പക്ഷിപ്പനി ; വളര്‍ത്തുപക്ഷികളെ കൂട്ടത്തോടെ കൊന്നൊടുക്കും...#Bird_Fluആലപ്പുഴ : ഒരു കോഴിഫാമിൽ ഉൾപ്പെടെ ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലായി നാലിടത്തു കൂടി പക്ഷിപ്പനി സ്ഥിരീകരിച്ചു. ആലപ്പുഴയിലെ തഴക്കര, തലവടി, ചമ്പക്കുളം എന്നിവിടങ്ങളിലും പത്തനംതിട്ടയിലെ നിരണത്തുമാണു രോഗം സ്ഥിരീകരിച്ചത്. ഭോപാലിലെ അതിസുരക്ഷാ പക്ഷിരോഗ നിർണയ ലാബിൽ നടത്തിയ പരിശോധനയിലാണു സ്ഥിരീകരണം. 

ഒരാഴ്ചയായി വളർത്തുപക്ഷികൾ ചത്തുവീഴുന്നുണ്ടെങ്കിലും പരിശോധനാഫലം വരാൻ വൈകി. ഇത് രോഗം വ്യാപിക്കാൻ കാരണമായെന്ന് സംശയമുണ്ട്. പക്ഷിപ്പനി പ്രഭവ കേന്ദ്രത്തിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള വളർത്തുപക്ഷികളെ ഇന്നു കൊന്നൊടുക്കും. ആലപ്പുഴ ജില്ലയിൽ 12,678 വളർത്തുപക്ഷികളെയാണു കൊന്നു സംസ്കരിക്കുക.

പത്തനംതിട്ട– ആലപ്പുഴ ജില്ലാ അതിർത്തിയിൽ തിരുവല്ല താലൂക്കിലെ നിരണം പഞ്ചായത്തിലെ ഇരതോട് ഭാഗത്തു പതിനായിരത്തോളം താറാവുകൾക്കാണു പക്ഷിപ്പനി സ്ഥിരീകരിച്ചത്. താറാവ് കർഷകനായ കണ്ണമാലിൽ കുര്യൻ മത്തായിയുടെ താറാവുകൾ പക്ഷിപ്പനി ലക്ഷണങ്ങളോടെ നാല് ദിവസം മുമ്പ് ചത്തിരുന്നു. തുടർന്ന് രക്ത സാമ്പിളുകൾ ഭോപാലിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. ഇതിൻ്റെ ഫലം കഴിഞ്ഞ ദിവസം വന്നപ്പോഴാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.
MALAYORAM NEWS is licensed under CC BY 4.0