പക്ഷിപ്പനി മനുഷ്യരിലേക്ക് പടരാതിരിക്കാൻ ആരോഗ്യവകുപ്പ് ജില്ലയില്‍ ജാഗ്രത ശക്തമാക്കി. പക്ഷിപ്പനി ജില്ലയില്‍ റിപ്പോർട്ടുചെയ്തുതുടങ്ങിയ ഏപ്രില്‍മുതല്‍ ഇതുവരെ പരിശോധിച്ച സാമ്ബിളുകളിലൊന്നിലും മനുഷ്യരില്‍ പോസിറ്റീവ് കേസ് കണ്ടെത്തിയിട്ടില്ല.എന്നാല്‍, മെക്സിക്കോയില്‍ പക്ഷിപ്പനി ബാധിച്ച് അടുത്തിടെ ഒരാള്‍ മരിക്കുകയും നാലുദിവസംമുൻപ് പശ്ചിമബംഗാളില്‍ നാലുവയസ്സുകാരിക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തതോടെയാണ് ജാഗ്രത ശക്തമാക്കിയത്.
പശ്ചിമബംഗാളിലെ പുതിയ കേസുള്‍പ്പെടെ ഇതുവരെ രാജ്യത്ത് രണ്ടുകേസാണ് മനുഷ്യരില്‍ റിപ്പോർട്ടുചെയ്തത്. 2019-ലായിരുന്നു ആദ്യത്തേത്. എച്ച് 5 എൻ 2 വൈറസാണ് ആലപ്പുഴയില്‍ സ്ഥിരീകരിച്ചത്.
ഇതേ വൈറസാണ് മെക്സിക്കോയില്‍ മനുഷ്യജീവനെടുത്തത്. എന്നാല്‍, ബംഗാളിലെ കുട്ടിയില്‍ എച്ച് 9 എൻ 2 വൈറസാണ് കണ്ടെത്തിയത്. സാധാരണ ഈ രണ്ടുവൈറസുകളും മനുഷ്യരിലേക്ക് അപൂർവമായേ പകരാറുള്ളൂ. എന്നാല്‍, ജനിതകവ്യതിയാനം സംഭവിച്ചാല്‍ മനുഷ്യരിലേക്കു പടരാനുള്ള സാധ്യതയേറെയാണ്. അതിനാലാണ് ജാഗ്രത ശക്തമാക്കിയതെന്നാണ് ആരോഗ്യപ്രവർത്തകർ പറയുന്നത്.
ജില്ലയില്‍ ഈ സീസണില്‍ ആദ്യം പക്ഷിപ്പനി റിപ്പോർട്ടുചെയ്തത് എടത്വാ, ചെറുതന മേഖലകളിലാണ്. അവിടെ അന്ന് തുടങ്ങിയ പനിസർവേയാണ് ഇപ്പോള്‍ രോഗം സ്ഥിരീകരിച്ച ചേർത്തല, തണ്ണീർമുക്കം, മുഹമ്മ മേഖലകളിലും ആരോഗ്യവകുപ്പ് സ്വീകരിക്കുന്നത്.
പക്ഷികളുമായി സമ്ബർക്കത്തിലേർപ്പെടുന്നവർക്ക് പനിയുള്‍പ്പെടെയുള്ള രോഗലക്ഷണങ്ങളുണ്ടായാല്‍ സ്രവപരിശോധന നടത്തും. ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലാണ് അതിനുള്ള സൗകര്യമുള്ളത്. പോസിറ്റീവ് കേസുകള്‍ കണ്ടെത്തിയാല്‍ ചികിത്സ നല്‍കാൻ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രി സജ്ജമാണ്. വെന്റിലേറ്ററോടുകൂടിയ ഐ.സി.യു. സംവിധാനം പക്ഷിപ്പനി റിപ്പോർട്ടുചെയ്തപ്പോള്‍ തന്നെ ഇവിടെ ഒരുക്കിയിരുന്നു.
പക്ഷിസാമ്ബിള്‍ പരിശോധനയ്ക്ക് വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് അനുമതി തേടും
പക്ഷിപ്പനി സംശയത്തോടെ ചാകുന്ന പക്ഷികളുടെ സാമ്ബിളുകള്‍ പരിശോധിക്കാൻ ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന് കേന്ദ്രാനുമതി തേടാൻ ജില്ലാഭരണകൂടം നടപടി തുടങ്ങി. നിലവില്‍ മനുഷ്യസാമ്ബിളുകളുടെ പരിശോധന മാത്രമാണ് ഇവിടെ നടക്കുന്നത്. പക്ഷികളുടെ സാമ്ബിള്‍ ഭോപാലിലെ ലാബിലേക്കാണ് പരിശോധനയ്ക്ക് അയയ്ക്കുന്നത്. ഫലം വരാൻ അഞ്ചുദിവസംവരെ കാത്തിരിക്കണം.
ഇതുമൂലം പ്രതിരോധത്തിന് തടസ്സമുണ്ടാകുന്ന സാഹചര്യത്തിലാണ് വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് പ്രയോജനപ്പെടുത്തുക. വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ആരോഗ്യമന്ത്രാലയത്തിനുകീഴിലുള്ളതാണ്. പക്ഷിസാമ്ബിള്‍ പരിശോധനയ്ക്ക് മൃഗസംരക്ഷണമന്ത്രാലയത്തിന്റെ അനുമതിയാണ് ആവശ്യം.