ജാഗ്രത! തളിപ്പറമ്പിലും പരിസരത്തും മഞ്ഞപ്പിത്ത വ്യാപനം; രണ്ട് ആഴ്ചയിൽ 43 രോഗികൾ... #Jaundice


തളിപ്പറമ്പ് നഗരസഭയിലും   സമീപ പഞ്ചായത്തുകളിലും മഞ്ഞപ്പിത്തം പടരുന്നു. ചെറിയ കാലയളവിൽത്തന്നെ രോഗികളുടെ എണ്ണം വർധിച്ചത് ആരോഗ്യ വിഭാഗത്തെ അങ്കലാപ്പിലാക്കിയിട്ടുണ്ട്.

രോഗവ്യാപനം തടയാൻ കർശന നിർദേശങ്ങളാണ് നഗരസഭാധികാരികൾക്കും പഞ്ചായത്തുകൾക്കും നൽകിയിരിക്കുന്നത്. തളിപ്പറമ്പിലെ പ്രഭവകേന്ദ്രത്തിൽനിന്ന് ഒൻപതുപേർക്ക് രോഗബാധയുണ്ടായി എന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. 

ജൂൺ 25-നാണ് നഗരസഭാപരിധിയിൽ മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. മഞ്ഞപ്പിത്തം സമീപ പഞ്ചായത്തുകളിലേക്കുകൂടി പടർന്നതോടെ ഏഴോം പി.എച്ച്.സി.യുടെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങളാരംഭിച്ചു.

നഗരസഭകളിൽനിന്നും ഗ്രാമപ്പഞ്ചായത്തുകളിൽനിന്നും പ്രതിദിന കണക്കുകൾ ശേഖരിച്ചുതുടങ്ങി. 

തളിപ്പറമ്പ്, ആന്തൂർ നഗരസഭ, പരിയാരം, കുറുമാത്തൂർ, ഏഴോം, ചപ്പാരപ്പടവ്, ആലക്കോട് തുടങ്ങിയ പഞ്ചായത്തുകളിലേക്ക് പ്രതിരോധ പ്രവർത്തനം വ്യാപിപ്പിച്ചു. രോഗികളെ കണ്ടെത്തിയ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ പേരുവിവരങ്ങൾ ശേഖരിച്ചു.

രോഗവ്യാപനമുണ്ടായതായി തിരിച്ചറിഞ്ഞ കെട്ടിടത്തിലെ കിണർ വെള്ളം അണുവിമുക്തമാക്കുന്ന നടപടികളും തുടങ്ങി. ശുചീകരണ പ്രവർത്തനങ്ങളും ബോധവത്കരണ പ്രവർത്തനങ്ങളും കാര്യക്ഷമമാക്കാൻ ഉദ്യാഗസ്ഥരും ജനപ്രതിനിധികളും മുന്നിട്ടിറങ്ങിയിട്ടുണ്ട്.

നിർദേശം പാലിച്ചില്ലെങ്കിൽ കർശന നടപടി



നഗരസഭാ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിൽ തളിപ്പറമ്പ് നഗരത്തിലെ ഹോട്ടലുകളിലും മറ്റ് സ്ഥാപനങ്ങളിലും പരിശോധനകൾ നടത്തുന്നുണ്ട്. നഗരസഭാധികാരികൾ നൽകുന്ന നിർദേശം പാലിക്കാത്തവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കാനും തുടങ്ങിയിട്ടുണ്ട്. 

നിർദേശങ്ങൾ പാലിക്കാത്തവരിൽനിന്ന് പിഴയായി 2.17 ലക്ഷം രൂപ അടയ്ക്കാൻ നോട്ടീസ് ഇതിനോടകം നൽകിക്കഴിഞ്ഞു.

കഴിഞ്ഞദിവസത്തെ പരിശോധനയിൽ ഏഴോം പഞ്ചായത്തിൽ മൂന്നുപേർക്ക് മഞ്ഞപ്പിത്തം കണ്ടെത്തിയിട്ടുണ്ട്. ഒരുമാസം മുൻപ് പരിയാരം ഗ്രാമപ്പഞ്ചായത്തിലും ഏതാനും പേർക്ക് മഞ്ഞപ്പിത്തം ബാധിച്ചിരുന്നു. 

അവിടെ രോഗബാധ കെട്ടടങ്ങിയപ്പോഴാണ് തളിപ്പറമ്പ് നഗരപരിധിയിൽ വീണ്ടും രോഗികളെത്തിയത്.
MALAYORAM NEWS is licensed under CC BY 4.0