റെയിൽവേ വികസനത്തിൽ കേരളത്തിന് കനത്ത പ്രഹരം! പാലക്കാട് ഡിവിഷൻ വെട്ടിമുറിച്ചു, മംഗളൂരു ഇനി മൈസൂരുവിന് #KeralaRailway

Post Image
റെയിൽവേ വികസനത്തിൽ കേരളത്തിന് കനത്ത തിരിച്ചടിയായി, ദക്ഷിണ റെയിൽവേയ്‌ക്ക്‌ കീഴിലെ പ്രധാന ഡിവിഷനായ പാലക്കാട് ഡിവിഷൻ വെട്ടിമുറിച്ചു. ഉള്ളാൾ മുതൽ മംഗളൂരു, പനമ്പൂർ ഉൾപ്പെടെയുള്ള പ്രധാന ഭാഗങ്ങൾ മൈസൂരു ഡിവിഷനിൽ ചേർത്ത് റെയിൽവേ ഉത്തരവിറക്കി. വരുന്ന ഒക്ടോബർ ഒന്നു മുതൽ ഈ തീരുമാനം പ്രാബല്യത്തിൽ വരും. സാമ്പത്തികമായും റെയിൽവേ വികസനത്തെയും ഇത് പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ.

കേരളത്തിന്റെ റെയിൽവേ വികസനത്തെ നിരന്തരം അവഗണിക്കുന്നതിന്റെ തുടർച്ചയായാണ് ഈ വെട്ടിച്ചുരുക്കൽ. കഞ്ചിക്കോട് കോച്ച് ഫാക്ടറി കേരളത്തിന് നിഷേധിച്ചതിനും പാലക്കാടിനെ വെട്ടിമുറിച്ച് സേലം ഡിവിഷൻ രൂപീകരിച്ചതിനും പിന്നാലെയാണ് ഈ പുതിയ പ്രഹരം. പാലക്കാട് ഡിവിഷന്റെ വലിയ വരുമാന സ്രോതസ്സാണ് മംഗളൂരു മേഖല. ഡിവിഷന്റെ ചരക്കുനീക്കത്തിൽ 90 ശതമാനവും മംഗളൂരുവിൽ നിന്നാണ്. പ്രതിദിനം 2.75 കോടിയോളം രൂപയുടെ വരുമാനമാണ് ഇതിലൂടെ ലഭിച്ചിരുന്നത്. ഇത് നഷ്ടപ്പെടുന്നതോടെ ഭാവിയിൽ പാലക്കാട് ഡിവിഷനെ പൂർണമായി തഴയാനും പുതിയ ട്രെയിനുകളും പാതകളും അനുവദിക്കുന്നതിൽ കുറവുണ്ടാകാനും സാധ്യതയുണ്ട്.

ടിക്കറ്റ് വരുമാനത്തിൽ മുന്നിലുള്ള (എ വൺ സ്റ്റാറ്റസ്‌) മംഗളൂരു സെൻട്രൽ, മംഗളൂരു ജങ്‌ഷൻ സ്റ്റേഷനുകൾ ഇനി ദക്ഷിണ–പശ്ചിമ റെയിൽവേ സോണിലെ മൈസൂർ ഡിവിഷന്റെ ഭാഗമാകും. ന്യൂ മംഗളൂരു പോർട്ട്, മംഗളൂരു കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസേഴ്‌സ്, ഉഡുപ്പി റിഫൈനറി തുടങ്ങിയ വൻകിട കമ്പനികളിലെ ചരക്കുനീക്കവും, അയിരുകൾ, രാസവളങ്ങൾ എന്നിവയുടെ കയറ്റിറക്കും നടക്കുന്ന പനമ്പൂർ ഗുഡ്സ് യാർഡും ഇതോടെ പാലക്കാട് ഡിവിഷന് നഷ്ടമാകും. ട്രെയിനുകളുടെ പ്രധാന പരിശോധനയും അറ്റകുറ്റപ്പണികളും നടത്തുന്ന കോച്ച് ഡിപ്പോയും മംഗളൂരുവിലാണ്. ഇതുകൂടാതെ, കൊങ്കൺ റെയിൽവേയുമായി പാലക്കാട് ഡിവിഷനുണ്ടായിരുന്ന ബന്ധവും ഇതോടെ മുറിയും.

എമർജൻസി ക്വാട്ട ടിക്കറ്റ് അടക്കം ലഭിക്കുന്നതിൽ കേരളത്തിലുള്ളവർക്ക് ഇനി മൈസൂർ ഡിവിഷനെ ആശ്രയിക്കേണ്ടി വരും. ഇത് ടിക്കറ്റ് ലഭ്യതയിൽ വലിയ കുറവിന് ഇടയാക്കും. മലബാർ മേഖലയിലെ റെയിൽവേ ലൈനുകളുടെയും സ്റ്റേഷനുകളുടെയും വികസനത്തെയും, ഈ മേഖലയിലെ റെയിൽവേയുമായി ബന്ധപ്പെട്ട വ്യവസായ വാണിജ്യ പ്രവർത്തനങ്ങളെയും പുതിയ തീരുമാനം ദോഷകരമായി ബാധിക്കും. മംഗളൂരു ഭാഗത്തുനിന്ന് കാസർകോട് ജില്ലയിലേക്കുള്ള പുതിയ ട്രെയിൻ സർവീസുകൾക്കും അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്കും ഇനി രണ്ട് സോണുകളുടെയും അനുമതി ആവശ്യമായി വരും, ഇത് നടപടികൾക്ക് കാലതാമസം വരുത്തും. കൊങ്കൺ റെയിൽവേയിലേക്കും സൗത്ത് വെസ്റ്റേൺ റെയിൽവേയിലേക്കുമുള്ള വണ്ടികളുടെ കൈമാറ്റ കേന്ദ്രങ്ങളായ തോക്കൂർ, പാഡിൽ എന്നിവയും മൈസൂർ ഡിവിഷന്റെ കീഴിലാകും.


Hashtags: #KeralaRailway #PalakkadDivision #Mangalore #MysoreDivision #IndianRailways #KeralaNews #RailwayDevelopment #SouthWesternRailway #SouthernRailway #RailwayPolitics
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0