ചപ്പാരപ്പടവ് പഞ്ചായത്തില്‍ മഞ്ഞപ്പിത്ത (ഹെപ്പറ്റെറ്റിസ് എ)കേസുകള്‍ വര്‍ധിക്കുന്നതിനാല്‍ പ്രദേശത്ത് ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം 50 ല്‍ അധികം മഞ്ഞപ്പിത്ത കേസുകളും രണ്ടു മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള പ്രദേശമാണ് ചപ്പാരപ്പടവ് പഞ്ചായത്ത്.
ഈ വര്‍ഷം ജില്ലയില്‍ പരിയാരം, തൃപ്പങ്ങോട്ടൂര്‍, മാലൂര്‍ എന്നീ പ്രദേശങ്ങളിലാണ് മഞ്ഞപ്പിത്ത ഔട്ട് ബ്രേക്കുകള്‍ ആയി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടായിരുന്നത്. ഈ ഔട്ട്ബ്രേക്കുകളും മറ്റ് ഒറ്റപ്പെട്ട കേസുകളും കൂടി ജില്ലയില്‍ ഈ വര്‍ഷം ഇതുവരെ 150 ഓളം മഞ്ഞപ്പിത്ത കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതില്‍ ഔട്ബ്രേക് റിപ്പോര്‍ട്ട് ചെയ്ത പരിയാരത്ത് ഒരു കാവിലെ ഉത്സവസ്ഥലത്ത് നിന്ന് ഐസ്‌ക്രീം കഴിച്ചതുമായി ബന്ധപ്പെട്ടാണ് കുറച്ചു കേസുകള്‍ ഉണ്ടായിരുന്നത്.
ചപ്പാരപ്പടവില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന പുതിയ ഒമ്പതു മഞ്ഞപ്പിത്ത കേസുകള്‍ അഞ്ചാം വാര്‍ഡ് പ്രദേശത്താണ്.
പ്രദേശത്തെ കിണറുകള്‍ ക്ലോറിനേറ്റ് ചെയ്യുകയും ബോധവല്‍ക്കരണം നടത്തുകയും ചെയ്തു. മൈക്ക് അനൗണ്‍സ്മെന്റ് നടത്തി. ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ കെ സി സച്ചിന്റെ നേത്ര്വത്വത്തിലുള്ള ജില്ലാ ടീം സ്ഥലം സന്ദര്‍ശിച്ചു