കേര കർഷകർ തീവ്ര ദുരിതത്തിൽ : തെങ്ങുകൾക്ക് തഞ്ചാവൂർവാട്ടം പടരുന്നു നിയന്ത്രിക്കാൻ പാക്കേജ് അനുവദിക്കണം... #Kerala_News

 


 മലയോരത്തെ കേരസമൃദ്ധിക്ക് മങ്ങലേൽപ്പിച്ച് തഞ്ചാവൂർവാട്ടം പടരുന്നു. രോഗം സ്ഥിരീകരിച്ചിട്ട് മൂന്നുവർഷത്തിലേറെയായിട്ടും രോഗനിയന്ത്രണത്തിന് ഒരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. 

രോഗനിയന്ത്രണത്തിന് വൻ തുക വേണ്ടിവരുന്നതിനാൽ കർഷകർ നിസ്സഹായരാണ്. രോഗനിയന്ത്രണത്തിനായി പാക്കേജ് അനുവദിക്കണമെന്ന് ഗ്രാമസഭകളും കർഷകരും കർഷക സംഘടനകളും
പലതവണ ആവശ്യപ്പെട്ടിരുന്നു.

2021 സെപ്റ്റംബറിലാണ് തഞ്ചാവൂർവാട്ടം മലയോരത്ത് സ്ഥിരീകരിച്ചത്. 2022 ജൂലായിൽ കൃഷിവിദഗ്ധരുടെ സംഘവും കാർഷിക വിജ്ഞാനകേന്ദ്രവും ഓഗസ്റ്റിൽ സി.പി.സി.ആർ.ഐ.യിൽനിന്നുള്ള വിദഗ്‌ധ സംഘവും ചെറുപുഴ-ചിറ്റാരിക്കാൽ പഞ്ചായത്തുകളിൽ സന്ദർശനം നടത്തുകയും രോഗം സ്ഥിരീകരിക്കുകയും വേഗത്തിൽ പടരുകയാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ, തുടർനടപടികൾ ഉണ്ടായില്ല.

പ്രശ്നത്തിൽ കൃഷിവകുപ്പും ഇടപെട്ടിട്ടില്ല. അതിവേഗം രോഗത്തെ പ്രതിരോധിച്ചില്ലെങ്കിൽ തെങ്ങുകൃഷി പാടെ നശിക്കും. തുടക്കത്തിൽ താഴത്തെനിരയിലുള്ള ഓലകൾ ഉണങ്ങുകയും താഴെ വീഴാതെ തെങ്ങിന്റെ മുകളിൽ തൂങ്ങിനിൽക്കുകയും ചെയ്യും. പിന്നീട് ഓലകൾ എല്ലാം ഉണങ്ങി തെങ്ങിന്റെ മണ്ട (തല) മറിഞ്ഞു പോകും.

 തേങ്ങയും മച്ചിങ്ങയും കൊഴിഞ്ഞുവീഴും. രോഗലക്ഷണങ്ങൾ കണ്ട് ഒന്നുരണ്ട് മാസത്തിനിടെ തെങ്ങുകൾ പൂർണമായി നശിക്കും.

കുമിൾരോഗം

വെള്ളത്തിലൂടെ അതിവേഗം പടരുന്ന ഗാനോഡെർമ ലൂസിഡം' എന്ന കുമിൾരോഗമാണിത്. പ്രതിരോധമാർഗങ്ങൾ ചെലവേറിയതായതിനാൽ രോഗം ബാധിച്ച തെങ്ങുകളെ കർഷകർ ഉപേക്ഷിക്കുകയാണ് ചെയ്യുന്നത്.

 രോഗ- കീടബാധയും തേങ്ങയുടെ വിലത്തകർച്ചയും മൂലം തകർച്ചയിലാണ് തെങ്ങ് കൃഷി. തഞ്ചാവൂർവാട്ടം നിയന്ത്രിച്ചില്ലെങ്കിൽ മലയോരത്ത് തെങ്ങ് കൃഷി കുറ്റിയറ്റ് പോകും.

കൃഷിയിടങ്ങളിൽ മൂലകങ്ങളുടെ കുറവ്

പൊട്ടാഷ്, ബോറോൺ തുടങ്ങിയ മൂലകങ്ങളുടെ കുറവ് കൃഷിയിടങ്ങളിൽ കണ്ടെത്തിയിരുന്നു. ആരോഗ്യം കുറഞ്ഞ തെങ്ങുകളെയാണ് രോഗം കൂടുതലായി ബാധിക്കുകയെന്നതിനാൽ തെങ്ങുകൾക്ക് നന്നായി വളം നൽകാനും നിർദേശിച്ചിരുന്നു. 

ഇതിന് വേണ്ടി പ്രത്യേക പാക്കേജ് തയ്യാറാക്കി തഞ്ചാവൂർവാട്ടം സ്ഥിരീകരിച്ച പ്രദേശങ്ങളിൽ നടപ്പാക്കണമെന്ന് കർഷകരും കർഷകസംഘടനകളും ആവശ്യപ്പെട്ടിരുന്നു. എന്നാൽ, തുടർനടപടികൾ ഒന്നുമുണ്ടായില. 

ജില്ലയിൽതന്നെ നല്ല തെങ്ങുകളുള്ള ചെറുപുഴ പഞ്ചായത്തിലെ മലയോരത്താണ് രോഗം പ്രത്യക്ഷപ്പെട്ടത്. വെസ്റ്റ് കോസ്റ്റ് ടോൾ ഇനത്തിൽപ്പെട്ടവയും നല്ല കായ്‌ഫലം തരുന്നവയുമാണ് ഇവിടത്തെ തെങ്ങുകൾ. 

പ്രശ്‌നങ്ങളിൽ അധികൃതർ ഇടപെടാത്തതിൽ കർഷകർ അമർഷത്തിലാണ്. കൃഷിവകുപ്പ് അടിയന്തര ഇടപെടൽ നടത്തി കേരകൃഷിക്ക് താങ്ങാവണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്.


MALAYORAM NEWS is licensed under CC BY 4.0