അടൂർ : ആരോപണങ്ങൾക്കൊടുവിൽ നാണം കെട്ട് രാഹുലിന്റെ പടിയിറക്കം. യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനത്തുനിന്ന് രാഹുൽ മാങ്കൂട്ടത്തിൽ തെറിച്ചു. കോൺഗ്രസ് നേതൃത്വം രാഹുലിന്റെ രാജി ആവശ്യപ്പെട്ടതായി വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ അടൂരിലെ വീട്ടിൽ മാധ്യമപ്രവർത്തകരെ കണ്ട രാഹുൽ നേതൃത്വം തന്നോട് രാജി ആവശ്യപ്പെട്ടിട്ടില്ലെന്നും ഇതുവരെ രാജി വച്ചിട്ടില്ലെന്നുമാണ് പറഞ്ഞത്. എന്നാൽ ഒടുക്കം രാജി വച്ചതായി സമ്മതിക്കുകയായിരുന്നു. ഗത്യന്തരമില്ലാതെയാണ് രാജി വച്ചതെങ്കിലും സ്വമേധയാ രാജി വച്ചതാണെന്നു പറഞ്ഞ് തന്റെ രാജിയെ ന്യായീകരിക്കാനും രാഹുൽ ശ്രമിച്ചു.
കഴിഞ്ഞ ദിവസമാണ് യുവനടി രാഹുലിനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയത്. വെളിപ്പെടുത്തലിനു പിന്നാലെ സമാനമായ രീതിയിൽ നിരവധി ആരോപണങ്ങൾ രാഹുലിനെതിരെ ഉയർന്നിരുന്നു. യുവതിയെ ഗർഭച്ഛിദ്രത്തിന് നിർബന്ധിക്കുന്നതിന്റെ ശബ്ദ സന്ദേശവും പുറത്തുവന്നിരുന്നു. യുവതിയോട് കുഞ്ഞിന്റെ അച്ഛനായി ആരെ ചൂണ്ടിക്കാണിക്കുമെന്ന് രാഹുൽ സംഭാഷണത്തിൽ ചോദിക്കുന്നുണ്ട്. രാഹുലിനെ ചൂണ്ടിക്കാണിക്കുമെന്ന് യുവതി മറുപടി പറയുന്നു. എന്നാൽ തനിക്ക് അത് ബുദ്ധിമുട്ടാകുമെന്ന് യുവതിയോട് ഭീഷണിയുടെ സ്വരത്തിൽ രാഹുൽ പറയുന്നതും പുറത്തുവന്ന ശബ്ദരേഖയിൽ കേൾക്കാം.
എന്നാൽ ആരോപണങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾക്കൊന്നും മറുപടി നൽകാതെ കുറ്റം മുഴുവൻ മാധ്യമപ്രവർത്തകർക്കുമേൽ ചുമത്തി തടിതപ്പാനാണ് രാഹുൽ ശ്രമിച്ചത്.