മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്ത തളിപ്പറമ്പ മേഖലയിൽ ഉറവിടം കണ്ടെത്താൻ ആരോഗ്യ വകുപ്പിന്റെ പ്രത്യേക സ്‌ക്വാഡ് വ്യാപക പരിശോധന നടത്തി, ഹോട്ടലുകള്‍, കൂൾ ബാറുകൾ എന്നിവിടങ്ങളില്‍ നടന്ന പരിശോധനയിൽ നിരവധി ചട്ടലംഘനങ്ങൾ കണ്ടെത്തി കുടിവെള്ള പരിശോധനാ റിപ്പോർട്ട് വ്യാജമായി തയ്യാറാക്കുന്നതായി കണ്ടെത്തി. ഹെൽത്ത് കാർഡില്ലാതെ ജോലി ചെയ്യുന്ന ഹോട്ടലുകളുടെ വിവരങ്ങൾ ശേഖരിച്ചു.
കുടിവെള്ളം പരിശോധിച്ചതിൻ്റെ വിശദാംശങ്ങൾ സൂക്ഷിക്കാത്ത സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകും നഗരത്തിൽ കുടിവെള്ളം എത്തിക്കുന്ന ജപ്പാൻ കുടിവെള്ള പദ്ധതിയിലെ ജലം പരിശോധിച്ചതിൽ ഇകൊളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്താനായില്ല. നഗരത്തിൽ വിതരണം ചെയ്യുന്ന മറ്റു കുടിവെള്ള സ്രോതസുകളെക്കുറിച്ചും അന്വേഷിക്കും. വെള്ളത്തിൻ്റെ കൂടുതൽ സാമ്പിളുകൾ പരിശോധനക്കായി ശേഖരിക്കും.
ജില്ലാ സർവേലൻസ് ഓഫീസർ ഡോ. കെ സി സച്ചിൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക സ്‌ക്വാഡിൽ ജില്ലാ ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസർ ടി സുധീഷ്, ജില്ലാ എപ്പിഡെമോളജിസ്റ്റ് അഭിഷേക്, ഹെൽത്ത് ഇന്സ്പെക്ടർമാരായ ബിജു, ശ്രീകാന്ത്, മോഹിത്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ പവിത്രൻ ദിൽന, ഭാവന എന്നിവര്യമുണ്ടായിരുന്നു.
ആരോഗ്യ പ്രവർത്തകരെ അറിയിക്കണം
കണ്ണൂർ ഗവ. മെഡിക്കൽ കോളേജിനിനിന്നുള്ള കമ്യൂണിറ്റി മെഡിസിൻ വിഭാഗത്തിലെ വിദഗ്‌ധ സംഘവും ഉറവിടം കണ്ടെത്താൻ പരിശോധന തുടങ്ങി ഡിസീസ് മാപ്പ് തയ്യാറാക്കി തുടര്‍ പ്രവർത്തനങ്ങൾ ഊര്‍ജിതമാക്കി. മലവിസർജ്യം കലർന്ന വെള്ളം കുടിക്കാൻ ഉപയോഗിക്കുന്നതായാണ് പ്രാഥമികനിഗമനം.
കൂട്ടുകുടുംബമായി കൂടുതൽ അംഗങ്ങൾ താമസിക്കുന്ന വീടുകളിൽ ഒരാൾക്ക് രോഗം വന്നാൽ രോഗവ്യാപനത്തിൻ്റെ സാഹചര്യം ഉള്ളതായി ആരോഗ്യ വകുപ്പ് കണ്ടെത്തി. രോഗം വന്നവർ വിവരം ആരോഗ്യപ്രവർത്തകരോട് പറയാതിരിക്കുന്നതും പ്രശ്നം സങ്കീർണമാക്കും.
രോഗംവന്നവര്‍ ആദ്യം ക്ലിനിക്കുകളിൽ കാണിച്ച് മഞ്ഞപ്പിത്തമാണെന്ന് തെളിഞ്ഞാൽ പച്ചമരുന്ന് ചികിത്സകരെ സമീപിക്കുന്നതായും ആരോഗ്യവകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
രോഗം ബാധിച്ചത് 477 പേർക്ക്
തളിപ്പറമ്പിൽ ഈ വർഷം മെയിലാണ് മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്തത്. ആരോ ഗ്യവകുപ്പിൻ്റെ കണക്ക് പ്രകാരം 477 പേർക്ക് മഞ്ഞപിത്ത ബാധയുണ്ട് .നവംബര്‍ ഡിസംബര്‍ മാസങ്ങളിലായി 61 പുതിയ കേസുകളും റിപ്പോർട്ട് ചെയ്തു. തളിപ്പറമ്പ് നഗരസഭയിലും സമീപ പഞ്ചായത്തുകളിലുമാണ് കേസുകൾ ഏറെയും.മഞ്ഞപ്പിത്തം ബാധിച്ചവരിൽ ഭൂരിഭാഗവും വിദ്യാർഥികളാണ്. നഗരങ്ങളിൽനിന്ന് ശീതളപാനിയങ്ങളും ഭക്ഷണവും കഴിച്ചവരിലാണ് രോഗം കൂടുതലായി റിപ്പോർട്ട് ചെയ്തത്. മേഖലയിലെ മുഴുവൻ സ്കൂളുകളിലും കോളേജുകളിലും ആരോഗ്യ വകുപ്പ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.