ലോകമെമ്പാടുമുള്ള ഭക്ഷ്യസുരക്ഷാ വെല്ലുവിളികൾക്ക് വിശ്വസനീയമായ പരിഹാരവുമായി ഇസ്രയേലിൽ നിന്നുള്ള ഗവേഷകർ. രാസവളങ്ങളില്ലാതെ തന്നെ വിളവ് അഞ്ചിരട്ടി വരെ വർദ്ധിപ്പിക്കാനും ഉൽപ്പന്നങ്ങളുടെ രുചിയും ഗുണമേന്മയും കൂട്ടാനും കഴിയുന്ന ഒരു അദ്ഭുത വിദ്യയാണ് അവർ കണ്ടെത്തിയിരിക്കുന്നത്. ഹീബ്രു സർവകലാശാലയിലെ ഗവേഷകർ 'സ്യൂഡോസൈമ അഫിഡിസ്' എന്ന ഫംഗസ് പുറപ്പെടുവിക്കുന്ന ഒരു പ്രത്യേക ദ്രവമിശ്രിതം ഉപയോഗിച്ചാണ് ഈ നേട്ടം കൈവരിച്ചത്. ഇത് കാർഷിക രംഗത്ത് ഒരു പുതിയ വിപ്ലവത്തിന് വഴിയൊരുക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
കൃഷിയിടങ്ങളിൽ രാസവളങ്ങളുടെയും കീടനാശിനികളുടെയും അമിത ഉപയോഗം പരിസ്ഥിതിക്കും മനുഷ്യന്റെ ആരോഗ്യത്തിനും ഒരുപോലെ ദോഷകരമാകുമ്പോൾ, മണ്ണിലെ സ്വാഭാവിക ഘടകങ്ങൾ ഉപയോഗിച്ചുള്ള ഈ കണ്ടെത്തൽ ഏറെ പ്രസക്തമാകുന്നു. ജീവനുള്ള ഫംഗസുകളെ നേരിട്ട് ഉപയോഗിക്കുന്നതിന് പകരം, അവ പുറപ്പെടുവിക്കുന്ന ദ്രവമിശ്രിതം ഉപയോഗിച്ചുള്ള ഈ വിദ്യ കാലാവസ്ഥാ മാറ്റങ്ങളെ അതിജീവിച്ച് സ്ഥിരമായ ഫലം നൽകുമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.
ചോളം, തണ്ണിമത്തൻ, തക്കാളി എന്നീ പ്രധാന വിളകളിൽ നടത്തിയ പരീക്ഷണങ്ങളിൽ അദ്ഭുതകരമായ ഫലങ്ങളാണ് ലഭിച്ചത്:
വേഗത്തിലുള്ള മുളയ്ക്കൽ: തക്കാളി വിത്തുകളിൽ മുളയ്ക്കൽ നിരക്ക് 18 ശതമാനവും ചോളം, തണ്ണിമത്തൻ എന്നിവയിൽ 7 ശതമാനവും വർദ്ധിച്ചു.
നേരത്തെയുള്ള വിളവെടുപ്പ്: സാധാരണ ചെടികളെ അപേക്ഷിച്ച് ഒന്നോ രണ്ടോ ആഴ്ചകൾ മുൻപേ പൂവിടുകയും വിളവെടുപ്പിന് പാകമാകുകയും ചെയ്തു. ഇത് കർഷകർക്ക് സമയവും പണവും ലാഭിക്കാൻ സഹായിക്കും.
വമ്പിച്ച വിളവ് വർദ്ധനവ്: തക്കാളിയിൽ 60 ശതമാനം വരെയും, തണ്ണിമത്തന്റെ കാര്യത്തിൽ അഞ്ചിരട്ടിയോളവും (500%) വിളവ് വർദ്ധിച്ചു എന്നത് കാർഷിക ലോകത്തെ അക്ഷരാർത്ഥത്തിൽ അമ്പരപ്പിക്കുന്ന ഒന്നാണ്.
വിളവ് കൂടുമ്പോൾ ഉൽപ്പന്നങ്ങളുടെ ഗുണനിലവാരവും രുചിയും കുറയുന്ന പതിവ് രീതിയെ ഈ കണ്ടെത്തൽ തിരുത്തിയെഴുതുന്നു. ഫംഗസ് സത്ത് ഉപയോഗിച്ച തക്കാളികൾക്ക് കൂടുതൽ ഉറപ്പും മധുരവും സുഗന്ധവും വർദ്ധിച്ചതായി രുചി പരിശോധനയിൽ തെളിഞ്ഞു. പ്രകൃതിദത്തമായ ഈ മിശ്രിതം കാർഷിക ഉൽപന്നങ്ങളുടെ അളവും ഗുണമേന്മയും ഒരുപോലെ വർദ്ധിപ്പിക്കുന്നുവെന്ന് പ്രൊഫസർ മാഗി ലേവി അഭിപ്രായപ്പെട്ടു.
ഈ ഫംഗസ് ചെടിയുടെ വളർച്ചയെ എങ്ങനെ സ്വാധീനിക്കുന്നു എന്നും ഗവേഷകർ വിശദീകരിക്കുന്നുണ്ട്. ചെടികളുടെ വളർച്ചയെ ത്വരിതപ്പെടുത്തുന്ന ഓക്സിനുകൾക്ക് സമാനമായ ഘടകങ്ങളും, മണ്ണിലെ ഇരുമ്പ് സത്തിനെ ആഗിരണം ചെയ്യാൻ സഹായിക്കുന്ന സിഡറോഫോറുകളും ഈ ഫംഗസ് സ്രവത്തിൽ അടങ്ങിയിരിക്കുന്നു. ഇത് ചെടിയുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ആരോഗ്യകരമായ വളർച്ച ഉറപ്പാക്കുകയും ചെയ്യുന്നു.
പരിസ്ഥിതിക്ക് യാതൊരു ദോഷവുമില്ലാത്ത ഈ ജൈവ മിശ്രിതം, രാസവളങ്ങളുടെ ഉപയോഗം കുറച്ച് ഹരിതഗൃഹ വാതക പുറന്തള്ളൽ നിയന്ത്രിക്കാൻ സഹായിക്കും. സുസ്ഥിരമായ കാർഷിക രീതികളിലൂടെ ലോകത്തെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ ഈ കണ്ടെത്തൽ വലിയ പങ്കുവഹിക്കുമെന്നും, 'ഗ്രീൻ അഗ്രികൾച്ചർ' എന്ന ലക്ഷ്യത്തിലേക്ക് ലോകത്തെ നയിക്കുമെന്നും ഗവേഷകർ പ്രത്യാശിക്കുന്നു.
#കാർഷികവിപ്ലവം #ഇസ്രയേൽകൃഷി #പരിസ്ഥിതിസൗഹൃദകൃഷി #ഭക്ഷ്യസുരക്ഷ
പുതിയ കാർഷിക വിപ്ലവത്തിന് തിരികൊളുത്തി ഇസ്രയേൽ: 'ഫംഗസ് മാജിക്ക്'' വിളവ് അഞ്ചിരട്ടിയാക്കുന്നു, ഗുണമേന്മ വർദ്ധിപ്പിക്കുന്നു. | #Israyel_Agriculture
ഇസ്രയേലിലെ വാഹനാപകടത്തില്‍ മലയാളി നഴ്‌സിന് ദാരുണാന്ത്യം #malayali_nurse
ഇസ്രയേലില്‍ ഉണ്ടായ വാഹനാപകടത്തില്‍ മലയാളി നഴ്‌സ് മരിച്ചു. കോട്ടയം രാമപുരം ചക്കാപ്പുഴ സ്വദേശി മഞ്ഞപ്പള്ളിയില്‍ രൂപ രാജേഷാണ് മരിച്ചത്. രോഗിയുമായി കാറില്‍ സഞ്ചരിക്കുമ്പോള്‍ ഇസ്രയേലിലെ അഷ്‌കലോണില്‍ വെച്ച് മറ്റൊരു വാഹനം വന്നിടിക്കുകയായിരുന്നു.
അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ രൂപയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം നാട്ടില്‍ കൊണ്ടുവരാനുള്ള നടപടികള്‍ ആരംഭിച്ചു.
ഗസ്സയിൽ വെടിനിർത്തൽ; 15 മാസം നീണ്ടു നിന്ന യുദ്ധത്തിന് അന്ത്യം #gazawar
ഗാസയിൽ വെടിനിർത്തൽ കരാർ നിലവിൽ വന്നു. ഇസ്രായേലും ഹമാസും കരാർ അംഗീകരിച്ചു. അമേരിക്ക, ഖത്തർ, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ നേതൃത്വത്തിലായിരുന്നു ചർച്ചകൾ. ഞായറാഴ്ച മുതൽ കരാർ പ്രാബല്യത്തിൽ വരും. 15 മാസം നീണ്ടുനിന്ന യുദ്ധത്തിന് ഇത് അറുതി വരുത്തുമെന്ന് പ്രതീക്ഷിക്കുന്നു.
അമേരിക്കയുടെ നേതൃത്വത്തിൽ ഖത്തറും ഈജിപ്തും മധ്യസ്ഥത വഹിച്ച് ദോഹയിൽ മാസങ്ങൾ നീണ്ട ചർച്ചകൾ വിജയിച്ചു. യുഎസ് പ്രസിഡന്‍റ ജോ ബൈഡനാണ് കരാർ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. കരാർ ഞായറാഴ്ച പ്രാബല്യത്തിൽ വരുമെന്ന് ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ അൽ-താനി പറഞ്ഞു.
ഡൊണാൾഡ് ട്രംപ് പ്രസിഡന്‍റയി ചുമതലയേറ്റ 20-ാം തീയതിക്ക് മുമ്പ് വെടിനിർത്തൽ പ്രഖ്യാപിക്കാൻ അമേരിക്ക അദ്ദേഹത്തിൽ സമ്മർദ്ദം ചെലുത്തിയിരുന്നു. തന്‍റെയും ട്രംപിന്‍റെ യും ടീമുകളുടെ സംയുക്ത ശ്രമങ്ങളാണ് വെടിനിർത്തലിലേക്ക് നയിച്ചതെന്ന് ജോ ബൈഡൻ പറഞ്ഞു. ഗാസയിലെ ജനങ്ങളുടെ ധൈര്യത്തിന്റെ വിജയമാണിതെന്ന് ഹമാസ് ഇതിനെ വിശേഷിപ്പിച്ചു. ഗാസയിലുടനീളമുള്ള ആളുകൾ വെടിനിർത്തൽ പ്രഖ്യാപനം ആഘോഷിച്ചു.
42 ദിവസം നീണ്ടുനിൽക്കുന്ന ആദ്യ ഘട്ടത്തിന്റെ തുടക്കത്തിൽ, 100 ഹമാസ് ബന്ദികളിൽ 33 പേരെ മോചിപ്പിക്കും. പകരമായി, ഇസ്രായേലി ജയിലുകളിൽ കഴിയുന്ന നൂറിലധികം ഫലസ്തീനികളെ വിട്ടയക്കും. ഗാസയിലെ ജനവാസ മേഖലകളിൽ നിന്ന് ഇസ്രായേലി സൈന്യം പിൻവാങ്ങും. ആദ്യ ഘട്ടം അവസാനിക്കുന്നതിന് മുമ്പുതന്നെ രണ്ടാം ഘട്ടത്തിനായുള്ള ചർച്ചകൾ ആരംഭിക്കും.
ഇറാനില്‍ ഇസ്രായേൽ വ്യോമാക്രമണം;ഇറാന്റെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് ആക്രമണം നടക്കുന്നത്... #Iran
ഇസ്രായേൽ ഇറാനെ ആക്രമിക്കാൻ തുടങ്ങി. ഇറാൻ്റെ സൈനിക കേന്ദ്രങ്ങൾക്ക് നേരെയാണ് ആക്രമണം. ഇറാൻ്റെ തലസ്ഥാനമായ ടെഹ്‌റാനിലാണ് ഇസ്രായേൽ സ്‌ഫോടനം നടത്തിയത്. ടെഹ്‌റാൻ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപവും സ്‌ഫോടനമുണ്ടായി. ആക്രമണം നടത്തിയത് ഇസ്രായേലാണെന്ന് ടെഹ്‌റാനും സ്ഥിരീകരിച്ചിട്ടുണ്ട്. ഇറാൻ്റെ തുടർച്ചയായ ആക്രമണങ്ങൾക്ക് തങ്ങൾ തിരിച്ചടിക്കുകയാണെന്ന് ഇസ്രായേൽ പ്രതികരിച്ചു. തിരിച്ചടിക്കാൻ തങ്ങൾക്ക് അവകാശമുണ്ടെന്നും ഇറാൻ്റെ പ്രതികരണം എന്ത് തന്നെയായാലും നേരിടാൻ തയ്യാറാണെന്നും ഇസ്രായേൽ പ്രതിരോധ സേന അറിയിച്ചു. അതേസമയം തങ്ങളുടെ ആണവ കേന്ദ്രങ്ങൾ സുരക്ഷിതമാണെന്ന് ഇറാൻ അറിയിച്ചു. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ പരിഹരിക്കുന്നതിനുള്ള നയതന്ത്ര ചർച്ചകൾക്കായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആൻ്റണി ബ്ലിങ്കെൻ മിഡിൽ ഈസ്റ്റ് സന്ദർശിച്ചതിന് പിന്നാലെയാണ് ഇസ്രായേൽ ആക്രമണം. ഇറാൻ്റെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് ഇസ്രായേൽ ആക്രമണം നടത്തിയതെന്ന് യുഎസ് ദേശീയ സുരക്ഷാ കൗൺസിൽ വക്താവ് സീൻ സെവാട്ട് സ്ഥിരീകരിച്ചു. സംഭവത്തെക്കുറിച്ച് വൈറ്റ് ഹൗസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഇസ്രായേല്‍ ആക്രമണങ്ങളില്‍ കൊല്ലപെട്ടത് 36,050 പേര്‍ ; കൊല്ലപെട്ടവരില്‍ കൂടുതലും സ്ത്രീകളും കുട്ടികളും..... International_News
തെക്കൻ ഗാസയിൽ റഫ നഗരത്തിലെ അഭയാർഥിക്കൂടാരത്തിൽ ഇസ്രയേൽ സൈന്യം നടത്തിയ ബോംബാക്രമണത്തിലും തുടർന്നുണ്ടായ വൻ തീപിടിത്തത്തിലും കൊല്ലപ്പെട്ട പലസ്തീൻകാർ 45 ആയി. ഇതിലേറെയും സ്ത്രീകളും കുട്ടികളുമാണ്. 249 പേർക്കു ഗുരുതരമായി പൊള്ളലേറ്റു. ഇസ്രയേൽ അതിക്രമത്തിനെതിരെ ലോകമെങ്ങും പ്രതിഷേധം ഉയരവേ, റഫയിലേതു ദാരുണമായ പിഴവാണെന്നും അന്വേഷണം നടത്തുമെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പറഞ്ഞു. ആക്രമണം നിർത്തണമെന്ന യുഎൻ ലോകകോടതിയുടെ ഉത്തരവ് ഇസ്രയേൽ മാനിക്കണമെന്ന് യൂറോപ്യൻ യൂണിയൻ വിദേശനയ മേധാവി ജോസഫ് ബോറൽ ആവശ്യപ്പെട്ടു.
തിരിച്ചടിച്ച് ഇസ്രയേല്‍; ഇറാനിലെ ആണവകേന്ദ്രങ്ങള്‍ സ്ഥിതി ചെയ്യുന്ന ഇസ്ഫഹാന്‍ ആക്രമിച്ചു ... #InternationalNews
ഇറാൻ്റെ സൈനിക കേന്ദ്രത്തിൽ സ്ഥിതി ചെയ്യുന്ന ഇസ്ഫഹാനെയാണ് ഇസ്രായേൽ ആക്രമിച്ചത്.
വിമാനത്താവളത്തിന് സമീപം സ്ഫോടന ശബ്ദം കേട്ടതായി ഇറാൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. ഇസ്ഫഹാൻ, ടെഹ്‌റാൻ, ഷിറാസ് മേഖലകളിൽ വ്യോമഗതാഗതം നിർത്തിവച്ചിരിക്കുകയാണ്. ടെഹ്‌റാനിലെ ഇമാം ഖമേനി അന്താരാഷ്ട്ര വിമാനത്താവളം അർധരാത്രി വരെ അടച്ചിട്ടു. എമിറേറ്റ്‌സ്, ഫ്ലൈ ദുബായ് വിമാനങ്ങൾ വഴിതിരിച്ചുവിട്ടു.
തിരിച്ചടിക്ക് ശേഷം ഇറാൻ തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനം ശക്തിപ്പെടുത്തി. ആക്രമണത്തോട് ഇറാൻ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഇസ്രായേൽ ആക്രമണം റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ഇറാൻ പല പ്രവിശ്യകളിലും വ്യോമ പ്രതിരോധ സംവിധാനങ്ങൾ പ്രയോഗക്ഷമമാക്കി. രാജ്യത്തെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐആർഎൻഎയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. സിറിയയിലും ഇറാഖിലും ആക്രമണം നടന്നതായി റിപ്പോർട്ടുകളുണ്ട്.
അതേസമയം, യുഎൻ രക്ഷാസമിതിയിൽ പലസ്തീന് അംഗത്വം നൽകാനുള്ള പ്രമേയം അമേരിക്ക വീറ്റോ ചെയ്തു. അമേരിക്കയുടെ നീക്കം ന്യായരഹിതമാണെന്ന് ഫലസ്തീൻ പ്രസിഡൻ്റ് മഹ്മൂദ് അബ്ബാസ് പ്രതികരിച്ചു. ലജ്ജാകരമായ നിർദേശം നിരസിക്കപ്പെട്ടെന്ന് ഇസ്രയേൽ വിദേശകാര്യ മന്ത്രി പറഞ്ഞു.12 രാജ്യങ്ങൾ പ്രമേയത്തെ അനുകൂലിച്ചപ്പോൾ രണ്ട് അംഗങ്ങൾ പ്രമേയത്തിൽ നിന്ന് വിട്ടുനിന്നു.





വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.