#NO_CASH_COUNTER_STORE : ഇവിടെ സാധനങ്ങൾ വാങ്ങാം,, പണം വാങ്ങാൻ പക്ഷെ ആരുമില്ല.. കുട്ടികളെ നേർവഴിക്ക് നയിക്കാൻ ആളില്ലാക്കടയുമായി ഒറ്റത്തൈ സ്കൂളിന്റെ പുതിയ സംരംഭം ചർച്ചയാകുന്നു..

<h4>ഒറ്റത്തൈ ഗവ. യു പി സ്കൂളിൽ ഹോണസ്റ്റി ഷോപ്പ് അഡ്വ.സജീവ് ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്യുന്നു.</h4>

ആലക്കോട് : കുട്ടികളിൽ സത്യസന്ധതയും അർപ്പണബോധവും വളർത്തിയെടുക്കാൻ മലയോരത്ത് നിന്നും ഇതാ പുതിയ മാതൃകയുമായി ഒറ്റത്തൈ ഗവ. യു പി സ്കൂൾ.

കുട്ടികൾക്കാവശ്യമായ പഠന  സാമഗ്രികൾ ഇനി മുതൽ സ്കൂളിൽ ഒരുക്കിയ ഹോണസ്റ്റി ഷോപ്പിൽ നിന്നും വാങ്ങാം. പേന, പെൻസിൽ, നോട്ട് ബുക്ക്, കളർ പെൻസിൽ, സ്കെയിൽ, ഇൻസ്ട്രുമെൻ്റ് ബോക്സ്, ഇറെയ്സർ, പേപ്പർ, പെൻസിൽ കട്ടർ തുടങ്ങി എല്ലാ ഇനങ്ങളും ഈ ചില്ലറ വിൽപ്പനശാലയിൽ നിന്ന് ലഭിക്കും. ആവശ്യമുള്ള സാധനങ്ങൾ എടുത്തതിന് ശേഷം വിലവിവരപട്ടികയിൽ കൊടുത്തിട്ടുള്ള തുക പണപ്പെട്ടിയിൽ ഇടണം.
പണം വാങ്ങാനോ ബാക്കി നൽകാനോ ആളുണ്ടാവില്ല. അധ്യയന ദിവസങ്ങളിൽ 9.30 മുതൽ 3 മണി വരെയാണ് പ്രവർത്തന സമയം. അഭ്യുദയകാംക്ഷികളുടെ സഹകരണത്തോടെയാണ് ഈ ആളില്ലാ കട ഒരുക്കിയത്.
കുട്ടികളിൽ നല്ല ശീലങ്ങൾ വളർത്തിയെടുക്കാൻ ഇത്തരം പ്രവർത്തനങ്ങളിലൂടെ സാധിക്കുമെന്ന് ഹോണസ്റ്റി ഷോപ്പ് ഉദ്ഘാടനം ചെയ്തു കൊണ്ട് അഡ്വ.സജീവ് ജോസഫ്
എം എൽ എ പറഞ്ഞു.

ആലക്കോട് പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ കവിത ഗോവിന്ദൻ അധ്യക്ഷയായി
ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ എം.എ ഖലീൽ റഹ് മാൻ, ഗ്രാമപഞ്ചായത്ത് അംഗം വത്സല പ്രകാശ്,
പി ടി എ പ്രസിഡൻ്റ് ടി എം രാജേഷ്, എസ് എം സി ചെയർമാൻ വിജേഷ് ആൻ്റണി, ബാബു പനമുള്ളിയിൽ, ബീന മാത്യു, സ്റ്റാഫ് സെക്രട്ടറി കെ ആർ രശ്മി, സ്കൂൾ ലീഡർ എബിൻ ജോമി എന്നിവർ സംസാരിച്ചു.പ്രധാനാധ്യാപിക എം കെ ഉമാദേവി സ്വാഗതവും കെ എൻ രാധാമണി നന്ദിയും പറഞ്ഞു