Health Department എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Health Department എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ശസ്ത്രക്രിയക്ക് മാർഗരേഖയുമായി ആരോഗ്യവകുപ്പ്;പിഴവുകൾ ഒഴിവാക്കാൻ നിർദേശം #Thiruvananthapuram

 


തിരുവനന്തപുരം:ശസ്ത്രക്രിയ പിഴവിൽ മാർഗരേഖ പുറത്തിറക്കി ആരോഗ്യവകുപ്പ്.രോഗിയെ ശസ്ത്രക്രിയ വിവരങ്ങൾ അടങ്ങിയ റിസ്റ്റ് ബാൻഡ് ധരിപ്പിക്കണമെന്നും ശസ്ത്രക്രിയ നടത്തേണ്ട ശരീരഭാഗം മുൻകൂട്ടി അടയാളപ്പെടുത്തണമെന്നും മാർഗരേഖയിൽ പറയുന്നു. ഓപ്പറേഷൻ തിയേറ്ററിൽ മൊബൈൽഫോൺ ഉപയോഗിക്കരുത്. ചെറുതും വലുതുമായ എല്ലാ ശസ്ത്രക്രിയകൾക്കും മാർഗ്ഗനിർദ്ദേശം ബാധകമാണ്.
ശസ്ത്രക്രിയയ്ക്ക് മുമ്പ് ഡോക്ടറും നഴ്സും രോഗിയുടെ ഐപി നമ്പർ, കേസ് റെക്കോർഡ് എന്നിവ പൂർത്തിയാക്കണം. വാർഡ് ഡോക്ടറും നഴ്‌സ് ഇൻ ചാര്‍ജും പ്രീ ഓപ്പറേറ്റീവ് ചെക്ക് ലിസ്റ്റ് പൂരിപ്പിച്ച് ഒപ്പിടണം, തീയേറ്റർ ചുമതലയുള്ള ഓഫീസർ വായിച്ച് വ്യക്തത വരുത്തി ഒപ്പിടണം, അതിനുശേഷം മാത്രമേ തിയേറ്ററിലേക്ക് രോഗിയെ പ്രവേശിപ്പിക്കാവൂ,

ശസ്ത്രക്രിയ ഉപകരണങ്ങൾ, നശിപ്പിക്കുന്ന വസ്തുക്കള്‍ എന്നിവയുടെ കണക്കെടുപ്പ് നടത്തണം, ശസ്ത്രക്രിയയ്ക്ക് മുമ്പ് വൈറ്റ് ബോർഡിൽ ശസ്ത്രക്രിയ ഉപകരണങ്ങളുടെ പേരും എണ്ണവും രേഖപ്പെടുത്തണം, ശസ്ത്രക്രിയ കഴിഞ്ഞ് ഉപകരണങ്ങളുടെ എണ്ണം പരിശോധിച്ചു ചെക്ക് ലിസ്റ്റ് ബന്ധപ്പെട്ട മേധാവിക്ക് കൈമാറണം, മാർഗ്ഗനിർദ്ദേശം നടപ്പായാൽ ആർക്കും പരസ്പരം പഴിചാരാന്‍ കഴിയില്ലെന്നും മാർഗനിർദേശങ്ങളിൽ പറയുന്നു.

 Health Department issues guidelines for surgery

5 ആശുപത്രികൾക്ക് കൂടി ദേശീയ ഗുണനിലവാര അക്രഡിറ്റേഷൻ; ആകെ 253 ആരോഗ്യ സ്ഥാപനങ്ങൾക്ക് NQAS അംഗീകാരം #NQAS



തിരുവനന്തപുരം: സംസ്ഥാനത്തെ 5 ആരോഗ്യ സ്ഥാപനങ്ങൾക്ക് കൂടി ദേശീയ ഗുണനിലവാര അക്രഡിറ്റേഷൻ ലഭിച്ചതായി ആരോഗ്യ മന്ത്രി വീണ ജോർജ് അറിയിച്ചു. ഇതിൽ 2 ആരോഗ്യ സ്ഥാപനങ്ങൾക്ക് പുതുതായി ദേശീയ ഗുണനിലവാര അഷ്വറൻസ് സ്റ്റാൻഡേർഡ്സ് (NQAS) അംഗീകാരം ലഭിച്ചു, 3 ആരോഗ്യ സ്ഥാപനങ്ങൾക്ക് 3 വർഷത്തിനുശേഷം വീണ്ടും അംഗീകാരം കിട്ടി. ഇതോടെ, സംസ്ഥാനത്തെ NQAS നേടുന്ന ആരോഗ്യ സ്ഥാപനങ്ങളുടെ എണ്ണം 253 ആയി. സംസ്ഥാനത്തെ 8 ജില്ലാ ആശുപത്രികൾ, 6 താലൂക്ക് ആശുപത്രികൾ, 13 കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകൾ, 46 നഗര കുടുംബാരോഗ്യ കേന്ദ്രങ്ങൾ, 163 കുടുംബാരോഗ്യ കേന്ദ്രങ്ങൾ, 17 പൊതുജനാരോഗ്യ കേന്ദ്രങ്ങൾ എന്നിവയ്ക്കാണ് അംഗീകാരം.

 കുന്നത്തുകാൽ കുടുംബാരോഗ്യ കേന്ദ്രം (94.42 ശതമാനം), മലപ്പുറം ആനക്കയം പൊതുജനാരോഗ്യ കേന്ദ്രം (88.35 ശതമാനം) എന്നിവയ്ക്ക് പുതുതായും, പാലക്കാട് കല്ലടിക്കോട് കുടുംബാരോഗ്യ കേന്ദ്രം (90.60 ശതമാനം), കൊല്ലം മുണ്ടയ്ക്കൽ അർബൻ പ്രൈമറി ഹെൽത്ത് സെന്റർ (93.25 ശതമാനം), കൊല്ലം ഉളിയക്കോവിൽ അർബൻ പ്രൈമറി ഹെൽത്ത് സെന്റർ (95.36 ശതമാനം) എന്നിവയ്ക്ക് മാനദണ്ഡങ്ങൾക്കനുസൃതമായി ഗുണനിലവാരം ഉറപ്പാക്കിയ ശേഷം പുനഃക്രമീകരിക്കുകയും ചെയ്തു.

NQAS അക്രഡിറ്റേഷന് മൂന്ന് വർഷത്തെ കാലാവധിയുണ്ട്. മൂന്ന് വർഷത്തിന് ശേഷം, ദേശീയ സംഘത്തിന്റെ പുനഃപരിശോധന ഉണ്ടാകും. കൂടാതെ, എല്ലാ വർഷവും സംസ്ഥാനതല പരിശോധനയും ഉണ്ടാകും. ഇത് കർശനമായി പാലിക്കുന്ന സ്ഥാപനങ്ങൾക്ക് മാത്രമേ പുനഃക്രമീകരിക്കൂ. NQAS അക്രഡിറ്റേഷൻ ലഭിക്കുന്ന കുടുംബാരോഗ്യ കേന്ദ്രങ്ങൾ/നഗര പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾക്ക് ഓരോ പാക്കേജിനും 18,000 രൂപ വീതവും മറ്റ് ആശുപത്രികൾക്ക് ഒരു കിടക്കയ്ക്ക് 10,000 രൂപ വീതവും ലഭിക്കും.

കാൻസർ പ്രതിരോധത്തിന് സുപ്രധാന നീക്കവുമായി ആരോ​ഗ്യവകുപ്പ് #latest_news

 

 സംസ്ഥാനത്ത് കാൻസർ പ്രതിരോധത്തിന് സുപ്രധാന നീക്കവുമായി ആരോ​ഗ്യവകുപ്പ്. ഗർഭാശയഗള (സെർവിക്കൽ) കാൻസർ പ്രതിരോധത്തിനായി പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥിനികൾക്ക് എച്ച്പിവി വാക്‌സിനേഷൻ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. ഒരാഴ്ചയ്ക്കകം ടെക്‌നിക്കൽ കമ്മിറ്റി യോഗം ചേർന്ന് വാക്‌സിൻ സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കും. ആരോ​ഗ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോ​ഗത്തിലാണ് തീരുമാനം.

സ്ത്രീകളെ ഏറ്റവും അധികം ബാധിക്കുന്ന കാൻസറുകളിലൊന്നാണ് ഗർഭാശയഗള കാൻസർ. 9 മുതൽ 14 വയസുവരെയാണ് എച്ച്പിവി വാക്‌സിൻ ഏറ്റവും ഫലപ്രദം. അതേസമയം 26 വയസുവരെ എച്ച്പിവി വാക്‌സിൻ നൽകാവുന്നതാണ്. വാക്‌സിൻ കൊണ്ട് പ്രതിരോധിക്കാൻ സാധിക്കുന്നതാണ് ഗർഭാശയഗള കാൻസർ. ഇത് മുന്നിൽ കണ്ടാണ് മുഖ്യമന്ത്രിയുടെ നിർദേശാനുസരണം സംസ്ഥാനം സുപ്രധാന തീരുമാനം എടുത്തതെന്നും മന്ത്രി വ്യക്തമാക്കി.

ഗർഭാശയഗള കാൻസർ മുക്ത കേരളം എന്ന ലക്ഷ്യം കൈവരിക്കാനായി സംസ്ഥാനം വലിയ പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്. എച്ച്പിവി വാക്‌സിനേഷൻ സംബന്ധിച്ച അവബോധ ക്യാമ്പയിനും സംഘടിപ്പിക്കും. ടെക്‌നിക്കൽ കമ്മിറ്റിയുടെ മാർഗനിർദേശമനുസരിച്ചായിരിക്കും അവബോധ സന്ദേശങ്ങൾ തയ്യാറാക്കുക. പ്ലസ് വൺ, പ്ലസ് ടു തലത്തിലെ കുട്ടികളായതിനാൽ സ്‌കൂൾ തലത്തിൽ പ്രത്യേക അവബോധം നൽകും. ഇതോടൊപ്പം രക്ഷകർത്താക്കൾക്കും അവബോധം നൽകുന്നതാണ്.

കാൻസർ പ്രതിരോധത്തിനായി ആരോഗ്യ വകുപ്പ് ശക്തമായ പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്. കാൻസർ കെയർ ഗ്രിഡ് രൂപീകരിച്ച് രോഗനിർണയവും ചികിത്സയും ഏകോപിപ്പിച്ചു. കാൻസർ പ്രതിരോധത്തിന്റെ ഭാഗമായി 'ആരോഗ്യം ആനന്ദം അകറ്റാം അർബുദം' ജനകീയ കാൻസർ പ്രതിരോധ ക്യാമ്പയിൻ ആരംഭിച്ചു. 17 ലക്ഷത്തിലധികം പേർ സ്‌ക്രീനിംഗ് നടത്തി. ക്യാമ്പയിൻ കൂടുതൽ ശക്തിപ്പെടുത്താൻ മന്ത്രി നിർദേശം നൽകി.

ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, എൻഎച്ച്എം സ്റ്റേറ്റ് മിഷൻ ഡയറക്ടർ, എസ്എച്ച്എ എക്‌സിക്യൂട്ടീവ് ഡയറക്ടർ, ആരോഗ്യ വകുപ്പ് ഡയറക്ടർ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ, എംസിസി, സിസിആർസി ഡയറക്ടർമാർ, ആർസിസി ഗൈനക്കോളജി വിഭാഗം മേധാവി, ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർമാർ, ആരോഗ്യ വകുപ്പിലെ മറ്റ് ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

ഡിജിറ്റല്‍ ഹെല്‍ത്തില്‍ വന്‍ മുന്നേറ്റം; ക്യൂ നില്‍ക്കാതെ ആശുപത്രി അപ്പോയിന്റ്‌മെന്റ് എടുക്കാം #Health_department


  തിരുവനന്തപുരം: സംസ്ഥാനത്തെ 800 ആരോഗ്യ സ്ഥാപനങ്ങളില്‍ ഇ ഹെല്‍ത്ത് സംവിധാനം സജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മെഡിക്കല്‍ കോളേജുകളിലെ 18 സ്ഥാപനങ്ങള്‍ കൂടാതെ 33 ജില്ല/ജനറല്‍ ആശുപത്രികള്‍, 88 താലൂക്ക് ആശുപത്രികള്‍, 48 സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, 512 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, 79 നഗര കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, 14 സ്പെഷ്യാലിറ്റി ആശുപത്രികള്‍, 3 പബ്ലിക് ഹെല്‍ത്ത് ലാബുകള്‍, 5 മറ്റ് ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലാണ് ഇ ഹെല്‍ത്ത് നടപ്പിലാക്കിയത്. തിരുവനന്തപുരം 121, കൊല്ലം 45, പത്തനംതിട്ട 27, ആലപ്പുഴ 49, കോട്ടയം 45, ഇടുക്കി 27, എറണാകുളം 83, തൃശൂര്‍ 79, പാലക്കാട് 57, മലപ്പുറം 81, കോഴിക്കോട് 68, വയനാട് 33, കണ്ണൂര്‍ 55, കാസര്‍ഗോഡ് 30 എന്നിങ്ങനെയാണ് ജില്ലാ അടിസ്ഥാനത്തില്‍ ഇ ഹെല്‍ത്ത് സജ്ജമാക്കിയത്. സംസ്ഥാനത്തെ മുഴുവന്‍ ആശുപത്രികളിലും ഇ ഹെല്‍ത്ത് സംവിധാനം നടപ്പിലാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.

ആരോഗ്യ രംഗത്ത് ഡിജിറ്റല്‍ സാങ്കേതികവിദ്യ വളരെ ഫലപ്രദമായി നടപ്പിലാക്കി വരുന്നു. ഡിജിറ്റലായി പണമടയ്ക്കാനുള്ള സംവിധാനം, ഓണ്‍ലൈനായി ഒപി ടിക്കറ്റ്, എം-ഇഹെല്‍ത്ത് ആപ്പ്, സ്‌കാന്‍ എന്‍ ബുക്ക് സംവിധാനങ്ങള്‍ എന്നിവ അടുത്തിടെ സജ്ജമാക്കി. ഇതുവരെ 2.62 കോടിയിലധികം ജനങ്ങള്‍ ഇ ഹെല്‍ത്തിലൂടെ സ്ഥിര യു.എച്ച്.ഐ.ഡി. രജിസ്ട്രേഷന്‍ എടുത്തു. താത്ക്കാലിക രജിസ്‌ട്രേഷനിലൂടെ 8.88 കോടിയിലധികമാണ് ചികിത്സ തേടിയത്. 15.27 ലക്ഷം പേരാണ് ഇ ഹെല്‍ത്ത് സംവിധാനത്തിലൂടെ അഡ്മിറ്റായി ചികിത്സ തേടിയത്.

ഇ ഹെല്‍ത്തിലൂടെ ആശുപത്രിയില്‍ ക്യൂ നില്‍ക്കാതെ നേരത്തെ തന്നെ ഒപി ടിക്കറ്റ് എടുക്കാന്‍ കഴിയുന്നു. വീണ്ടും ചികിത്സ തേടണമെങ്കില്‍ ആശുപത്രിയില്‍ നിന്നും തന്നെ അഡ്വാന്‍സ് ടോക്കണ്‍ എടുക്കാനുള്ള സംവിധാനവും സജ്ജമാണ്. ഇ ഹെല്‍ത്ത് പോര്‍ട്ടല്‍ (https://ehealth.kerala.gov.in) വഴിയും എം-ഇഹെല്‍ത്ത് ആപ്പ് (https://play.google.com/store/apps/details?id=in.gov.kerala.ehealth.mhealth) വഴിയും അഡ്വാന്‍സ് ടോക്കണ്‍ എടുക്കാം. ഇതിലൂടെ കാത്തിരിപ്പ് വളരെ കുറയ്ക്കാനാകും.

എങ്ങനെ യുണിക്ക് ഹെല്‍ത്ത് ഐഡി സൃഷ്ടിക്കും?

ഇ ഹെല്‍ത്ത് വഴിയുള്ള സേവനങ്ങള്‍ ലഭിക്കുവാന്‍ ആദ്യമായി തിരിച്ചറിയില്‍ നമ്പര്‍ സൃഷ്ടിക്കണം. അതിനായി https://ehealth.kerala.gov.in എന്ന പോര്‍ട്ടലില്‍ കയറി രജിസ്റ്റര്‍ ലിങ്ക് ക്ലിക്ക് ചെയ്യണം. അതില്‍ ആധാര്‍ നമ്പര്‍ നല്‍കുക. തുടര്‍ന്ന് ആധാര്‍ രജിസ്റ്റര്‍ ചെയ്ത നമ്പരില്‍ ഒടിപി വരും. ഈ ഒടിപി നല്‍കുമ്പോള്‍ ഓണ്‍ലൈന്‍ വ്യക്തിഗത ആരോഗ്യ തിരിച്ചറിയല്‍ നമ്പര്‍ ലഭ്യമാകും. ഇത് പോര്‍ട്ടല്‍ വഴി ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

ആദ്യതവണ ലോഗിന്‍ ചെയ്യുമ്പോള്‍ ഇത്തരത്തിലുള്ള 16 അക്ക വ്യക്തിഗത ആരോഗ്യ തിരിച്ചറിയല്‍ നമ്പറും പാസ് വേര്‍ഡും മൊബൈലില്‍ മെസേജായി ലഭിക്കും. ഈ തിരിച്ചറിയല്‍ നമ്പറും പാസ് വേര്‍ഡും ഉപയോഗിച്ച് ആശുപത്രികളിലേക്കുള്ള നിശ്ചിത തീയതിയിലും സമയത്തുമുള്ള അപ്പോയിന്റ്‌മെന്റ് എടുക്കാന്‍ സാധിക്കും.

എങ്ങനെ അപ്പോയിന്റ്‌മെന്റ് എടുക്കാം?

ഒരു വ്യക്തിക്ക് ലഭിച്ച തിരിച്ചറിയല്‍ നമ്പരും പാസ് വേര്‍ഡും ഉപയോഗിച്ച് പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്ത ശേഷം ന്യൂ അപ്പോയിന്റ്‌മെന്റ് ക്ലിക്ക് ചെയ്യുക. റഫറല്‍ ആണെങ്കില്‍ ആ വിവരം രേഖപ്പെടുത്തിയ ശേഷം ആശുപത്രി വിവരങ്ങളും ഡിപ്പാര്‍ട്ട്മെന്റും തെരഞ്ഞെടുക്കുക. തുടര്‍ന്ന് അപ്പോയിന്റ്‌മെന്റ് വേണ്ട തീയതി തെരഞ്ഞെടുക്കുമ്പോള്‍ ആ ദിവസത്തില്‍ ലഭ്യമായ ടോക്കണുകള്‍ ദൃശ്യമാകും. രോഗികള്‍ അവര്‍ക്ക് സൗകര്യപ്രദമായ സമയമനുസരിച്ചുള്ള ടോക്കണ്‍ എടുക്കാവുന്നതാണ്. തുടര്‍ന്ന് ടോക്കണ്‍ പ്രിന്റും എടുക്കാവുന്നതാണ്. ടോക്കണ്‍ വിവരങ്ങള്‍ എസ്.എം.എസ്. ആയും ലഭിക്കുന്നതാണ്. ഇത് ആശുപത്രിയില്‍ കാണിച്ചാല്‍ മതിയാകും. പോര്‍ട്ടല്‍ വഴി അവരുടെ ചികിത്സാവിവരങ്ങള്‍, ലാബ് റിസള്‍ട്ട്, പ്രിസ്‌ക്രിപ്ഷന്‍ എന്നിവ ലഭ്യമാവുന്നതാണ്.

സംശയങ്ങള്‍ക്ക് ദിശ 104, 1056, 0471 2552056, 2551056 എന്നീ നമ്പരുകളില്‍ വിളിക്കാവുന്നതാണ്‌

പനിക്ക് സ്വയം ചികിത്സ തേടരുത്; ഡെങ്കിപ്പനി, എലിപ്പനി എന്നിവക്കെതിരെ ജാഗ്രത പാലിക്കണം: മന്ത്രി വീണാ ജോര്‍ജ്... #Veena_Geroge

 


ഏത് പനിയും പകരാൻ സാധ്യതയുള്ളതിനാൽ പനിക്ക് സ്വയം ചികിത്സ തേടരുതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്ജ്. സംസ്ഥാനത്ത് ഇടവിട്ടുള്ള മഴ തുടരുന്നതിനാൽ ഡെങ്കിപ്പനി, എലിപ്പനി എന്നിവക്കെതിരെ ജാഗ്രത പാലിക്കണം. പ്രാരംഭ ഘട്ടത്തിൽ ചികിത്സിക്കാത്തതാണ് പലപ്പോഴും എലിപ്പനി മരണത്തിന് കാരണമാകുന്നത്.

എലിപ്പനി പിടിപെടുന്നവർക്ക് പ്രോട്ടോക്കോൾ അധിഷ്ഠിത ചികിത്സ സർക്കാർ, സ്വകാര്യ ആശുപത്രികൾ ഉറപ്പാക്കണം. ഡോക്‌സിസൈക്ലിൻ കഴിക്കാത്ത മലിനജലം ശ്വസിക്കുന്നവരിൽ മരണനിരക്ക് കൂടുതലാണെന്ന് ഡാറ്റ സൂചിപ്പിക്കുന്നു. അതിനാൽ മലിനജലം കയറിയവർ ആരോഗ്യപ്രവർത്തകരുടെ നിർദേശപ്രകാരം പേവിഷ പ്രതിരോധ ഗുളികകൾ കഴിക്കണം.

കാലിൽ മുറിവുള്ളവർ മലിനജലവുമായുള്ള സമ്പർക്കം ഒഴിവാക്കുകയോ വ്യക്തിഗത സംരക്ഷണ നടപടികൾ സ്വീകരിക്കുകയോ ചെയ്യണം. കൊതുകിൻ്റെ ഉറവിടം നശിപ്പിക്കുന്നതിൽ പ്രത്യേക ശ്രദ്ധ ചെലുത്താനും മന്ത്രി നിർദേശിച്ചു.

സംസ്ഥാനതല റാപ്പിഡ് റെസ്‌പോൺസ് ടീം (ആർആർടി) യോഗം ചേർന്ന് സംസ്ഥാനത്തെ പൊതു സ്ഥിതിഗതികൾ വിലയിരുത്തി. എലിപ്പനി, ഡെങ്കിപ്പനി തുടങ്ങിയ പകർച്ചവ്യാധികൾ മൂലമുള്ള മരണങ്ങൾ അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ തദ്ദേശസ്ഥാപന തലത്തിൽ വിലയിരുത്താൻ മന്ത്രി നിർദേശിച്ചു. പൊതുജനാരോഗ്യ നിയമത്തിൻ്റെ അടിസ്ഥാനത്തിൽ പ്രാദേശികമായി ചർച്ച ചെയ്ത് വിലയിരുത്തി തുടർനടപടികൾ സ്വീകരിക്കണം. ഗവേഷണാടിസ്ഥാനത്തിലുള്ള പഠനങ്ങൾ നടത്താൻ സമിതി രൂപീകരിക്കും.

ഹെപ്പറ്റൈറ്റിസ് എ, മലേറിയ, എച്ച്1എൻ1 എന്നിവയും സാധാരണയായി റിപ്പോർട്ട് ചെയ്യപ്പെടുന്നു. ജലജന്യ രോഗങ്ങൾ സൂക്ഷിക്കുക. തിളപ്പിച്ചാറിയ വെള്ളം മാത്രമേ കുടിക്കാവൂ. സാലഡ്, ചട്ണി, തൈര് എന്നിവയിൽ ഉപയോഗിക്കുന്ന വെള്ളവും തിളപ്പിക്കണം. കുടിവെള്ള സ്രോതസ്സുകൾ കൃത്യമായി ക്ലോറിനേറ്റ് ചെയ്യണം. മണ്ണിലും വെള്ളത്തിലും കലർന്ന മാലിന്യം ഗുരുതരമായ ആരോഗ്യപ്രശ്നമാണ് നേരിടുന്നത്. ബോധവത്കരണം ശക്തമാക്കണമെന്നും മന്ത്രി അറിയിച്ചു.

വയനാട് ഉരുൾപൊട്ടൽ: കൂടുതൽ ആരോഗ്യ കേന്ദ്രങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ മന്ത്രി വീണാ ജോർജ് നിർദേശം നൽകി... #veena_Geroge


 

വയനാട് ഉരുൾപ്പൊട്ടലിന്റെ സാഹചര്യത്തിൽ വയനാട് മാത്രമല്ല സമീപ ജില്ലകളായ മലപ്പുറം, കോഴിക്കോട് തുടങ്ങിയ വടക്കൻ ജില്ലകളിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ ആരോഗ്യ മന്ത്രി വീണാ ജോർജ് നിർദേശം നൽകി. ആശുപത്രികളിൽ അധിക സൗകര്യങ്ങളൊരുക്കണം. വയനാട് അധികമായി ആരോഗ്യ പ്രവർത്തകരെ നിയോഗിക്കണം. കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നുള്ള ടീം പുറപ്പെട്ടിട്ടുണ്ട്. കണ്ണൂരിൽ നിന്നുള്ള ടീമും പുറപ്പെട്ടുവെന്ന് മന്ത്രി പറഞ്ഞു.

തൃശൂർ മെഡിക്കൽ കോളേജിൽ നിന്നും സർജറി, ഓർത്തോപീഡിക്‌സ് തുടങ്ങിയ വിഭാഗങ്ങളിലെ ഡോക്ടർമാരെയും അയയ്ക്കുന്നതാണ്. നഴ്‌സുമാരേയും അധികമായി നിയോഗിക്കണം. എൻ.എച്ച്.എം. സ്റ്റേറ്റ് മിഷൻ ഡയറക്ടർ ജീവൻ ബാബുവിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം ആരോഗ്യ വകുപ്പിന്റെ പ്രവർത്തനങ്ങൾ പ്രാദേശികമായി ഏകോപിപ്പിക്കും. ഉരുൾപൊട്ടലിന്റെ സാഹചര്യത്തിൽ മന്ത്രിയുടെ നേതൃത്വത്തിൽ നടന്ന ഉന്നതതല യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാന വ്യാപകമായി ലീവിലുള്ള ആരോഗ്യ പ്രവർത്തകർ അടിയന്തരമായി തിരികെ ജോലിയിൽ പ്രവേശിക്കാൻ നിർദേശം നൽകി. മരുന്നുകളും മറ്റ് ഉപകരണങ്ങളും അധികമായി എത്തിക്കാൻ കെ.എം.എസ്.സി.എൽ.ന് നിർദേശം നൽകി. പോസ്റ്റുമോർട്ടം നടപടികൾ ആരംഭിച്ചിട്ടുണ്ട്. കനിവ് 108 ആംബുലൻസുകൾ ഉൾപ്പെടെ അധികമായി എത്തിക്കും. മലയോര മേഖലയിൽ ഓടാൻ കഴിയുന്ന 108ന്റെ റാപ്പിഡ് ആക്ഷൻ മെഡിക്കൽ യൂണിറ്റുകളും സ്ഥലത്തേക്ക് അയയ്ക്കാൻ നിർദേശം നൽകി. ആശുപത്രികളുടെ സൗകര്യങ്ങളനുസരിച്ച് പ്ലാൻ തയ്യാറാക്കി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കണം. ആവശ്യമെങ്കിൽ താത്ക്കാലിക ആശുപത്രികൾ സജ്ജമാക്കുമെന്നും അധിക മോർച്ചറി സൗകര്യങ്ങളുമൊരുക്കുമെന്നും മന്ത്രി പറഞ്ഞു. ക്യാമ്പുകളിലെ പ്രവർത്തനങ്ങളും ശ്രദ്ധിക്കണമെന്ന് ആരോ​ഗ്യമനന്ത്രി നിർദേശം നൽകി.

മലപ്പുറത്ത് നിപ ആശങ്ക ഒഴിയുന്നു; പുതുതായി പുറത്ത് വന്ന പരിശോധന ഫലം മുഴുവൻ നെഗറ്റീവ്... #Nipah

 


മലപ്പുറത്ത് നിപ ആശങ്ക ഒഴിയുന്നു. പുതുതായി പുറത്ത് വന്ന പരിശോധന ഫലം മുഴുവൻ നെഗറ്റീവ്.രോഗലക്ഷണങ്ങളോടെ ഹൈറിസ്ക് വിഭാഗത്തിൽ നിരീക്ഷണത്തിൽ കഴിയുന്നത് 220 പേര്‍. നിപ ഉറവിടം കണ്ടെത്താനുള്ള നടപടികൾ ആരോഗ്യവകുപ്പ് ഊർജിതമാക്കി. പൂനെ എൻ.ഐ.വിയില്‍ നിന്നും വന്ന വിദഗ്ധ സംഘം വവ്വാലുകളില്‍ നിന്ന് സാംപിളുകൾ ശേഖരിച്ച് തുടങ്ങി.വവ്വാലുകളുടെ സാന്നിദ്ധ്യം കണ്ടെത്താനായി രോഗ ബാധിത പ്രദേശങ്ങളില്‍ സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിച്ചു.

ഇന്നലെ പുറത്ത് വന്ന 17 സാമ്പിളുകൾ നെഗറ്റീവാണ്.460 പേരാണ് സമ്പര്‍ക്ക പട്ടികയില്‍ ഉള്ളത്. ഇതില്‍ 220 പേര്‍ ഹൈറിസ്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടവരാണ്. ഇതിൽ 142 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട 19 പേർ വിവിധ ആശുപത്രികളില്‍ ചികിത്സയിൽ തുടരുകയാണ്. ഇതിൽ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ 17 പേരും തിരുവനന്തപുരത്ത് രണ്ടു പേരുമാണ് ഉള്ളത്.

പാണ്ടിക്കാട്, ആനക്കയം ഗ്രാമപഞ്ചായത്തുകളിലായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഇതുവരെ 18055 വീടുകള്‍ സന്ദര്‍ശിച്ചു. പാണ്ടിക്കാട് 10248 വീടുകളും ആനക്കയത്ത് 7807 വീടുകളുമാണ് സന്ദര്‍ശിച്ചത്. അതിൽ പാണ്ടിക്കാട് 728 പനി കേസുകളും ആനക്കയത്ത് 286 പനിക്കേസുകളും റിപ്പോർട്ട് ചെയ്തു.
നിപ ബാധിത മേഖലയിലെ സ്കൂളുകളില്‍ ഓണ്‍ലൈന്‍ വഴി ക്ലാസുകൾ നടക്കുന്നുണ്ട്.

വവ്വാലുകളില്‍ നിന്നും സാംപിള്‍ ശേഖരിക്കുന്നതിനായി പൂനെ എൻ.ഐ.വിയില്‍ നിന്നുമുള്ള വിദഗ്ധ സംഘം രോഗബാധിത മേഖലയിലെത്തി സാമ്പിളുകൾ ശേഖരിച്ച് തുടങ്ങി. വവ്വാലുകളുടെ സ്രവ സാംപിള്‍ ശേഖരിച്ച് വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയാല്‍ ഇവര്‍ ജനിതക പരിശോധന നടത്തും. വവ്വാലുകളുടെ സാന്നിദ്ധ്യം കണ്ടെത്താനായി രോഗ ബാധിത പ്രദേശങ്ങളില്‍ സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിച്ചു. കൂടാതെ കന്നുകാലികളില്‍ നിന്നും വളര്‍ത്തുമൃഗങ്ങളില്‍ നിന്നുള്ള സാംപിള്‍ ശേഖരിച്ച് ഭോപ്പാലില്‍ നിന്നുള്ള വിദഗ്ധ സംഘത്തിന് കൈമാറും.

നിപ ബാധിച്ചുമരിച്ച 14കാരന്‍ കാട്ടമ്പഴങ്ങ കഴിച്ചതായി സ്ഥിരീകരണം; രോഗബാധയുടെ ഉറവിടം കണ്ടെത്താന്‍ നടപടികളുമായി ആരോഗ്യവകുപ്പ്... #Nipah

 


മലപ്പുറത്തെ നിപ്പ രോഗബാധയില്‍ ഉറവിടം കണ്ടെത്താനുള്ള നടപടികളുമായി ആരോഗ്യവകുപ്പ്.14കാരനും സുഹൃത്തുക്കളും കാട്ട് അമ്പഴങ്ങ കഴിച്ചതായി സ്ഥിരീകരണം.വിശദമായ പരിശോധന നടക്കുന്നതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 350 പേരാണ് നിലവില്‍ കുട്ടിയുടെ സമ്പര്‍ക്കപ്പട്ടികയിലുള്ളത്. രോഗലക്ഷണുള്ളവരില്‍ നാലുപേര്‍ തിരുവനന്തപുരം സ്വദേശികളും രണ്ട് പേര്‍ പാലക്കാട് സ്വദേശികളുമാണ്. ഇന്ന് പുറത്ത് വാരാന്‍ ഉള്ളത് 13 പേരുടെ പരിശോധന ഫലമാണ്.

നിപ്പ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ ഉടനീളം ഊര്‍ജിതമായി തുടരുകയാണ്. കേന്ദ്രസംഘം ഇന്നലെ രാത്രിയോടെ കോഴിക്കോട് എത്തി.പൂനെ വയറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മൊബൈല്‍ ലാബ് ഇന്ന് വൈകിട്ട് കോഴിക്കോട് എത്തും.ഇത് കൂടുതല്‍ പരിശോധനകള്‍ നടത്താന്‍ സഹായകമാകും.ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയില്‍ അവലോകനയോഗം ചേര്‍ന്നു.

350 പേരാണ് സമ്പര്‍ക്ക പട്ടികയില്‍ ഉള്ളത്.ഇതില്‍ 101 പേര്‍ ഹൈ റിസ്‌ക്ക് കാറ്റഗറിയിലാണ് . ഇതില്‍ രോഗ ലക്ഷണമുള്ള 6 പേരുടെതടക്കം 13 പേരുടെ പരിശോധന ഫലമാണ് ഇന്ന് ലഭിക്കുക. മരിച്ച കുട്ടിയുടെ ബന്ധുക്കളുടെ സാമ്പിളുകളും പരിശോധിക്കും. 14 കാരന്റെ പുതിയ റൂട്ട് പുറത്തുവിട്ടു. ഈ കോണ്‍ടാക്ടുകള്‍ ശേഖരിച്ച് വരികയാണ്. കുട്ടിയും സുഹൃത്തുക്കളും കാട്ടാമ്പഴങ്ങ പറിച്ച് കഴിച്ചതായി ആരോഗ്യമന്ത്രി സ്ഥിരീകരിച്ചു. ഇതില്‍ നിന്നാണോ നിപ്പ സ്ഥിരീകരിച്ചതെന്നകാര്യം പരിശോധിച്ച് വരികയാണ്.മേഖലയില്‍ മൃഗസംരക്ഷണ വകുപ്പ് പരിശോധന തുടരുകയാണ്.

പനി ബാധിതരുടെ കണക്ക് പുറത്തുവിട്ട് ആരോഗ്യവകുപ്പ്; സംസ്ഥാനത്ത് ഇന്നലെ പനി ബാധിതരായത് 11,438 പേര്‍.... #Health_Department

സംസ്ഥാനത്ത് പനിബാധിതരുടെ എണ്ണത്തില്‍ വന്‍വര്‍ധന. ഇന്നലെ മാത്രം പനിക്ക് ചികിത്സ തേടിയത് പതിനായിരത്തിലധികം രോഗികളാണ്. ഏറ്റവും അധികം പനിബാധിതര്‍ മലപ്പുറം ജില്ലയിലാണ്. അഞ്ചുദിവസത്തിനുശേഷമാണ് ആരോഗ്യവകുപ്പ് വെബ്‌സൈറ്റില്‍ രോഗികളുടെ കണക്ക് പ്രസിദ്ധീകരിച്ചത്.
ഇന്നലെ മാത്രം പനി ബാധിച്ച രോഗികളുടെ എണ്ണം 11,438 ആണ്. മലപ്പുറം ജില്ലയിലാണ് കൂടുതല്‍ രോഗികള്‍. 2159 പേരാണ് മലപ്പുറം ജില്ലയില്‍ പനി ബാധിതരായത്. പാലക്കാട്, കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിലും പനി ബാധിതരുടെ എണ്ണം ആയിരത്തിന് മുകളിലാണ്. വരും ദിവസങ്ങളിലും രോഗികളുടെ എണ്ണം കൂടുമെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തുന്നു. മൂന്നു മരണവും പനിബാധിച്ച് ഇന്നലെ ഉണ്ടായി.
സാധാരണ പനിക്കൊപ്പം ഡെങ്കിയും എലിപ്പനിയും മഞ്ഞപ്പിത്തവും ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ട്. ഡെങ്കി ലക്ഷണങ്ങളോടെ 330 പേര്‍ ചികിത്സ തേടിയപ്പോള്‍ 109 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഈ മാസം ഡെങ്കി കേസുകളുടെ വ്യാപനം കൂടുമെന്ന് ആരോഗ്യവകുപ്പ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ അഞ്ചുദിവസമായി രോഗികളുടെ കണക്ക് സംബന്ധിച്ചുള്ള വിവരം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നില്ല. ഇന്ന് രാവിലെയോടെയാണ് മുപ്പതാം തീയതിക്ക് ശേഷമുള്ള രോഗികളുടെ കണക്ക് വെബ്‌സൈറ്റില്‍ നല്‍കിയത്.

ഓപ്പറേഷന്‍ ലൈഫ്: 2 ദിവസം, 1993 പരിശോധനകള്‍, 90 കടകളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു: മന്ത്രി വീണാ ജോർജ്... #Veena_George

 


ഓപ്പറേഷന്‍ ലൈഫിന്റെ ഭാഗമായി രണ്ട് ദിവസത്തെ സ്‌പെഷ്യല്‍ ഡ്രൈവില്‍ സംസ്ഥാന വ്യാപകമായി 1993 സ്ഥാപനങ്ങളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധനകള്‍ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കടകളില്‍ ലഭ്യമാകുന്ന ഭക്ഷണത്തിന്റെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായാണ് മെയ് മുതല്‍ ജൂലൈ വരെ നീണ്ടു നില്‍ക്കുന്ന ഓപ്പറേഷന്‍ മണ്‍സൂണിന്റെ ഭാഗമായി ഈ ഡ്രൈവ് നടത്തിയത്.

ഭക്ഷ്യ സുരക്ഷാ ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിച്ച 90 കടകളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു. 315 സ്ഥാപനങ്ങള്‍ക്ക് റെക്ടിഫിക്കേഷന്‍ നോട്ടീസുകളും 262 സ്ഥാപനങ്ങള്‍ക്ക് കോമ്പൗണ്ടിംഗ് നോട്ടീസുകളും നല്‍കി. 22 ഇംപ്രൂവ്‌മെന്റ് നോട്ടീസുകളും രണ്ട് ദിവസത്തെ പരിശോധനകളില്‍ നല്‍കി. ഏഴ് സ്ഥാപനങ്ങള്‍ക്കെതിരെ അഡ്ജ്യൂഡികേഷന്‍ നടപടികളും ആരംഭിച്ചു.

ഹോട്ടല്‍, റസ്റ്റോറന്റ് എന്നിവയ്ക്ക് പുറമെ ഭക്ഷണ നിര്‍മ്മാണവും വിതരണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന മുഴുവന്‍ സ്ഥാപനങ്ങളും ഓപ്പറേഷന്‍ മണ്‍സൂണിന്റെ ഭാഗമായി പരിശോധനകള്‍ നടത്തുന്നതാണ്. മഴക്കാലത്ത് കടകള്‍ വൃത്തിഹീനമായി പ്രവര്‍ത്തിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ കടുത്ത നടപടി സ്വീകരിക്കുന്നതാണ്. ഭക്ഷണം പാകം ചെയ്യുന്നതും വിതരണവും ചെയ്യുന്നതും ശുചിത്വമുള്ള ചുറ്റുപാടിലായിരിക്കണം.

കടകളില്‍ ഉപയോഗിക്കുന്ന വെള്ളവും ശുദ്ധമാണെന്ന് ഉറപ്പു വരുത്തണം. പാകം ചെയ്ത ഭക്ഷണം വൃത്തിയുള്ള അന്തരീക്ഷത്തില്‍ വേണം സൂക്ഷിക്കാന്‍. ഓണ്‍ലൈന്‍ വിതരണക്കാരും ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചു വേണം ഭക്ഷണം കൈകാര്യം ചെയ്യാന്‍. രാത്രി കാലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന തട്ടുകടകള്‍ പോലുള്ള സ്ഥാപനങ്ങളും കൂടുതല്‍ ശ്രദ്ധ നല്‍കി ഭക്ഷണം വിതരണം ചെയ്യേണ്ടതാണ്. വരും ആഴ്ചകളിലും പരിശോധനകള്‍ തുടരുന്നതാണ്.

ഇ-ഹെല്‍ത്തിൽ അവസരം; വാക്ക് ഇന്‍ ഇന്റര്‍വ്യു. #eHealth #JobVacancies

കാസറഗോഡ് ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ഇ ഹെല്‍ത്ത് പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി ട്രെയിനികളെ തെരഞ്ഞെടുക്കുന്നു.
ഇലകട്രോണിക്സ് / കമ്പ്യൂട്ടര്‍ സയന്‍സ് ഡിപ്ലോമ, ഹാർഡ്‌വെയർ & നെറ്റ്‌വർക്കിൽ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം, ഹോസ്പിറ്റല്‍ മാനേജ്മെന്റ് സോഫ്‌റ്റ്‌വെയർ & ഇംപ്ലിമെന്റേഷനില്‍ പ്രവൃത്തിപരിചയം എന്നിവയാണ് യോഗ്യത.

താല്‍പര്യമുള്ളവര്‍ നവംബര്‍ 25 രാവിലെ 10 മണിക്ക് ജില്ലാ മെഡിക്കൽ ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് പങ്കെടുക്കണം.

ഫോണ്‍: 9745799948
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0