്ലാ കളക്ടർ നിർദേശം നൽകി.

പക്ഷിപ്പനി ; വളര്‍ത്തുപക്ഷികളെ കൂട്ടത്തോടെ കൊന്നൊടുക്കും...#Bird_Flu



ആലപ്പുഴ : ഒരു കോഴിഫാമിൽ ഉൾപ്പെടെ ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലായി നാലിടത്തു കൂടി പക്ഷിപ്പനി സ്ഥിരീകരിച്ചു. ആലപ്പുഴയിലെ തഴക്കര, തലവടി, ചമ്പക്കുളം എന്നിവിടങ്ങളിലും പത്തനംതിട്ടയിലെ നിരണത്തുമാണു രോഗം സ്ഥിരീകരിച്ചത്. ഭോപാലിലെ അതിസുരക്ഷാ പക്ഷിരോഗ നിർണയ ലാബിൽ നടത്തിയ പരിശോധനയിലാണു സ്ഥിരീകരണം. 

ഒരാഴ്ചയായി വളർത്തുപക്ഷികൾ ചത്തുവീഴുന്നുണ്ടെങ്കിലും പരിശോധനാഫലം വരാൻ വൈകി. ഇത് രോഗം വ്യാപിക്കാൻ കാരണമായെന്ന് സംശയമുണ്ട്. പക്ഷിപ്പനി പ്രഭവ കേന്ദ്രത്തിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള വളർത്തുപക്ഷികളെ ഇന്നു കൊന്നൊടുക്കും. ആലപ്പുഴ ജില്ലയിൽ 12,678 വളർത്തുപക്ഷികളെയാണു കൊന്നു സംസ്കരിക്കുക.

പത്തനംതിട്ട– ആലപ്പുഴ ജില്ലാ അതിർത്തിയിൽ തിരുവല്ല താലൂക്കിലെ നിരണം പഞ്ചായത്തിലെ ഇരതോട് ഭാഗത്തു പതിനായിരത്തോളം താറാവുകൾക്കാണു പക്ഷിപ്പനി സ്ഥിരീകരിച്ചത്. താറാവ് കർഷകനായ കണ്ണമാലിൽ കുര്യൻ മത്തായിയുടെ താറാവുകൾ പക്ഷിപ്പനി ലക്ഷണങ്ങളോടെ നാല് ദിവസം മുമ്പ് ചത്തിരുന്നു. തുടർന്ന് രക്ത സാമ്പിളുകൾ ഭോപാലിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. ഇതിൻ്റെ ഫലം കഴിഞ്ഞ ദിവസം വന്നപ്പോഴാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.

ജില്ലയില്‍ വീണ്ടും പക്ഷിപ്പനിസ്ഥിരീകരിച്ചു ; ജനങ്ങള്‍ ജാഗ്രത പാലിക്കണം ... #Bird_Flu

 


പത്തനംതിട്ട നിരണത്ത് വീണ്ടും പക്ഷിപ്പനിസ്ഥിരീകരിച്ചു. നിരണത്ത് പതിനൊന്നാം വാർഡിൽ രണ്ട് കർഷകരുടെ ആയിരത്തോളം താറാവുകൾക്കാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഭോപ്പാൽ കേന്ദ്ര ലാബിൽ നിന്നും ഇന്ന് ഉച്ചയോടെയാണ് പരിശോധന ഫലം വന്നത്.

പ്രതിരോധ സംഘമെത്തി പ്രദേശത്തെ സ്ഥിതിഗതികൾ വിലയിരുത്തി. ഒരു കിലോമീറ്റർ ചുറ്റളവിലെ മുഴുവൻ വളർത്തു പക്ഷികളെയും കൊല്ലേണ്ടി വരുമെന്നാണ് മൃഗസംരക്ഷണ വകുപ്പ് അധികൃതർ പറയുന്നത്. കള്ളിങ് സംബന്ധിച്ച റിപ്പോർട്ട് ജില്ലാ കളക്ടർക്ക് കൈമാറിയിട്ടുണ്ട്. നാളെ അടിയന്തരയോഗം വിളിച്ച് തുടർ പ്രവർത്തനങ്ങൾ തീരുമാനിക്കും.

നേരത്തെ നിരണത്തെ ആറാം വാർഡിൽ ഉൾപ്പെടുന്ന സർക്കാർ ഡക്ക് ഫാമിൽ പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. ഇവിടെ താറാവുകളെ കൊന്നൊടുക്കുന്നു .

പക്ഷിപ്പനി സ്ഥിരീകരിച്ചു; താറാവുകളെ കൊന്നൊടുക്കും... #Keralanews

ഇടവേളയ്ക്ക് ശേഷം അപ്പർ കുട്ടനാട്ടിൽ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു.  എടത്വയിലും ചെറുതനയിലും താറാവുകൾ കൂട്ടത്തോടെ ചത്തുപൊങ്ങുകയായിരുന്നു.  തുടർന്ന് ഭോപ്പാലിലെ ലാബിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു.

  അയച്ച മൂന്ന് സാമ്പിളുകളും പോസിറ്റീവാണ്.  പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശത്തെ മുഴുവൻ താറാവുകളേയും കൊല്ലും.  കുട്ടനാട്ടിൽ വീണ്ടും പക്ഷിപ്പനി റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ കലക്ടറേറ്റിൽ അടിയന്തര യോഗം വിളിച്ചു.  നാളെ എടത്വ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ യോഗം ചേർന്ന് തുടർനടപടി സ്വീകരിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0