പക്ഷിപ്പനി നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കോഴി, താറാവ്, കാട എന്നിവ വളർത്തുന്നതിനും വിൽക്കുന്നതിനും നിരോധനമേർപ്പെടുത്തി സർക്കാർ പുറത്തിറക്കിയ ഉത്തരവ് കർഷകർക്കു തിരിച്ചടിയായി. വായ്പയെടുത്ത് കോഴി-താറാവ് വളർത്തൽ തുടങ്ങിയവരെല്ലാം കടക്കെണിയിലായിരിക്കുകയാണ്. ഭൂരിഭാഗം പേരുടെയും വായ്പത്തിരിച്ചടവ് മുടങ്ങി. സെപ്റ്റംബർ ആദ്യവാരത്തോടെ പക്ഷിപ്പനിബാധിത മേഖകളിൽ കോഴി, താറാവു വളർത്തൽ പുനരാരംഭിക്കാനാകുമെന്ന പ്രതീക്ഷയിലിരിക്കേയാണ് സർക്കാർ ഉത്തരവെത്തിയത്.
പക്ഷിപ്പനി പിടിപെടുമ്പോൾ സാധാരണ മൂന്നുമാസമാണ് നിയന്ത്രണം വരാറുള്ളത്. അതനുസരിച്ച് ജൂണിൽ പക്ഷിപ്പനി വന്ന ഇടങ്ങളിൽ സെപ്റ്റംബറോടെ പക്ഷിവളർത്തൽ പുനരാരംഭിക്കാൻ കഴിയുമായിരുന്നു. എന്നാൽ, നിരോധനം വന്നതോടെ ഇനി നാലുമാസത്തേക്കുകൂടി വരുമാനമില്ലാത്ത അവസ്ഥയാകും. 2025 മാർച്ചുവരെ പക്ഷിവളർത്തൽ നിരോധിക്കണമെന്ന് ജൂലായിൽ വിദഗ്‌ധസമിതി സർക്കാരിനു റിപ്പോർട്ടു നൽകിയിരുന്നു. എന്നാൽ, ഇതുസംബന്ധിച്ച ഉത്തരവ് മാസങ്ങൾ കഴിഞ്ഞിട്ടും ഇറങ്ങാത്തതിനാൽ കർഷകരിൽ ചിലർ കോഴി-താറാവ് വളർത്തൽ പുനരാരംഭിച്ചിരുന്നു. ഇതിനിടെയാണ് കർഷകരെ ഞെട്ടിച്ച് സർക്കാർ ഗസറ്റ് വിജ്ഞാപനമിറക്കിയത്.
പക്ഷിപ്പനിയെത്തുടർന്ന് താറാവും കോഴിയുമുൾപ്പെടെ ജില്ലയിൽ ഒന്നരലക്ഷത്തിലേറെ പക്ഷികൾ നഷ്ടമായിരുന്നു. 2.64 കോടി രൂപ നഷ്ടപരിഹാരവും കണക്കാക്കി. എന്നാൽ, നിരോധനം ഏർപ്പെടുത്തിയിറക്കിയ ഉത്തരവിൽ ഇതേപ്പറ്റി പറഞ്ഞിട്ടില്ല. ഹാച്ചറികളിൽ ഇപ്പോഴുള്ള മുട്ട ശാസ്ത്രീയമായി നശിപ്പിക്കുന്നതിന് അഞ്ചുരൂപ നഷ്ടപരിഹാരം നൽകുമെന്നു മാത്രമാണ് പരാമർശം. മാസങ്ങളായി വരുമാനമില്ലാത്ത കർഷകരെ അവഗണിച്ചെന്നാണു പരാതി.