ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ | 05 ജൂലൈ 2023 | #News_Headlines #Short_News

● സാഫ് കപ്പ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് കിരീടം. ഇത് ഒമ്പതാം തവണയാണ് ഇന്ത്യ സാഫ് കപ്പില്‍ മുത്തമിടുന്നത്. എതിരാളികളായ കുവൈത്തിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തിയാണ് ഇന്ത്യ കിരീടം ചൂടിയത്. നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും ഓരോ ഗോളടിച്ച് സമനില പാലിച്ചതോടെയാണ് കളി പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്.

● മഴയുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും വിവരങ്ങള്‍ കൃത്യമായി ലഭിക്കാന്‍ ഹെല്‍പ് ഡെസ്‌കുകള്‍ ആരംഭിക്കണമെന്ന് മന്ത്രി വി.ശിവന്‍കുട്ടി. സ്‌കൂളുകള്‍, എഇഒ, ഡിഇഒ, ഡിഡി, ഡിജിഇ ഓഫീസുകളില്‍ ആണ് ഹെല്‍പ് ഡെസ്‌ക്കുകള്‍ സ്ഥാപിക്കേണ്ടത്. ഹെല്‍പ് ഡെസ്‌ക്കുമായി ബന്ധപ്പെട്ട നമ്പറുകള്‍ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും പ്രാപ്യമായ രീതിയില്‍ പ്രദര്‍ശിപ്പിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.

● കനത്ത മ‍ഴയെ തുടര്‍ന്ന് എല്ലാ ജില്ലകളിലും കണ്‍ട്രോണ്‍ റൂമുകള്‍ തുറന്നെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ.രാജന്‍. 12 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് നിലനില്‍ക്കുകയാണെന്നും വളരേയേറെ ജാഗ്രത പുലര്‍ത്തണമെന്നും മന്ത്രി പറഞ്ഞു.

● സംസ്ഥാനത്ത് എഐ ക്യാമറ പ്രവര്‍ത്തനം ആരംഭിച്ചതു മുതല്‍ ഇതുവരെ 204 പേരുടെ ജീവന്‍ രക്ഷിക്കാന്‍ ക‍ഴിഞ്ഞെന്ന് മന്ത്രി ആന്‍റണി രാജു. 20,42,542 ഗതാഗത നിയമ ലംഘനങ്ങള്‍ കണ്ടെത്തിയെന്നും 81,78,000 രൂപ പി‍ഴയിനത്തില്‍ പിരിഞ്ഞു കിട്ടിയതായും അദ്ദേഹം അറിയിച്ചു.

● പ്രിയ വർഗ്ഗീസിന് നിയമന ഉത്തരവ് നൽകി കണ്ണൂർ സർവകലാശാല. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് നിയമന ഉത്തരവ് നൽകിയത്.15 ദിവസത്തിനകം ജോലിയിൽ പ്രവേശിക്കണമെന്ന് നിയമന ഉത്തരവിൽ പറയുന്നു.

● കേരളത്തിന്റെ ഐടി സ്വപ്‌നങ്ങൾക്ക്‌ ചിറകുനൽകി കൊച്ചി സ്‌മാർട്ട്‌ സിറ്റിയിൽ പുരോഗമിക്കുന്നത്‌ 1835 കോടി രൂപയുടെ പദ്ധതികൾ. ഇന്റഗ്രേറ്റഡ്‌ ടൗൺഷിപ്പോടെ 246 ഏക്കറിൽ സ്ഥിതി ചെയ്യുന്ന ‌സ്‌മാർട്ട്‌ സിറ്റിയിൽ 62.13 ലക്ഷം ചതുരശ്രയടി ഐടി സ്‌പേസാണ്‌ നിലവിലുള്ളത്‌. 53.8 ലക്ഷം ചതുരശ്രയടി ഐടി സ്‌പേസ്‌ കമ്പനികൾക്കായി പുതുതായി ഒരുങ്ങുന്നു. 564 കിലോവാട്ട്‌ വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന സോളാർ പാനലുകളും സ്‌മാർട്ട്‌ സിറ്റിയിലുണ്ട്‌.

● സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ ഇന്ന് തുടങ്ങും. മൂന്നേകാല്‍ ലക്ഷത്തിലധികം കുട്ടികളാണ് പ്രവേശനം നേടിയത്. വോക്കേഷണൽ ഹയർ സെക്കണ്ടറിയിൽ 22,145 പേർ പ്രവേശനം നേടിയിട്ടുണ്ട്. സപ്ലിമെന്‍ററി അലോട്ട്മെന്‍റ് ഒഴിവുകളിലുള്ള അപേക്ഷ ജൂലൈ 8 മുതൽ 12 വരെയാണ്. മഴക്കെടുതി മൂലം ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ച ജില്ലകളിൽ കുട്ടികള്‍ സ്‌കൂളുകളിൽ ഹാജരാകേണ്ടതില്ല.





Latest News
Malayalam News
Malayoram
Malayoram News
Flash News
Kerala News
News Kerala
Latest Malayalam News