Nipah എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Nipah എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ആശ്വാസം, നിപയല്ല ; യുവതി ചികിത്സയില്‍, പരിശോധനാ ഫലം നെഗറ്റീവ്. #Nipah

 


കോഴിക്കോട് : നിപ്പ രോഗലക്ഷണങ്ങളുമായി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന മലപ്പുറം കുറ്റിപ്പുറം സ്വദേശിനിയായ യുവതിയുടെ പരിശോധനാ ഫലം നെഗറ്റീവ് ആയി. ആശങ്കപ്പെടേണ്ടതില്ലെന്ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ അറിയിച്ചു.

തലച്ചോറ് രോഗങ്ങളുമായി വരുന്നവർക്ക് നിപ പരിശോധനകൾ നടത്താറുണ്ട്. നേരത്തെ, അത്തരം ചില രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എല്ലാവരുടെയും പരിശോധനാ ഫലങ്ങൾ നെഗറ്റീവ് ആയിരുന്നുവെന്ന് അധികൃതർ അറിയിച്ചു. കോട്ടക്കലിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ 40 വയസ്സുള്ള സ്ത്രീയെ  അവിടെ നിന്ന് വെള്ളിയാഴ്ച വൈകുന്നേരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്.

സംസ്ഥാനത്ത് വീണ്ടും നിപ രോഗ ബാധ... #Nipah

 


സംസ്ഥാനത്തെ നിപ രോഗ ബാധയുടെ പശ്ചാത്തലത്തിൽ വീണ്ടും കേന്ദ്ര സംഘമെത്തും. നിപ രോഗബാധ ആവർത്തിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര ആരോഗ്യ സ്ഥാപനങ്ങൾ വീണ്ടും പഠനം നടത്തനായി എത്തുന്നത്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൺ ഹെൽത്ത്, ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്, പൂനൈ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് എന്നീ സ്ഥാപനങ്ങളുടെ നേതൃത്വത്തിലായിരിക്കും പഠനം.

കോഴിക്കോട് ജില്ലയിലെ തിരഞ്ഞെടുത്ത സ്ഥലങ്ങൾ സംഘം സന്ദർശിക്കും. രോഗവാഹകരെന്ന് കരുതുന്ന പഴം തീനി വവ്വാലുകളെ സംഘം നിരീക്ഷിക്കും. അതേസമയം നിപ രോഗബാധയുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയിൽ 267 പേരെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചിരുന്നു. 37 പേരുടെ സാമ്പിൾ നെഗറ്റീവായി.

സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള 81 പേർ ആരോഗ്യ പ്രവർത്തകരാണ്. 177 പേർ പ്രൈമറി കോൺടാക്ട് പട്ടികയിലും 90 പേർ സെക്കൻഡറി കോൺടാക്ട് പട്ടികയുമാണ്. പ്രൈമറി പട്ടികയിലുള്ള 134 പേരാണ് ഹൈറിസ്‌ക് കാറ്റഗറിയിലുള്ളത്. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മമ്പാട്, തിരുവാലി, വണ്ടൂർ പഞ്ചായത്തുകളിലായി നടത്തി വന്ന ഫീൽഡ് സർവെ പൂർത്തിയായി.

ആശ്വാസമായി നിപ പരിശോധന ഫലം; 10 പേരുടെ ഫലങ്ങള്‍ കൂടി നെഗറ്റീവ്... #Nipah

സംസ്ഥാനത്ത് 10 പേരുടെ നിപ പരിശോധനാ ഫലങ്ങള്‍ നെഗറ്റീവായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മരിച്ച യുവാവിന്റെ മാതാവ് അടക്കമുള്ള അടുത്ത ബന്ധുക്കളും ചികിത്സിച്ച ഡോക്ടറും ഉള്‍പ്പെടെയുള്ളവരുടെ പരിശോധനാ ഫലമാണ് നെഗറ്റീവായത്. ഇതോടെ ആകെ 26 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. ഇന്ന് പുതുതായി 11 പേരെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവരില്‍ അഞ്ച് പേര്‍ ഹൈറിസ്‌ക് വിഭാഗത്തില്‍ ഉള്ളവരാണ്.

നിപ സാഹചര്യത്തിൽ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. ആകെ 266 പേരാണ് സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇതില്‍ 81 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. 176 പേര്‍ പ്രൈമറി കോണ്‍ടാക്ട് പട്ടികയിലും 90 പേര്‍ സെക്കന്ററി കോണ്‍ടാക്ട് പട്ടികയിലുമാണ്. പ്രൈമറി പട്ടികയിലുള്ള 133 പേരാണ് ഹൈറിസ്‌ക് കാറ്റഗറിയിലുള്ളത്. രോഗലക്ഷണങ്ങളുമായി 2 പേര്‍ ഇന്ന് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അഡ്മിറ്റായിട്ടുണ്ട്. ഇവര്‍ അടക്കം 6 പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും 21 പേര്‍ പെരിന്തല്‍മണ്ണ എം.ഇ.എസ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും അഡ്മിറ്റായി ചികിത്സ തുടരുന്നുണ്ട്.

സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് മികച്ച മാനസിക പിന്തുണയാണ് നല്‍കിവരുന്നതെന്ന് ആരോ​ഗ്യവകുപ്പ് അറിയിച്ചു. ഇന്ന് 11 പേര്‍ ഉള്‍പ്പെടെ 226 പേര്‍ക്ക് കോള്‍ സെന്റര്‍ വഴി മാനസിക പിന്തുണ നല്‍കിയിട്ടുണ്ട്. ഫീല്‍ഡ് സര്‍വേയുടെ ഭാഗമായി മമ്പാട്, തിരുവാലി, വണ്ടൂര്‍ പഞ്ചായത്തുകളിലായി ആകെ 1044 വീടുകളില്‍ ഇന്ന് സര്‍വെ നടത്തി. ആകെ 7953 വീട്ടുകളിലാണ് ഇതിനകം സര്‍വേ പൂര്‍ത്തിയാക്കിയതെന്നും 19 പനി കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തതെന്നും ആരോ​ഗ്യവകുപ്പ് അറിയിച്ചു. ആകെ 175 പനി കേസുകള്‍ സര്‍വേയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

സംസ്ഥാനത്ത് മാസ്‌ക് നിര്‍ബന്ധമാക്കി; കണ്ടയ്ന്‍മെന്റ് സോണുകളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍... #Kerala

 


മലപ്പുറത്ത് യുവാവ് മരിച്ചത് നിപ മൂലമെന്ന് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ രോഗത്തിനെതിരെ ജാഗ്രതയില്‍ മലപ്പുറം. മലപ്പുറത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ജില്ലയില്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കി.

കണ്ടെയ്ന്‍മെന്റ് സോണുകളില്‍ കൂട്ടംകൂടി നില്‍ക്കാന്‍ പാടില്ല. വ്യാപാരസ്ഥാപനങ്ങള്‍ 10 മണി മുതല്‍ 7 മണി വരെ പ്രവര്‍ത്തിക്കാവൂ. സിനിമ തിയേറ്ററുകള്‍ പ്രവര്‍ത്തിക്കരുത്. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ സ്‌കൂള്‍, കോളേജുകള്‍ മദ്രസ, അംഗനവാടികള്‍ എന്നിവ പ്രവര്‍ത്തിക്കരുത്. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തി സമയത്ത് മാസ്‌ക് ഉപയോഗം നിര്‍ബന്ധമാക്കി.

തിരുവാലി പഞ്ചായത്തിലെ 4, 5, 6, 7 വാര്‍ഡുകള്‍, മമ്പാട് പഞ്ചായത്തിലെ 7-ാം വാര്‍ഡ് എന്നിവയാണ് കണ്ടെയ്ന്‍മെന്റ് സോണായി ജില്ലാ കളക്ടര്‍ വി.ആര്‍. വിനോദ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ സ്ഥലങ്ങളില്‍ പ്രോട്ടോകോള്‍ പ്രകാരമുള്ള നിയന്ത്രങ്ങള്‍ ഉണ്ടാവും.

കണ്ണൂരിൽ രണ്ട് പേർക്ക് നിപ സംശയം; സ്രവം പരിശോധനക്കയച്ചു... #Nipah



കണ്ണൂരിൽ നിപയെന്ന് ‌സംശയിച്ച് ചികിത്സയിൽ കഴിയുന്നവരുടെ സ്രവം പരിശോധനക്കയച്ചു. പരിയാരം മെഡിക്കൽ കോളജിലാണ് രണ്ട് പേർ ചികിത്സയിലുള്ളത്. മട്ടന്നൂർ, മാലൂർ സ്വദേശികളായ അച്ഛന്റേയും മകന്റേയും സ്രവമാണ് കോഴിക്കോട്ടേക്ക് പരിശോധനക്കയച്ചത്. ഇതിന്റെ ഫലം വന്നതിന് ശേഷം മാത്രമേ രോഗം സ്ഥിരീകരിക്കാനാവു.

കഴിഞ്ഞ ദിവസങ്ങളിൽ ഇവർ പനിക്ക് ചികിത്സ തേടിയിരുന്നു. ആദ്യം മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കണ്ണൂർ ജില്ലാ ആശുപത്രിയിലും ചികിത്സ തേടുകയായിരുന്നു. ഇവിടെ നടത്തിയ പരിശോധനയിൽ നിപ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് പരിയാരം മെഡ‍ിക്കൽ കോളജിലേക്ക് റഫർ ചെയ്തു.

ഇരുവരും നിരീക്ഷണത്തിൽ തുടരുകയാണ്. നിരീക്ഷണത്തിൽ കഴിയുന്ന പിതാവ് പഴ കച്ചവടം നടത്തുന്നയാളാണ്. ഇതും ആശങ്ക വർധിപ്പിക്കാൻ കാരണമായി. പരിയാരം മെഡിക്കൽ കോളജിലും ഇവരുടെ വീടിന്റെ പരിസരത്തും ജാ​ഗ്രതാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എല്ലാവരും നിർബന്ധമായും മാസ്ക് ധരിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

‌നേരത്തെ കഴിഞ്ഞ മാസം മലപ്പുറത്ത് 14കാരന് നിപ സ്ഥിരീകരിക്കുകയും ചികിത്സയിലിരിക്കെ കുട്ടി മരിക്കുകയും ചെയ്തിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസമാണ് മലപ്പുറത്തെ നിപ മുക്തമായി പ്രഖ്യാപിച്ചത്.

ഡബിള്‍ ഇന്‍ക്യുബേഷന്‍ പീരീഡ് ആയ 42 ദിവസം കഴിഞ്ഞതിനാല്‍ നിയന്ത്രണങ്ങള്‍ പൂര്‍ണമായി ഒഴിവാക്കി. സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട 472 പേരേയും പട്ടികയില്‍ നിന്നും ഒഴിവാക്കി. ഡബിള്‍ ഇന്‍ക്യുബേഷന്‍ പീരീഡ് കഴിഞ്ഞെങ്കിലും ജാഗ്രത തുടരണമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞിരുന്നു.

മലപ്പുറം നിപ മുക്തം, പ്രത്യേക കൺട്രോൾ റൂം പ്രവർത്തനം അവസാനിപ്പിച്ചു; നിപ പ്രതിരോധം വിജയമെന്ന് ആരോഗ്യമന്ത്രി... #Nipah

മലപ്പുറം ജില്ലയിലെ നിപ പ്രതിരോധം വിജയമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. റിപ്പോർട്ട് ചെയ്യപ്പെട്ട കേസിൽ നിന്ന് മറ്റൊരു കേസ് ജില്ലയിൽ ഇല്ല. 42 ദിവസം ഡബിൾ ഇൻക്യൂബേഷൻ പീരിയഡ് പൂർത്തിയാക്കി. സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട 472 പേരെയും പട്ടികയിൽ നിന്ന് ഒഴിവാക്കി. പ്രത്യേക കൺട്രോൾ റൂം പ്രവർത്തനം അവസാനിപ്പിച്ചു.

മരണമടഞ്ഞ കുട്ടിക്ക് മാത്രമാണ് നിപ്പ സ്ഥിരീകരിച്ചത്. ഇൻകുബേഷൻ പീരീഡ് കഴിഞ്ഞെങ്കിലും ജാഗ്രത തുടരണമെന്ന് മന്ത്രി നിർദേശം നൽകി. സമ്പർക്കപ്പട്ടികയിലുള്ള എല്ലാവരുടേയും സാമ്പിളുകൾ പരിശോധിച്ച് നെഗറ്റീവ് ആണെന്ന് ഉറപ്പാക്കിയിട്ടുണ്ട്. ഐസിഎംആറുമായി ചേർന്നുള്ള മറ്റ് പ്രവർത്തനങ്ങൾ ഇതിന്റെ ഭാഗമായി നടന്നു വരുന്നുണ്ട്. ഇവിടെ നിന്നും ശേഖരിച്ച വവ്വാലുകളുടെ സാമ്പിളുകളിൽ നിപ വൈറസിന്റെ ആന്റിബോഡി സാന്നിധ്യം കണ്ടെത്തിയിരുന്നുവെന്ന് ആരോ​ഗ്യമന്ത്രി പറഞ്ഞു.

മലപ്പുറത്ത് നിപ വൈറസ് സംശയിച്ച സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ യോഗം ചേർന്ന് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയിരുന്നു. ദിവസവും മന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗങ്ങൾ നടത്തി തുടർനടപടി സ്വീകരിച്ചിരുന്നു. നിപ നിയന്ത്രണത്തിനായി നിപ മാർഗ്ഗനിർദ്ദേശങ്ങൾക്കനുസൃതമായി 25 കമ്മിറ്റികൾ മണിക്കൂറുകൾക്കുള്ളിൽ രൂപീകരിച്ചു. കോണ്ടാക്ട് ട്രേയ്‌സിംഗ് അന്ന് രാവിലെ മുതൽ ആരംഭിച്ചു. 24 മണിക്കൂറും പ്രവർത്തിക്കുന്ന നിപ കൺട്രോൾ റൂം ആരംഭിച്ചു. നിപ സമ്പർക്ക പട്ടിക തയ്യാറാക്കുകയും റൂട്ട് മാപ്പ് പ്രസിദ്ധീകരിക്കുകയും ചെയ്തു. മാർഗനിർദേശങ്ങൾക്ക് അനുസൃതമായി രോഗ സാധ്യതയുള്ള എല്ലാവരുടെയും സാമ്പിളുകൾ പരിശോധിച്ചു.

മഞ്ചേരി മെഡിക്കൽ കോളേജിലും കോഴിക്കോട് മെഡിക്കൽ കോളേജിലും ആവശ്യമായ തീവ്ര പരിചരണ സംവിധാനങ്ങളും ക്രമീകരിച്ചു. പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിൽ താല്ക്കാലിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. വണ്ടൂർ, നിലമ്പൂർ, കരുവാരക്കുണ്ട് എന്നിവിടങ്ങളിൽ പ്രത്യേക പനി ക്ലിനിക്കുകൾ തുടങ്ങി. മാനസികാരോഗ്യം ഉറപ്പാക്കി. നിരീക്ഷണത്തിലിരിക്കുന്നവരുടെ വീടുകളിൽ ഭക്ഷണം, മരുന്ന് ഉൾപ്പെടെയുള്ളവ എത്തിക്കുന്നതിന് സന്നദ്ധ പ്രവർത്തകരുടെ സേവനം ലഭ്യമാക്കി. പൂർണമായും അടച്ചിടുന്നതിന് പകരം നിയന്ത്രണമേർപ്പെടുത്തി പ്രതിരോധം ശക്തമാക്കുകയാണ് ചെയ്തത്.

മലപ്പുറത്ത് നിപ ആശങ്ക ഒഴിയുന്നു; പുതുതായി പുറത്ത് വന്ന പരിശോധന ഫലം മുഴുവൻ നെഗറ്റീവ്... #Nipah

 


മലപ്പുറത്ത് നിപ ആശങ്ക ഒഴിയുന്നു. പുതുതായി പുറത്ത് വന്ന പരിശോധന ഫലം മുഴുവൻ നെഗറ്റീവ്.രോഗലക്ഷണങ്ങളോടെ ഹൈറിസ്ക് വിഭാഗത്തിൽ നിരീക്ഷണത്തിൽ കഴിയുന്നത് 220 പേര്‍. നിപ ഉറവിടം കണ്ടെത്താനുള്ള നടപടികൾ ആരോഗ്യവകുപ്പ് ഊർജിതമാക്കി. പൂനെ എൻ.ഐ.വിയില്‍ നിന്നും വന്ന വിദഗ്ധ സംഘം വവ്വാലുകളില്‍ നിന്ന് സാംപിളുകൾ ശേഖരിച്ച് തുടങ്ങി.വവ്വാലുകളുടെ സാന്നിദ്ധ്യം കണ്ടെത്താനായി രോഗ ബാധിത പ്രദേശങ്ങളില്‍ സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിച്ചു.

ഇന്നലെ പുറത്ത് വന്ന 17 സാമ്പിളുകൾ നെഗറ്റീവാണ്.460 പേരാണ് സമ്പര്‍ക്ക പട്ടികയില്‍ ഉള്ളത്. ഇതില്‍ 220 പേര്‍ ഹൈറിസ്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടവരാണ്. ഇതിൽ 142 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട 19 പേർ വിവിധ ആശുപത്രികളില്‍ ചികിത്സയിൽ തുടരുകയാണ്. ഇതിൽ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ 17 പേരും തിരുവനന്തപുരത്ത് രണ്ടു പേരുമാണ് ഉള്ളത്.

പാണ്ടിക്കാട്, ആനക്കയം ഗ്രാമപഞ്ചായത്തുകളിലായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഇതുവരെ 18055 വീടുകള്‍ സന്ദര്‍ശിച്ചു. പാണ്ടിക്കാട് 10248 വീടുകളും ആനക്കയത്ത് 7807 വീടുകളുമാണ് സന്ദര്‍ശിച്ചത്. അതിൽ പാണ്ടിക്കാട് 728 പനി കേസുകളും ആനക്കയത്ത് 286 പനിക്കേസുകളും റിപ്പോർട്ട് ചെയ്തു.
നിപ ബാധിത മേഖലയിലെ സ്കൂളുകളില്‍ ഓണ്‍ലൈന്‍ വഴി ക്ലാസുകൾ നടക്കുന്നുണ്ട്.

വവ്വാലുകളില്‍ നിന്നും സാംപിള്‍ ശേഖരിക്കുന്നതിനായി പൂനെ എൻ.ഐ.വിയില്‍ നിന്നുമുള്ള വിദഗ്ധ സംഘം രോഗബാധിത മേഖലയിലെത്തി സാമ്പിളുകൾ ശേഖരിച്ച് തുടങ്ങി. വവ്വാലുകളുടെ സ്രവ സാംപിള്‍ ശേഖരിച്ച് വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയാല്‍ ഇവര്‍ ജനിതക പരിശോധന നടത്തും. വവ്വാലുകളുടെ സാന്നിദ്ധ്യം കണ്ടെത്താനായി രോഗ ബാധിത പ്രദേശങ്ങളില്‍ സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിച്ചു. കൂടാതെ കന്നുകാലികളില്‍ നിന്നും വളര്‍ത്തുമൃഗങ്ങളില്‍ നിന്നുള്ള സാംപിള്‍ ശേഖരിച്ച് ഭോപ്പാലില്‍ നിന്നുള്ള വിദഗ്ധ സംഘത്തിന് കൈമാറും.

നിപ; തമിഴ്നാട് അതിർത്തികളിൽ നടക്കുന്നത് അനാവശ്യ പരിശോധനയെന്ന് കേരളം... #Nipah

 


നിപയുടെ പേരിൽ തമിഴ്നാട് അതിർത്തികളിൽ നടക്കുന്നത് അനാവശ്യ പരിശോധനയെന്ന് കേരളം. നിപ സംബന്ധിച്ച് കേരളത്തിൽ ഗുരുതരമായ സാഹചര്യങ്ങൾ നിലനിൽക്കുന്നില്ലെന്ന് ആരോഗ്യവകുപ്പ് പ്രതികരിച്ചു.വാളയാർ അതിർത്തിയിൽ അടക്കം കേരളത്തിൽ നിക്കുന്നവരെ പരിശോധിക്കുന്നതിൽ സംസ്ഥാനം അതൃപ്തി അറിയിക്കും. ആരോഗ്യവകുപ്പ് സെക്രട്ടറി തമിഴ്നാട് ആരോഗ്യവകുപ്പുമായി ഉടൻ ബന്ധപ്പെടും. കോളറ വ്യാപന സമയത്ത് തമിഴ്നാട്ടിൽനിന്ന് ആളുകൾക്ക് കേരളത്തിൽ വിലക്കുണ്ടായിരുന്നില്ലെന്ന് സംസ്ഥാനം കൂട്ടിച്ചേർത്തു.

മലപ്പുറത്ത് പതിനാലുകാരന്‍ നിപ ബാധിച്ച് മരിച്ചതിന്‍റെ പശ്ചാത്തലത്തിലാണ് കേരള– തമിഴ്നാട് അതിര്‍ത്തിയില്‍ തമിഴ്നാട് ആരോഗ്യവകുപ്പ് പരിശോധന ശക്തമാക്കിയത്. വാഹനയാത്രികരുടെ ആരോഗ്യ സ്ഥിതി പരിശോധിച്ച ശേഷം മാത്രമാണ് തുടര്‍യാത്ര അനുവദിക്കുന്നത്.

പാലക്കാട് ജില്ലയില്‍ തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന മുഴുവന്‍ ചെക്ക്പോസ്റ്റുകളിലും 24 മണിക്കൂറും നീളുന്ന പരിശോധനയാണ് തമിഴ്നാട് ആരോഗ്യവകുപ്പിന്‍റെ നേതൃത്വത്തില്‍ നടത്തുന്നത്.

നിപ ബാധിച്ചുമരിച്ച 14കാരന്‍ കാട്ടമ്പഴങ്ങ കഴിച്ചതായി സ്ഥിരീകരണം; രോഗബാധയുടെ ഉറവിടം കണ്ടെത്താന്‍ നടപടികളുമായി ആരോഗ്യവകുപ്പ്... #Nipah

 


മലപ്പുറത്തെ നിപ്പ രോഗബാധയില്‍ ഉറവിടം കണ്ടെത്താനുള്ള നടപടികളുമായി ആരോഗ്യവകുപ്പ്.14കാരനും സുഹൃത്തുക്കളും കാട്ട് അമ്പഴങ്ങ കഴിച്ചതായി സ്ഥിരീകരണം.വിശദമായ പരിശോധന നടക്കുന്നതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 350 പേരാണ് നിലവില്‍ കുട്ടിയുടെ സമ്പര്‍ക്കപ്പട്ടികയിലുള്ളത്. രോഗലക്ഷണുള്ളവരില്‍ നാലുപേര്‍ തിരുവനന്തപുരം സ്വദേശികളും രണ്ട് പേര്‍ പാലക്കാട് സ്വദേശികളുമാണ്. ഇന്ന് പുറത്ത് വാരാന്‍ ഉള്ളത് 13 പേരുടെ പരിശോധന ഫലമാണ്.

നിപ്പ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ ഉടനീളം ഊര്‍ജിതമായി തുടരുകയാണ്. കേന്ദ്രസംഘം ഇന്നലെ രാത്രിയോടെ കോഴിക്കോട് എത്തി.പൂനെ വയറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മൊബൈല്‍ ലാബ് ഇന്ന് വൈകിട്ട് കോഴിക്കോട് എത്തും.ഇത് കൂടുതല്‍ പരിശോധനകള്‍ നടത്താന്‍ സഹായകമാകും.ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയില്‍ അവലോകനയോഗം ചേര്‍ന്നു.

350 പേരാണ് സമ്പര്‍ക്ക പട്ടികയില്‍ ഉള്ളത്.ഇതില്‍ 101 പേര്‍ ഹൈ റിസ്‌ക്ക് കാറ്റഗറിയിലാണ് . ഇതില്‍ രോഗ ലക്ഷണമുള്ള 6 പേരുടെതടക്കം 13 പേരുടെ പരിശോധന ഫലമാണ് ഇന്ന് ലഭിക്കുക. മരിച്ച കുട്ടിയുടെ ബന്ധുക്കളുടെ സാമ്പിളുകളും പരിശോധിക്കും. 14 കാരന്റെ പുതിയ റൂട്ട് പുറത്തുവിട്ടു. ഈ കോണ്‍ടാക്ടുകള്‍ ശേഖരിച്ച് വരികയാണ്. കുട്ടിയും സുഹൃത്തുക്കളും കാട്ടാമ്പഴങ്ങ പറിച്ച് കഴിച്ചതായി ആരോഗ്യമന്ത്രി സ്ഥിരീകരിച്ചു. ഇതില്‍ നിന്നാണോ നിപ്പ സ്ഥിരീകരിച്ചതെന്നകാര്യം പരിശോധിച്ച് വരികയാണ്.മേഖലയില്‍ മൃഗസംരക്ഷണ വകുപ്പ് പരിശോധന തുടരുകയാണ്.

നിപ വൈറസ്: കേന്ദ്രസംഘം ഇന്ന് മലപ്പുറത്ത് എത്തും; മെഡിക്കൽ ലാബ് ഇന്ന് കോഴിക്കോട് എത്തിക്കും... #Nipah


 

നിപ വൈറസ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ കേന്ദ്രസംഘം ഇന്ന് മലപ്പുറത്ത് എത്തും. പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ മെഡിക്കൽ ലാബ് ഇന്ന് കോഴിക്കോട് എത്തിക്കും. മൊബൈൽ ബിഎസ്എൽ 3 ലബോറട്ടറിയാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിക്കുക. പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ ചെയ്യേണ്ട സ്രവപരിശോധന ഇവിടെ നടത്താനാകും.

330 പേരാണ് മരിച്ച പതിനാലുകാരന്റെ സമ്പർക്ക പട്ടികയിലുള്ളത്. ഇതിൽ 101 പേർ ഹൈറിസ്ക് വിഭാഗത്തിലുള്ളവരാണ്. ഇവരുടെ സ്രവം പരിശോധനക്ക് അയക്കും. പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിൽ നിന്ന് മൃഗസംരക്ഷണ വകുപ്പ് സാമ്പിളുകൾ ശേഖരിക്കും. 14 വയസുകാരനും സുഹൃത്തുക്കളും വീടിന് സമീപത്തെ മരത്തിൽ നിന്ന് അമ്പഴങ്ങ കഴിച്ചതായി ആരോഗ്യമന്ത്രി സ്ഥിരീകരിച്ചു. നിപയുടെ ഉറവിടം ഇതാണോ എന്ന് ആരോഗ്യപ്രവർത്തകർ പരിശോധിച്ചുവരികയാണ്.

നിലവിൽ നിപ വൈറസ് ബാധ സംശയിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കപ്പെട്ട 68കാരന്റെ പ്രാഥമിക സ്രവപരിശോധനാ ഫലം നെഗറ്റീവാണെന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ അറിയിച്ചു. മെഡിക്കൽ കോളേിൽ നടത്തിയ ട്രൂനാറ്റ് പരിശോധനയിലാണ് നിപ ബാധയില്ലെന്ന് വ്യക്തമായത്. ഇദ്ദേഹത്തെ നിലവിൽ ട്രാൻസിറ്റ് ഐസിയുവിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. പൂനെയിലെ നാഷനൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള സ്രവ പരിശോധനാ ഫലം കൂടി ലഭിച്ച ശേഷം തുടർ നടപടികൾ സ്വീകകരിക്കും.

നിപ: കേന്ദ്ര സംഘം കേരളത്തിലേക്ക്; രോഗ നിയന്ത്രണത്തിന് അടിയന്തര നടപടികൾ സ്വീകരിക്കാൻ നിർദേശം... #Nipah

 കേരളത്തിൽ നിപ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ കേരളത്തിലേക്ക് കേന്ദ്ര സംഘം എത്തും. രോഗ നിയന്ത്രണത്തിന് അടിയന്തര നടപടികൾ സ്വീകരിക്കാൻ കേന്ദ്രം നിർദേശം നൽകി. വൺ ഹെൽത്ത് മിഷനിൽ നിന്നുള്ള സംഘത്തെയാണ് അയയ്ക്കുന്നത്. സംസ്ഥാനത്തിന്റെ അഭ്യർത്ഥന അനുസരിച്ച് ഐസിഎം ആർ , മോണോക്ലോണൽ ആൻറി ബോഡികൾ അയച്ചു.

അധിക സാമ്പിളുകൾ പരിശോധിക്കുന്നതിന് ബി എസ് എൽ 3 കോഴിക്കോട്ട് എത്തി. രോഗി മരിക്കുന്നതിനു മുമ്പായി തന്നെ ആന്റിബോഡികൾ സംസ്ഥാനത്ത് എത്തിച്ചിരുന്നുവെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗം സ്ഥിരീകരിച്ച ആളുടെ കുടുംബത്തിലും അയൽവാസികളിലും ലക്ഷണങ്ങൾ ഉണ്ടോയെന്ന് കേന്ദ്ര സംഘം പരിശോധിക്കും. കഴിഞ്ഞ 12 ദിവസങ്ങളിൽ ഉണ്ടായ സമ്പർക്ക പട്ടിക തയ്യാറാക്കും.

രോഗിയുമായി സമ്പർക്കം പുലർത്തിയവരെ ക്വാറന്റൈൻ ചെയ്യും. കൂടുതൽ സാമ്പിലുകൾ ലാബുകളിൽ പരിശോധനയ്ക്ക് അയക്കും. മലപ്പുറത്ത് നിപ സ്ഥിരീകരിച്ച പാണ്ടിക്കാട് സ്വദേശിയായ പതിനാലുകാരൻ മരിച്ചിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. അതേസമയം മലപ്പുറത്ത് ഒരാൾക്ക് കൂടി നിപ രോഗലക്ഷണങ്ങൾ. ഇയാളെ കോഴക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചു.

മലപ്പുറം സ്വദേശിയായ 68 കാരനാണ് രോഗലക്ഷണം. ഐസൊലേഷൻ വാർഡിലേക്ക് മാറ്റി. മരിച്ച കുട്ടിയുമായി സമ്പർക്കമില്ല. നിപ ബാധിച്ച് മരിച്ച 14 വയസുകാരന്റെ വീടിന് രണ്ട് കിലോമീറ്റർ അകലെ താമസിക്കുന്ന 68 കാരനെയാണ് കോഴിക്കോട്ടേക്ക് മാറ്റിയത്. നിപ ലക്ഷണങ്ങളുണ്ടെന്ന കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.അതേ സമയം മരിച്ച 14കാരനുമായി സമ്പർക്കം ഉണ്ടായ 4 പേർ രോഗ ലക്ഷണങ്ങളുമായി ചികിത്സയിലാണ്.

സംസ്ഥാനത്ത് വീണ്ടും നിപ മരണം; ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിയായ 14 കാരൻ മരിച്ചു... #Nipah

മലപ്പുറത്ത് നിപ സ്ഥിരീകരിച്ച പാണ്ടിക്കാട് സ്വദേശിയായ പതിനാലുകാരൻ മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. കുട്ടിയുടെ സംസ്കാരം നിപ പ്രോട്ടോകോൾ പ്രകാരം നടക്കും.

ഇക്കഴിഞ്ഞ 15ന് രോഗലക്ഷണങ്ങള്‍ കണ്ട കുട്ടിയെ ആദ്യം പാണ്ടിക്കാട്ടെ ക്ലിനിക്കിലും പിന്നീട് രണ്ട് സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ച ശേഷമാണ് കോഴിക്കോട് മിംസ് ആശുപത്രിയിലെത്തിച്ചത്. നിപ സ്ഥിരീകരിച്ചതിന് പിന്നാലെ മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു.

14കാരനുമായി സമ്പര്‍ക്കം ഉണ്ടായ 4 പേർക്ക് ഇപ്പോൾ രോഗ ലക്ഷണമുണ്ടെന്നും ഇവരുടെ സ്രവം പരിശോധനക്ക് അയച്ചുവെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. കേരളത്തിൽ അഞ്ചാം തവണയാണ് നിപ സ്ഥിരീകരിക്കുന്നത്. ഇതുവരെ 22 പേരാണ് സംസ്ഥാനത്ത് നിപ ബാധിച്ച് മരിച്ചത്. 

മലപ്പുറത്ത് 14 കാരന് നിപ; പൂനെ വൈറോളജി ലാബിലെ പരിശോധനാഫലവും പോസിറ്റീവ്... #Nipah

കോഴിക്കോട്ട് ചികിത്സയിലുളള മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ 14 കാരന് നിപ സ്ഥിരീകരിച്ചു. കോഴിക്കോടുളള വൈറോളജി ലാബിലെ പരിശോധനയിലും പൂനെ വൈറോളജി ലാബിലെ പരിശോധനയിലും നിപ വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.

നിപ വൈറസ് ബാധയുടെ ലക്ഷണം കണ്ടതിനെ തുടർന്ന് ഇന്നലെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് കോഴിക്കോട്ടേക്ക് മാറ്റുകയായിരുന്നു. ബന്ധുക്കൾ ആവശ്യപ്പെട്ടത് അനുസരിച്ച് കുട്ടിയെ മെഡിക്കൽ കോളേജിലേക്കു മാറ്റുമെന്നും മന്ത്രി അറിയിച്ചു.

ജില്ലയിൽ ജാഗ്രതാ നി‍ര്‍ദേശം നൽകി. മൂന്ന് കിലോമീറ്ററിൽ നിയന്ത്രണം ഏർപ്പെടുത്തും.
മാസ്ക് നിർബന്ധമാക്കാനും ആശുപത്രി സന്ദർശനം ഒഴിവാക്കണമെന്നും ആരോഗ്യമന്ത്രി നിർദേശം നൽകി.
നിലവിൽ പ്രോട്ടോകോൾ പ്രകാരം നിപ പ്രതിരോധ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മുൻ കരുതൽ നടപടികൾ സ്വീകരിക്കുകയാണെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

നിപ സ്ഥിരീകരിച്ചതിനെ തുടർന്ന് മലപ്പുറത്ത് ആരോഗ്യ വകുപ്പ് കൺട്രോൾ സെൽ തുറന്നു. മലപ്പുറം മലപ്പുറം പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ സെല്ലാണ് തുറന്നത്. 0483-2732010 ആണ് കൺട്രോൾ റൂം നമ്പർ.

കേരളത്തിൽ വീണ്ടും നിപ? 15 വയസുള്ള കുട്ടിയ്ക്ക് നിപയെന്ന് സംശയം... #Nipah

സംസ്ഥാനത്ത് വീണ്ടും നിപ ബാധയെന്ന് സംശയം. മലപ്പുറം സ്വദേശിയായ 15 വയസുള്ള കുട്ടിയിലാണ് നിപ സംശയം.കുട്ടി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ആരോഗ്യവകുപ്പ് നിപ പ്രോട്ടോകോൾ പാലിക്കാൻ നിർദേശം നൽകി. നിപ വൈറസാണോ എന്ന് സ്ഥിരീകരിക്കാനുള്ള പരിശോധനാഫലം നാളെ വന്നേക്കും. നിപ ബാധ എന്ന സംശയിക്കുന്ന സ്ഥലത്ത് ജാഗ്രത പാലിക്കാൻ ആരോഗ്യ മന്ത്രി വീണാ ജോർജ് കർശനമായി നിർദേശിച്ചു. 
കഴിഞ്ഞ ദിവസമാണ് പനി, ഛർദി ഉൾപ്പെടെയുള്ള രോ​ഗലക്ഷണങ്ങളുമായി കുട്ടിയെ മലപ്പുറത്തുള്ള ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് ലക്ഷണങ്ങൾ വല്ലാതെ ​കടുത്തപ്പോൾ കുട്ടിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പ്രാഥമിക പരിശോധനയിൽ നിപ ബാധയെന്ന് സംശയം തോന്നിയതിനെ തുടർന്നാണ് പുനെ വൈറോറജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്കായി സ്രവം അയച്ചത്.

15 വയസുള്ള ആൺകുട്ടിയാണ് ഇപ്പോൾ ചികിത്സയിൽ കഴിഞ്ഞുവരുന്നത്. കുട്ടിയ്ക്ക് സാരമായ ആരോ​ഗ്യപ്രശ്നങ്ങളുണ്ട്. ആരോ​ഗ്യമന്ത്രി വീണാ ജോർജ് വിഷയത്തിൽ നേരിട്ട് ഇടപെടുകയും നിർദേശങ്ങൾ നൽകുകയും ചെയ്തു.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0