തളിപ്പറമ്പിൽ മഞ്ഞപ്പിത്ത രോഗം (ഹെപ്പറ്റൈറ്റിസ് എ) മൂലം സഹോദരങ്ങൾ മരണപ്പെടാനിടയുണ്ടായ സംഭവം അങ്ങേയറ്റം ഗൗരവത്തോടെ കാണുന്നതായി ഡിഎംഒ ഡോ. പീയുഷ് എം നമ്പൂതിരിപ്പാട് അറിയിച്ചു. മേഖലയിലെ കുടിവെള്ളം വിദഗ്ധ പരിശോധനക്കായി ശേഖരിക്കും. ആവശ്യമെങ്കിൽ പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയക്കും.
രോഗം കണ്ടെത്തി വിദഗ്ധ ചികിത്സ ലഭിച്ചിട്ടും മഞ്ഞപ്പിത്തം വളരെ വേഗം മൂർച്ഛിക്കുകയും മരണങ്ങൾ ഉണ്ടാവുകയും ചെയ്തതിന്റെ കാരണങ്ങളെക്കുറിച്ച് ആരോഗ്യവകുപ്പ് പരിശോധന നടത്തും. മഞ്ഞപ്പിത്ത വ്യാപനം തടയുന്നതിനായി തളിപ്പറമ്പ് നഗരസഭ, മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ഭക്ഷ്യസുരക്ഷാ വകുപ്പ് എന്നിവയുമായി ചേർന്ന് ആരോഗ്യ വകുപ്പ് തെളിച്ചം (ദി എജുക്കേഷൻ ആൻഡ് ലൈഫ് സ്‌റ്റൈൽ ചേഞ്ച് ഫോർ ഹെപ്പറ്റൈറ്റിസ് എ മാനേജ്‌മെൻറ്) പദ്ധതി നടപ്പിലാക്കും.
ഈ വർഷം മെയ് മാസത്തിലാണ് തളിപ്പറമ്പിൽ ആദ്യത്തെ മഞ്ഞപ്പിത്ത കേസ് (ഹെപ്പറ്റൈറ്റിസ്-എ) റിപ്പോർട്ട് ചെയ്തത്. പിന്നീട് ട്യൂഷൻ സെന്ററിലെ വിദ്യാർഥികൾക്ക് രോഗം ബാധിക്കുകയും വീടുകളിലേക്ക് പടരുകയും ചെയ്തു. തളിപ്പറമ്പ് നഗരത്തെ ആശ്രയിക്കുന്ന സമീപ പഞ്ചായത്തുകളിലും രോഗബാധിതരുണ്ട്. ഇതുവരെ 340 മഞ്ഞപ്പിത്ത കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
50 ഓളം പേർ കിടത്തി ചികിത്സ എടുത്തു. ആകെ രണ്ട് മരണമാണ് റിപ്പോർട്ട് ചെയ്തത്.
രോഗം പടർന്നു പിടിക്കാനിടയാക്കിയ കിണർ ഉപയോഗം നിർത്തിക്കുകയും ഈ വർഷം ജൂലൈയിൽ തളിപ്പറമ്പ് മുൻസിപ്പൽ വൈസ് ചെയർമാനെ പങ്കെടുപ്പിച്ചു കൊണ്ട് ലോക ഹെപ്പറ്റൈറ്റിസ് ദിനാചരണം തളിപ്പറമ്പിൽ ആരോഗ്യ വകുപ്പ് നടത്തുകയുണ്ടായി. മഞ്ഞപ്പിത്തതിനെതിരെ വിപുലമായ പ്രചാരണ പ്രവർത്തനങ്ങളാണ് നടന്നു വന്നിരുന്നത്.
തളിപ്പറമ്പിൽ നിലവിൽ 15 വയസ്സിനും 40 വയസ്സിനും ഇടയിലുള്ളവർക്കാണ് കൂടുതൽ മഞ്ഞപ്പിത്തം ബാധിച്ചിട്ടുള്ളത്.
ബന്ധുവിന്റെ വീടു കാണൽ ചടങ്ങിൽ പങ്കെടുത്തത് വഴിയാണ് രോഗം മൂലം മരണപ്പെട്ട വ്യക്തി അസുഖബാധിതൻ ആയത് എന്നാണ് നിഗമനം.
രോഗം ബാധിച്ചവർ വീടുകളിൽ ആവശ്യമായ നിയന്ത്രണങ്ങൾ പാലിക്കാത്തതാണ് രോഗപകർച്ച തടയുന്നതിനു തടസ്സമായി നിൽക്കുന്നതെന്ന് ഡി എം ഒ പറഞ്ഞു. തളിപ്പറമ്പിൽ ഭൂരിഭാഗം കേസുകളും ഇത്തരം സെക്കൻഡറി കേസുകൾ ആണ്.
ടോയ്ലെറ്റ് ഉപയോഗ ശേഷം കൈകാലുകൾ രോഗികൾ നന്നായി കഴുകാത്തതാണ് രോഗവ്യാപനത്തിന്റെ അടിസ്ഥാനം. ടോയ്‌ലറ്റ് ഉപയോഗ ശേഷം സോപ്പുപയോഗിച്ച് കൈകാലുകൾ നന്നായി കഴുകണം. മലവിസർജ്യത്തിലൂടെ പോകുന്ന വൈറസുകൾ കൈകളിൽ തങ്ങിനിൽക്കുകയും അത് മറ്റുള്ളവർക്ക് രോഗം സമ്മാനിക്കുകയും ആണ് ചെയ്തിരിക്കുന്നത്-ഡി എം ഒ കൂട്ടിച്ചേർത്തു.