കൊച്ചി: മുണ്ടക്കൈ- ചൂരൽമല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതർക്ക് വീട് നിർമിക്കാനെന്ന പേരില്‍ പണപ്പിരിവ് നടത്തിയ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പൊലീസിൽ പരാതി. കോലഞ്ചേരി സ്വദേശിനിയാണ് പരാതിക്കാരി. യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍, വൈസ് പ്രസിഡന്റുമാരായ അബിന്‍ വര്‍ക്കി, അരിത ബാബു, ടി അനുതാജ്, വൈശാഖ് എസ് ദര്‍ശന്‍, വിഷ്ണു സുനില്‍, വി കെ ഷിബിന്‍, ഒ കെ ജനീഷ് എന്നിവര്‍ക്കെതിരായാണ് പരാതി.
മുണ്ടക്കൈ ദുരിത ബാധിതര്‍ക്കായി സംസ്ഥാന തലത്തില്‍ 2.80 കോടി രൂപയും സ്‌പോണ്‍സര്‍ഷിപ്പ് തുകയും ശേഖരിച്ച് 30 വീടുകള്‍ നിര്‍മിക്കുന്നെന്ന് പ്രഖ്യാപിച്ച് ഓരോ നിയോജകമണ്ഡലത്തില്‍ നിന്നും രണ്ട് ലക്ഷം രൂപ വീതം ശേഖരിക്കുകയും ചെയ്തു. ഇത്തരത്തില്‍ താന്‍ ഉള്‍പ്പെടെയുള്ള പൊതുജനങ്ങളെ മനഃപൂര്‍വം പറഞ്ഞു പറ്റിച്ചും പണം സമാഹരിച്ചും അന്യായമായ ലാഭമുണ്ടാക്കിയ എട്ട് പേര്‍ക്കുമെതിരെ വിശദമായി അന്വേഷണം നടത്തണമെന്ന് പരാതിയില്‍ പറയുന്നു.