പി.എം. കെയേഴ്സ് ഫണ്ടിൽ പുതിയ വെളിപ്പെടുത്തൽ, ആകെ ലഭിച്ചത് 8000 കോടിയിലേറെ, ചെലവഴിച്ചത് 0.01% മാത്രം.. #PMCARESFund

Post Image
കോവിഡ് മഹാമാരിക്കാലത്ത് അടിയന്തര സാഹചര്യങ്ങളെ നേരിടാനായി കേന്ദ്രസർക്കാർ ആരംഭിച്ച പി.എം. കെയേഴ്സ് ഫണ്ടിൽനിന്നും നാമമാത്രമായ തുക മാത്രമാണ് ചെലവഴിച്ചതെന്ന് ഏറ്റവും പുതിയ ഓഡിറ്റ് റിപ്പോർട്ട് വ്യക്തമാക്കുന്നു. 8452.06 കോടി രൂപ ഫണ്ടിൽ നിലവിൽ ബാക്കിയുണ്ടായിട്ടും, ചെലവഴിച്ചത് വെറും 87 ലക്ഷം രൂപ മാത്രം. ഇത് മൊത്തം തുകയുടെ 0.01 ശതമാനം മാത്രമാണ്. 2024-25 സാമ്പത്തികവർഷത്തെ കണക്കുകൾ പ്രകാരം, 2025 മാർച്ച് 31-ലെ നീക്കിയിരിപ്പാണ് ഇത്.

ഓഗസ്റ്റ് ആദ്യവാരം പൂർത്തിയാക്കിയ 2023-24, 2024-25 സാമ്പത്തികവർഷങ്ങളിലെ ഓഡിറ്റ് റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരാത്ത പി.എം. കെയേഴ്സ് ഫണ്ടിന്റെ വാർഷിക കണക്കുകൾ 2022-23 സാമ്പത്തികവർഷത്തിനു ശേഷം പരസ്യപ്പെടുത്തിയിരുന്നില്ല. 2023-24 സാമ്പത്തികവർഷത്തിൽ 7173 കോടി രൂപയാണ് ഫണ്ടിൽ അവശേഷിച്ചിരുന്നത്. അക്കൊല്ലം 681 കോടി രൂപ തദ്ദേശീയമായും 1.13 കോടി രൂപ വിദേശത്തുനിന്നും സംഭാവനയായി ലഭിച്ചിരുന്നു.

എന്നാൽ, തുടർന്നുള്ള വർഷങ്ങളിൽ സംഭാവനകളിൽ കാര്യമായ കുറവ് രേഖപ്പെടുത്തി. 2024-25 സാമ്പത്തികവർഷത്തിൽ തദ്ദേശീയ സംഭാവനകൾ 30 ശതമാനം കുറഞ്ഞ് 479 കോടി രൂപയായി. വിദേശ സംഭാവനകളും 18 ശതമാനം കുറഞ്ഞ് 92.8 ലക്ഷം രൂപയിലെത്തി. കോവിഡ് രൂക്ഷമായിരുന്ന 2020-21 കാലത്ത് 7500 കോടിയിലേറെ രൂപ സംഭാവനയായി ലഭിച്ചിരുന്നുവെങ്കിലും, പിന്നീടുള്ള വർഷങ്ങളിൽ ഈ തുക ഗണ്യമായി കുറയുകയായിരുന്നു.

സംഭാവനകൾ കുറഞ്ഞിട്ടും ഫണ്ടിലെ നീക്കിയിരിപ്പ് 2024-25 സാമ്പത്തികവർഷത്തിൽ 8452 കോടി രൂപയായി വർധിച്ചത് പലിശയിനത്തിലും മറ്റ് വരുമാനങ്ങളിലുമാണ്. അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗിക്കാനായി രൂപീകരിച്ചിട്ടുള്ള ഫണ്ടിലെ ഭീമമായ തുക വിനിയോഗിക്കാതെ കിടക്കുന്നതിനെക്കുറിച്ച് വിവിധ കോണുകളിൽ നിന്ന് ചോദ്യങ്ങൾ ഉയർന്നിട്ടുണ്ട്.


Hashtags: #PMCARESFund #India #Government #FinancialNews #UnspentFunds #COVIDFund #PMModi #NewsUpdate #AuditReport
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0