Gaza എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Gaza എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ഗാസയിൽ നിന്ന് പത്ത് ലക്ഷം പലസ്തീനികളെ ലിബിയയിലേക്ക് മാറ്റാൻ യുഎസ് പദ്ധതിയിടുന്നതായി റിപ്പോർട്ടുകൾ...#gaza

 


വാഷിങ്ടണ്‍: യുദ്ധക്കെടുതിയില്‍ വലയുന്ന ഗാസയില്‍നിന്ന് പത്തുലക്ഷം പലസ്തീന്‍കാരെ ലിബിയയിലേക്ക് മാറ്റിപ്പാര്‍പ്പിക്കാന്‍ അമേരിക്ക (യുഎസ്) പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. സ്ഥിരമായുള്ള കുടിയൊഴിപ്പിക്കലാണ് ലക്ഷ്യമെന്നാണ് റിപ്പോര്‍ട്ട്. ഗാസയെ ഏറ്റെടുക്കാനുള്ള നിര്‍ദേശം പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നോട്ടുവെച്ച് മാസങ്ങള്‍ പിന്നിടുമ്പോഴാണ് യുഎസിന്റെ ഭാഗത്തുനിന്ന് പുതിയ നീക്കം. ഗാസയെ പൂർണമായി ഏറ്റെടുക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് ആളുകളെ കുടിയൊഴിപ്പിക്കാനുള്ള പദ്ധതിയെന്നാണ് റിപ്പോർട്ടുകള്‍

ട്രംപ് ഭരണകൂടം വിഷയം ഗൗരവമായി പരിഗണിക്കുകയാണെന്നും ലിബിയന്‍ ഭരണകൂടവുമായി ഇതുസംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തിവരുന്നതായും വിഷയവുമായി ബന്ധമുള്ള വ്യക്തികളെ ഉദ്ധരിച്ച് എന്‍ബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഗാസയില്‍ നിന്നെത്തുന്നവരെ പുനരധിവസിപ്പിക്കുന്നതിനു പകരമായി പതിറ്റാണ്ട് മുന്‍പ് മരവിപ്പിച്ച കോടിക്കണക്കിന് ഡോളര്‍ വരുന്ന ഫണ്ട് യുഎസ് ലിബിയയ്ക്ക് വിട്ടുനല്‍കുമെന്നാണ് റിപ്പോർട്ട്. 2011 ല്‍ നാറ്റോ പിന്തുണയോടെ ലിബിയയില്‍ നടന്ന ആഭ്യന്തരയുദ്ധത്തെ തുടര്‍ന്നാണ് ലിബിയയ്ക്കുള്ള ഫണ്ട് യുഎസ് മരവിപ്പിച്ചത്. ആഭ്യന്തരയുദ്ധത്തില്‍ പ്രക്ഷോഭകാരികള്‍ ലിബിയന്‍ ഏകാധിപതി മുഅമ്മര്‍ ഗദ്ദാഫിയെ വധിച്ചിരുന്നു.

പലസ്തീന്‍കാരെ ലിബിയയിലേക്ക് മാറ്റുന്നകാര്യത്തില്‍ അന്തിമതീരുമാനം ഇതുവരെ ഉണ്ടായിട്ടില്ലെന്നാണ് വിവരം. എന്നാല്‍ വിഷയവുമായി ബന്ധപ്പെട്ട് വരുന്ന വാര്‍ത്തകളില്‍ വാസ്തവമില്ലെന്ന് യുഎസ് ഉന്നത ഉദ്യോഗസ്ഥന്‍ എന്‍ബിസി ന്യൂസിനോട് പ്രതികരിച്ചു. ഇതുസംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നും സംഭാഷണം നടത്തുന്നതില്‍ അര്‍ഥമില്ലെന്നുമാണ് അദ്ദേഹത്തിന്റെ പ്രതികരണം. പലസ്തീന്‍കാരെ ലിബിയയിലേക്ക് മാറ്റുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകളെ കുറിച്ച് തങ്ങള്‍ക്ക് വിവരമൊന്നും ലഭിച്ചിട്ടില്ലെന്നാണ് ഹമാസിന്റെ ഉന്നത ഉദ്യോഗസ്ഥനായ ബാസെം നയിം പ്രതികരിച്ചത്.

പലസ്തീന്‍കാര്‍ക്ക് അവുടെ മാതൃരാജ്യം ഏറെ പ്രിയപ്പെട്ടതാണെന്നും രാജ്യത്തിനും കുടുംബത്തിനും കുട്ടികളുടെ ഭാവിയ്ക്കുമായി ജീവന്‍ പോലും ത്യജിക്കാന്‍ പോലും തയ്യാറാണെന്നും ബാസെം നയിം കൂട്ടിച്ചേര്‍ത്തു. ഗാസയും ഗാസയിലെ ജനതയും ഉള്‍പ്പെടെയുള്ള പലസ്തീന്‍കാരെ കുറിച്ചുള്ള തീരുമാനമെടുക്കാനുള്ള ഏക അവകാശം പലസ്തീന്‍കാര്‍ക്കാണെന്നും അദ്ദേഹം പറഞ്ഞു.

ജനുവരിയില്‍ അധികാരമേറ്റതിനു പിന്നാലെ ലിബിയ ഉള്‍പ്പെടെയുള്ള മൂന്നാം ലോകരാഷ്ട്രങ്ങളിലേക്ക് കുടിയേറ്റക്കാരെ അയയ്ക്കാനുള്ള പദ്ധതി ട്രംപ് മുന്നോട്ടുവെച്ചതായി മേയ് മാസത്തില്‍ ഒരു യുഎസ് മാധ്യമ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു. എന്നാല്‍ തങ്ങളുടെ അറിവോ സമ്മതമോ കൂടാതെ കുടിയേറ്റക്കാരെ തങ്ങളുടെ രാജ്യത്തേക്ക് കൊണ്ടുവരാന്‍ അനുവദിക്കില്ലെന്നായിരുന്നു ലിബിയന്‍ ഭരണകൂടത്തിന്റെ പ്രതികരണം.


വിശപ്പിന്റെ അതിരു കടന്നപ്പോൾ കടലാമയും ആഹാരമായി: ഗാസ്സയിൽ മാനവിക തകർച്ച.#gaza

 


 കുട്ടികൾക്ക് ആമകളെ പേടിയായിരുന്നു... അവയുടെ മാംസം രുചികരമാണെന്ന് ഞങ്ങൾ അവരോട് പറഞ്ഞു - ഗാസയിൽ നിന്നുള്ള മാജിദ ഖാനന്റെ വാക്കുകളാണിത്. മാജിദ ഖാനാനും കുടുംബവും മാത്രമല്ല, ഗാസയിലെ മിക്ക ആളുകളും വിശപ്പ് കാരണം ആമയുടെ മാംസം കഴിക്കുന്നു. എട്ട് ആഴ്ചയായി തുടരുന്ന കടുത്ത ഉപരോധവും മത്സ്യത്തൊഴിലാളികൾക്ക് നേരെ വെടിയുതിർക്കുന്ന ഇസ്രായേൽ സൈന്യത്തിന്റെ ഭീകരതയും കാരണം ഗാസയിലെ ജനങ്ങൾ അതിജീവിക്കാൻ ആമയുടെ മാംസം കഴിക്കാൻ നിർബന്ധിതരാകുന്നു.

ഇസ്രായേൽ പട്ടാളക്കാർ എല്ലാ ദിവസവും മത്സ്യബന്ധനത്തിന് പോകുന്നവരെ വെടിവയ്ക്കുന്നു. അവരുടെ ഏക ഭക്ഷണ സ്രോതസ്സ് തടഞ്ഞതിനുശേഷം ഗാസയിലെ ജനങ്ങൾ ഭക്ഷണത്തിനായി കരയിലിറങ്ങുന്ന ആമകളെ ഉപയോഗിക്കാൻ തുടങ്ങിയിട്ടുണ്ടെന്ന് 'അൽ ജസീറ' റിപ്പോർട്ട് ചെയ്യുന്നു. കടലാമയെ കഴിക്കേണ്ടിവരുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല, മറ്റ് മാർഗമില്ലാത്തതിനാൽ ആമകളെ മാത്രമേ കഴിക്കുന്നുള്ളൂവെന്ന് മത്സ്യത്തൊഴിലാളിയായ അബ്ദുൾ ഹലീം പറയുന്നു.

ഗാസയിലെ ഫലസ്തീനികൾക്കായുള്ള യുഎൻ അഭയാർത്ഥി ഏജൻസിയുടെ പ്രവർത്തനം തടയാൻ ഇസ്രായേലിന് അവകാശമുണ്ടെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ നിയമ ഉപദേഷ്ടാവായ ജോഷ്വ സിമ്മൺസ് ലോക കോടതിയെ അറിയിച്ചു. ഏജൻസി അടച്ചുപൂട്ടൽ ഗാസയിൽ പട്ടിണി വർദ്ധിപ്പിച്ചു. യുദ്ധസമയത്ത്, പോഷകാഹാരക്കുറവ് മൂലം ഗാസയിൽ 52 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. അവരിൽ അമ്പത് പേർ കുട്ടികളായിരുന്നു.

ഗസ്സയിൽ വെടിനിർത്തൽ; 15 മാസം നീണ്ടു നിന്ന യുദ്ധത്തിന് അന്ത്യം #gazawar

 

 


 

ഗാസയിൽ വെടിനിർത്തൽ കരാർ നിലവിൽ വന്നു. ഇസ്രായേലും ഹമാസും കരാർ അംഗീകരിച്ചു. അമേരിക്ക, ഖത്തർ, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ നേതൃത്വത്തിലായിരുന്നു ചർച്ചകൾ. ഞായറാഴ്ച മുതൽ കരാർ പ്രാബല്യത്തിൽ വരും. 15 മാസം നീണ്ടുനിന്ന യുദ്ധത്തിന് ഇത് അറുതി വരുത്തുമെന്ന് പ്രതീക്ഷിക്കുന്നു.

അമേരിക്കയുടെ നേതൃത്വത്തിൽ ഖത്തറും ഈജിപ്തും മധ്യസ്ഥത വഹിച്ച് ദോഹയിൽ മാസങ്ങൾ നീണ്ട ചർച്ചകൾ വിജയിച്ചു. യുഎസ് പ്രസിഡന്‍റ ജോ ബൈഡനാണ് കരാർ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. കരാർ ഞായറാഴ്ച പ്രാബല്യത്തിൽ വരുമെന്ന് ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ അൽ-താനി പറഞ്ഞു.

ഡൊണാൾഡ് ട്രംപ് പ്രസിഡന്‍റയി ചുമതലയേറ്റ 20-ാം തീയതിക്ക് മുമ്പ് വെടിനിർത്തൽ പ്രഖ്യാപിക്കാൻ അമേരിക്ക അദ്ദേഹത്തിൽ സമ്മർദ്ദം ചെലുത്തിയിരുന്നു. തന്‍റെയും ട്രംപിന്‍റെ യും ടീമുകളുടെ സംയുക്ത ശ്രമങ്ങളാണ് വെടിനിർത്തലിലേക്ക് നയിച്ചതെന്ന് ജോ ബൈഡൻ പറഞ്ഞു. ഗാസയിലെ ജനങ്ങളുടെ ധൈര്യത്തിന്റെ വിജയമാണിതെന്ന് ഹമാസ് ഇതിനെ വിശേഷിപ്പിച്ചു. ഗാസയിലുടനീളമുള്ള ആളുകൾ വെടിനിർത്തൽ പ്രഖ്യാപനം ആഘോഷിച്ചു.

42 ദിവസം നീണ്ടുനിൽക്കുന്ന ആദ്യ ഘട്ടത്തിന്റെ തുടക്കത്തിൽ, 100 ഹമാസ് ബന്ദികളിൽ 33 പേരെ മോചിപ്പിക്കും. പകരമായി, ഇസ്രായേലി ജയിലുകളിൽ കഴിയുന്ന നൂറിലധികം ഫലസ്തീനികളെ വിട്ടയക്കും. ഗാസയിലെ ജനവാസ മേഖലകളിൽ നിന്ന് ഇസ്രായേലി സൈന്യം പിൻവാങ്ങും. ആദ്യ ഘട്ടം അവസാനിക്കുന്നതിന് മുമ്പുതന്നെ രണ്ടാം ഘട്ടത്തിനായുള്ള ചർച്ചകൾ ആരംഭിക്കും.

ഗസ്സയിൽ അഭയാർത്ഥി ക്യാമ്പായി പ്രവർത്തിച്ച സ്കൂളിന് നേരെ ബോംബാക്രമണം, കുട്ടികൾ ഉൾപ്പെടെ നൂറിലധികം പേർ കൊല്ലപ്പെട്ടു... #Israel

 


ഗസ്സയിൽ അഭയാർത്ഥി ക്യാമ്പായി പ്രവർത്തിച്ച സ്കൂളിന് നേരെ ഇസ്രായേലിന്റെ വ്യോമാക്രമണം. അഭയാര്‍ഥികള്‍ താമസിക്കുന്ന ഗസ്സയിലെ സ്കൂളിന് നേരെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ നൂറിലധികം പലസ്തീനികള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തുവെന്ന് ഔദ്യോഗിക പലസ്തീൻ വാർത്താ ഏജൻസി അറിയിച്ചു.

സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറിലധികം പേർ കൊല്ലപ്പെട്ടു. ആക്രമണം അൽ സഹാബ മേഖലയിലെ അൽ തബയിൻ സ്കൂളിന് നേരെയാണ്. സ്കൂൾ ഹമാസിന്റെ ആസ്ഥാനമായി പ്രവർത്തിക്കുകയായിരുന്നുവെന്ന് ഇസ്രായേൽ സൈന്യം വ്യക്തമാക്കി. ഹമാസ് കമാൻഡ് സെൻ്ററിൽ ആക്രമണം നടത്തിയതായി ഇസ്രായേൽ സൈന്യം വ്യക്തമാക്കി.

മൂന്ന് റോക്കറ്റുകളാണ് സ്കൂളിന് മുകളില്‍ പതിച്ചത്. വ്യാഴാഴ്ച ഗസ്സയിലെ രണ്ട് സ്‌കൂളുകൾക്ക് നേരെ ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണത്തിൽ 18 പേർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് പുതിയ ആക്രമണം.

അഭയാര്‍ഥികള്‍ പ്രഭാത നമസ്‌കാരം നിർവഹിക്കുന്നതിനിടെയായിരുന്നു ആക്രമണം. ഇത് മരണസംഖ്യ വര്‍ധിക്കാന്‍ കാരണമായി” ഹമാസ് നിയന്ത്രണത്തിലുള്ള സര്‍ക്കാര്‍ മീഡിയ ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു.

സ്കൂളിന് നേരെയുള്ള ആക്രമണം പരിസരത്ത് വൻ തീപിടിത്തത്തിന് കാരണമായി. കുടുങ്ങിക്കിടക്കുന്ന പലസ്തീനികളെ രക്ഷപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ആക്രമണത്തെ ‘ഭയാനകം’ എന്ന് വിശേഷിപ്പിച്ച് ഏജന്‍സി ആക്രമണത്തിനിടെ ചില മൃതദേഹങ്ങള്‍ക്ക് തീപിടിച്ചുവെന്നും റിപ്പോര്‍ട്ട് ചെയ്യുന്നു.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0