കോട്ടയം :പത്ത് പൊലീസ് സ്റ്റേഷനുകളിൽ മോഷണക്കേസുകളിൽ പ്രതിയായ വനിതാ മോഷ്ടാവിനെ പിടികൂടിയത് ഓട്ടോ ഡ്രൈവർ. കോട്ടയത്ത് 10 സ്റ്റേഷനുകളില്‍ കേസുള്ള തിരുനെൽവേലി സ്വദേശിനി ജ്യോതി (26) യാണ് ഓട്ടോ ഡ്രൈവർ മണർകാട് പുതുപ്പറമ്പിൽ പി.ആർ.മനോജ് കുമാറിന്റെ അവസരോചിതമായ ഇടപെടലിലൂടെ പിടിയിലായത്.
കഞ്ഞിക്കുഴി സ്വദേശിനിയായ വീട്ടമ്മ രമണിയുടെ പതിനായിരം രൂപ അടങ്ങിയ പഴ്സ് മോഷ്ടിച്ച് കടന്നു കളയുമ്പോഴാണ് ഇവർ കുടുങ്ങിയത്.തിരുനക്കര സ്റ്റാൻഡിൽ ബസ് ഇറങ്ങിയ യുവതി പോസ്റ്റ് ഓഫീസ് റോഡിൽവച്ചാണ് ഓട്ടോ ഡ്രൈവർ മനോജിൻ്റെ ഓട്ടോയിൽ കയറിയത്. മുന്നോട്ട് പോകട്ടെ എന്നു പറഞ്ഞതിനാൽ ചാലുകുന്ന് ഭാഗത്തേക്ക് പോയി.
കൈയിലുണ്ടായിരുന്ന വലിയ ബാഗിൽ അവർ എന്തോ തിരയുന്നതു കണ്ണാടിയിൽ കൂടി മനോജിൻ്റെ ശ്രദ്ധയിൽപ്പെട്ടു. ബാഗിനുള്ളിലെ പഴ്സിൽ നിന്നു പണം എടുത്ത ശേഷം കാലിയായ പഴ്സ് സീറ്റിൻ്റെ പിന്നിലേക്ക് ഇട്ടു. ഇതോടെ സംശയം തോന്നിയ മനോജ് അറുത്തൂട്ടിയിൽ ഓട്ടോ നിർത്തി. ഉടൻ തന്നെ യുവതി ഓട്ടോക്കൂലി കൊടുത്ത ശേഷം സമീപത്തെ കടയുടെ മുന്നിലേക്ക് പോയി. ഓട്ടോയിൽ കാലിയായ പഴ്സ് കണ്ടതോടെ മനോജ് ഉടൻ തന്നെ മറ്റുള്ളവരുടെ സഹായത്തോടെ ഇവരെ തടഞ്ഞുവയ്ക്കുകയായിരുന്നു.
തിരുനക്കര സ്റ്റാൻഡിലെ പൊലീസ് എയ്ഡ് പോസ്റ്റിലും ഓട്ടോസ്റ്റാൻഡിലും വിവരം അറിയിച്ചു. പിങ്ക് പൊലീസും സിവിൽ പൊലീസ് ഓഫീസർമാരും ചേർന്ന് യുവതിയെ പിടികൂടി വെസ്റ്റ് സ്റ്റേഷനിലേക്ക് മാറ്റി. ഇതേസമയം, പഴ്സ് നഷ്ടപ്പെട്ട രമണി പരാതിയുമായി എയ്ഡ് പോസ്റ്റിൽ എത്തിയിരുന്നു.
തുടർന്ന് രമണിയെ സ്റ്റേഷനിലെത്തിച്ച് പഴ്സും പണവും തിരികെ നൽകി. ചിട്ടിക്ക് വേണ്ടി കരുതിയ പണമായിരുന്നുവെന്ന് രമണി പറയുന്നു. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ജ്യോതിയെ റിമാൻഡ് ചെയ്തു. മനോജിനെ വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തി എസ്എച്ച്ഒ എം.ജെ.അരുൺ മെമൻ്റോ നൽകി ആദരിച്ചു.
Auto driver catches female thief accused of theft cases in 10 police stations

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.