മലപ്പുറത്ത് നിപ ആശങ്ക ഒഴിയുന്നു; പുതുതായി പുറത്ത് വന്ന പരിശോധന ഫലം മുഴുവൻ നെഗറ്റീവ്... #Nipah

 


മലപ്പുറത്ത് നിപ ആശങ്ക ഒഴിയുന്നു. പുതുതായി പുറത്ത് വന്ന പരിശോധന ഫലം മുഴുവൻ നെഗറ്റീവ്.രോഗലക്ഷണങ്ങളോടെ ഹൈറിസ്ക് വിഭാഗത്തിൽ നിരീക്ഷണത്തിൽ കഴിയുന്നത് 220 പേര്‍. നിപ ഉറവിടം കണ്ടെത്താനുള്ള നടപടികൾ ആരോഗ്യവകുപ്പ് ഊർജിതമാക്കി. പൂനെ എൻ.ഐ.വിയില്‍ നിന്നും വന്ന വിദഗ്ധ സംഘം വവ്വാലുകളില്‍ നിന്ന് സാംപിളുകൾ ശേഖരിച്ച് തുടങ്ങി.വവ്വാലുകളുടെ സാന്നിദ്ധ്യം കണ്ടെത്താനായി രോഗ ബാധിത പ്രദേശങ്ങളില്‍ സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിച്ചു.

ഇന്നലെ പുറത്ത് വന്ന 17 സാമ്പിളുകൾ നെഗറ്റീവാണ്.460 പേരാണ് സമ്പര്‍ക്ക പട്ടികയില്‍ ഉള്ളത്. ഇതില്‍ 220 പേര്‍ ഹൈറിസ്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടവരാണ്. ഇതിൽ 142 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട 19 പേർ വിവിധ ആശുപത്രികളില്‍ ചികിത്സയിൽ തുടരുകയാണ്. ഇതിൽ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ 17 പേരും തിരുവനന്തപുരത്ത് രണ്ടു പേരുമാണ് ഉള്ളത്.

പാണ്ടിക്കാട്, ആനക്കയം ഗ്രാമപഞ്ചായത്തുകളിലായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഇതുവരെ 18055 വീടുകള്‍ സന്ദര്‍ശിച്ചു. പാണ്ടിക്കാട് 10248 വീടുകളും ആനക്കയത്ത് 7807 വീടുകളുമാണ് സന്ദര്‍ശിച്ചത്. അതിൽ പാണ്ടിക്കാട് 728 പനി കേസുകളും ആനക്കയത്ത് 286 പനിക്കേസുകളും റിപ്പോർട്ട് ചെയ്തു.
നിപ ബാധിത മേഖലയിലെ സ്കൂളുകളില്‍ ഓണ്‍ലൈന്‍ വഴി ക്ലാസുകൾ നടക്കുന്നുണ്ട്.

വവ്വാലുകളില്‍ നിന്നും സാംപിള്‍ ശേഖരിക്കുന്നതിനായി പൂനെ എൻ.ഐ.വിയില്‍ നിന്നുമുള്ള വിദഗ്ധ സംഘം രോഗബാധിത മേഖലയിലെത്തി സാമ്പിളുകൾ ശേഖരിച്ച് തുടങ്ങി. വവ്വാലുകളുടെ സ്രവ സാംപിള്‍ ശേഖരിച്ച് വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയാല്‍ ഇവര്‍ ജനിതക പരിശോധന നടത്തും. വവ്വാലുകളുടെ സാന്നിദ്ധ്യം കണ്ടെത്താനായി രോഗ ബാധിത പ്രദേശങ്ങളില്‍ സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിച്ചു. കൂടാതെ കന്നുകാലികളില്‍ നിന്നും വളര്‍ത്തുമൃഗങ്ങളില്‍ നിന്നുള്ള സാംപിള്‍ ശേഖരിച്ച് ഭോപ്പാലില്‍ നിന്നുള്ള വിദഗ്ധ സംഘത്തിന് കൈമാറും.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0