കോഴിക്കോട് പ്ലസ് ടു വിദ്യാർത്ഥിയെ പെൺകുട്ടിയുടെ നേതൃത്വത്തിൽ പൂര്‍ണനഗ്നനാക്കി മർദ്ദിച്ചതായി പരാതി #Kozhikode


കോഴിക്കോട്: പെൺകുട്ടിയുടെ നേതൃത്വത്തിലുള്ള വിദ്യാർത്ഥിനികള്‍ ചേര്‍ന്ന് പ്ലസ് ടു വിദ്യാർത്ഥിയെ പൂര്‍ണ നഗ്നനാക്കി ക്രൂരമായി മർദിച്ചതായി പരാതി. ചേളന്നൂർ സ്വദേശിയായ പ്ലസ് ടു വിദ്യാർത്ഥിക്കാണ് ക്രൂര മർദനമേറ്റത്. അവശനായ കുട്ടിയെ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കക്കോടി ബദിരൂർ സ്വദേശിയായ പെൺകുട്ടി അടക്കം അഞ്ച് പേർക്കെതിരെ എലത്തൂർ പോലീസ് കേസെടുത്തു.

മർദ്ദനമേറ്റ കുട്ടിയുടെ രക്ഷിതാക്കൾ നൽകിയ പരാതിയിലാണ് കേസ്. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. മർദ്ദനമേറ്റ കുട്ടിയും പെൺകുട്ടിയുമായി സൗഹൃദത്തിലായിരുന്നു. പെൺകുട്ടി ആവശ്യപ്പെട്ടത് പ്രകാരമാണ് ബദിരൂരിലെ ആളൊഴിഞ്ഞ മലഞ്ചെരുവിലേക്ക് മർദ്ദനമേറ്റ കുട്ടി എത്തിയത്. ഡ്രൈവിംഗ് പഠിപ്പിക്കണമെന്ന് പറഞ്ഞാണ് വിദ്യാർത്ഥിയെ വിളിച്ചുവരുത്തിയത് എന്ന് പരാതിയിൽ പറയുന്നു.
 

എന്നാൽ ഈ സ്ഥലത്ത് പെൺകുട്ടിയോടൊപ്പം മറ്റു സ്‌കൂളിൽ നിന്നുള്ള നാല്‌കുട്ടികളും ഉണ്ടായിരുന്നെന്നും പെൺകുട്ടിയുടെ മുമ്പിൽ വച്ച് മറ്റ് വിദ്യാർത്ഥികൾ ചേർന്ന് ക്രൂരമായി മർദ്ദിച്ചെന്നാണ് പരാതിയിൽ പറയുന്നത്. പൂർണ നഗ്നനാക്കുകയും കയറു കൊണ്ട് കൈകൾ കൂട്ടിക്കെട്ടി ആക്രമിക്കുകയുമായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. സ്വകാര്യ ഭാഗങ്ങളിൽ മുറിവേൽപ്പിച്ചതായും സിഗരറ്റ് ലൈറ്റർ കൊണ്ട് ശരീരത്തില്‍ പൊള്ളിച്ചതായും പരാതിയില്‍ പറയുന്നു.


കുപ്പിച്ചില്ല് ഉപയോഗിച്ചും ശരീരത്തിൽ മുറിവേൽപ്പിച്ചിട്ടുണ്ട്. ഇരുമ്പുവടി കൊണ്ട് പല തവണ അടിച്ചതായും പരാതിയിൽ പറയുന്നു. മർദ്ദനമേറ്റ വിവരം വീട്ടുകാരോടോ പുറത്താരോടെങ്കിലുമോ പറഞ്ഞാൽ കൊന്നുകളയുമെന്ന് സംഘം ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. മർദ്ദനത്തിൻ്റെ ദൃശ്യങ്ങൾ സംഘം മൊബൈലിൽ പകര്‍ത്തിയിരുന്നു. അക്രമി സംഘത്തിലെ രണ്ട് പേരെ തിരിച്ചറിഞ്ഞതായും സംഭവം വിശദമായി അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു. 

 Complaint alleging that a Plus Two student in Kozhikode was stripped naked and beaten by a girl

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0