കണ്ണൂർ:
“നാളെ പുലർച്ചെ മുതൽ സൂര്യൻ ഭൂമിയിൽ നിന്ന് കൂടുതൽ അകന്നുപോകും, കാലാവസ്ഥ തണുക്കും, ശാരീരിക അസ്വസ്ഥതകൾ വർധിക്കും” എന്ന തരത്തിലുള്ള സന്ദേശങ്ങൾ വാട്സ്ആപ്പിലും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും വ്യാപകമായി പ്രചരിക്കുകയാണ്. ആസ്ത്മയും ശ്വാസം മുട്ടലും ഉള്ള സുഹൃത്തുക്കൾക്ക് ഈ മെസ്സേജ് ഷെയർ ചെയ്ത് സഹായിക്കുന്ന കൂട്ടുകാരെയും നമുക്ക് ഉണ്ടാകും, എന്നാൽ ഈ പ്രചാരണത്തിന്റെയാഥാർത്ഥ്യംഎന്താണെന്ന്നമുക്ക്നോക്കാം.
എന്താണ് പ്രചരിക്കുന്ന സന്ദേശം?
നാളെ പുലർച്ചെ 5:27 മുതൽ സൂര്യൻ ഭൂമിയിൽ നിന്ന് കൂടുതൽ അകന്നുപോകും, ഇത് വായു തണുക്കാൻ കാരണമാകുന്നു. ഈ പ്രതിഭാസത്തെ അഫെലിയോൺ എന്ന് വിളിക്കുന്നു. സാധാരണയായി, ഭൂമിയും സൂര്യനും തമ്മിലുള്ള ദൂരം 90,000,000 കിലോമീറ്ററാണ്. അഫെലിയോൺ സമയത്ത്, സൂര്യൻ 152,000,000 കിലോമീറ്റർ അകലെയാണ്. ഈ പ്രതിഭാസം ഈ വർഷം ഓഗസ്റ്റ് വരെ തുടരും. സാധാരണയായി, കാലാവസ്ഥ പതിവിലും തണുപ്പായിരിക്കും, ഇത് ജലദോഷം, ചുമ, ശ്വസിക്കാൻ ബുദ്ധിമുട്ട് തുടങ്ങിയ അസ്വസ്ഥതകൾക്ക് കാരണമാകും.
അതിനാൽ, ഈ സമയത്ത്, ധാരാളം വെള്ളം കുടിക്കുകയും പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുകയും ചെയ്യുക, നിങ്ങളുടെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും രോഗം തടയുന്നതിനും.
ഈ പോസ്റ്റ് എല്ലാവരുമായും പങ്കിടാൻ മറക്കരുത്.
സൂര്യൻ ഭൂമിയിൽ നിന്ന് അകന്നുപോകുന്ന അഫെലിയോൺ (Aphelion) പ്രതിഭാസം മൂലം തണുപ്പ് കൂടുമെന്നും, ജലദോഷം, ചുമ, ശ്വസന ബുദ്ധിമുട്ട് തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുമെന്നും സന്ദേശങ്ങൾ അവകാശപ്പെടുന്നു.
വസ്തുത എന്ത്?
ഭൂമിയും സൂര്യനും തമ്മിലുള്ള ദൂരം ഏറ്റവും കൂടുതലാകുന്ന ഘട്ടമാണ് അഫെലിയോൺ. ഇത് സാധാരണയായി ജൂലൈ മാസത്തിലാണ് സംഭവിക്കുന്നത്. അഫെലിയോൺ സമയത്ത് ഭൂമിയിൽ അസാധാരണമായ തണുപ്പോ ആരോഗ്യപ്രശ്നങ്ങളോ ഉണ്ടാകില്ലെന്ന് ശാസ്ത്രീയമായി വ്യക്തമാണ്.
വിദഗ്ധരുടെ വിശദീകരണം
കാലാവസ്ഥാ നിരീക്ഷണ കൂട്ടായ്മയായ Weatherman Kerala വ്യക്തമാക്കുന്നത്, അഫെലിയോൺ കാരണം ഭൂമിയിൽ വലിയ തണുപ്പോ ആരോഗ്യപ്രശ്നങ്ങളോ ഉണ്ടാകുമെന്ന് പറയുന്ന വാട്സ്ആപ്പ് സന്ദേശങ്ങൾ പൂർണമായും തെറ്റാണെന്നാണ്. എല്ലാ വർഷവും ഇതേ തരത്തിലുള്ള വ്യാജ പ്രചാരണങ്ങൾ ആവർത്തിക്കാറുണ്ടെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
കാലാവസ്ഥാ നിരീക്ഷകൻ രാജീവൻ എരിക്കുളം പറയുന്നത്, ഭൂമിയിലെ ചൂട്–തണുപ്പ് നിയന്ത്രിക്കുന്നത് അഫെലിയോൺ അല്ലെന്നും, അന്തരീക്ഷ വ്യതിയാനങ്ങളും കാലാവസ്ഥാ ഘടകങ്ങളുമാണെന്നും ആണ്.
ഇപ്പോഴത്തെ സാഹചര്യം
ഭൂമി സൂര്യനോട് ഏറ്റവും അടുത്തിരിക്കുന്ന ഘട്ടമായ പെരിഹെലിയോൺ (Perihelion) ജനുവരി 3–4 തീയതികളിൽ കഴിഞ്ഞു. ഇപ്പോൾ അനുഭവപ്പെടുന്ന തണുപ്പിന് അഫെലിയോൺ–പെരിഹെലിയോൺ പ്രതിഭാസങ്ങളുമായി യാതൊരു ബന്ധവും ഇല്ല.
ഭൂമിയും സൂര്യനും തമ്മിലുള്ള ദൂരം
ഭൂമി സൂര്യനെ ചുറ്റി സഞ്ചരിക്കുന്നത് ദീർഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലൂടെയാണ്. അതിനാൽ വർഷം മുഴുവൻ ഭൂമിയും സൂര്യനും തമ്മിലുള്ള ദൂരം മാറുന്നു. എന്നിരുന്നാലും, സൂര്യനിൽ നിന്ന് ഭൂമിയിലേക്കുള്ള ശരാശരി ദൂരം ഏകദേശം 150 ദശലക്ഷം കിലോമീറ്റർ ആണ്. ഇതിനെ ഒരു ജ്യോതിശാസ്ത്ര യൂണിറ്റ് (AU) എന്ന് ശാസ്ത്രജ്ഞർ വിളിക്കുന്നു.
Fact Check Verdict
വാർത്തയുടെ സത്യാവസ്ഥ : തെറ്റ് ❌
സൂര്യൻ ഭൂമിയിൽ നിന്ന് അകന്നുപോകുന്നതിന്റെ പേരിൽ കാലാവസ്ഥയിൽ വലിയ മാറ്റങ്ങളോ ആരോഗ്യപ്രശ്നങ്ങളോ ഉണ്ടാകുമെന്ന് പറയുന്ന പ്രചാരണം ഫേക്ക് ന്യൂസാണ് . മാത്രമല്ല, ഇത്തരം മെസ്സേജുകളിൽ "നാളെ" എന്നു പറയുമെങ്കിലും കൃത്യമായ ദിവസം നമുക്ക്കാണുവാൻ സാധിക്കില്ല, അതോടൊപ്പം "പോസ്റ്റ് എല്ലാവരുമായും ഷെയർ ചെയ്യണം" എന്ന എൻഡ് ലൈനും കൂടി ആകുമ്പോൾനമ്മളുടെ ഉള്ളിലെ നന്മ മരത്തിനെ ഉണർത്തി വ്യാജ വാർത്ത ഷെയർ ചെയ്യിപ്പിക്കയും ചെയ്യുന്നു.
🛑 Malayoram News മുന്നറിയിപ്പ്:
ശാസ്ത്രീയ അടിസ്ഥാനമില്ലാത്ത സോഷ്യൽ മീഡിയ സന്ദേശങ്ങൾ പങ്കുവയ്ക്കുന്നതിന് മുമ്പ് ഉറപ്പുള്ള ഉറവിടങ്ങളിൽ നിന്ന് വിവരങ്ങൾ പരിശോധിക്കുക.
വാര്ത്തകളെ വാര്ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.