കുവൈറ്റിലെ ലേബർ ക്യാമ്പിലുണ്ടായ തീപിടുത്തത്തൽ മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ ഇന്ന് നാട്ടിലെത്തിക്കും. വ്യോമസേനയുടെ സി130 ജെ വിമാനത്തിലാണ് മൃതദേഹങ്ങൾ എത്തിക്കുക. മുഖ്യമന്ത്രിയും മന്ത്രിമാരായ പി രാജീവും കെ രാജനും വിമാനത്താവളത്തിലെത്തും. 23 മലയാളികളുടെ മൃതദേഹങ്ങളാണ് കൊച്ചിയിലെത്തിക്കുന്നത്.
മൃതദേഹം ഏറ്റുവാങ്ങാൻ വിമാനത്താവളത്തിൽ എത്തുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി അറിയിച്ചു. വിമാനത്താവളത്തിലെത്തിക്കുന്ന മൃതദേഹങ്ങൾ പ്രത്യേക ആംബുലൻസുകളിൽ വീടുകളിലേക്ക് കൊണ്ടുപോകും. തമിഴ്‌നാട്, കർണാടക സ്വദേശികളുടെ മൃതദേഹങ്ങളും കൊച്ചിയിലെത്തിക്കും. ആംബുലൻസുകൾക്ക് അകമ്പടി നൽകാൻ പൊലീസിന് എഡിജിപി നിർദേശം നൽകിയിട്ടുണ്ട്.