ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 23 മെയ് 2024 #NewsHeadlines

● സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴ തുടരും. മുഴുവന്‍ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകിയതായി കാലാവസ്ഥാ വകുപ്പ്.

●  നെല്ല്‌ സംഭരിച്ചതിൽ കേന്ദ്രസർക്കാർ കേരളത്തിന്‌ നൽകാനുള്ളത്‌ 1079 കോടി രൂപയെന്ന് റിപ്പോർട്ട്.

● സംസ്ഥാനത്ത്‌ കാട്ടാനകളുടെ കണക്കെടുപ്പ് വ്യാഴംമുതൽ ആരംഭിക്കും. അന്തർ സംസ്ഥാന കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ തീരുമാനപ്രകാരം  കണക്കെടുപ്പിന്‌ മുന്നോടിയായി ഏകദേശം 1300 ഉദ്യോഗസ്ഥർക്കും വാച്ചർമാർക്കും പരിശീലനം നൽകി.

● മുങ്ങിമരണങ്ങൾ സ്ഥിരം വാർത്തയാകുന്ന സാഹചര്യത്തിൽ എല്ലാ കുട്ടികളും നീന്തൽ പഠിക്കാൻ തയ്യാറാകണമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ.

● ഗുണനിലവാരം കുറഞ്ഞ കൽക്കരി ഇറക്കുമതി ചെയ്‌ത്‌ ഉയർന്ന ഇന്ധനക്ഷമതയുള്ളതാണെന്നു കാണിച്ച്‌ മറിച്ചുവിറ്റ്‌ അദാനി കമ്പനി 600 കോടി രൂപയുടെ തട്ടിപ്പ്‌ നടത്തിയെന്ന്‌ വെളിപ്പെടുത്തൽ.

● ബോളിവുഡ്‌ താരം ഷാരൂഖ്‌ ഖാന് സൂര്യാഘാതമേറ്റു. അഹമ്മദാബാദ്‌ ആശുപത്രിയിൽ ചികിത്സയിലുള്ള താരത്തിന്റെ ആരോഗ്യനില തൃപ്‌തികരമാണ്.

● ഏഴാം ഘട്ടമായി ജൂൺ ഒന്നിന്‌ വോട്ടെടുപ്പ്‌ നടക്കുന്ന 57 ലോക്‌സഭാ മണ്ഡലത്തിൽ ആകെ 904 സ്ഥാനാർഥികൾ. 13 സീറ്റുള്ള പഞ്ചാബിലാണ്‌ കൂടുതൽ സ്ഥാനാർഥികൾ.

● ഇന്ത്യൻ വംശജയായ സുനിത വില്യംസിന്റെ മൂന്നാം ബഹിരാകാശ യാത്ര ഇനിയും വൈകാൻ സാധ്യത. ബഹിരാകാശ പേടകത്തിലെ പ്രൊപ്പൽഷൻ സിസ്റ്റത്തിലെ ഹീലിയം ചോർച്ചയാണ് യാത്ര വൈകാനുള്ള കാരണം.

● സംസ്ഥാനത്തെ തദ്ദേശ വാര്‍ഡ് വിഭജന ഓര്‍ഡിനന്‍സ് തിരിച്ചയച്ച് ഗവര്‍ണര്‍. വാര്‍ഡുകളുടെ അതിര്‍ത്തി പുനര്‍നിര്‍ണയിക്കാനും വാര്‍ഡുകളുടെ എണ്ണം വര്‍ധിപ്പിക്കാനുമുള്ള ഓര്‍ഡിനന്‍സുകളാണ് പെരുമാറ്റച്ചട്ടം ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ തിരിച്ചയച്ചത്.

● ചികിത്സയ്ക്കായി കൊൽക്കത്തയിലെത്തി കാണാതായ ബംഗ്ലാദേശ് എം.പി. ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെട്ടു. ഭരണകക്ഷിയായ അവാമിലീഗിന്റെ മുതിർന്ന എം.പി.യായ അൻവാറുൾ അസിം അനാർ ആണ് കൊല്ലപ്പെട്ടത്.

● ബ്രിട്ടനിൽ തെരഞ്ഞെടുപ്പ് ജൂലൈ 4ന്. ഇന്നലെ വൈകീട്ടോടെയായിരുന്നു പാർലമെന്റ് പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചുകൊണ്ടുള്ള റിഷി സുനകിന്റെ അപ്രതീക്ഷിത നീക്കം.

● പെരിയാറിലെ മീനുകളുടെ കൂട്ടക്കുരുതിയിൽ അന്വേഷണം തുടരുന്നു. കുഫോസിൽ നിന്നുള്ള വിദഗ്ധ സംഘം ഇന്ന് പ്രശ്നബാധിത മേഖല സന്ദർശിക്കും. മത്സ്യ കർഷകരുടെ നഷ്ടം കണക്കാക്കാൻ ഇന്ന് വരാപ്പുഴ പഞ്ചായത്ത് ഓഫീസിൽ യോഗം ചേരും.



MALAYORAM NEWS is licensed under CC BY 4.0