ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അതിവേഗം പടരുന്ന കോവിഡിന്റെ ഒമിക്‌റോൺ ഉപവിഭാഗമായ എക്‌സ്‌ബിബി ഇന്ത്യയിൽ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ജാഗ്രത ശക്തമാക്കാനൊരുങ്ങി കേന്ദ്രം. വിദേശത്ത് നിന്ന് എത്തുന്നവരിൽ 2 ശതമാനം പേരെ ഇന്ന് മുതൽ വിമാനത്താവളങ്ങളിൽ പരിശോധിക്കും. രാജ്യാന്തര യാത്രക്കാരെ തെർമൽ സ്‌കാനിംഗ് നടത്താനും തീരുമാനിച്ചിട്ടുണ്ട്.
അടുത്ത ആഴ്ചയിലെ സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം തുടർ നടപടി സ്വീകരിക്കും. കൊവിഡ് പരിശോധനാ ഫലം വീണ്ടും നിർബന്ധമാക്കുന്നതിനെക്കുറിച്ച് കേന്ദ്രം ചർച്ച ചെയ്യുന്നു. ചില രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് കോവിഡ് പരിശോധന റിപ്പോർട്ട് നിർബന്ധമാക്കാൻ തീരുമാനിച്ചു. അടുത്തയാഴ്ച ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകും. നിലവിൽ വിമാന സർവീസുകൾ നിയന്ത്രിക്കേണ്ട ആവശ്യമില്ല.
ആൾക്കൂട്ടം ഒഴിവാക്കാനും മാസ്‌ക് ഉൾപ്പെടെയുള്ള കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാനും കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി. പനിയും കടുത്ത ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളും ഉള്ള രോഗികളെ പ്രത്യേകം നിരീക്ഷിക്കണം. രോഗം സ്ഥിരീകരിച്ചാൽ ജനിതക ക്രമപ്പെടുത്തൽ നടത്തണമെന്നും കേന്ദ്രത്തിന്റെ മാർഗനിർദേശങ്ങളിൽ പറയുന്നു.