അടൂര്‍: എംഎല്‍എ സ്ഥാനം രാജിവെക്കില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍. എംഎല്‍എ സ്ഥാനം രാജിവെക്കുന്നത് ആലോചനയിലേ ഇല്ലെന്ന് രാഹുല്‍ വ്യക്തമാക്കി. രാജി ആവശ്യപ്പെട്ട് എല്‍ഡിഎഫും ബിജെപിയും പ്രതിഷേധപ്രകടനങ്ങളുമായി മുന്നോട്ടുപോകുന്ന പശ്ചാത്തലത്തിലാണ് രാഹുലിന്റെ പ്രതികരണം. അടൂരിലെ വീട്ടില്‍ നിന്നാണ് രാഹുല്‍ മാധ്യമങ്ങളോട് സംസാരിച്ചത്.
പാര്‍ട്ടിയിലെ തന്നെ ഒരു വിഭാഗം ആളുകള്‍ എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന അഭിപ്രായമുള്ളവരാണല്ലോ എന്ന ചോദ്യത്തിന് രാജി എന്നത് പരിഗണനാ വിഷയമേയല്ലെന്നാണ് രാഹുല്‍ മറുപടി നല്‍കിയത്. കൂടുതല്‍ പ്രതികരണത്തിന് അദ്ദേഹം തയ്യാറായതുമില്ല.
കഴിഞ്ഞ ദിവസമാണ് അദ്ദേഹം യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവെച്ചത്. ആരോപണങ്ങൾ ഉയർന്ന പശ്ചാത്തലത്തിൽ ധാര്‍മികതയുടെ പുറത്താണ് രാജിവെക്കുന്നതെന്നാണ് രാഹുൽ വ്യക്തമാക്കിയത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ സര്‍ക്കാരിനെതിരായി നിലപാടെടുക്കുന്ന സമയത്ത് ഇത്തരം വിഷയങ്ങളില്‍ ന്യായീകരിക്കേണ്ടി വരിക എന്ന പ്രതിസന്ധി സൃഷ്ടിക്കുന്നില്ല. അതുകൊണ്ട് പ്രസിഡന്റ് രാജിവെക്കുകയാണ്. കുറ്റം ചെയ്തതുകൊണ്ടല്ല രാജിവെക്കുന്നതെന്നും രാഹുല്‍ പ്രതികരിച്ചിരുന്നു.