പഴങ്ങളിൽ എലിവിഷം പുരട്ടി വിൽപ്പന നടത്തിയ രണ്ട് കച്ചവടക്കാർ പിടിയിൽ #Mumbai


മുംബൈ: വിൽപ്പനയ്ക്കുവച്ചിരുന്ന പഴങ്ങളിൽ എലിവിഷം പുരട്ടിയ കച്ചവടക്കാർ പിടിയിൽ. മുംബൈയിലെ മാലഡ് പ്രദേശത്തെ ഒരു ലോക്കൽ മാർക്കറ്റിലായിരുന്നു സംഭവം. മനോജ് കുമാർ കേസർവാനി, ബിപിൻ കേസർവാനി എന്നിവരെയാണ് അറസ്റ് ചെയ്തത്.

ഇതിൻ്റെ വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നു. ഇതിനുപിന്നാലെയാണ് കൂടുതൽ നടപടികൾ സ്വീകരിച്ചത്. മാലഡ് പ്രദേശവാസിയായ കുനാൽ സലുങ്കെ നൽകിയ പരാതിയിലും കേസെടുത്തിട്ടുണ്ട്. പ്രതികളുടെ കടകളും പൂട്ടി.

വില്പനയ്ക്ക് വയ്ക്കുന്ന പഴവർഗങ്ങളിൽ എലിവിഷം പുരട്ടുന്നത് പൊതുജനാരോഗ്യത്തിന് വലിയ തരത്തിൽ ഭീഷണിയുണ്ടാകുമെന്നും കുനാൽ സലുങ്കെ പരാതിയിൽ പരാമർശിച്ചിട്ടുണ്ട്. രണ്ടുപേരെയും പൊലീസ് ചോദ്യം ചെയ്യുന്നു. പുറത്തുവന്ന വീഡിയോയിൽ കച്ചവടക്കാരൻ തൻ്റെ കൈയിലിരുന്ന എലിവിഷം പഴത്തിൽ പുരട്ടുന്നത് കാണാം. പഴങ്ങൾ നശിച്ചുപോയെന്ന് പറഞ്ഞാണ് അയാൾ വിഷം പുരട്ടുന്നത്. ഇത് കണ്ടുനിന്ന മറ്റൊരാൾ കച്ചവടക്കാരനെ തടയാൻ ശ്രമിക്കുന്നുണ്ട്.

ഈ പഴങ്ങൾ കുട്ടികൾ കഴിക്കുന്നതല്ലേയെന്നും എന്താണ് നിങ്ങള്‍ ചെയ്യുന്നതെന്നും അയാൾ കച്ചവടക്കാരനോട് ചോദിക്കുന്നുണ്ട്. ശേഷം അയാൾ അവിടെ കച്ചവടത്തിനുവച്ചിരുന്ന ഒരു മാതളം കാണിക്കുന്നുണ്ട്. ഇതിൽ എലിവിഷം നന്നായി പുരട്ടിയിട്ടുണ്ടെന്നും ആരോപിക്കുന്നുണ്ട്. 

 ഈ വീഡിയോ ജനങ്ങൾക്കിടയിൽ ഭീതി പടർത്തിയിരിക്കുകയാണ്. ലോക്കൽ മാർക്കറ്റുകളിൽ നിന്ന് എന്ത് വിശ്വസിച്ച് പഴവർഗങ്ങൾ വാങ്ങുമെന്നാണ് പലരും ചോദിക്കുന്നത്. അതേസമയം, പഴങ്ങൾ കേടാകാതിരിക്കാനും മറ്റുജീവികൾ പഴങ്ങൾ നശിപ്പിക്കാതിരിക്കാനുമാണ് എലിവിഷം പുരട്ടിയതെന്ന് പ്രതികളിലൊരാൾ ചോദ്യം ചെയ്യലിനിടെ പറഞ്ഞു.

 Two traders arrested for spreading rat poison on fruits

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0