ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ | 24 മെയ് 2023 | #News_Headlines

● കർണാടക നിയമസഭാ സ്പീക്കർ തെരഞ്ഞെടുപ്പ് ഇന്ന്. മുൻ മന്ത്രിയും അഞ്ച് തവണ നിയമസഭാംഗവുമായ യു ടി ഖാദർ കർണാടകയിലെ പതിനാറാം നിയമസഭയുടെ സ്പീക്കറാകാൻ ഇന്നലെ നാമനിർദേശ പത്രിക സമർപ്പിച്ചു.

● ഐപിഎല്ലിലെ ഒന്നാം ക്വാളിഫയറിൽ നിലവിലെ ചാമ്പ്യൻമാരായ ഗുജറാത്ത് ടൈറ്റൻസിനെ 15 റൺസി ന് പരാജയപ്പെടുത്തി ചെന്നൈ സൂപ്പർ കിംഗ്സ് ഫൈനലിൽ.

● സംസ്ഥാനത്ത് ജൂൺ 7 മുതൽ സ്വകാര്യ ബസുകൾ അനിശ്ചിതകാല സമരത്തിലേക്ക്. വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് വർധിപ്പിക്കണമെന്നാണ് പ്രധാന ആവശ്യം.

● സിവില്‍ സര്‍വീസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. ആദ്യ മൂന്ന് റാങ്കും പെണ്‍കുട്ടികള്‍ക്കാണ് ലഭിച്ചിരിക്കുന്നത്. ഇഷിത കിഷോറിനാണ് ഒന്നാം റാങ്ക്. ഗരിമ ലോഹിത, ഉമ ഹാരതി എന്‍ എന്നിവര്‍ക്കാണ് യഥാക്രമം രണ്ടും മൂന്നും റാങ്കുകള്‍. ആറാം റാങ്ക് മലയാളിയായ ഗഹാന നവ്യ ജെയിംസ് സ്വന്തമാക്കി.

● പുതിയ 97 സ്‌കൂള്‍ കെട്ടിടങ്ങള്‍ നാടിന് സമര്‍പ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂര്‍ ധര്‍മ്മടം ജിഎച്ച്എസ്എസ് മുഴപ്പിലങ്ങാട് വെച്ചാണ് സംസ്ഥാന തല ഉദ്ഘാടന ചടങ്ങ് നടന്നത്. 2016 ന് മുന്‍പുള്ള കേരളത്തില്‍ പൊതുവിദ്യാലയങ്ങള്‍ തകര്‍ച്ചയിലായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

● തിരുവനന്തപുരം തുമ്പ കിൻഫ്ര പാർക്കിലെ തീയണക്കാനുള്ള ശ്രമത്തിനിടെ മരണപ്പെട്ട ഫയർമാൻ രഞ്ജിത്തിന്റെ കണ്ണുകൾ ദാനം ചെയ്യും.

● കൊച്ചി–സേലം എൽപിജി പൈപ്പ്‌ലൈൻ പദ്ധതിയുടെ കേരളത്തിലെ പൈപ്പിടൽ പൂർത്തിയായി. ഐഒസി–ബിപിസിഎൽ സംയുക്ത പദ്ധതിയിൽ ആകെയുള്ള 420 കിലോമീറ്റർ പൈപ്പ്‌ലൈനിൽ 210 കിലോമീറ്റർ കേരളത്തിലൂടെയാണ്‌. ജൂണിൽ കമീഷനിങ്‌ നടത്തും.

● കേരളം ഇനി സമ്പൂർണ ഇ– ഗവേണൻസ്‌ സംസ്ഥാനം. പണമടയ്‌ക്കാനുള്ള സംവിധാനമുൾപ്പെടെ എണ്ണൂറിൽപ്പരം സർക്കാർ സേവനങ്ങൾ ഇ–സേവന ഏകജാലക സംവിധാനത്തിലേക്ക് മാറും. സംസ്ഥാന ഐടി മിഷനാണ്‌ ഇത്‌ സാധ്യമാക്കിയത്. സമ്പൂർണ ഇ–ഗവേണൻസ് കേരളം പ്രഖ്യാപനം വ്യാഴാഴ്‌ച തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

● രാജ്യത്ത് ആദ്യമായി ജലാശയങ്ങളുടെ ഡിജിറ്റൽ ഭൂപടം കേരളം തയ്യാറാക്കുന്നു. ഹൈഡ്രോഗ്രാഫിക് സർവേ വകുപ്പ്‌ ഡിജിറ്റൽ സർവകലാശാലയുടെ സഹായത്തോടെ തയ്യാറാക്കിയ വെബ്‌അധിഷ്‌ഠിത സോഫ്‌റ്റ്‌വെയർ ‘ജലനേത്ര’യിലൂടെയാണിത്‌. സംസ്ഥാനത്തെ 590 കിലോമീറ്റർ തീരം, 12 നോട്ടിക്കൽ മൈൽവരെയുള്ള ഉൾക്കടൽ, നദികൾ, കായൽ, പുഴകൾ, അണക്കെട്ടുകൾ, റിസർവോയർ, ഉൾനാടൻ ജലാശയങ്ങൾ, ചെറുഅരുവികൾ, കുളങ്ങൾ ഉൾപ്പെടെയുള്ളവയുടെ ഡിജിറ്റൽ ഭൂപടം സജ്ജമാക്കും.

● പത്തു കോടി പ്രകാശവർഷം അകലെയുള്ള സൂപ്പർനോവയുടെ ചിത്രം സാധാരണ കാമറയിൽ പകർത്തി വലിയമല എൽപിഎസ്‌സിയിലെ ശാസ്‌ത്രജ്ഞർ. പിൻവീൽ ഗാലക്സിയിൽ (എം101) അടുത്തിടെ കണ്ടെത്തിയ എസ്‌എൻ 2023 ഐഎക്‌സ്‌എഫ്‌ എന്ന ടൈപ്പ്‌ 2 സൂപ്പർനോവയുടെ ചിത്രമാണ്‌ ഇവർ പകർത്തിയത്‌.

● സൗദിയിലേക്കുള്ള തൊഴിൽ വിസ സ്റ്റാംപ് ചെയ്യാൻ വിരലടയാളം നിർബന്ധമാക്കി. തൊഴിൽ വിസ സ്റ്റാംപ് ചെയ്യാൻ വിഎഫ്എസ് കേന്ദ്രങ്ങളെ സമീപിക്കണമെന്ന് മുംബൈയിലെ സൗദി കോൺസുലേറ്റ് അറിയിച്ചു.

● വില്ലേജ് ഓഫിസുകൾ ജനസൗഹൃദമാക്കാനും മുഖംമിനുക്കാനും ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ ആരംഭിച്ച സ്മാർട്ട് വില്ലേജ് ഓഫിസ് പദ്ധതി പ്രകാരം സംസ്ഥാനത്തെ 324 ഓഫിസുകൾ സ്മാർട്ടായി. അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിന് പുറമെ സേവനങ്ങൾ വേഗത്തിലും സുതാര്യവും കടലാസ് രഹിതവുമാക്കി ഭരണനിർവഹണം കാര്യക്ഷമമാക്കാൻ ലക്ഷ്യമിട്ടാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.