ഗൂഗിൾ മാപ്പ് നോക്കി സഞ്ചരിച്ച കാര്‍ തോട്ടില്‍ വീണു ...... #Accident


 കോട്ടയം കുറുപ്പന്തറയിൽ ഗൂഗിൾ മാപ്പ് നോക്കി യാത്ര ചെയ്ത സംഘം സഞ്ചരിച്ച കാർ തോട്ടിൽ വീണു. ഹൈദരാബാദ് സ്വദേശികളായ സംഘം സഞ്ചരിച്ച കാറാണ് തോട്ടിൽ വീണത്. കുറുപ്പന്തറ കടവ് പാലത്തിന് സമീപത്ത് വെച്ചാണ് സംഭവമുണ്ടായത്.യാത്രക്കാരെ പൊലീസും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി. കാർ പൂർണമായും തോട്ടിൽ മുങ്ങിപ്പോയി.

പുലർച്ചെ മൂന്നുമണിയോടെയാണ് അപകടമുണ്ടായത്. മൂന്നാറിൽ നിന്നും കുമരകം വഴി ആലപ്പുഴയ്ക്ക് പോകാൻ എത്തിയതായിരുന്നു ഹൈദരാബാദ് സ്വദേശികളായ 4 വിദ്യാർത്ഥികൾ . മാഞ്ഞൂർ കവല വഴി കുറുപ്പന്തറ കടവിന് സമീപം എത്തിയപ്പോൾ വഴിമാറി തോട്ടിലേക്ക് കാർ മറിയുകയായിരുന്നു . തോട്ടിലെ ശക്തമായ ഒഴുക്കിൽ വാഹനം പെട്ടതോടെ ഡിക്കി തുറന്നു നാലുപേരും രക്ഷപ്പെട്ടു. ഗൂഗിൾ മാപ്പ് നോക്കിയാണ് ഇവർ സഞ്ചരിച്ചത് .എന്നാൽ കുറുപ്പുംതറ കടവിന് സമീപത്തെ വളവിൽ ദിശ ബോർഡുകൾ ഇല്ലാതിരുന്നതാണ് തിരിച്ചടിയായത് .മണിക്കൂറുകൾ നീണ്ട നാട്ടുകാരുടെ പരിശ്രമത്തിന് ഒടുവിലാണ് വാഹനം കരയ്ക്ക് കയറ്റിയത്. സമാനമായ അപകടങ്ങൾ സ്ഥിരമായി നടക്കുന്നത് പ്രതിഷേധത്തിന് ഇടയാക്കി .

ഹൈദരാബാദിൽ എംബിബിഎന്നും ബി ബി എയും പഠിക്കുന്ന വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടത്. കടുത്തുരുത്തി പോലീസ് എത്തി തുടർനടപടികൾ സ്വീകരിച്ചു.
ദിശ ബോർഡുകൾ സ്ഥാപിക്കുന്നതിന് അടക്കം ഉടനടി നടപടി സ്വീകരിക്കുമെന്ന് സ്ഥലത്തെത്തിയ എംപി തോമസ് ചാഴികാടൻ പറഞ്ഞു .

MALAYORAM NEWS is licensed under CC BY 4.0