#HAPPY_DRINKS : പ്രകൃതിദത്ത പാനീയങ്ങൾ ആസ്വദിക്കാം, നിർമ്മിക്കാം.. ഇതാ #ഹാപ്പി_ഡ്രിങ്ക്സ് ഫെസ്റ്റിവലുമായി ഒരു ഗവണ്മെന്റ് യുപി സ്ക്കൂൾ..

ആലക്കോട് : ഒറ്റത്തൈ ഗവ.യു.പി സ്കൂളിൽ നടന്ന പ്രകൃതിദത്ത പാനീയങ്ങളുടെ നിർമ്മാണ പരിശീലനവും പ്രദർശനവും 'ഹാപ്പി ഡ്രിങ്ക്സ് ' ശ്രദ്ധേയമായി. കുട്ടികളിൽ ജങ്ക് ഫുഡ്, കൃത്രിമ പാനീയം എന്നിവയോടുള്ള അമിതാസക്തി കുറയ്ക്കുന്നതിന്  സർവ്വശിക്ഷാ കേരളം സ്കൂളുകളിൽ നടപ്പിലാക്കുന്ന പദ്ധതിയാണ് ഹാപ്പി ഡ്രിങ്ക്സ്.. പ്രാദേശികമായി ലഭ്യമാവുന്ന പ്രകൃതിദത്തമായ വസ്തുക്കൾ ഉപയോഗിച്ച് ബദൽ പാനീയങ്ങൾ നിർമ്മിക്കാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുക എന്നതാണ് ഹാപ്പി ഡ്രിങ്ക് സിലൂടെ ലക്ഷ്യമിടുന്നത്.

ഇഞ്ചി, പപ്പായ, തക്കാളി, ഓറഞ്ച്, ആപ്പിൾ, പേരക്ക, പൈനാപ്പിൾ, ബീറ്റ്റൂട്ട്, ക്യാരറ്റ്, തണ്ണി മത്തൻ, കപ്പ, നെല്ലിക്ക, ചാമ്പക്ക, നാളികേരം, കശുമാങ്ങ, പാഷൻ ഫ്രൂട്ട്, പൊതിന, കറിവേപ്പില, നന്നാറി, ചെമ്പരത്തി പൂവ് എന്നിവ കൊണ്ടുള്ള വിവിധ രുചിയിലും നിറങ്ങളിലുമുള്ള മധുര പാനീയങ്ങളും മോര്, കഞ്ഞി വെള്ളം, ചെറുനാരങ്ങ, മാങ്ങ, നെല്ലിക്ക എന്നിവ ഉപയോഗിച്ചുള്ള സംഭാരങ്ങളും നിർമ്മിച്ചു. മധുരത്തിനായി തേൻ ആണ് ഉപയോഗിച്ചത്.

പി ടി എ പ്രസിഡൻ്റ് ടി എം രാജേഷിൻ്റെ അധ്യക്ഷതയിൽ ആലക്കോട് പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ കവിത ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു, സ്കൂൾ ലീഡർ എബിൻ ജോമി, അധ്യാപക പ്രതിനിധികളായ കെ എൻ രാധാമണി, ലീല കെ, ഷീലാമ്മ ജോസഫ്, എൻ എസ് ചിത്ര, മുബീന പി.കെ, അൻസ ജയിംസ് എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപിക എം കെ ഉമാദേവി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ ആർ രശ്മി നന്ദിയും പറഞ്ഞു.