യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റാകാൻ രാഹുൽ മാങ്കൂട്ടത്തിലും സംഘവും വ്യാജ ഐഡി കാർഡുകളുണ്ടാക്കി സംഘടനാ തെരഞ്ഞെടുപ്പ് അട്ടിമറിച്ച കേസിൽ രാഹുൽ മാങ്കൂട്ടത്തിലിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. ശനിയാഴ്ച ഹാജരാകാൻ നോട്ടീസ് നൽകി. പ്രതികളുടെ ശബ്ദരേഖയിൽ രാഹുലിൻ്റെ പേരും ഉണ്ട്. ഇതോടെയാണ് വീണ്ടും വിളിപ്പിച്ചത്.
വ്യാജരേഖ ചമയ്‌ക്കലും വഞ്ചനാക്കുറ്റവും ക്രിമിനൽ ഗൂഢാലോചനയും വ്യാജ ഇലക്‌ട്രോണിക് രേഖയുണ്ടാക്കലുമടക്കം ഗുരുതര കുറ്റകൃത്യങ്ങളാണ് പ്രതികൾ ചെയ്തതെന്നാണ് അന്വേഷക സംഘത്തിന്റെ വിലയിരുത്തൽ. യൂത്ത് കോൺഗ്രസ് നേതാക്കളും രാഹുലിന്റെ അടുത്ത സുഹൃത്തുക്കളുമായ അഭിനന്ദ് വിക്രമൻ, രഞ്ജു, ഫെനി നൈനാന്‍, ബിനില്‍ ബിനു, വികാസ് കൃഷ്ണ,ജെയ്സൺ എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ. ഫെനി നൈനാനും, ബിനില്‍ ബിനുവും പിടിയിലാകുമ്പോൾ സഞ്ചരിച്ചിരുന്നത് രാഹുൽ മാങ്കൂട്ടത്തിന്റെ കാറിലായിരുന്നു. ഇതോടെയാണ് രാഹുലിലേക്കും അന്വേഷണം തിരിഞ്ഞത്.
മൊബൈൽ ആപ്ലിക്കേഷൻ വഴിയാണ് സംഘം കാർഡുകൾ നിർമിച്ചത്. തെരഞ്ഞെടുപ്പ് കമീഷന്റെ വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത തിരിച്ചറിയൽ കാർഡുകളിലെ ഫോട്ടോയും പേരും മാറ്റി സംഘടനാ തെരഞ്ഞെടുപ്പിന് ഉപയോഗിച്ചതെന്ന് തിരുവനന്തപുരം ഫോറൻസിക് ലാബിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തി. ഇത് രാജ്യസുരക്ഷയ്ക്ക് തന്നെ ഭീഷണിയാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
അഭിനന്ദ് വിക്രമന്റെ ലാപ്‌ടോപിൽ ഫോട്ടോഷോപ് ഉപയോഗിച്ചാണ് കാർഡുകൾ നിർമിച്ചതെന്ന് പരിശോധനയിൽ വ്യക്തമായി. ദിവസവും 50 മുതൽ 60 വരെ കാർഡുകൾ എന്ന നിലയിൽ രണ്ടായിരത്തോളം വ്യാജ കാർഡുകളാണ് നിർമിച്ചത്.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 465, 468, 471, 419, 120 (ബി), ഐടി നിയമത്തിലെ 66(സി) വകുപ്പുകൾ പ്രകാരമാണ് കേസ്. വ്യാജരേഖ ചമയ്‌ക്കുന്നവർക്ക് ഐപിസി 465 പ്രകാരം രണ്ടുവർഷംവരെ തടവും പിഴയും ഇലക്ട്രോണിക് രേഖ ചമയ്‌ക്കുന്നത് 468 പ്രകാരം ഏഴ് വർഷം വരെ തടവും ലഭിക്കാം. 419 അനുസരിച്ച് വഞ്ചനാക്കുറ്റത്തിന് മൂന്ന് വർഷം വരെ തടവും പിഴയുമുണ്ടാകാം. 120(ബി) പ്രകാരം ക്രിമിനൽ ഗൂഢാലോചനയ്‌ക്ക് ആറ് മാസം വരെ തടവും പിഴയും നൽകാം. ഡിജിറ്റൽ ഒപ്പ്, പാസ്‌വേർഡ്, മറ്റ് വ്യക്തിഗത വിവരങ്ങൾ എന്നിവ വ്യാജമായി നിർമിച്ചതിന് മൂന്ന് വർഷംവരെ തടവും ഒരു ലക്ഷം രൂപ വരെ പിഴയുമാണ് ശിക്ഷ.
വ്യാജ തിരിച്ചറിയൽ കാർഡിൽ കുരുങ്ങി രാഹുൽ: കേസിൽ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും #fake_identity
കടുത്ത നിലപാടുമായി രാഹുൽ മാങ്കൂട്ടം; എംഎൽഎ സ്ഥാനം രാജിവെക്കില്ലെന്ന് വ്യക്തമാക്കി #Rahul_Mamkootathil
അടൂര്‍: എംഎല്‍എ സ്ഥാനം രാജിവെക്കില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍. എംഎല്‍എ സ്ഥാനം രാജിവെക്കുന്നത് ആലോചനയിലേ ഇല്ലെന്ന് രാഹുല്‍ വ്യക്തമാക്കി. രാജി ആവശ്യപ്പെട്ട് എല്‍ഡിഎഫും ബിജെപിയും പ്രതിഷേധപ്രകടനങ്ങളുമായി മുന്നോട്ടുപോകുന്ന പശ്ചാത്തലത്തിലാണ് രാഹുലിന്റെ പ്രതികരണം. അടൂരിലെ വീട്ടില്‍ നിന്നാണ് രാഹുല്‍ മാധ്യമങ്ങളോട് സംസാരിച്ചത്.
പാര്‍ട്ടിയിലെ തന്നെ ഒരു വിഭാഗം ആളുകള്‍ എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന അഭിപ്രായമുള്ളവരാണല്ലോ എന്ന ചോദ്യത്തിന് രാജി എന്നത് പരിഗണനാ വിഷയമേയല്ലെന്നാണ് രാഹുല്‍ മറുപടി നല്‍കിയത്. കൂടുതല്‍ പ്രതികരണത്തിന് അദ്ദേഹം തയ്യാറായതുമില്ല.
കഴിഞ്ഞ ദിവസമാണ് അദ്ദേഹം യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവെച്ചത്. ആരോപണങ്ങൾ ഉയർന്ന പശ്ചാത്തലത്തിൽ ധാര്‍മികതയുടെ പുറത്താണ് രാജിവെക്കുന്നതെന്നാണ് രാഹുൽ വ്യക്തമാക്കിയത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ സര്‍ക്കാരിനെതിരായി നിലപാടെടുക്കുന്ന സമയത്ത് ഇത്തരം വിഷയങ്ങളില്‍ ന്യായീകരിക്കേണ്ടി വരിക എന്ന പ്രതിസന്ധി സൃഷ്ടിക്കുന്നില്ല. അതുകൊണ്ട് പ്രസിഡന്റ് രാജിവെക്കുകയാണ്. കുറ്റം ചെയ്തതുകൊണ്ടല്ല രാജിവെക്കുന്നതെന്നും രാഹുല്‍ പ്രതികരിച്ചിരുന്നു.
യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനത്തുനിന്ന് രാഹുൽ പുറത്ത് #Rahul_Mamkootathil
അടൂർ : ആരോപണങ്ങൾക്കൊടുവിൽ നാണം കെട്ട് രാഹുലിന്റെ പടിയിറക്കം. യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനത്തുനിന്ന് രാഹുൽ മാങ്കൂട്ടത്തിൽ തെറിച്ചു. കോൺഗ്രസ് നേതൃത്വം രാഹുലിന്റെ രാജി ആവശ്യപ്പെട്ടതായി വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ അടൂരിലെ വീട്ടിൽ മാധ്യമപ്രവർത്തകരെ കണ്ട രാഹുൽ നേതൃത്വം തന്നോട് രാജി ആവശ്യപ്പെട്ടിട്ടില്ലെന്നും ഇതുവരെ രാജി വച്ചിട്ടില്ലെന്നുമാണ് പറഞ്ഞത്. എന്നാൽ ഒടുക്കം രാജി വച്ചതായി സമ്മതിക്കുകയായിരുന്നു. ഗത്യന്തരമില്ലാതെയാണ് രാജി വച്ചതെങ്കിലും സ്വമേധയാ രാജി വച്ചതാണെന്നു പറഞ്ഞ് തന്റെ രാജിയെ ന്യായീകരിക്കാനും രാഹുൽ ശ്രമിച്ചു.
കഴിഞ്ഞ ദിവസമാണ് യുവനടി രാഹുലിനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയത്. വെളിപ്പെടുത്തലിനു പിന്നാലെ സമാനമായ രീതിയിൽ നിരവധി ആരോപണങ്ങൾ രാഹുലിനെതിരെ ഉയർന്നിരുന്നു. യുവതിയെ ഗർഭച്ഛിദ്രത്തിന് നിർബന്ധിക്കുന്നതിന്റെ ശബ്ദ സന്ദേശവും പുറത്തുവന്നിരുന്നു. യുവതിയോട് കുഞ്ഞിന്റെ അച്ഛനായി ആരെ ചൂണ്ടിക്കാണിക്കുമെന്ന് രാഹുൽ സംഭാഷണത്തിൽ ചോദിക്കുന്നുണ്ട്. രാഹുലിനെ ചൂണ്ടിക്കാണിക്കുമെന്ന് യുവതി മറുപടി പറയുന്നു. എന്നാൽ തനിക്ക് അത് ബുദ്ധിമുട്ടാകുമെന്ന് യുവതിയോട് ഭീഷണിയുടെ സ്വരത്തിൽ രാഹുൽ പറയുന്നതും പുറത്തുവന്ന ശബ്ദരേഖയിൽ കേൾക്കാം.
എന്നാൽ ആരോപണങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾക്കൊന്നും മറുപടി നൽകാതെ കുറ്റം മുഴുവൻ മാധ്യമപ്രവർത്തകർക്കുമേൽ ചുമത്തി തടിതപ്പാനാണ് രാഹുൽ ശ്രമിച്ചത്.
കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോര്; യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ സമരപരിപാടിയിൽനിന്ന് വിട്ടുനിന്ന് ചാണ്ടി ഉമ്മൻ #Youth_Congress
കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പ് വരാനിരിക്കെ കോഴിക്കോട്ടെ കോൺഗ്രസിൽ തലപൊക്കി ഗ്രൂപ്പ് പോര്. കോഴിക്കോട് കോർപ്പറേഷന് എതിരായി യൂത്ത് കോൺഗ്രസ് സൗത്ത് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സമരപരിപാടിയിൽ നിന്ന് ചാണ്ടി ഉമ്മൻ വിട്ടുനിന്നു. ഉദ്ഘാടകനായി നിശ്ചയിച്ച പരിപാടിയിൽ നിന്നാണ് ചാണ്ടി ഉമ്മൻ വിട്ടുനിന്നത്. ചാണ്ടി ഉമ്മൻ വിട്ടുനിന്നതിന് പിന്നിൽ ഗ്രൂപ്പ് താത്പര്യമാണെന്നാണ് വിവരം.
സിദ്ദിഖ് വിഭാഗം ഇടപെട്ട് ചാണ്ടി ഉമ്മനെ പരിപാടിയിൽ പങ്കെടുക്കുന്നത് വിലക്കിയെന്നാണ് ആരോപണം. തദ്ദേശ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കോർപ്പറേഷനെതിരെ കോൺഗ്രസും യൂത്ത് കോൺഗ്രസും നടത്തുന്ന പ്രതിഷേധ പരിപാടികളുടെ ശോഭ കെടുത്തുന്നതാണ് ചാണ്ടിയുടെ നടപടി എന്നും ഇതിനെതിരെ കോൺഗ്രസ് നേതാക്കൾക്ക് പരാതി നൽകുമെന്നും യൂത്ത് കോൺഗ്രസ് അറിയിച്ചു.
പരിപാടിയിൽ നിന്ന് വിട്ടുനിന്നതോടെ ചാണ്ടി ഉമ്മനെതിരെ പരസ്യപ്രതികരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീൺ കുമാർ രംഗത്ത് എത്തി. കോഴിക്കോട് ഉണ്ടായിട്ടും ഡിസിസി പ്രസിഡന്റ് നേരിട്ട് ആവശ്യപ്പെട്ടിട്ടും എന്തുകൊണ്ട് പരിപാടിയിൽ പങ്കെടുത്തില്ല എന്ന കാര്യത്തിൽ ചാണ്ടി ഉമ്മനോട് വിശദീകരണം തേടുമെന്ന് ഡിസിസി പ്രസിഡന്റ് അറിയിച്ചു. കോർപ്പറേഷനെതിരായി നടത്തുന്ന യൂത്ത് കോൺഗ്രസ് പരിപാടി മാതൃകാപരമാണ് അതിൽ പങ്കെടുക്കണമെന്ന് ഇന്നു രാവിലെയും ആവശ്യപ്പെട്ടെന്നും പ്രവീൺ കുമാർ പറഞ്ഞു. എംഎൽഎ വിട്ടുനിന്നത് ബോധപൂർവ്വം എന്നുകരുതുന്നില്ല. എന്നാൽ ബോധപൂർവ്വം എങ്കിൽ ആ നടപടി തെറ്റാണെന്നും ഡിസിസി പ്രസിഡന്റ് പറഞ്ഞു.
കോർപ്പറേഷന് എതിരായി വീട് കയറിയുള്ള ഗൃഹസമ്പർക്ക യാത്രയാണ് യൂത്ത് കോൺഗ്രസ് സൗത്ത് മണ്ഡലം കമ്മിറ്റി നടത്തുന്നത്. ഈ മാസം ഒന്നുമുതൽ നടക്കുന്ന പരിപാടിയിൽ പല നേതാക്കളും പങ്കെടുത്തിരുന്നു. ഇന്ന് രാവിലെ ഈ പരിപാടിയിൽ ഉദ്ഘാടകനായി നിശ്ചയിച്ചത് ചാണ്ടി ഉമ്മനെയായിരുന്നു. കോഴിക്കോട് ജില്ലയിൽ വിവിധ പരിപാടികൾ ഉള്ള ചാണ്ടി ഉമ്മൻ പുലർച്ചെ തന്നെ ജില്ലയിൽ എത്തുകയും ചെയ്തിരുന്നു. 7.30 ന് തീരുമാനിച്ച പരിപാടിയിൽ ചാണ്ടി ഉമ്മൻ എത്താത്തതിനെ തുടർന്ന് നേതാക്കൾ ഇടപെട്ട് പങ്കെടുക്കാൻ ആവശ്യപ്പെട്ടെങ്കിലും ചാണ്ടി വിട്ടുനിന്നു.
മുണ്ടക്കയം പണപിരിവ് : യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കുട്ടം അടക്കം കുടുക്കിൽ #latestnews
കൊച്ചി: മുണ്ടക്കൈ- ചൂരൽമല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതർക്ക് വീട് നിർമിക്കാനെന്ന പേരില്‍ പണപ്പിരിവ് നടത്തിയ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പൊലീസിൽ പരാതി. കോലഞ്ചേരി സ്വദേശിനിയാണ് പരാതിക്കാരി. യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍, വൈസ് പ്രസിഡന്റുമാരായ അബിന്‍ വര്‍ക്കി, അരിത ബാബു, ടി അനുതാജ്, വൈശാഖ് എസ് ദര്‍ശന്‍, വിഷ്ണു സുനില്‍, വി കെ ഷിബിന്‍, ഒ കെ ജനീഷ് എന്നിവര്‍ക്കെതിരായാണ് പരാതി.
മുണ്ടക്കൈ ദുരിത ബാധിതര്‍ക്കായി സംസ്ഥാന തലത്തില്‍ 2.80 കോടി രൂപയും സ്‌പോണ്‍സര്‍ഷിപ്പ് തുകയും ശേഖരിച്ച് 30 വീടുകള്‍ നിര്‍മിക്കുന്നെന്ന് പ്രഖ്യാപിച്ച് ഓരോ നിയോജകമണ്ഡലത്തില്‍ നിന്നും രണ്ട് ലക്ഷം രൂപ വീതം ശേഖരിക്കുകയും ചെയ്തു. ഇത്തരത്തില്‍ താന്‍ ഉള്‍പ്പെടെയുള്ള പൊതുജനങ്ങളെ മനഃപൂര്‍വം പറഞ്ഞു പറ്റിച്ചും പണം സമാഹരിച്ചും അന്യായമായ ലാഭമുണ്ടാക്കിയ എട്ട് പേര്‍ക്കുമെതിരെ വിശദമായി അന്വേഷണം നടത്തണമെന്ന് പരാതിയില്‍ പറയുന്നു.





വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.