ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 12 ഡിസംബർ 2025 | #NewsHeadlines

• സംസ്ഥാനത്ത് രണ്ട് ഘട്ടങ്ങളിൽ ആയി നടന്ന തദ്ദേശ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം നാളെ. രണ്ടാംഘട്ട വോട്ടെടുപ്പിന് പിന്നാലെ തിരക്കിട്ട കണക്കുകൂട്ടലിലാണ് മുന്നണികൾ.

• നടിയെ ആക്രമിച്ച കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികളുടെ ശിക്ഷാവിധിയിന്മേൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഇന്ന് വാദം നടക്കും. തുടർന്ന് ഇന്ന് തന്നെയോ അല്ലെങ്കിൽ മറ്റൊരു ദിവസമോ പ്രതികൾക്കുള്ള ശിക്ഷ കോടതി പ്രഖ്യാപിക്കും.

• കേരളത്തിന്‍റെ ചലച്ചിത്ര ഉത്സവത്തിന് നാളെ തിരി തെളിയും. ഒട്ടേറെ വൈവിധ്യങ്ങളോടെയാണ് ഇത്തവണത്തെ 30മത് രാജ്യാന്തര ചലച്ചിത്ര മേള എത്തുന്നത്. 200ലധികം ചിത്രങ്ങളാണ് ഇത്തവണ പ്രേക്ഷകർക്ക് മുന്നിലെ വെള്ളിത്തിരയിൽ തെളിയുക. 26 വിഭാഗങ്ങളിലായി 82 രാജ്യങ്ങളിൽ നിന്നുള്ള 206 ചിത്രങ്ങളാണ് ഇത്തവണ മേളയുടെ ഭാഗമാകുന്നത്.

• തിരുവനന്തപുരത്ത് വെള്ളറടയിൽ ഡ്യൂട്ടിക്കിടെ മദ്യപിച്ച് എത്തി ഡോക്ടറുടെ പരാക്രമം. പരാതിയെ തുടർന്ന് പൊലീസെത്തി ഡോക്ടറെ അറസ്റ്റ് ചെയ്തു. വെള്ളറട ആനപ്പാറ സർക്കാർ ആശുപത്രിയിലാണ് സംഭവം. ഡ്യൂട്ടി ഡോക്ടർ ജിത്തുവാണ് മദ്യപിച്ച് ബോധമില്ലാതെ ഡ്യൂട്ടിക്ക് എത്തിയത്.

• പ്രശസ്ത ചിന്തകനും വാഗ്മിയും ഗ്രന്ഥകാരനുമായിരുന്ന പി ഗോവിന്ദപ്പിള്ളയുടെ സ്മരണാർത്ഥം കേരള സർവകലാശാല നൽകുന്ന എൻഡോവ്മെന്റ് പ്രഖ്യാപിച്ചു. കേരള സർവകലാശാല കാര്യവട്ടം ക്യാംപസിൽ നിന്നും 2023, 2024, 2025 വർഷങ്ങളിൽ എംഎ (ചരിത്രം) ഒന്നാം റാങ്ക് ലഭിച്ച അഞ്ജലി എം, ഫെമിന എസ് എസ്, ശരണ്യ രഘു എന്നിവരാണ് പി ഗോവിന്ദപ്പിള്ള എൻഡോവ്മെന്റിന് അർഹത നേടിയത്.

• യാത്രക്കാരെ പെരുവഴിയിലാക്കിയ ഇൻഡിഗോ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. 10,000 രൂപയുടെ ട്രാവൽ വൗച്ചർ ആണ് കമ്പനി പ്രഖ്യാപനം. ഡിസംബർ 3, 4, 5 തീയതികളിൽ രാജ്യത്തെ വിമാനത്താവളങ്ങളിൽ മണിക്കൂറുകളോളം കുടുങ്ങിപ്പോയ യാത്രക്കാർക്ക് ആയിരിക്കും ഇത് ലഭിക്കുക.

• സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പിലും പോളിങ് കുറഞ്ഞു. വ്യാഴാഴ്ച വോട്ടെടുപ്പ് നടന്ന തൃശൂർ മുതൽ കാസർകോട്‌ വരെയുള്ള ജില്ലകളിൽ 76.08 ശതമാനം പോളിങ്‌ ആണ്‌ രേഖപ്പെടുത്തിയത്‌.

• ആറ് ഇടങ്ങളിലെ എസ്‌ഐആർ (തീവ്ര വോട്ടർ പട്ടിക പരിഷ്കരണം) സമയപരിധി നീട്ടിയതായി തെരഞ്ഞെടുപ്പ് കമീഷൻ. അഞ്ച് സംസ്ഥാനങ്ങളിലും ഒരു കേന്ദ്ര ഭരണ പ്രദേശത്തുമാണ് എന്യൂമറേഷൻ ഫോം തിരികെ നൽകാനുള്ള സമയം നീട്ടി നൽകിയത്. തമിഴ്നാട്, ഗുജറാത്ത്, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശമായ ആൻഡമാൻ നിക്കോബാറിലുമാണ് എസ്‌ഐആറിന്റെ പുതുക്കിയ ഷെഡ്യൂൾ തെരഞ്ഞെടുപ്പ് കമീഷൻ പുറത്തിറക്കിയത്.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0